ക്രിസ്തുവിന്റെ സഭയിൽ ഒരു മെത്രാപ്പോലീത്തയെ തിരഞ്ഞെടുക്കുമ്പോൾ

Text Size

ആമുഖം

സഭയിലെ മെത്രാപ്പോലീത്തയുടെ (ἐπίσκοπος — Episkopos, “മേൽനോട്ടക്കാരൻ”, “ആത്മീയ പരിപാലകൻ”) പദവി ഒരു ഭരണപദവി മാത്രമല്ല; അത് ക്രിസ്തുവിന്റെ ഇടയശുശ്രൂഷയുടെ ദൃശ്യപ്രതിനിധാനമാണ് (Visible Representaion of Christ’s Ministry). അതിനാൽ ഒരു മെത്രാപ്പോലീത്തയെ തിരഞ്ഞെടുക്കുന്നത് ഒരു ഭരണനടപടിയെന്നതിലുപരി പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ തിരിച്ചറിയുന്ന ഒരു സഭാനുഭവമാണ്. ക്രിസ്തുവിന്റെ സഭയിൽ “ആരാണ് ഏറ്റവും യോഗ്യൻ?” എന്നതല്ല പ്രധാന ചോദ്യം; “പരിശുദ്ധാത്മാവ് ആരെയാണ് സഭയുടെ മേൽവിചാരകനായി വിളിക്കുന്നത്?” എന്നതാണ് യഥാർത്ഥ ചോദ്യം.

ദൈവവിളിയാണ് അടിസ്ഥാന മാനദണ്ഡം

പുതിയ നിയമത്തിൽ ശുശ്രൂഷയുടെ ഉറവിടം മനുഷ്യന്റെ ആഗ്രഹമല്ല, ദൈവത്തിന്റെ വിളിയാണ്. അപ്പോസ്തോല പ്രവൃത്തികൾ 20: 28ൽ വിശുദ്ധ പൗലോസ് എഫേസോസിലെ ശുശ്രൂഷകരോട് പറയുന്നു: “പരിശുദ്ധാത്മാവ് നിങ്ങളെ മേൽവിചാരകന്മാരാക്കിയിരിക്കുന്ന ആ ആട്ടിൻകൂട്ടത്തെ പരിപാലിപ്പിൻ.” ഇവിടെ ശ്രദ്ധേയമായ കാര്യം, മേൽവിചാരകനെ നിയമിക്കുന്നത് മനുഷ്യരുടെ വോട്ട് മാത്രമല്ല; പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ്. അതിനാൽ സഭയുടെ ദൗത്യം ഒരു സ്ഥാനാർത്ഥിയെ “സൃഷ്ടിക്കുക” അല്ല, മറിച്ചു ദൈവം ഇതിനകം വിളിച്ച വ്യക്തിയെ “തിരിച്ചറിയുക” എന്നതാണ്.

സ്വഭാവശുദ്ധി പാണ്ഡിത്യത്തേക്കാൾ പ്രധാനമാണ്

വിശുദ്ധ പൗലോസ് 1 തിമോഥെയോസ് 3: 1-7, തീത്തൊസ് 1: 5-9 എന്നീ ഭാഗങ്ങളിൽ ഒരു എപ്പിസ്കോപ്പായുടെ യോഗ്യതകൾ വിവരിക്കുന്നു. അവയിൽ പ്രധാനപ്പെട്ടവ ഇവയാണ്: — കുറ്റാരോപണത്തിന് ഇടനൽകാത്ത ജീവിതം.

  • ആത്മനിയന്ത്രണം.
  • വിനയം.
  • അതിഥിസൽക്കാരം.
  • പഠിപ്പിക്കാനുള്ള കഴിവ്.
  • ധനാസക്തിയില്ലായ്മ.
  • കുടുംബത്തെയും സമൂഹത്തെയും നന്നായി നയിക്കാനുള്ള കഴിവ്.
  • വിശ്വാസത്തിൽ പക്വത.

സഭാശാസ്ത്രപരമായി പറഞ്ഞാൽ, ഒരു മെത്രാപ്പോലീത്തയുടെ ഏറ്റവും വലിയ യോഗ്യത അദ്ദേഹത്തിന്റെ ബൗദ്ധികശേഷിയല്ല; ക്രിസ്തുസാദൃശ്യമുള്ള ജീവിതമാണ് (Christ-like Life).

