ഈഹിദായോ താപസപ്രസ്ഥാനത്തിൽ നിന്നും സുറിയാനിസഭയിൽ ദയറാകൾ രൂപപ്പെട്ടു. ഇവിടെ ഈഹിദായ ജീവിതത്തിൻ്റെ ചില അടിസ്ഥാനസവിശേഷതകൾ നഷ്ടപ്പെടുത്താതെ അവ ഉൾക്കൊണ്ടായായിരുന്നു ആശ്രമപ്രസ്ഥാനത്തിൻ്റെ രൂപപ്പെടൽ നടന്നത്. എങ്കിലും ഇതോടൊപ്പം ഈഹിദായപ്രസ്ഥാനം നിലച്ചില്ല. അതും ഇതോടൊപ്പം തുടർന്നും നിലനിന്നിരുന്നു.

ദയറാപ്രസ്ഥാനം സുറിയാനിസഭയുടെ വിവിധ മേഖലകളിൽ രൂപം കൊണ്ട് വ്യാപിച്ചു. ഇന്നത്തെ തുർക്കിയുടെ തെക്ക് കിഴക്കൻ മലമടക്കുകൾ ഇതിൻ്റെ ഒരു കേന്ദ്രമായിരുന്നു. അവിടെ തുറബ്ദീൻ പ്രദേശങ്ങളിൽ ധാരാളം ആശ്രമങ്ങൾ നിലവിൽ വന്നു. AD 397 ൽ മാർ ഗബ്രിയേൽ ദയറാ സ്ഥാപിക്കപ്പെട്ടു. അവിടെയെല്ലാം നിരവധി സന്യസ്ഥർ താമസിച്ചിരുന്നു. അക്കാലത്ത് തന്നെ മാർ ഔഗേൻ ദയറാ, മാർ ബഹനാം ദയറാ, വടക്കൻ ഇറാക്കിൽ മാർ മത്തായിയുടെ ദയറാ (മൂസലിന് സമീപം) എന്നിവ സ്ഥാപിക്കപ്പെട്ടു. പന്ത്രണ്ടാം നൂറ്റാണ്ടിൽ പോലും മാർ മത്തായിയുടെ ദയറായിൽ 300 ൽ താഴെ ദയറാവാസികൾ ഉണ്ടായിരുന്നു.

സിറിയയിൽ അന്ത്യോഖ്യക്ക് സമീപം സിർഹസിൽ (Cyrrhus) സന്യാസിയായിരുന്ന മോറാൻ (Maron) അഞ്ചാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ആരംഭിച്ച ആശ്രമത്തിൽ 800 ൽ അധികം സന്യാസികൾ ഉണ്ടായിരുന്നു. കൽക്കിദോൻ സുന്നഹദോസിനു ശേഷം ഏകസ്വഭാവ വാദികളായ (miaphysite) സന്യാസികൾക്കെതിരെ ഉണ്ടായ പീഡനത്തെ തുടർന്ന് അവർ ലെബനോനിലേക്ക് നീങ്ങി ആശ്രമപ്രസ്ഥാനം ശക്തമാക്കി. ലബനോനിലെ കാദീശ താഴ്വരയായിരുന്നു അവരുടെ അഭയ കേന്ദ്രം. ആശ്രമജീവിതത്തിന് പറ്റിയ പ്രദേശമായിരുന്നു അത്. ജനങ്ങൾ സുറിയാനി ഭാഷ സംസാരിക്കുന്നവരും ആയിരുന്നു. അവിടെയും ആശ്രമങ്ങൾ വളർന്നു. പിന്നീട് ഇവരുടെ നേതൃത്വത്തിൽ ഒരു സഭ രൂപംകൊണ്ട് വളർച്ച പ്രാപിച്ചു. AD 685 ൽ അവർ അന്ത്യോഖ്യാ പാത്രിയർക്കിസിനെ വിട്ട് സ്വതന്ത്ര സമൂഹമായി. അവർ AD 1182 ൽ കത്തോലിക്കാ സഭയുമായി ഐക്യപ്പെട്ടു. ഇവർ മോറാനായക്കാർ എന്ന് അറിയപ്പെടുന്നു. എന്നാൽ സുറിയാനിപാരമ്പര്യം ദയറാജീവിതത്തിലുൾപ്പെടെ അവർ നിലനിർത്തി. അവിടെ സഭ വളർന്നതിൽ അവർക്ക് നിർണായക പങ്കാളിത്തമുണ്ടായിരുന്നു.

