സഭാ പാരമ്പര്യങ്ങൾക്ക് തിരുത്ത് വേണ്ടി വരും

Text Size

പൗരോഹിത്യം സ്വീകരിച്ചശേഷം വിവാഹത്തിനും ഭാര്യയുടെ മരണശേഷം പുനർ വിവാഹത്തിനും വൈദികർക്ക് അനുവാദമില്ല എന്നത് സഭയുടെ കാനോൻ അധിഷ്ഠിത പാരമ്പര്യമാണ്. ആ സാഹചര്യത്തിൽ ഈ കാര്യം വ്യക്തിഗതമായി പരിഗണിച്ച് അനുവാദം കൊടുക്കുന്ന പതിവും ഇല്ല. ഇതിന് മാറ്റം ഉണ്ടാകാതിരിക്കുന്നത് ഈ വിഷയം സംബന്ധിച്ച ചർച്ചകൾ നടക്കായ്ക കൊണ്ടല്ല പ്രത്യുത അതിന്റെ ഗൗരവം മനസ്സിലാക്കാത്തതുകൊണ്ടാണ് എന്ന് ചിന്തിക്കാം. പൂർണ്ണശെമ്മാശപട്ടം സ്വീകരിക്കുന്നതിനുമുമ്പ് മിക്കവരും വിവാഹിതിരാകുന്ന പതിവ് നമ്മുടെ സഭയിൽ ഉള്ളതുകൊണ്ട് വൈദികവിവാഹം ചെറിയപക്ഷം പുരോഹിതരുടെ മാത്രം വിഷയമാണ്. ഭാര്യ മരിച്ച വൈദികരും താരതമ്യേന ചുരുക്കമാണ്. അതുകൊണ്ട് ഈ കാര്യം സഭാനേതൃത്വത്തിൻ്റെ പരിഗണനയ്ക്ക് വിഷയമാകുന്നില്ല. ഇതു സംബന്ധിച്ച് എന്തെങ്കിലും രചനകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വൈദികരായശേഷം വിവാഹം ചെയ്തവർ തങ്ങളുടെ നടപടി സാധൂകരിക്കുന്നതിനുവേണ്ടി എഴുതിയതാണ്. അതിന് സഭയിൽ സ്വാഭാവികമായും അംഗീകാരം സിദ്ധിക്കുകയുമില്ല. ഈ പ്രശ്നം ചുരുക്കം ചിലരുടേത് മാത്രമാണെങ്കിലും ഇതു സംബന്ധിച്ച് വിശദമായ പഠനവും ചർച്ചയും ആവശ്യമായി വന്നിരിക്കുകയാണ്. അവിവാഹിത വൈദികരുടെ വിവാഹവും വൈദികരുടെ പുനർവിവാഹവും നിയമപരമാക്കുന്നതിനുള്ള സാധ്യതാന്വേഷണമാണ് ഈ കത്തിൽ ഉദ്ദേശിക്കുന്നത്.

ഇതു സംബന്ധധിച്ച് സാധാരണ ലഭിക്കുന്ന ചില പ്രതികരണങ്ങളിൽ ഒന്ന്: വിവാഹം കഴിക്കാൻ സഭ നൽകുന്ന അവസരം ഉപയോഗപ്പെടുത്താത്ത വൈദികർ പിന്നീട് വിവാഹത്തിന് ശ്രമിക്കേണ്ടതില്ല, ഭാര്യ മരിച്ച വൈദികർ അത് വിധിയായി കരുതി വിഭാര്യരായി ജീവിച്ചു കൊള്ളുക എന്നാണ്. സത്യസന്ധവും ഋജുവുമായ മറുപടിയാണ് ഇത്. അതേസമയം തന്നെ വിഷയത്തിൻ്റെ സങ്കീർണ്ണത മനസ്സിലാക്കുകയോ അതിൻ്റെ ഭവിഷ്യത്തുകൾ വിലയിരുത്തുകയോ ചെയ്യാതെയുള്ള പ്രതികരണമാണ് എന്ന ന്യൂനത ഇതിനുണ്ട്. ഈ ഉത്തരം പലരുടെയും കാഴ്ച്ചപ്പാടിനെ പ്രതിനിധീകരിക്കുന്നതുകൊണ്ട് ചർച്ച ഇതിൽ തന്നെ ആരംഭിക്കുകയാണ്.

