നിഖ്യാവിശ്വാസപ്രമാണത്തിൽ പരിശുദ്ധാത്മാവിൻ്റെ പുറപ്പാട് സംബന്ധിച്ച് ‘ പിതാവിൽ നിന്ന് പുറപ്പെടുന്നു’ എന്ന പ്രയോഗമാണ് മൂലരേഖയിൽ ഉണ്ടായിരുന്നത്. എന്നാൽ A D 1014 ൽ ജർമ്മൻ രാജാവായിരുന്നു ഹെൻറി II (Holy Roman Emperor) ൻ്റെ കിരീടധാരണചടങ്ങുമായി ബന്ധപ്പെട്ട് റോമിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ച് നടന്ന ആരാധനയിൽ അദ്ദേഹത്തിൻ്റെ ആവശ്യപ്രകാരം പടിഞ്ഞാറൻ യൂറോപ്പിൽ നിലനിന്നിരുന്ന രീതിയിൽ വിശ്വാസപ്രമാണത്തിൽ പരിശുദ്ധ റൂഹാ പുത്രനിൽ നിന്നും കൂടി പുറപ്പെടുന്നു (filioque) എന്ന് പോപ് ബനഡിക്ട് VIII ചേർത്തു വായിക്കുവാൻ അനുവദിച്ചു. അതോടെ കത്തോലിക്കാ സഭയുടെ ഔദ്യോഗിക അംഗീകാരം” filioque “ പ്രയോഗത്തിന് സിദ്ധിച്ചു എന്നു പറയാം. കിഴക്കൻസഭകൾ ഈ കൂട്ടിച്ചേർക്കൽ അംഗീകരിക്കാൻ തയ്യാറായില്ല.
തുടർന്ന് 1054 ൽ കർദ്ദിനാൾ ഹൂംബർട്ട് (Humbert de Silva Candida) നെ എക്യുമെനിക്കൽപാത്രിയർക്കീസ് മിഖായേൽ I കെറുലാറിയസിനെ സന്ദർശിക്കുന്നതിനായി പോപ്പ് ലിയോ IX അയച്ചു. അദ്ദേഹം പാത്രിയർക്കീസിന്റെ അടുക്കൽ എത്തുന്നതിനുമുമ്പു തന്നെ പോപ്പ് കാലം ചെയ്തു. കർദിനാൾ ജൂലൈ മാസം കോൺസ്റ്റാന്റിനോപ്പിളിൽ എത്തി പാത്രിയർക്കീസിനെ കണ്ടു. അവർ തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ജൂലൈപതിനാലാം തീയതി ഹാഗിയാ സോഫിയ കഥീഡ്രലിൽ എത്തി പാത്രിയർക്കീസിനെ സഭാഭ്രംശം നടത്തികൊണ്ടുള്ള തൻ്റെ കൽപ്പന ആരാധനാ സമയത്ത് മദ്ബഹായിൽ വച്ചു. അങ്ങനെ പാത്രിയർക്കീസിനെതിരെ മുടക്ക് പ്രഖ്യാപിച്ചു. അതിന്റെ ഒരു കാരണമായി പറഞ്ഞിരുന്നതിൽ ഒന്ന് പാത്രിയർക്കീസ് ‘ filioque’ പ്രയോഗം നിഷേധിച്ചു എന്നതായിരുന്നു. ഇതിനെ തുടർന്ന് ജൂലൈ 16 ന് പാത്രിയർക്കീസ് കർദിനാൾ ഹൂംബർട്ടിനെയും മുടക്കിയതായി പ്രഖ്യാപിച്ചു. അനധികൃതമായ രീതിയിൽ വിശ്വാസപ്രമാണം തിരുത്തി എന്നതായിരുന്നു ഈ സഭാഭ്രംശത്തിന് ആധാരമായി ഉന്നയിക്കപ്പെട്ട ആരോപണം. പാത്രിയർക്കീസ് 1059 ൽ കാലം ചെയ്തു. തങ്ങളുടെ വിശ്വാസസംരക്ഷകനും പരിശുദ്ധനുമായി കിഴക്കൻ ഓർത്തഡോക്സ് സഭ അദ്ദേഹത്തെ ആദരിക്കുന്നു. നടന്നത് വ്യക്തിപരമായ മുടക്കുകൾ ആയിരുന്നുവെങ്കിലും സഭകൾ തമ്മിലുള്ള മുടക്കായി പരിണമിക്കുകയായിരുന്നു.