കല്കിദോൻ സുന്നഹദോസിനു ശേഷം സുറിയാനിക്കാർ പീഡിപ്പിക്കപ്പെട്ടപ്പോൾ സഭയുടെ നിലനിൽപ്പിനും വളർച്ചയ്ക്കും ഗണ്യമായ സംഭാവനകൾ നൽകിയത് ആശ്രമങ്ങൾ ആയിരുന്നു. വിശ്വാസപരിപാലന ദൗത്യവും അജപാലന ഉത്തരവാദിത്വവും ഏറ്റെടുത്ത് ദയറാകൾ സഭാജീവിതത്തിൽ നിർണായകമായ സംഭാവനയാണ് സഭയ്ക്ക് നൽകിയത്. വൈദികരുടെ അഭ്യസനം, വേദശാസ്ത്രഗ്രന്ഥങ്ങളുടെ രചന, കയ്യെഴുത്ത് പ്രതികളുടെ പകർത്തിയെഴുതൽ, അതിൻ്റെ സംരക്ഷണം എന്നിവ ഏറ്റെടുത്തു. അവയെല്ലാം തന്നെ പഠനകേന്ദ്രങ്ങളായി. പതിമൂന്നാം നൂറ്റാണ്ട് വരെ സുറിയാനിസഭയുടെ ദയറാപ്രസ്ഥാനത്തിന്റെ വളർച്ചയുടെ കാലഘട്ടമായിരുന്നു. തുറബ്ദീനിൽ തന്നെ ആയിരത്തിലധികം സന്യാസിമാർ ആശ്രമങ്ങളിൽ പാർത്ത് കൊണ്ട് സഭാശുശ്രൂഷകൾ നടത്തിവന്നു. കുർക്കുമ ദയറാ (Deir ez- zafaran), ഹനനിയയുടെ ദയറാ തുടങ്ങിയവ വലിയ പഠനകേന്ദ്രങ്ങൾ ആയിരുന്നു. ഇസ്ലാമികകാലത്ത് കാലിഫേറ്റ് ഭരണകാലത്തും ദയറാകൾ പീഡനത്തിനിടയിലും വളർന്നു വന്നു. എന്നാൽ പിന്നീട് മംഗോളിയ ഭരണത്തിൽ പീഡനം കഠിനമായതോടെ ദയറായുടെ വളർച്ചയെ അത് ഗണ്യമായി ബാധിച്ചു. പല പ്രധാന ദയറാകളും നിലച്ചു പോയെങ്കിലും ചില പ്രധാന ദയറാകൾ ഇന്നും ചുരുങ്ങിയ ആശ്രമവാസികളോടെ നിലനിൽക്കുന്നു. അടുത്തകാലത്ത് ISIS തീവ്രവാദികളുടെ അക്രമങ്ങൾ ദയറാകളുടെ പ്രവർത്തനം വല്ലാതെ പരുങ്ങലിൽ ആക്കി. സ്ത്രീകളുടെ ആശ്രമങ്ങൾ വളരെ ചുരുക്കമായിരുന്നു.

