ജന്തർ മന്തർ: ഒരു പാഠം

Text Size

ഇന്ത്യയിലെ നീറ്റ് പരീക്ഷ ക്രമക്കേടിന് എതിരെ വിദ്യാത്ഥികളും യുവജനങ്ങളും നടത്തിയ 36 ദിവസം നീണ്ടു നിന്ന ഐതിഹാസികമായ സമരം വിജയം കണ്ടു. കേന്ദ്ര മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയും സമരത്തിന് നേതൃത്വം കൊടുത്ത സി. ജെ. പി മുന്നോട്ട് വച്ച മറ്റ് മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചും ആണ് സമരം അവസാനിപ്പിച്ചത്. മോദി സർക്കാരിൻ്റെ 12 വർഷത്തെ ഭരണത്തിൽ ഇത്തരമൊരു സംഭവം ആദ്യമാണ്. സോനം വാങ്ചുക്കിൻ്റെ നിരാഹാര സമരം, വിവിധ സമരരൂപങ്ങൾ, രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായ വിദ്യാത്ഥികളുടെ ഒത്തുചേരൽ, പാർലമെൻ്റിലേക്ക് മാർച്ച് ചെയ്ത വിദ്യാത്ഥികൾക്ക് നേരെ നടന്ന അതി നിഷ്ഠൂരമായ പോലീസ് അതിക്രമം എന്നിങ്ങനെ നിരവധി സംഭവങ്ങൾക്കാണ് ഡൽഹി ജന്തർ മന്തർ ഈ നാളുകളിൽ സാക്ഷ്യം വഹിച്ചത്.

പരീക്ഷാ വീഴ്ചകളിൽ വഞ്ചിക്കപ്പെട്ടെന്ന വിദ്യാത്ഥികളുടെയും മത്സരാർഥികളുടെയും വികാരമാണ് ആദ്യം സമരമായി പൊട്ടിപ്പുറപ്പെട്ടത്. അധികം വൈകാതെ തന്നെ രാജ്യത്തെ യുവജനങ്ങളെയാകെ ആകർഷിക്കുന്ന പ്രക്ഷോഭമായി ഇത് മാറി. വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന കെടുകാര്യസ്ഥതാ, അനേകലക്ഷം കൂട്ടികളുടെ പഠനത്തെയും ഭാവിയെയും നിയന്ത്രിക്കുന്ന മൽസരപരീക്ഷകളുടെ നടത്തിപ്പ് സർക്കാർ തന്നെ കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനികളെ ഏൽപ്പിക്കൽ, ചോദ്യപേപ്പറുകളുടെ ചോർച്ച, ജനാധിപത്യ സ്ഥാപനങ്ങളുടെ ദുർബലപ്പെടുത്തൽ തുടങ്ങി നിരവധി വിഷയങ്ങൾ പ്രക്ഷോഭത്തിൻ്റെ മുദ്രാവാക്യങ്ങൾ ആയി മാറി. സമരം തന്നെ അവസാനിച്ചു കൊള്ളും എന്ന് കരുതി മുന്നോട്ട്പോയ കേന്ദ്രസർക്കാരിന് അവസാനം മുട്ടുമടക്കേണ്ടിവന്നു. ഭരണകൂടം അതിൻ്റെ ഉത്തരവാദിത്വങ്ങൾ സത്യസന്ധമായി നിറവേറ്റിയില്ലെങ്കിൽ ചോദ്യം ചെയ്യപ്പെടും എന്നും അങ്ങിനെ ചോദ്യം ചെയ്യുന്നത് വഴിയാണ് രാജ്യസ്നേഹം പ്രകടമാക്കേണ്ടതെന്നും ജന്തർ മന്തർ സമര പോരാളികൾ ഇന്ത്യൻ പൊതു സമൂഹത്തെ പഠിപ്പിച്ച ദിനങ്ങളായി ഇത് മാറി.