ഈ തർക്കത്തിന് ഒരു ചരിത്രപശ്ചാത്തലം ഉണ്ട്. നിഖ്യാവിശ്വാസപ്രമാണം രൂപപ്പെട്ട സമയത്ത് ഈ പാഠഭേദം റോം നിർദ്ദേശിച്ചിരുന്നില്ല. ഇതിന് സാർവത്രിക അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ സെൻ്റ് അഗസ്റ്റിൻ അദ്ദേഹത്തിൻ്റെ ‘ ത്രിത്വം ‘ (De Trinitate) എന്ന രചനയിൽ പിതാവിൽ നിന്നും പുത്രനിൽ നിന്നും ആണ് പരിശുദ്ധാത്മാവ് പുറപ്പെടുന്നത് എന്നും രേഖപ്പെടുത്തി. അദ്ദേഹം ഇതിന് പിതാവിനെയും പുത്രനെയും സാരാംശ ഏകത്വം (one ousia) എന്ന നിലയിൽ വിശദീകരണവും നൽകി. ഇവിടെ അഗസ്റ്റിൻ വിശ്വാസപ്രമാണം തിരുത്തുകയായിരുന്നില്ല പ്രത്യുത ലത്തീൻ പാരമ്പര്യപ്രകാരമുള്ള പരിശുദ്ധാത്മാവിൻ്റെ പുറപ്പാടിന് വിശദീകരണം നൽകുകയായിരുന്നു.
ഇതുപോലെ കിഴക്കൻസഭയിലും പിതാവിൽ നിന്ന് പരിശുദ്ധാത്മാവ് പുറപ്പെടുന്നതിൽ പുത്രൻ്റെ പങ്ക് (role) സംബന്ധിച്ച് വിശദീകരണം ഉണ്ടായിരുന്നു. നിസ്സായിലെ ഗ്രിഗോറിയോസും അലക്സാന്ത്രിയായിലെ കൂറിലോസും പിതാവിൽ നിന്നും പുത്രൻ മുഖാന്തിരം പരിശുദ്ധാത്മാവ് പുറപ്പെടുന്നു എന്ന് വിശദീകരിച്ചിരുന്നു. ആത്മാവിൻ്റെ പുറപ്പാടിൽ പുത്രന്റെ പങ്ക് അവർ നിഷേധിച്ചിരുന്നില്ല. ആത്മാവിൻ്റെ പുറപ്പാടിന് ഹേതുവാകുന്നത് (instrumental) പുത്രനാണ് എന്നതായിരുന്നു ഇവിടെ സൂചന.
A D 589 ൽ സ്പെയിനിലെ ടൊലെഡോ (Toledo) യിൽ നടന്ന മൂന്നാം സുന്നഹദോസിൽ വച്ച് പരിശുദ്ധാത്മാവ് പുത്രനിൽ നിന്നും കൂടി പുറപ്പെടുന്നു എന്നു വ്യക്തമാക്കിയിരുന്നു. ടൊലെഡോ അന്നത്തെ Visigothic രാജ്യത്തിൻ്റെ തലസ്ഥാനം ആയിരുന്നു. ആ രാജ്യത്തുള്ളവർ അറിയോസിൻ്റെ വിശ്വാസക്കാരായിരുന്നു. എന്നാൽ പിന്നീട് അവിടത്തെ രാജാവ് റിക്കാർഡോ I നിഖ്യാവിശ്വാസം സ്വീകരിച്ചു. പുത്രൻ പിതാവിന് തുല്യനും അവർ ഏക സാരാംശവും ആണ് എന്ന തത്വം ആ സഭയിൽ ഉറപ്പിക്കുന്നതിന് ഇത് സഹായിച്ചു. പുത്രന് പിതാവിൻ്റെ അതേ തത്വവും തുല്യതയും ഉറപ്പാക്കുന്നതിന് പരിശുദ്ധാത്മാവിൻ്റെ പുറപ്പൊട് പുത്രനിൽ നിന്നും കൂടിയാണ് എന്ന് പ്രഖ്യാപിക്കുകയായിരുന്നു. സദുദ്ദേശ്യത്തോടെയും ആ പ്രത്യേക സാഹചര്യത്തിലും ആണ് അവർ ഈ കൂട്ടിച്ചേർക്കൽ നടത്തിയത്. എട്ട്, ഒൻപത് നൂറ്റാണ്ടുകളിലായി ഈ പാഠഭേദം പശ്ചിമയൂറോപ്യൻപ്രദേശങ്ങളിൽ അനൗദ്യോഗികമായി അംഗീകാരം നേടി. അവിടെ ഇതിൻ്റെ സാധൂകരണത്തിനായി വേദശാസ്ത്രരചനകൾ ഉണ്ടാവുകയും ചെയ്തു. കിഴക്കൻസഭയെ ഇത് അസ്വസ്ഥമാക്കി. എന്നാൽ റോം ഔദ്യോഗികമായി ഈ മാറ്റത്തിന് അംഗീകാരം നൽകിയിരുന്നില്ല. പോപ്പ് ലിയോ (795 — 816) ഈ പ്രയോഗത്തിലെ വേദശാസ്ത്രത്തിന് സാധൂകരണം നൽകി. എന്നാൽ വിശ്വാസാപമാണത്തിൽ മാറ്റം വരുത്തുവാൻ ശ്രമിച്ചില്ല.