അതായത് സുറിയാനിസഭയുടെ ദയറാപ്രസ്ഥാനത്തിന് തനതായ പശ്ചാത്തലവും സവിശേഷതകളും ആണ് ഉള്ളത്. ബെൻക്യോം — ഈഹിദായ പശ്ചാത്തലത്തിൽ രൂപപ്പെട്ടതാണ് സുറിയാനി സഭയുടെ ദയറാപ്രസ്ഥാനം. അത് സഭയുടെ നിലനിൽപ്പിനും വേദ ശാസ്ത്ര — പഠനരംഗത്തും നൽകിയ സംഭാവന വലുതായിരുന്നു. ഈഹിദായപശ്ചാത്തലത്തിൽ നിന്നും രൂപപ്പെട്ട പ്രസ്ഥാനം ആയതുകൊണ്ട് തികഞ്ഞ ആധിപത്യസ്വഭാവമുള്ള നിയമഘടന അതിന് അന്യമായിരുന്നു. സന്യാസജീവിതത്തിന് സ്വയം അർപ്പിച്ച വ്യക്തികളുടെ താമസസ്ഥലം ആയിരുന്നു ദയറാകൾ. അവിടെ കർശനമായ നിയമങ്ങൾ, നേതൃത്വത്തോടുള്ള കടുത്ത വിധേയത്വം ഒന്നും ഉണ്ടായിരുന്നില്ല. ഇത് കോപ്റ്റിക്, ബൈസൻ്റയിൻ, പടിഞ്ഞാറൻ സന്യാസസമൂഹങ്ങളിൽ നിന്നും സുറിയാനിദയറാകളെ വ്യത്യസ്തമാക്കി. ഓരോ സന്യാസിയും ദൈവത്തോടുള്ള ഉടമ്പടി ബന്ധമായി സന്യാസത്തെ മനസ്സിലാക്കി. വ്യക്തിപരമായി ദൈവത്തോടുള്ള ഉത്തരവാദിത്വ (accountability) മാണ് അവർക്ക് പ്രധാനം. അവരുടെ ആശ്രമജീവിതത്തെ നയിച്ചത് ആശ്രമ നിയമാവലികൾ ആയിരുന്നില്ല. പ്രത്യുത ദൈവത്തോടുള്ള വ്യക്തിപരമായ ഉടമ്പടിയും സമർപ്പണവും ആയിരുന്നു. എങ്കിലും ദയറായുടെ പൊതുവായ പ്രവർത്തനത്തിൽ അവർ ദയറാനിയമങ്ങളോട് കീഴ്പ്പെട്ടും സഹകരിച്ചും വന്നു. അച്ചടക്കമായിരുന്നില്ല പ്രത്യുത ദൈവ ഉടമ്പടി ആയിരുന്നു അവരുടെ ആശ്രമജീവിതനിയമങ്ങളുടെ നിയന്ത്രണ മാനദണ്ഡം. ജീവിതത്തിൽ അവർ ഊന്നൽ കൊടുത്തിരുന്നത് അനുതാപം, പ്രാർത്ഥനകൾ, നിലവിളി എന്നിവയ്ക്കായിരുന്നു. അതിൻ്റെ ഫലമായി ദീർഘകാല ഉപവാസം, യാമ പ്രാർത്ഥനകളുടെ നിർവഹണം എന്നിവയെല്ലാം ദയറാജീവിതത്തിൻ്റെ പ്രത്യേകതകൾ ആയിരുന്നു.

ഇഹിദായക്കാരുടെ ജീവിതരീതി സംബന്ധിച്ച് നിയമാവലികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആത്മനിയന്ത്രണം ആയിരുന്നു അവരുടെ രീതി. ഏകജാതനെ പിന്തുടരുന്ന രീതിയായിരുന്നതിനാൽ ക്രിസ്തുവായിരുന്നു അവരുടെ ജീവിതമാതൃക. എന്നാൽ ഏകാന്തജീവിതം ദയറാജീവിതത്തിലേക്ക് വളർച്ച പ്രാപിച്ചപ്പോൾ അവർക്ക് വേണ്ടി ചില മാർഗ്ഗനിർദ്ദേശ രേഖകൾ രൂപപ്പെട്ടു. അവ അവരുടെ ആശ്രമത്തിലെ സാമൂഹ്യ- ആരാധനാ- താപസജീവിതത്തെ ക്രമപ്പെടുത്തുന്നതിനായിരുന്നു. അവയെ നിയമങ്ങൾ എന്നല്ല — കാനോൻ, മാർഗ്ഗദർശകങ്ങൾ എന്നിങ്ങനെ വിളിച്ചുവരുന്നു. താഴെപ്പറയുന്ന പിതാക്കന്മാരാണ് അവ ചിട്ടപ്പെടുത്തിയവരിൽ ചിലർ.

