നിഖ്യാ — കുസ്തന്തിനോപോലീസ് വിശ്വാസപ്രമാണത്തിന്റെ മൂല പാഠ (original text) ത്തിൽ മറിയാമിന് ‘ കന്യക ‘ എന്ന വിശേഷണം മാത്രമെ ഉണ്ടായിരുന്നുള്ളൂ. സുറിയാനിസഭ അതോട് ‘വിശുദ്ധ ദൈവമാതാവ് ‘ എന്ന സവിശേഷ വിശേഷണവും ചേർക്കുകയുണ്ടായി.
ദൈവമാതാവ് എന്ന വിശേഷണം പുതിയനിയമത്തിൽ ഇല്ല. മറിയാമിനെപ്പറ്റി യേശുവിൻ്റെ അമ്മ എന്ന പരാമർശമാണ് അവിടെ പൊതുവായി കാണുന്നത് (യോഹ 2: 1 19: 25; അ പ്ര 1: 14). ഇതായിരുന്നു അപ്പോസ്തോലികകാലത്ത് മറിയാമിനെപ്പറ്റി സാധാരണ ഉപയോഗിച്ചു വന്ന വിശേഷണം. എന്നാൽ ലൂക്കോസിന്റെ സുവിശേഷത്തിൽ മറിയയെ ഏലിശുബ ‘ എൻ്റെ കർത്താവിൻ്റെ അമ്മ ‘ (emmelia mou / mother of my Lord) എന്ന് പരിശുദ്ധാത്മാവിൽ പ്രേരിതയായി വിളിക്കുന്നുണ്ട്. ഇവിടെ ‘ കർത്താവ് ‘ എന്ന പദത്തിന് ദൈവം എന്ന സാധാരണ വിവർത്തനം ചെയ്യാനാവുമെന്ന് തോന്നുന്നില്ല. എന്നാൽ ലൂക്കോസ് തൻ്റെ സുവിശേഷത്തിൽ ഈ പദം ദൈവം എന്ന പദത്തിനു തുല്യമായി പറയുന്നുണ്ട് (ലൂക്കോ 1: 16, 17, 32). എങ്കിലും മറിയാമിന് ദൈവമാതാവ് എന്ന പദം അദ്ദേഹത്തിൻ്റെ തന്നെ രചനയായ അപ്പോസ്തോലപ്രവൃത്തികളിൽ കാണുന്നില്ല. അവിടെ യേശുവിൻ്റെ മാതാവായ മറിയമിനെക്കുറിച്ച് പറയുന്നുണ്ട് (അ പ്ര 1: 14).
മൂന്നാം നൂറ്റാണ്ടു വരെ മറിയാമിന് ‘ ദൈവമാതാവ് ‘ എന്ന വിശേഷണം ചാർത്തുന്നതായി കാണുന്നില്ല. എന്നാൽ അതിനു ശേഷം പിതാക്കന്മാർ ആ പദം ഉപയോഗിക്കുന്നുണ്ട്. ഒറിഗൻ യെരുശലേമിലെ കൂറിലോസ്, മിലാനിലെ അംബ്രോസിയോസ്, ജോൺ ക്രിസോസ്റ്റം എന്നിവർ തങ്ങളുടെ രചനകളിൽ ഈ പ്രയോഗം നടത്തിയിട്ടുണ്ട്. അതുപോലെ അപ്രേമിന്റെ ഗീതങ്ങളിലും നാലാം നൂറ്റാണ്ടിൽ രൂപപ്പെട്ട യാക്കോബിന്റെ കുർബാന തക്സയിലും ഈ പേര് വന്നിട്ടുണ്ട്. അതുകൊണ്ട് ‘ യേശുവിൻ്റെ അമ്മ’, ‘കർത്താവിൻ്റെ അമ്മ ‘, ‘ ദൈവമാതാവ് ‘ എന്നീ വിശേഷണങ്ങൾക്ക് പിതാക്കന്മാരുടെ രചനകളുടെ പിൻബലമുണ്ട്.
എന്നാൽ സുറിയാനി പാരമ്പര്യമുണ്ടായിരുന്ന നെസ്തോറിയസ് ഈ പദം വേദശാസ്ത്രത്തിന് നിരക്കുന്നതല്ല എന്ന നിലപാടെടുത്തു. മറിയയെ ദൈവത്തിൻ്റെ അമ്മയായി വിശേഷിപ്പിക്കാനാവില്ല. മറിയാമിൽ നിന്നും ദൈവപുത്രൻ എടുത്തത് മനുഷ്യത്വം മാത്രമാണ്. അതുകൊണ്ട് മനുഷ്യസ്വഭാവത്തിന്റെ മാതൃത്വം മാത്രമാണ് മറിയയ്ക്കുള്ളത് എന്നതായിരുന്നു അദ്ദേഹത്തിൻ്റെ വാദം. ഇവിടെ നെസ്തോറിയസ് ക്രിസ്തുവിൻ്റെ ആളത്ത ഐക്യം അംഗീകരിക്കാത്തതായിരുന്നു ഈ വേദശാസ്ത്ര പ്രയോഗത്തിന്റെ നിരാസ കാരണം. ക്രിസ്തുവിൽ ദൈവ — മനുഷ്യ ആളത്തങ്ങൾ സഹവർത്തിച്ചു (co — exist) നിലനിന്നു എന്നും അതിൽ മനുഷ്യാളത്തത്തിൻ്റെ മാത്രമാണ് മറിയാം അമ്മയാകുന്നത് എന്നും നെസ്തോറിയസ് പറഞ്ഞപ്പോൾ അതു ക്രിസ്തുവിജ്ഞാനീയ പ്രശ്നമായിമാറി. ക്രിസ്തുവിൻ്റെ ഏക ആളത്തത്തിൽ വിശ്വസിക്കാത്ത സാഹചര്യത്തിൽ നെസ്തോറിയസിന് ‘ദൈവമാതാവ് ‘ എന്ന വിശേഷണത്തിന് സാധുത അംഗീകരിക്കാനായില്ല.