കുസ്തന്തീനോപോലീസിലെ എക്യുമെനിക്കൽ പാത്രിയർക്കീസ് ഫോട്ടിയസ് (858 — 867, 877 — 886) ഇതിനെ ശക്തമായി എതിർത്തു. അക്കാലത്ത് അന്ത്യോഖ്യയിലെ സുറിയാനി പാത്രിയർക്കീസ് ആയിരുന്ന ഇഗ്നാത്യോസ് II, ദിവന്നാസിയോസ് l തുടങ്ങിയവർ എക്യുമെനിക്കൽ പാത്രിയർക്കീസിൻ്റെ നിലപാടിനെ പിന്താങ്ങിയിരുന്നു.
ഈ വിഷയത്തിൽ ഭാഷാപരവും തിരുവചനവ്യാഖ്യാനപരവും വേദശാസ്ത്രപരവും സഭാപരവും ആയ തർക്കങ്ങൾ തുടർന്നും നിലനിന്നിരുന്നു.
ഭാഷാപരമായി നിഖ്യാവിശ്വാസപ്രമാണത്തിന്റെ ഗ്രീക്ക് ഭാഷ്യത്തിൽ പുറപ്പാടിന് ഉപയോഗിച്ചിരിക്കുന്ന പദം ekporeuesthai എന്നാണ്. അതിൻ്റെ അർത്ഥം ഉത്ഭവ സ്ഥാനത്ത് നിന്ന് ജനിച്ച് പുറപ്പെടുക (to originate from a source) എന്നതാണ്. എന്നാൽ ഇതിനു സമാനമായി വിശ്വാസപ്രമാണത്തിന്റെ ലത്തീൻഭാഷ്യത്തിൽ ഉപയോഗിച്ചിരിക്കുന്നത് procediere എന്ന ധാതുവിൽ നിന്നുമുള്ള procedit എന്ന പദമാണ്. ഇതിന് starting (goes forth) എന്നാണ് പ്രധാന അർത്ഥം. ആ അർത്ഥപ്രകാരം പരിശുദ്ധാത്മാവ് പിതാവിൽ നിന്നും പുറപ്പെടുന്നവൻ എന്നു മാത്രമേയുള്ളൂ. ഗ്രീക്ക് ഭാഷയിൽ അതിനു സമാനമായ പദം proienai എന്നാണ്. അതുകൊണ്ട് ലത്തീൻ ഭാഷ പ്രകാരം പരിശുദ്ധാത്മാവിന്റെ പുറപ്പാട് നടക്കുന്നത് പിതാവിൽ നിന്നാണ് എന്നു മാത്രമേ അർത്ഥമാക്കുന്നുള്ളൂ. പിതാവിൻ്റെ സാരാംശത്തിൽ നിന്നാണ് പരിശുദ്ധാത്മാവിൻ്റെ ഉത്ഭവം എന്നു വരുന്നില്ല. അതായത് പരിശുദ്ധാത്മാവിൻ്റെ പുറപ്പാടിൻ്റെ തുടക്കം (starting point) പിതാവെന്നേ വരുന്നുള്ളൂ.