  1. മാർ റാബൂല (AD 411 — 431). അഞ്ചാം നൂറ്റാണ്ടിൽ എഡേസയിലെ മേൽപ്പട്ടക്കാരനായിരുന്നു. ഏഴു നേരത്തെ യാമപ്രാർത്ഥനകൾ, കായികാധ്വാനം എന്നിവയെല്ലാം ആശ്രമവാസികൾക്ക് നിർബന്ധിതമാക്കിയിരുന്നു. സ്വകാര്യസ്വത്തുക്കൾ ദയറാക്കാർക്ക് അനുവദനീയമായിരുന്നില്ല.
  1. നിനവയിലെ ഇസ്സഹാക്ക് (613 — 700). അദ്ദേഹത്തിൻ്റെ താപസക്കാർക്കുള്ള പ്രബോധനങ്ങൾ സന്യാസസമൂഹത്തിന്റെ ജീവിത മാർഗ്ഗരേഖയാണ്. ഇതിൽ ലാളിത്യം, ഉറക്കമിളപ്പ് (night vigil), അനുതാപം, കരച്ചിൽ, ശത്രുസ്നേഹം എന്നിവ താപസ ജീവിതത്തിന് അനുപേക്ഷണീയമായി നിർദ്ദേശിക്കുന്നു. സന്യാസത്തിന്റെ വഴികൾ: ശുദ്ധീകരണം (purification), പ്രബുദ്ധീകരണം (illumination), ദൈവികകൂട്ടായ്മ (union with God) എന്നിവയായി അവതരിപ്പിക്കുന്നു.

മൂന്നാമത്തെ വ്യക്തി പൗരസ്ത്യകാതോലിക്ക ആയിരുന്ന കുറിയാക്കോസ് മാഫ്രൂഗ് ആയിരുന്നു. പതിനാലാം നൂറ്റാണ്ടിൽ മംഗോളിയ ഭരണകാലത്തെ പീഡനകാലയളവിൽ അദ്ദേഹം എഴുതിയ നിർദ്ദേശങ്ങൾ കൂടുതലും പീഡനകാലത്ത് എങ്ങനെ അതിജീവനം സാധ്യമാകും എന്നത് സംബന്ധിച്ചായിരുന്നു. രാത്രി വിജിൽ എത്രമാത്രം പ്രധാനമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മറ്റുള്ള ഇടങ്ങളിൽ രൂപപ്പെട്ട സന്യാസനിയമങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന് ഊന്നൽ കൊടുക്കുന്നവയായിരുന്നില്ല. പ്രധാനമായും സമൂഹ ജീവിതം ചിട്ടപ്പെടുത്തുന്നതിനായിരുന്നു പ്രാമുഖ്യം. അതുകൊണ്ട് ദയറാധിപനോടുള്ള അനുസരണവും വിധേയത്വവും ആയിരുന്നു അച്ചടക്ക നിയന്ത്രണ ഘടകം. സുറിയാനി സന്യാസപ്രസ്ഥാനനിയമങ്ങൾ പൊതുവെ ഉദാരമായിരുന്നു. കർശന വിധേയത്വം അതിൽ പ്രതിഫലിക്കുന്നുമില്ല.

വൈവിധ്യമാർന്നതും കർശനവുമായ തപശ്ചര്യകൾ സുറിയാനി സന്യാസികൾ സ്വന്ത നിലയിൽ അനുഷ്ഠിച്ചു വന്നിരുന്നു. ഒറ്റക്കാലിൽ നിന്നു കൊണ്ട് നമസ്കരിക്കുന്നവർ, തൂണിന്മേൽ തപസ്സ് അനുഷ്ഠിക്കുന്നവർ എന്നിവരെല്ലാം സാധാരണയായിരുന്നു. കോപ്റ്റിക് — ബൈസൻ്റയിൻ ആശ്രമങ്ങളിൽ നിലനിന്നിരുന്ന കായികാധ്വാനം, നിയമാധിഷ്ഠിത ജീവിതരീതി, മൗനം എന്നിവയൊന്നും അത്രതന്നെ സുറിയാനിസന്യാസപാരമ്പര്യത്തിൽ സ്വാധീനം ചെലുത്തിയില്ല.