അപ്പോസ്തോലിക വിശ്വാസത്തിന്റെ കാവൽക്കാരൻ

“ഞാനൊന്നു ആകട്ടെ, എന്നിട്ട് കാണിച്ചു തരാം ഒരു മെത്രാച്ചൻ എങ്ങനെ ആയിരിക്കണമെന്ന്.” അങ്ങനെ ചിന്തിക്കുന്നവർ ഈ സ്ഥാനത്തേക്ക് വരേണ്ടതില്ല. കാരണം മെത്രാപ്പോലീത്തയുടെ പ്രഥമ ഉത്തരവാദിത്വം പുതിയ ആശയങ്ങൾ സൃഷ്ടിക്കുക അല്ല; അപ്പസ്തോലന്മാർ കൈമാറിയ വിശ്വാസം വിശ്വസ്തതയോടെ സംരക്ഷിക്കുകയും കൈമാറുകയും ചെയ്യുക എന്നതാണ്. തീത്തൊസ് 1: 9ൽ ഇപ്രകാരം പറയുന്നു: “വിശ്വസ്തമായ ഉപദേശത്തിൽ ഉറച്ചുനിൽക്കണം.” ഓർത്തഡോക്സ് സഭാശാസ്ത്രത്തിൽ മെത്രാപ്പോലീത്തയെ അപ്പോസ്തോലിക പാരമ്പര്യത്തിന്റെ ജീവിക്കുന്ന സാക്ഷിയായി (Living Witness of Apostolic Tradition) കാണുന്നു. അദ്ദേഹം വ്യക്തിപരമായ അഭിപ്രായങ്ങളുടെ പ്രതിനിധിയല്ല; സഭയുടെ വിശ്വാസത്തിന്റെ സംരക്ഷകനാണ്. എന്നാൽ ഇതിന്റെ അർത്ഥം എപ്പോഴൊക്കെയോ കടന്നുകൂടിയ പാരമ്പര്യങ്ങളെ കൂട്ടുപിടിച്ചു മനുഷ്യരെ പറ്റിക്കുകയെന്നല്ല. നിരന്തരമായ പഠനത്തിനും അതിലൂടെയുള്ള തിരുത്തലുകൾക്കും വിധേയപ്പെട്ടു ശുശ്രൂഷ കാലികവും ക്രിസ്തു സാന്നിധ്യവുമുള്ളതാക്കി മാറ്റുകയെന്നതാണ്.

സഭയുടെ കൂട്ടായ വിവേചനബുദ്ധി (Conciliar Discernment)

ആദ്യകാല സഭയിൽ മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയ മത്സരങ്ങളിലൂടെ ആയിരുന്നില്ല. പ്രാർത്ഥന, ഉപവാസം, സഭയുടെ കൂട്ടായ വിവേചനം എന്നിവയിലൂടെയാണ് ഈ പ്രക്രിയ നടന്നിരുന്നത്. സഭാപിതാവായ വിശുദ്ധ സൈപ്രിയാൻ പറയുന്നത്: “ജനങ്ങൾക്ക് അവരെ ശുശ്രൂഷ ചെയ്യേണ്ടവരെ അറിയാനും സാക്ഷ്യം പറയാനും അവകാശമുണ്ട്.” ഇത് ജനാധിപത്യം എന്ന അർത്ഥത്തിൽ അല്ല; സഭയുടെ മുഴുവൻ ശരീരവും (ക്ലെർജി, വിശ്വാസികൾ, മെത്രാച്ചൻമാർ) പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ ഒന്നിച്ചു പ്രവർത്തിക്കുന്നു എന്നതാണ് അർത്ഥം. അല്ലാതെ ആർക്കും സ്വാധീനിക്കാൻ സാധ്യതയുള്ള സ്ക്രീനിംഗ് കമ്മിറ്റിയുടെ ഇഷ്ടാനിഷ്ടങ്ങളല്ല ക്രിസ്തുസഭയുടെ ഭാവി നിശ്ചയിക്കേണ്ടത്. മെത്രാച്ചന്മേരെ തിരഞ്ഞെടുക്കുന്നത് കേവലം ഒഴിവു നികത്തലല്ല, മറിച്ചു അതു സഭയുടെ ഭാവിയുടെ തന്നെ ബാധിക്കുമെന്ന് മനസ്സിലാക്കണം.