വേദശാസ്ത്രപരമായി പുത്രനും പിതാവും ആയ ബന്ധത്തെ സൂചിപ്പിക്കുന്ന വിശ്വാസപ്രമാണത്തിലെ പദം “ പിതാവിൽ നിന്നും ജനിച്ചു “ എന്നതാണ്. പുത്രൻ പിതാവിന്റെ അതേ സാരാംശം (ousia) എന്നതിന്റെ അടിസ്ഥാനം പിതാവിൻ്റെ സാരാംശത്തിൽ ജനനം വഴിയുള്ള ബന്ധമാണ്. അതിന് സമാന്തരമായി തന്നെ പരിശുദ്ധാത്മാവിന്റെ ഉത്ഭവം പിതാവിൻ്റെ തത്വത്തിൽ തന്നെയാണ്. ഇതാണ് പരിശുദ്ധാത്മാവിൻ്റെ ദൈവിക ആളത്തത്തിനും, പിതാവുമായ തുല്യതയ്ക്കും അടിസ്ഥാനം. ഈ ബന്ധം സൂചിപ്പിക്കുന്ന പദമാണ് ജനനത്തിന് സമാനമായ പുറപ്പാട് (ekporeuestha) എന്നത്. ഇത് പിതാവിൽ നിന്നും ഉള്ള വെറും പുറപ്പാടല്ല. പിതാവിൻ്റെ ousia യിൽ നിന്നുള്ള ജനനം തന്നെ. അവ പുത്രന്റെയും പരിശുദ്ധ റൂഹായുടെയും പിതാവുമായ ബന്ധസൂചനയ്ക്കായി ഉപയോഗിക്കുന്ന സമാന പദങ്ങളാണ്. പിതാവിൻ്റെ ഉണ്മയിൽ നിന്നുള്ള പുറപ്പാടാണ് / ജനനമാണ് പരിശുദ്ധാത്മാവിന്റെ ദൈവസ്വഭാവത്തിന് അംഗീകാരം നൽകുന്നത്. അതാണ് പിതാവിൽ നിന്നും പുറപ്പെട്ടു എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. പുത്രന്റെയും പരിശുദ്ധ റൂഹായുടെയും ഉത്ഭവം പിതാവിൽ നിന്നാണ് എന്ന് കിഴക്കൻ സഭകൾ പഠിപ്പിക്കുന്നു.
ലത്തീൻ വേദശാസ്ത്രത്തിന്റെ പ്രധാന ആരംഭം കുറിച്ചത് അഗസ്റ്റിനാണ്. അദ്ദേഹം പിതാവിനെയും പുത്രനെയും ഏക സാരാംശമായും രണ്ട് ആളത്തമായും മനസ്സിലാക്കുകയും പരിശുദ്ധാത്മാവിനെ ഇവർ തമ്മിലുള്ള ബന്ധമായി വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു. ആ പശ്ചാത്തലത്തിൽ പരിശുദ്ധാത്മാവ് പിതാവിൽ നിന്നും പുത്രനിൽ നിന്നും കൂടി പുറപ്പെടുന്നു എന്ന തരത്തിൽ വ്യാഖ്യാനിച്ചു. കിഴക്കൻവേദശാസ്ത്രപ്രകാരം പിതാവാണ് പുത്രന്റെയും പരിശുദ്ധ റൂഹായുടെയും ജനന കേന്ദ്രമെങ്കിൽ പടിഞ്ഞാറൻ വേദശാസ്ത്രത്തിൽ പിതാവും പുത്രനും എന്ന ഏകത്വത്തിൽ നിന്ന് പുറപ്പെടുന്നവനാണ് പരിശുദ്ധാത്മാവ്. ഈ പ്രയോഗങ്ങളുടെ വേദശാസ്ത്ര പരമായ നിലപാട്: Father alone is the genetical source of Son and Holy Spirit. അതുകൊണ്ട് the eternal procession of Holy Spirit belongs to the Father alone. പടിഞ്ഞാറൻ വേദശാസ്ത്രത്തിൽ: Father and Son are of same ousia and the Spirit procedes from both.
സഭാപരമായ പ്രശ്നം എന്നത്: ഒരു എക്യുമെനിക്കൽ സുന്നഹദോസിന്റെ തീരുമാനത്തോട് കൂട്ടിച്ചേർക്കുവാൻ റോമൻ സഭയ്ക്ക് തനിയെ അധികാരമില്ല എന്നതായിരുന്നു കിഴക്കൻസഭയുടെ നിലപാട്. എന്നാൽ ഇത് കൂട്ടിച്ചേർക്കൽ അല്ല വിശദീകരണം ആണ് എന്ന് പടിഞ്ഞാറൻ സഭ പ്രതികരിക്കുന്നു… അതുകൊണ്ട് ഇത് സഭാതലത്തിലുള്ള തർക്കത്തിന് വഴി തെളിയിച്ചു. ഏതായാലും പാഠഭേദങ്ങളിൽ ഐക്യമുണ്ടായില്ല എങ്കിലും 1965ൽ പോപ്പ് പോൾ ആറാമനും പാത്രിയർക്കീസ് അഥെനാഗോറസും ചേർന്ന് മുടക്ക് നീക്കം ചെയ്തു. (തുടരും…)

