നിഖ്യാ വിശ്വാസപ്രമാണപ്രകാരം ദൈവമാണ് സകല ചരാചരങ്ങളുടെയും സ്രഷ്ടാവ്. ഈ സൃഷ്ടികർമ്മത്തിൽ പിതാവിനോടൊപ്പം പുത്രനും പരിശുദ്ധാത്മാവും പങ്കാളികളാണ്. അങ്ങനെ ആദ്യത്തെ രണ്ട് സുന്നഹദോസുകളിൽ വച്ച് അന്ന് നിലവിലിരുന്ന രണ്ട് വിശ്വാസ വൈപരീത്യങ്ങളാണ് നിഷേധിക്കപ്പെടുന്നത്. സൃഷ്ടി നടത്തിയത് ക്രിസ്തുവിൽ വെളിപ്പെട്ട ദൈവമല്ല മറ്റൊരു സ്രഷ്ടാവാണ് എന്ന് നോസ്റ്റിക് വിശ്വാസികൾ പഠിപ്പിച്ചിരുന്നു. അതുപോലെ അറിയോസുകാർ സ്രഷ്ടാവ് പിതാവ് മാത്രമാണ് എന്ന് പഠിപ്പിച്ചു വന്നു. പുത്രനും റൂഹായും ദൈവത്തിൻ്റെ സൃഷ്ടി മാത്രമാണ് എന്നായിരുന്നു അവരുടെ സിദ്ധാന്തം. പിതാവും പുത്രനും പരി. റൂഹായും സൃഷ്ടി പ്രക്രിയയിൽ സ്വതന്ത്ര ഇടപെടൽ നടത്തി എന്നാണ് ഇവിടെ സാക്ഷിക്കുന്നത്.
സൃഷ്ടികർമ്മത്തിൽ അനുഗൃഹീതത്രിത്വത്തിലെ മൂന്ന് ആളത്തങ്ങൾക്കും പങ്ക് വിശ്വാസപ്രമാണം പ്രഖ്യാപിക്കുന്നു. ഒന്നാം ഖണ്ഡികയിൽ പിതാവിനെ സകലത്തിന്റെയും സ്രഷ്ടാവായി അവതരിപ്പിക്കുന്നു. രണ്ടാം ഖണ്ഡികയിൽ പുത്രൻ സകലതിൻ്റെയും സൃഷ്ടി നിർവഹിച്ചതായി പറയുന്നു. മൂന്നാം ഖണ്ഡികയിൽ പരിശുദ്ധ റൂഹാ സൃഷ്ടിയിലുള്ള സകലതിനെയും ജീവിപ്പിക്കുന്നു എന്ന് ഏറ്റു പറയുന്നു. പിതാവിനെ പറ്റി പറയുമ്പോൾ ഉപയോഗിക്കപ്പെടുന്ന പദം സ്രഷ്ടാവ് (pantakratora) എന്ന നാമമാണ്. സകലവും സൃഷ്ടിച്ചു എന്ന ക്രിയാരൂപത്തിലാണ് പുത്രനെ അവതരിപ്പിക്കുന്നത്. പരിശുദ്ധാത്മാവിനെ പറ്റി പറയുമ്പോൾ ജീവിപ്പിക്കുന്നവൻ എന്ന നാമരൂപമാണ് ഉപയോഗിക്കുന്നത്. “ ജീവിപ്പിക്കുന്നവൻ (zwo poion).” എന്നു പറയുന്നത് സൃഷ്ടാവിനുള്ള വിശേഷണം തന്നെയാണ്. സൃഷ്ടി നിർവഹിക്കുന്നത് പുത്രനാണ് എങ്കിലും അതിന് ജീവൻ നല്കി പൂർത്തീകരിക്കുന്നത് പരിശുദ്ധാത്മാവാണ്.
അതായത് സൃഷ്ടികർമ്മത്തിൽ മൂന്ന് ആളത്തങ്ങളുടെയും ഇടപെടലാണ് വ്യക്തമാക്കുന്നത്. ഇവിടെ രൂപകൽപ്പന ചെയ്യുന്നവൻ എന്ന നിലയിലാണ് പിതാവിനെ അവതരിപ്പിക്കുന്നത്. പുത്രൻ അതിൻപ്രകാരം സൃഷ്ടിയെ സ്വതന്ത്രമായി നിർമ്മിച്ചു എന്നാണ് വ്യക്തമാക്കുന്നത് (യോഹ 1: 3). കൊലോസ്യ ലേഖനത്തിൽ അവനിലും അവനാലും അവനുവേണ്ടിയും പുത്രൻ സൃഷ്ടിക്കപ്പെട്ടു എന്നതും ഇതുതന്നെ സ്ഥിരീകരിക്കുന്നു (കൊലോ 1: 16, 17). അവനാണ് യഥാർത്ഥ നിർമ്മിതാവ്. പരിശുദ്ധാത്മാവാണ് സൃഷ്ടിക്ക് ജീവൻ നൽകുന്നത് (യോഹ 6: 63; 2 കൊരി 3: 6; റോമ 8: 2, 11; ഉല്പ 2: 7; ഇയോബ് 33: 4; സങ്കി 104: 29, 30). ഇവിടെ വി. ത്രിത്വത്തിലെ മൂന്ന് ആളത്തങ്ങളും സൃഷ്ടിയിൽ പങ്കാളികളാണ്.