ഈ സമര വിജയത്തിൽ പശ്ചാത്തലത്തിൽ ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിൻ്റെ ചില ചരിത്രവഴികൾ ഓർത്തെടുക്കേണ്ടതുണ്ട്. 1942 ൽ ആരംഭിച്ച ക്വിറ്റിന്ത്യാ സമരം പ്രധാനമായും നയിച്ചത് യുവാക്കളാണ് എന്നതാണ് വസ്തുത. ഈ സമരത്തിൻ്റെ മുദ്രാവാക്യം” പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്നതായിരുന്നല്ലോ. സമരത്തിൻ്റെ നേതൃനിരയിൽ ഉണ്ടായിരുന്ന പ്രധാന നേതാക്കളെയെല്ലാം ജയിലിൽ അടച്ചപ്പോൾ യുവാക്കൾ സമരത്തെ ഏറ്റെടുത്തു. 1942 ഓഗസ്റ്റ് 9 ന് മുംബൈയിൽ ബ്രിട്ടീഷ് പട്ടാളത്തിൻ്റെ കണ്ണുവെട്ടിച്ച് ദേശീയ പതാക ഉയർത്തിയ അരുണ ആസഫ് അലിയും ഹസാരിബാഗ് ജയിലിൽ നിന്ന് രക്ഷപ്പെട്ട് “ആസാദ് ദസ്ത” എന്ന രഹസ്യ സംഘമുണ്ടാക്കിയ ജയപ്രകാശ് നാരായണനും ‘കോൺഗ്രസ് റേഡിയോ’ നടത്തി നേതാക്കളുടെ പ്രസംഗങ്ങൾ രഹസ്യമായി പ്രചരിപ്പിച്ച 22 കാരിയായ ഉഷാ മേത്തയും ലഘുലേഖകൾ വിതരണം ചെയ്ത് യുവാക്കളെ സംഘടിപ്പിച്ച രാം മനോഹർ ലോഹ്യയും അച്യുത് പട്വർധനും അങ്ങിനെ അനേകം പോരാളികളായ വിദ്യാത്ഥികളും യുവജനങ്ങളും നയിച്ച ജനകീയ മുന്നേറ്റമായിരുന്നു അത്. അന്നത്തെ യുവാക്കളുടെ പുതു തലമുറയാണ് ഇന്നത്തെ ജനകീയ പോരാളികളായ യുവതി യുവാക്കൾ. ക്വിറ്റ് ഇന്ത്യാ സമര ചരിത്രം 84 വർഷം പിന്നിടുമ്പോൾ ജനാതിപത്യ മതേര ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ അതേ ഊർജത്തോടെയാണ് ജന്തർ മന്തർ പോരാളിൽ പോരാടിയത്. സംഘടനകളോ വ്യക്തികളോ സ്വാർഥ താത്പര്യങ്ങളോ അല്ല, ആശയമാണ് അവരെ നയിച്ചത്. ഇവിടെ കണ്ട മറ്റൊരു പ്രധാന കാര്യം രാഷ്ട്രീയ പാർട്ടികളുടെ മുദ്രാവാക്യങ്ങൾക്ക് അതീതമായി പ്രതിരോധത്തിൻ്റെ പൊതുധാരയും മുദ്രാവാക്യവും ഉയർന്നുവന്നു എന്നതാണ്. രാഷ്ട്രീയ പാർട്ടികളുടെ സംഘടനാ സംവിധാനങ്ങൾക്ക് ഉപരിയായി സമരസംഘാടനം സാധ്യമാണ് എന്നും അനേകരുടെ അകക്കാമ്പുകളിൽ അനീതിക്ക് എതിരെയുള്ള അഗ്നി പൊട്ടിപ്പുറപ്പെടാൻ തയ്യാറായി നില്പുണ്ട് എന്നുമുള്ള ഓർമ്മപ്പെടുത്തലും കൂടിയായിരുന്നു ഇത്. ഈ സമരം താഴെ നിന്ന് (from below) ഉദ്ഭവിച്ചതാണ് അല്ലാതെ മുകളിൽ നിന്നുള്ള നിശ്ചയത്തിൻ്റെ അടിസ്ഥാനത്തിൽ അരങ്ങേറിയതല്ല. ഇത് ആഴത്തിൽ പതിഞ്ഞ സംഘടനാ സംവിധാനങ്ങൾക്കുള്ള തിരുത്താണ് എന്നും നീരീക്ഷിക്കാവുന്നതാണ്. ഇവിടെ രാഷ്ടിയ പാർട്ടികൾ ഈ സമരത്തിൻ്റെ പിന്നാലെ പോകാൻ നിർബന്ധിതരാവുകയായിരുന്നു. അതോടൊപ്പം പുത്തൻ സമരങ്ങളുടെ ജനാധിപത്യ ഭാഷയും വൈവിധ്യമാർന്ന വൃവഹാരവും തുറന്ന മനസോടെ സ്വാംശീകരിക്കാൻ കോൺഗ്രസ്സും ഇടതുപാർട്ടികളുമൊക്കെ തയ്യാറായി എന്നതും ഭാവി ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത് തന്നെയാണ്.