പ്രാർത്ഥനയും ഉപവാസവും പരിശുദ്ധാത്മാവിന്റെ മാർഗ്ഗദർശനവും

അപ്പൊ. പ്രവൃത്തികൾ 13: 2-3ൽ സഭ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തശേഷമാണ് പുതിയ ശുശ്രൂഷകരെ നിയോഗിക്കുന്നത്. ഇതു, മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പ്രചാരണമല്ലെന്നും, ആരാധനാപരമായ ആത്മീയ വിവേചനമാണെന്നും വ്യക്തമാക്കുന്നു. വിവേചനബുദ്ധിയുള്ളവരുടെ കൂട്ടത്തിനു മാത്രമാണ് ഇതു ബാധകമെന്നതിനാൽ നമ്മൾ ശ്രദ്ധിക്കേണ്ട എന്നരീതിയിൽ ആണ് ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്.

*അപ്പോസ്തോലിക പിന്തുടർച്ച (Apostolic Succession) *

ഓർത്തഡോക്സ് സഭയിൽ മെത്രാപ്പോലീത്തയുടെ അധികാരം വ്യക്തിപരമായ കഴിവിൽ നിന്നല്ല; അപ്പോസ്തോലന്മാരിൽ നിന്ന് കൈമാറിക്കൊണ്ടിരിക്കുന്ന ശുശ്രൂഷയുടെ തുടർച്ചയിലാണ്. അതുകൊണ്ട് കൈവയ്പിലൂടെ (Laying on of Hands) സഭ പ്രഖ്യാപിക്കുന്നത് ഒരാളുടെ വ്യക്തിപരമായ പാരമ്പര്യമല്ല. അതായത് പുതിയ മെത്രാപ്പോലീത്ത ഒരു പുതിയ പാരമ്പര്യം ആരംഭിക്കുന്നില്ല; അപ്പോസ്തോലിക പാരമ്പര്യത്തിന്റെ തുടർച്ചയിലാണ് അദ്ദേഹം ശുശ്രൂഷ ചെയ്യുന്നത്.

അധികാരമല്ല, ക്രിസ്തുവിന്റെ രൂപം

യേശു ശിഷ്യന്മാരോട് പറഞ്ഞു: “നിങ്ങളിൽ വലിയവനാകുവാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കട്ടെ.” (മർക്കോസ് 10: 43) അതുകൊണ്ട് മെത്രാപ്പോലീത്തയുടെ അധികാരം ആധിപത്യമല്ല; (Diakonia — διακονία) ശുശ്രൂഷയാണ്. അദ്ദേഹത്തിന്റെ നേതൃത്വം (Kenosis — κένωσις) സ്വയം ശൂന്യമാക്കി മറ്റുള്ളവർക്കായി ജീവിക്കുന്ന ക്രിസ്തുവിന്റെ മാതൃക ആയിരിക്കണം.

ഉപസംഹാരം

ക്രിസ്തുവിന്റെ സഭയിൽ ഒരു മെത്രാപ്പോലീത്തയെ തിരഞ്ഞെടുക്കുന്നത് വെറും തിരഞ്ഞെടുപ്പ് നടപടിക്രമമല്ല; അത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ സഭ തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്യുന്ന ആത്മീയ സംഭവമാണ്/അനുഭവമാണ് (Spiritual Event/Experience). അതിനാൽ സഭ ചോദിക്കേണ്ട ചോദ്യം: “ആരാണ് ഏറ്റവും ശക്തനായ സ്ഥാനാർത്ഥി?” എന്നതല്ല; “ആരിലാണ് ക്രിസ്തുവിന്റെ ഇടയഹൃദയം ഏറ്റവും വ്യക്തമായി പ്രതിഫലിക്കുന്നത്?” എന്നതാണ്. സഭയുടെ ചരിത്രവും വിശുദ്ധഗ്രന്ഥവും ഒരേ സ്വരത്തിൽ സാക്ഷ്യം പറയുന്നത് ഇതാണ്: സഭയിൽ മെത്രാപ്പോലീത്തയുടെ തിരഞ്ഞെടുപ്പു മനുഷ്യരുടെ ഇഷ്ടപ്രകാരം ഒരു നേതാവിനെ നിയമിക്കുന്നതല്ല; ദൈവം തന്റെ സഭയ്ക്കായി ഇതിനകം തിരഞ്ഞെടുത്ത ഇടയനെ പ്രാർത്ഥനയോടും വിവേചനത്തോടുംകൂടെ തിരിച്ചറിയുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആശംസകൾ. പരിശുദ്ധാത്മ പ്രവർത്തനത്തിനായി കാത്തിരിക്കുന്നു.