പിതാവ് ആശയതലത്തിൽ സൃഷ്ടി തുടങ്ങി വയ്ക്കുകയായിരുന്നു. അതായത് ലോകത്തിൻ്റെ രൂപകല്പന നടത്തിയത് പിതാവാണ്. ആ കാര്യം ഇല്ലാതെ സൃഷ്ടി നടക്കില്ല. ആ നിലയിൽ പിതാവാണ് സൃഷ്ടിയുടെ അടിസ്ഥാന കാരണഭൂതൻ അഥവാ സ്രഷ്ടാവ്. ആ കാരണത്താലാണ് പിതാവിനെ സ്രഷ്ടാവ് എന്ന് പരാമർശിക്കുന്നത് (1കൊരി 8: 16; എഫേ 12: 9; മത്താ 6: 9, 26; യോഹ 5: 17; അ പ്ര 4: 24; വെളി 4: 11).
രണ്ടാമതായി, പുത്രൻ പിതാവിന്റെ രൂപരേഖപ്രകാരം പ്രപഞ്ചനിർമ്മിതി നിർവഹിക്കുന്നു. അതായത് പദ്ധതി യാഥാർത്ഥ്യമാക്കുന്നത് കൃത്യമായ അർത്ഥത്തിൽ പുത്രനാണ്. അതുകൊണ്ടാണ് നാമത്തിനു പകരം ക്രിയാ പ്രയോഗം നടത്തുന്നത്. അവൻ സകലതും നിർമ്മിച്ചു എന്നാണ് വിശ്വാസപ്രമാണം പറയുന്നത്. ഇതിന് തിരുവചനത്തിന്റെ പിൻബലവും ഉണ്ട് (യോഹ 1: 3, 10; കൊലോ 1: 15-17). അത് അവനാണ് സൃഷ്ടിച്ചത്. സൃഷ്ടിയെ മുഴുവനായി കൂട്ടിച്ചേർത്തിരിക്കുന്നതും അവനിൽ തന്നെ. കൊലോ 12: 10 -18 ഇതുതന്നെ പഴയനിയമത്തിൻ്റെ ബലത്തോടെ അവതരിപ്പിക്കുന്നു (സങ്കീ 102: 25).
മൂന്നാമതായി സൃഷ്ടിയിൽ പരിശുദ്ധാത്മാവിന്റെ പങ്ക് ശ്രദ്ധേയമാണ്. പ്രപഞ്ചസൃഷ്ടിയിൽ പരിശുദ്ധാത്മാവ് ആവസിച്ചാണ് സൃഷ്ടിക്ക് ജീവൻ നൽകുന്നത് (ഉല്പ 1: 2, 7; ഈയ്യോബ് 33: 4; സങ്കീ 104: 26 — 30). ജീവൻ പുതുക്കുന്നതും പരിശുദ്ധാത്മാവ് തന്നെ (യോഹ 6: 63; റോമ 8: 2, 11; യോഹ 3: 5 — 6). അതുപോലെ 2 കൊരി 3: 6 ൽ അക്ഷരം കൊല്ലുന്നു, ആത്മാവ് ജീവൻ നൽകുന്നു. റോമ 8: 2, 11 ൽ ക്രിസ്തുവിനെ ഉയിർപ്പിച്ചവൻ മരിച്ചവരുടെ ശരീരങ്ങൾക്കും ജീവൻ നൽകുന്നു എന്ന് പ്രതിപാദിക്കുന്നു. അതുപോലെ പുതിയ ജീവൻ നൽകുന്നതും വിശുദ്ധ റൂഹായാണ്. നിക്കേദമോസിനോട് കർത്താവ് ആത്മാവിലുള്ള വീണ്ടും ജനനം / ജീവൻ നൽകലിനെപ്പറ്റി പറയുന്നു (യോഹ 3: 5, 6). ഇക്കാര്യം 2 കൊരി 3: 6; റോമ 8: 11; തീത്തോ 3: 5 ഭാഗങ്ങളിലും കാണാവുന്നതാണ്. അതായത് പിതാവ് സൃഷ്ടിയുടെ രൂപരേഖ സൃഷ്ടിക്കുകയും പുത്രൻ ലോകം സൃഷ്ടിക്കുകയും പരിശുദ്ധാത്മാവ് അതിന് ജീവൻ നൽകി സജീവമാക്കുകയും നിലനിർത്തുകയും (sustain) ചെയ്യുന്നു. അതുകൊണ്ട് സൃഷ്ടിയിൽ മൂന്ന് ആളത്തങ്ങളും വ്യത്യസ്ത പ്രവർത്തനങ്ങൾ (functions) വഴി പങ്കാളിത്തവും നിർവഹിക്കുന്നു.