രാഷ്ട്രീയത്തിലായാലും മതത്തിലായാലും പോഷക സംഘടനകളുടെ കാലാമാണ് ഇത്. അധികാരത്തിലിരിക്കുന്നവർ നിശ്ചയിക്കുന്ന രാഷ്ട്രീയ തീരുമാനങ്ങൾ കണ്ണും പൂട്ടി പിൻതുടരുന്നവരാണ് ഇതിലെ അംഗങ്ങൾ ആക്കുന്നത്. സ്വതന്ത്രചിന്തയും വിമർശന ശേഷിയും പഠനവും പരാമാവധി നിരുത്സാഹപ്പെടുത്തി രാഷ്ട്രിയ അടിമകളാക്കുന്ന സംവിധാനങ്ങൾക്കുള്ള തിരുത്താണ് ഇത്. ഈയൊരു സമീപനം ഒരു വശത്ത് നിൽക്കുമ്പോൾ മറുവശത്ത് നാട് നന്നാക്കുന്ന ഭാരിച്ച പണിയൊന്നും എടുക്കേണ്ടെന്ന സന്ദേശം ഒളിഞ്ഞും തെളിഞ്ഞും നൽകുന്ന അരാഷ്ട്രീയ സമൂഹം. ഇനി എന്തെങ്കിലും പ്രവർത്തിക്കാൻ പോകുന്നവരാണെങ്കിൽ ‘പ്രയോജനം ഉണ്ടാകണമെന്നും ‘ ഇക്കൂട്ടർ ഉപദേശിക്കാറുണ്ട്. ക്രൈസ്ത ചിന്തയിൽ ആണെങ്കിൽ ആടുകൾക്ക് തക്കസമയത്ത് ഭക്ഷണം കൊടുക്കാത്ത, വഴിതെളിക്കാത്ത, വാതിലാകാത്ത ഇടയനെ കുറിച്ച് യേശു പഠിപ്പിക്കുന്നതായി കാണാൻ സാധിക്കും. ഇടയൻ വഴി മാറിയാൽ ആടുകൾ സ്വയമായി വഴികൾ തുറക്കുന്നതിലേക്ക് കാര്യങ്ങൾ എത്തുന്നതിൻ്റെ സൂചനയാണ് ഇത്, അങ്ങിനെ ഇടയൻ്റെ പ്രസക്തി ചോദ്യം ആയി അവശേഷിക്കും എന്നും ഈ പശ്ചാത്തലത്തിൽ ഓർക്കുന്നത് നന്നായിരിക്കും.

ഇങ്ങനെ സമൂഹത്തെ ആകമാനം അരാഷ്ട്രീയമായി രൂപപ്പെടുത്തി അധികാരവും അഴിമതിയും സ്വജനപക്ഷപാതവും പിൻതുടർന്ന് ജനാധിപത്യ ഇന്ത്യയുടെ ഭാവിഭാഗധേയം കൈയ്യാളാം എന്ന് കരുതുന്ന ഏത് അധികാര കേന്ദ്രത്തിനും ശക്തമായ തക്കീതായിരുന്നു ഈ സമരം.