വിവാഹം ചെയ്ത് കുടുംബമായി ജീവിച്ചു മാത്രമാണ് തൻ്റെ വൈദിക ശുശ്രൂഷ ഫലപ്രദമായി നിർവഹിക്കാൻ സാധിക്കൂ എന്ന് ബോദ്ധ്യപ്പെട്ട് വിവാഹിതനാകുന്ന വൈദികൻ്റെ ഭാര്യ മരിക്കുന്ന സാഹചര്യത്തിൽ അത് താങ്കളുടെ വിധിയാണ്, ഇനി കുടുംബമില്ലാതെ ജീവിച്ചുകൊള്ളുക എന്നു പറഞ്ഞാൽ അത് ക്രൂരമായ ഒരു പ്രതികരണമായിരിക്കും. കാരണം വിവാഹിതനായി വൈദികശുശ്രൂഷ നടത്തുന്നത് തൻ്റെ ദൈവവിളിയാണ് എന്ന് വിശ്വസിച്ച വൈദികൻ്റെ ഭാര്യ മരിക്കുമ്പോൾ അദ്ദേഹത്തിന് പൊരുത്തപ്പെടുവാൻ സാധിക്കാത്ത മറ്റൊരു ജീവിതരീതി അടിച്ചേൽപ്പിക്കപ്പെടുകയാണ്. ആ പട്ടക്കാരനെ അദ്ദേഹത്തിന് കഴിയാത്ത അവിവാഹിത ജീവിതത്തിന് സഭാപാരമ്പര്യം നിർബന്ധിക്കുകയാണ്. സഭാമേലദ്ധ്യക്ഷന്മാർക്ക് അദ്ദേഹത്തിൻ്റെ വിളി സംബന്ധിച്ച ബോദ്ധ്യവും അദ്ദേഹം എത്തിച്ചേർന്നിരിക്കുന്ന പ്രത്യേക മാനസിക അവസ്ഥയും വിഷയമല്ല.

ഫലം: ആ പുരോഹിതന്റെ ആത്മസംഘർഷം, ജീവിതനൈരാശ്യം, അപഥസഞ്ചാരം, ചിലപ്പോൾ വൈദികവൃത്തിയോടുള്ള വിട പറയലും. പൂർണ്ണ ശെമ്മാശൻ ആകുന്നതിനു മുമ്പ് വിവാഹത്തിന് അവസരം ഉണ്ടായിട്ട് അതിന് തുനിയാത്ത വൈദികന് പിന്നീട് അതിന് അനുവാദം നൽകേണ്ടതില്ല എന്ന നിലപാടിൽ കഴമ്പുണ്ട് എന്ന് പ്രഥമ ശ്രവണത്തിൽ തോന്നാവുന്നതാണ്. എന്നാൽ ഏതു സാഹചര്യത്തിലും മാനസികാവസ്ഥയിലും ആണ് അയാൾ അന്ന് ആ തീരുമാനമെടുത്തത് എന്നത് വ്യക്തി — സാഹചര്യപരമായ അന്വേഷണം വഴിയാണ് തെളിയുന്നത്. താഴെപ്പറയുന്ന ചുറ്റുപാടുകളും അതിനോട് ചേർത്ത് ചിന്തിക്കേണ്ടതാണ്.