വിശ്വാസപ്രമാണത്തിൽ പുത്രൻ സൃഷ്ടി നടത്തുന്നത് സ്വതന്ത്രമായിട്ടാണ് എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. അറിയോസിൻ്റെ ചിന്തയിൽ പുത്രൻ സൃഷ്ടിയുടെ മാധ്യമം /ഉപകരണം മാത്രമാണ്. എന്നാൽ ഇവിടെ സൃഷ്ടി നിർവഹിക്കുന്നത് സ്വതന്ത്രമായി, ദൈവം എന്ന നിലയിലാണ്. അതുകൊണ്ട് വിശ്വാസപ്രമാണം പറയുന്നു: “ സകലവും സൃഷ്ടിച്ചവൻ “ എന്ന്. സകലവും അവനാൽ സൃഷ്ടിക്കപ്പെട്ടു എന്ന മൂലപാഠത്തിലെ കർമ്മണി പ്രയോഗ (passive voice) ത്തിൻ്റെ കർത്തരി പ്രയോഗ (active voice) മാണ് അത്. എന്നാൽ മലങ്കര ഓർത്തഡോക്സ് സഭയിലെ ആരാധനക്രമങ്ങൾ പ്രകാരം 1. ‘തന്നാൽ സകലവും സൃഷ്ടിക്കപ്പെട്ടവൻ’ (പാമ്പാക്കുട നമസ്കാരം) എന്നാണ്. തെറ്റായ ഭാഷാപ്രയോഗമാണ് അത്. പുത്രൻ ദൈവമെങ്കിൽ അവൻ സൃഷ്ടിക്കപ്പെട്ടവൻ അല്ല സൃഷ്ടിച്ചവൻ ആകണം. 2. കുർബാന ക്രമത്തിലെ പരിഭാഷ: താൻ മുഖാന്തിരം സകലതും സൃഷ്ടിച്ചു എന്നതാണ്. ഇവിടെ പുത്രൻ സൃഷ്ടിയുടെ ഉപകരണവും (tool) മാധ്യമവുമായി (medium) പരിണമിക്കുന്നു. പുത്രൻ്റെ ദൈവത്വം വെളിപ്പെടണമെങ്കിൽ പുത്രൻ്റെ സ്വതന്ത്ര സൃഷ്ടിശേഷി തന്നെ വ്യക്തമാകണം. അതുകൊണ്ട് സകലവും സൃഷ്ടിച്ചവൻ (or സകലവും അവനാൽ സൃഷ്ടിക്കപ്പെട്ടു) എന്നാക്കിയാലേ ഭാഷയും വേദശാസ്ത്രവും ശരിപ്പെടുകയുള്ളൂ.
അതുപോലെ പരിശുദ്ധാത്മാവിന്റെ പ്രവർത്തന സ്വാതന്ത്ര്യം, ദൈവത്വം, വ്യക്തിത്വം എന്നിവ നിഷേധിച്ച വേദവിപരീതികൾ നാലാം നൂറ്റാണ്ടിൽ ശക്തമായി. ഈ കൂട്ടർ പ്ന്യൂമറ്റോമാക്കിയൻ (Fighters against Spirit) എന്ന് അറിയപ്പെട്ടിരുന്നു. വേദവിപരീതം സൃഷ്ടിച്ചത് കുസ്തന്തീനോപോലീസിലെ മേൽപ്പട്ടക്കാരനായിരുന്ന മക്കേദോനിയോസ് ആയിരുന്നു. പരിശുദ്ധാത്മാവ് പുത്രൻ്റെ സൃഷ്ടിയാണ് എന്നും അതുകൊണ്ട് ദൈവമല്ല എന്നും ആരാധനയ്ക്ക് അർഹനല്ല എന്നും അദ്ദേഹം വാദിച്ചു. അതിനെതിരേ തേവോദോസിയോസ് ഒന്നാമൻ AD 381 ജൂലൈ മാസം വിളിച്ചുകൂട്ടിയ കുസ്തന്തീനോപോലീസിലെ എക്യുമെനിക്കൽ സുന്നഹദോസിൽ പിതാവിൽ നിന്ന് പുറപ്പെടുന്ന പരിശുദ്ധാത്മാവ് കർത്താവും ജീവൻ നൽകി സൃഷ്ടി പൂർത്തിയാക്കുന്നവനും എന്ന് സ്ഥാപിക്കുകയായിരുന്നു. അങ്ങനെ പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ദൈവത്വം, സ്വാതന്ത്ര്യം, നിർവഹണ ശേഷി എന്നിവ സൃഷ്ടി പങ്കാളിത്ത പ്രഖ്യാപനം വഴി ഉറപ്പിക്കുകയായിരുന്നു.
(തുടരും…)