അതുപോലെ സന്യാസജീവിതത്തിൽ വൈവിധ്യം പുലർത്തിയിരുന്നതുകൊണ്ട് ആശ്രമജീവിതം നിർദിഷ്ട മാതൃക (pattern) അനുസരിച്ചായിരുന്നില്ല. എല്ലാ കാലത്തും ഏകാന്തവാസികൾ ഉണ്ടായിരുന്നു. ചെറിയ ധാരാളം ആശ്രമങ്ങളും നിലനിന്നിരുന്നു. അതുപോലെ സഞ്ചാര സന്യാസികൾ, മരങ്ങളിൽ താപസമനുഷ്ഠിച്ചവർ, വനവാസികൾ, കടുത്ത ഏകാന്തവാസികൾ (recluses), വിലാപികൾ (ആബീലന്മാർ) എന്നിവരെല്ലാം സന്യാസികളിൽ പെട്ടിരുന്നു.

ആശ്രമങ്ങൾ ഘടനാപരമായ സവിശേഷതകൾ സുറിയാനി പാരമ്പര്യത്തിലും നിലനിർത്തിയിരുന്നു. സംവിധാനവികേന്ദ്രീകരണം (loosely organized), കുറഞ്ഞ വ്യവസ്ഥാപിത രീതികൾ (less institutional), കൂടുതൽ ആത്മനിയന്ത്രണം എന്നിവ ശ്രദ്ധിക്കപ്പെടുന്നു. ആശ്രമാധിപന്റെ ഏകാധിപത്യം ഉണ്ടായിരുന്നില്ല. അവരെ നയിച്ചിരുന്നത് ആശ്രമ ചട്ടങ്ങൾ (monastic regulations) ആയിരുന്നില്ല; ജീവിതസമർപ്പകന്റെ ആത്മ നിയന്ത്രണങ്ങൾ ആയിരുന്നു. അത് സുറിയാനി സന്യാസ പാരമ്പര്യത്തിൻ്റെ സവിശേഷസംസ്കാരമാണ്.

സുറിയാനിക്കാരായ സന്യാസികൾ നേരിട്ട പീഡനങ്ങളുടെ ദൈർഘ്യവും, തീവ്രതയും മറ്റൊരു സഭയിലെയും സന്യാസികൾക്ക് ഉണ്ടായില്ല. എങ്കിലും അവ തുടർന്നും നിലനിന്നു. അവയുടെ സാന്നിധ്യം പീഡനകാലങ്ങളിലെല്ലാം സഭയെ ശക്തിപ്പെടുത്തി. അഞ്ചാം നൂറ്റാണ്ടു മുതൽ ഇന്നുവരെ നടത്തിയ സമർപ്പിതജീവിതത്തിൻ്റെ ബാക്കിപത്രമാണ് സുറിയാനിസഭയുടെ ആധ്യാത്മികത, വേദശാസ്ത്രം, ആരാധനക്രമങ്ങൾ, സന്യാസമാതൃകകൾ, സംസ്കാരം എല്ലാം. അന്ത്യോക്യാ പാത്രീയർക്കീസിനോടുള്ള ഭരണ — അധികാരങ്ങളുടെ പേരിലുള്ള ഭിന്നതകളുടെ ഇന്നത്തെ സാഹചര്യത്തിലും സുറിയാനിസഭയുടെ സന്യാസപ്രസ്ഥാനം സഭയ്ക്ക് നല്കിയ വലിയ സംഭാവനകൾ വിസ്മരിക്കപ്പെടാതിരിക്കേണ്ടതാണ്.

(അവസാനിച്ചു)