  1. വൈദിക സ്ഥാനാർത്ഥിക്ക് തൻ്റെ മുഴുവൻ സമയവും സഭാസേവനത്തിന് മാറ്റി വയ്ക്കാനുള്ള ഗാഢമായ സഭാ സ്നേഹം.
  2. അവിവാഹിതവൈദികജീവിതത്തോടുള്ള വൈകാരിക ആകർഷണമാകാം തനിക്കുള്ള ദൈവവിളി മനസ്സിലാക്കുന്നതിനുമുമ്പ് പട്ടം സ്വീകരിക്കേണ്ടി വരുന്ന അപക്വമായ ഈ തീരുമാനത്തിന് കാരണം.
  3. വൈദികന് കിട്ടുന്ന അപര്യാപ്തമായ വേതനം കൊണ്ട് കുടുംബം പുലർത്താനും, പട്ടക്കാരൻ്റെ അന്തസ്സിന് ചേർന്ന് ജീവിക്കാനും സാധിക്കയില്ലായെന്ന യാഥാർത്ഥ്യബോധം.
  4. മാതാപിതാക്കളുടെയോ, ആത്മീയ പിതാക്കന്മാരുടെയോ നിർബന്ധത്തിന്/ പ്രേരണയ്ക്ക് വിധേയനാകുന്ന വൈദിക സ്ഥാനാർത്ഥിയുടെ നിസ്സഹായാവസ്ഥ.
  5. മാതാപിതാക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും സ്നേഹത്തിനും ലാളനയ്ക്കും പാത്രീഭൂതനായി ദൃഢമായ കുടുംബബന്ധത്തിൽ ജീവിക്കുന്ന ചെറുപ്പകാലത്തെ സുരക്ഷിതത്വബോധം. (കുടുംബത്തിൽ നിന്ന് അകുന്നുള്ള ജീവിതം, കുടുംബാംഗങ്ങളുടെ വിയോഗം എന്നിവ മൂലം അരക്ഷിതത്വം സംഭവിക്കുന്നത് പിന്നീടാണ്).
  6. മേല്പ്പട്ടസ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുവാനുള്ള ആഗ്രഹവും സാധ്യതയും.

മേൽപ്പറഞ്ഞ സാഹചര്യങ്ങൾ മൂലം അവിവാഹിതനായി പട്ടത്വം സ്വീകരിക്കുന്ന ചെറുപ്പക്കാരനായ വൈദികവിദ്യാർത്ഥിയുടെ അന്നത്തെ മാനസികാവസ്ഥ വിലയിരുത്തുമ്പോൾ പിൽക്കാലത്ത് വിവാഹം നിഷേധിക്കുന്നതിന് സാധുകരണം നൽകില്ല. അവിവാഹിതനായി പൗരോഹിത്യത്തിലേയ്ക്ക് പ്രവേശിക്കുന്ന വൈദിക സ്ഥാനാർത്ഥി തൻ്റെ പരിമിതികൾ മനസ്സിലാക്കാതെ അപക്വമായി എടുത്ത തീരുമാനമായി അതിനെ കരുതിയാൽ മതി. മനുഷ്യൻ വളർച്ചയ്ക്ക് വിധേയനാണ്. കാഴ്ച്ചപ്പാടുകളിൽ കാലം ചെല്ലുന്തോറും വ്യതിയാനം വരുന്നു. ജീവതസാഹചര്യങ്ങളും മാറാം. അതുകൊണ്ട് ചെറുപ്പകാലത്തെ തീരുമാനങ്ങൾ പിശകായിപ്പോയി എന്ന് തിരിച്ചറിയുമ്പോൾ അതു സംബന്ധിച്ച് പുനർവിചിന്തനത്തിന് അവസരം നൽകുന്നത് മനഷ്യത്വപരമായ നടപടിയാണ്. മതം മനുഷ്യത്വത്തിനും അനുഭവാധിഷ്ഠിതമായ വ്യതിയാനത്തിനും എതിരായിക്കൂടല്ലോ. ഇവരെ കുറ്റം വിധിക്കുന്ന മേല്പ്പട്ടക്കാർക്ക് ഈ കാര്യത്തിൽ തങ്ങൾക്കുള്ള ഉത്തരവാദിത്തത്തിൽ നിന്നും എളുപ്പത്തിൽ ഒഴിഞ്ഞുമാറാനാവുമെന്ന് തോന്നുന്നില്ല.

താഴെപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

  1. 1 തീമോത്തിയോസ് മൂന്നാം അദ്ധ്യായത്തിൽ പറയുന്ന പ്രകാരം വിവാഹവും കുടുംബജീവിതവും പട്ടത്വസ്വീകരണത്തിനുള്ള അടിസ്ഥാന നിയോഗ യോഗ്യതയാണ്. ഇതില്ലാത്തവർക്ക് വൈദികസ്ഥാനം കൊടുക്കുന്നത് വേദപുസ്തകനിർദ്ദേശത്തിൻ്റെ ലംഘനമാണ്. സഭാജീവിതത്തിൻ്റെ അടിസ്ഥാന രേഖ കാനോനല്ല, തിരുവെഴുത്താണ്.
  2. ഹുദായ കാനോൻ പ്രകാരം വിവാഹിതരായവർക്ക് കശീശസ്ഥാനം പ്രാപിക്കുവാനുള്ള പ്രായം മുപ്പത് വയസ്സാണ്. (ഏഴാം കെപ്പലയോൻ 6-ാം പോസുക്കോ) ഈ പ്രായം പോലും തികയാത്തവർക്ക് അവിവാഹിതരായി പട്ടത്വം നൽകുന്നത് കാനോൻ ലംഘനമാണ്.
  3. സ്ഥാനാർത്ഥിക്ക് അവിവാഹിതജീവിതത്തിന് വിളിയുണ്ടോ എന്ന് പരിശോധിക്കുകയും, ഉണ്ടെങ്കിൽ ബ്രഹ്മചര്യജീവിതത്തിന് ആവശ്യമായ അഭ്യസനം നൽകുകയും ആവശ്യമാണ്. ഈ തരത്തിലുള്ള ശിക്ഷണം (discipline), രൂപപ്പെടൽ (formation) എന്നിവയിൽ മേൽപ്പട്ടക്കാരിൽ നിന്നും ഉണ്ടാകുന്ന അശ്രദ്ധയും വീഴ്ചയും അവിവാഹിത ജീവിതം ഉപേക്ഷിക്കുന്നതിൽ നിർണ്ണായകമാണ്.
  4. അവിവാഹിത വൈദികന് പള്ളിഭരണത്തിന് സഭാപാരമ്പര്യം അനുവദിക്കുന്നില്ല. എന്നാൽ മലങ്കരസഭയിലെ മിക്ക അവിവാഹിത വൈദികരും ഇടവകയുടെ ചുമതലയുള്ളവരാണ്. ഇടവകശുശ്രൂഷയിൽ വരുന്ന അടുപ്പങ്ങൾ വിവാഹജീവിതത്തിലേക്ക് അവിവാഹിത പട്ടക്കാരനെ നയിക്കാവുന്നതാണ്.
  5. അവിവാഹിതജീവിതം കാംക്ഷിക്കുന്നവർക്ക് കൂട്ടായ്മജീവിതം ക്രമീകരിക്കേണ്ടത് അത്തരക്കാരുടെ സമൂഹത്തിലാണ്. ഇടവകയിൽ തനിയെ താമസിക്കുമ്പോൾ അവിവാഹിതവൈദികർക്ക് പങ്കിടീലിനും (sharing), കൂട്ടായ്മയ്ക്കും (fellowship) അവസരം കിട്ടാതെ വരുന്നു. ഇതും അവർക്ക് പലപ്പോഴും വിവാഹ ജീവിതത്തിന് പ്രേരണയാകുന്നു.

സഭാദ്ധ്യക്ഷന്മാരിൽ നിന്നുണ്ടാകുന്ന മേൽപ്പറഞ്ഞ രീതിയിലുള്ള ശ്രദ്ധക്കുറവുകൾ വൈദികരെ വിവാഹജീവിതത്തിലേക്ക് നയിക്കാം. അതുകൊണ്ട് യഥാർത്ഥത്തിൽ വേദപുസ്തകത്തിൻ്റെയും കാനോൻ്റെയും പിതാക്കന്മാരുടെയുംനിർദ്ദേശങ്ങൾ ലംഘിച്ച് പട്ടം കൊടുക്കുകയും കൊടുത്തശേഷം അവരുടെ കാര്യങ്ങളിൽ ശ്രദ്ധയില്ലാതെയിരിക്കുകയും ചെയ്യുന്ന മേല്പട്ടക്കാരുടെ പങ്ക് പലപ്പോഴും വൈദികരുടെ വിവാഹത്തിന് കാരണമാകുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഒരുവനും സ്വയമായി വൈദികൻ ആകുന്നില്ലല്ലോ. സ്ഥാനാർത്ഥികൾ പ്രായത്തിലും പക്വതയിലും ദൈവവിളിയിലുള്ള സമർപ്പണത്തിലും എത്തിയെന്ന് ബോദ്ധ്യമായതിനു ശേഷം പട്ടത്വം കൊടുക്കുവാനും അവിവാഹിതർക്ക് അനുകൂലമായ ചുറ്റുപാടുകളിൽ അവർ ജീവിതം നയിക്കുന്നതിന് ക്രമീകരണം നടത്തുവാനും മേല്പട്ടക്കാരന് ഉത്തരവാദിത്തമുണ്ട്. വിവാഹം കഴിക്കുന്ന വൈദികനെ കാനോൻലംഘനത്തിൻ്റെ പേരിൽ വിചാരണയ്ക്ക് വിധേയനാക്കുമ്പോൾ മേല്പട്ടക്കാരൻ നടത്തിയ ക്രമവിരുദ്ധ നടപടിയുടെ ഇരയാണ് ആ സാധു പട്ടക്കാരൻ എന്ന് വിസ്മരിക്കുന്നു. അതുകൊണ്ട് കാനോൻ ലംഘനത്തിൻ്റെ പേരിൽ വൈദികനെ ശിക്ഷിക്കാൻ വെമ്പൽ കൊള്ളുന്നവർക്ക് വീണ്ടുവിചാരം ഉണ്ടാകേണ്ടതുണ്ട്. തീർച്ചയായും വലിയ വൃതനിഷ്ഠരായി അറിയപ്പെടുന്ന ചിലർ ചെറുപ്പത്തിലേ പട്ടമേറ്റവരായിരുന്നു എന്ന വസ്തുത വിസ്മരിക്കുന്നില്ല. എന്നാൽ അവരുടെ വിളിയെപ്പറ്റി പട്ടം കൊടുക്കുന്നവർക്ക് എങ്കിലും ഉത്തമബോധ്യമുണ്ടായിരുന്നു.

ഇതു സംബന്ധിച്ച് നാം മനസ്സിലാക്കേണ്ട മറെറാരു വസ്തുത കൂടിയുണ്ട്. പൗരസ്ത്യസഭയിൽ അവിവാഹിത പട്ടക്കാരൻ എന്ന തസ്തികയില്ല. മുകളിൽ പറഞ്ഞ കാനോൻനിയമം ദയറാക്കാരുടേതാണ്. ഒന്നുകിൽ വിവാഹിതനായി ഇടവകശുശ്രൂഷയ്ക്ക് പോവുക, അല്ലെങ്കിൽ അവിവാഹിതനായി ദയറാജീവിതത്തിന് സമർപ്പിക്കുക. അവിവാഹിത ഇടവക പട്ടക്കാരൻ മലങ്കരയിൽ മാത്രമുള്ള പ്രതിഭാസമാണ്. ഇത് നമ്മുടെ നാട്ടിൽ ലത്തീൻ പാരമ്പര്യത്തിൽ നിന്നും വന്നതാകാനാണ് സാധ്യത. അതുകൊണ്ട് ഇതു സംബന്ധിച്ച നിബന്ധനകൾ സുറിയാനികാനോനിൽ നോക്കിയിട്ട് കാര്യമില്ല. അവിടെ പറയുന്നത് ദയറാക്കാരായ പട്ടക്കാരുടെ കാര്യമാണ്. അതായത് സഭയുടെ പൊതുനിയമങ്ങൾ ഈ കാര്യത്തിൽ പ്രായോഗികമല്ല എന്ന് ചുരുക്കം.

ഇതുവരെ നടത്തിയ ചർച്ചയിൽനിന്നും വെളിവാകുന്ന കാര്യങ്ങൾ.

  1. പ്രത്യേക സാഹചര്യങ്ങളിൽ ചെറുപ്പകാലത്ത് എടുത്ത നിലപാടുകൾ തങ്ങളുടെ വിളിക്ക് അനുരോധമല്ല എന്ന് ബോധ്യപ്പെട്ടാൽ അവയ്ക്ക് ഇളവ് കൊടുക്കേണ്ടത് ക്രിസ്തീയമാണ്. തങ്ങളുടെ വിളിയെപ്പറ്റി ബോദ്ധ്യം വരാത്തവർക്ക് വേദപുസ്തക — കാനോൻ അനുശാസനങ്ങൾക്ക് വിരുദ്ധമായി പട്ടം കൊടുക്കുകയും അവിവാഹിത പട്ടക്കാർക്ക് അനുയോജ്യമായ ജീവിതസാഹചര്യമൊരുക്കാതിരിക്കയും ചെയ്തിട്ട് അവരെ കുറ്റം വിധിക്കുന്നതിൽ നീതിയില്ല.
  2. വൈദികരുടെ വിവാഹം സംബന്ധിച്ച കാനോൻനിയമങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ രൂപപ്പെട്ടതല്ലാത്തതിനാൽ ഇവിടെ അതിന് പ്രായോഗികതയും, പ്രസക്തിയും കാണുന്നില്ല. അതുകൊണ്ട് സ്വന്തം കുടുംബത്തിൽ നിന്നും വേർപെട്ട് കൂട്ടായ്മയും, പങ്കിടീലും നിഷേധിക്കപ്പെടുന്ന ഒരു പട്ടക്കാരന് ജീവിതഭാരം പങ്കിടാൻ ഒരു പങ്കാളിയെ ആവശ്യമെന്ന് തോന്നുന്ന സാഹചര്യത്തിലും സകലവും ത്യജിച്ച് സഭാസേവനത്തിനിറങ്ങിയ വൈദികൻ ഏകാന്തതയും, അന്യതാബോധവും അനുഭവിക്കുമ്പോഴും വിവാഹം ചെയ്ത് കുടുംബജീവിതം ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള അടിസ്ഥാനനീതിക്ക് അദ്ദേഹം അർഹനാണ് എന്ന് നാം അംഗീകരിക്കേണ്ടതുണ്ട്.
  3. കുടുംബ ജീവിതം നിലനിർത്തി പൗരോഹിത്യശുശ്രൂഷ നടത്തുന്ന പുരോഹിതൻ്റെ സഹധർമ്മിണിയുടെ മരണശേഷം പുനർവിവാഹ അനുമതി നല്കുന്നില്ല എങ്കിൽ അത് മനുഷ്യത്വരഹിതമാണ് എന്ന് ചിന്തി ക്കേണ്ടിയിരിക്കുന്നു.

ഇനി ചിന്തിക്കേണ്ടത് അൽപ്പം കൂടി അടിസ്ഥാനപരമായിട്ടാണ്. കുറ്റം ആരുടേതുമാകട്ടെ വൈദികരുടെ വിവാഹവും പുനർവിവാഹവും നിഷേധിക്കുന്നതിന് വേദപുസ്തകപരമോ, വേദശാസ്ത്രപരമോ, ധാർമ്മികമോ, ചരിത്രപരമോ ആയ കാരണങ്ങൾ ഉണ്ടോ എന്നാണ്. വെറുതെ പാരമ്പര്യവും നിയമവും മാത്രം ഏതു കാര്യത്തിനും അടിസ്ഥാനം എന്നു പറയാനാവില്ല… കാരണം നിയമത്തിനും പാരമ്പര്യത്തിനും വേദശാസ്ത്രപരമായ സാധുകരണം ആവശ്യമാണ്. അതുകൊണ്ട് ഈ പാരമ്പര്യത്തിൻ്റെ അടിസ്ഥാനം അന്വേഷിക്കേണ്ടിയിരിക്കുന്നു. (തുടരും…)