ഈ തർക്കത്തെ തുടർന്ന് AD 431 ൽ എഫേസോസിൽ എക്യുമെനിക്കൽ സുന്നഹദോസ് ചേർന്ന് മനുഷ്യാവതാരം ചെയ്ത ദൈവപുത്രൻ്റെ ഏക ആളത്ത — സ്വഭാവ കാര്യങ്ങൾ അംഗീകരിച്ചു. അതുകൊണ്ട് ദൈവമാതാവ് എന്ന പദത്തിന് വേദശാസ്ത്രസാധുത സിദ്ധിച്ചു. തിരുവചനപ്രകാരം ദൈവമാതാവ് എന്ന പ്രയോഗത്തിന് സാധുത ഉണ്ട് എന്ന് പറയാനാവില്ല. എങ്കിലും ക്രിസ്തുവിൻ്റെ ആളത്ത — സ്വഭാവ ഐക്യം സംബന്ധിച്ചുള്ള തർക്കത്തിൻ്റെ പരിഹാരമായി സാർവ്വത്രിക സുന്നഹദോസിൻ്റെ തീരുമാനമായിട്ട് ഇതിനെ കണ്ടാൽ ഈ വിശേഷണത്തിന് സാധുത ഉണ്ട്. മറിയം പ്രസവിച്ച ശിശു ദൈവമായിരുന്നു എന്ന കാര്യം വിശദീകരിക്കുന്ന സാഹചര്യത്തിലാണ് ഈ പദം സഭ അംഗീകരിച്ചത്. ക്രിസ്തുവിജ്ഞാനീയ തർക്കത്തിലാണ് ഈ പദത്തിന് സാർവത്രിക അംഗീകാരം ലഭിച്ചത്. ഈ പദത്തിൻ്റെ സാധുത സംബന്ധിച്ച് സുന്നഹദോസ് തീരുമാനമായിരുന്നുവെങ്കിലും ‘ ദൈവമാതാവ് ‘ എന്ന വിശേഷണം വിശ്വാസപ്രമാണത്തിൽ കൂട്ടിച്ചേർക്കാൻ സഭ തീരുമാനിച്ചിരുന്നില്ല. 5, 6 നൂറ്റാണ്ടുകളിലായി ഈ പദം സുറിയാനിവിശ്വാസപ്രമാണത്തിൽ കൂട്ടിച്ചേർത്തു. കാരണം അതിന് പിതാക്കന്മാരുടെ പിന്തുണയും മൂന്നാം പൊതുസുന്നഹദോസിന്റെ (എഫേസോസ് സുന്നഹദോസ്) തീരുമാനവും ഇത് സംബന്ധിച്ച് ഉള്ളതിനാൽ ഈ പദപ്രയോഗം വിശ്വാസപ്രമാണത്തിൽ ചേർക്കുന്നതിന് തടസ്സങ്ങൾ ഉണ്ടായിരുന്നില്ല. ‘വിശുദ്ധ ദൈവമാതാവ്’ എന്ന് വശ്യാസപ്രമാണത്തിൽ ചേർക്കുവാൻ സുറിയാനി സഭയുടെ ഏതെങ്കിലും സുന്നഹദോസ് തീരുമാനിച്ചതായും രേഖകളില്ല. വിശ്വാസപ്രമാണം സാധാരണയായി പരസ്യാരാധനകളിലാണ് ഉപയോഗിച്ചു വന്നത് ആരാധന ക്രമത്തിൽ സാവധാനം ഈ പ്രയോഗം കടന്നുവന്നതാകാം എന്ന് ചിന്തിക്കാം. കൂടാതെ ഈ പേര് സംബന്ധിച്ച് ഏറ്റവും വലിയ തർക്കം നടന്നത് സിറിയ — മെസോപ്പൊട്ടോമിയ ദേശങ്ങളിലായിരുന്നു. അതുകൊണ്ട് സത്യവിശ്വാസസ്ഥാപനത്തിൻ്റെ ഭാഗമായി ആരാധനയിൽ സ്ഥിരം ഉപയോഗപ്പെടുത്തിയിരുന്ന വിശ്വാസപ്രമാണത്തിൽ ‘ ദൈവമാതാവ് എന്ന പദം ചേർത്തു. മറിയാമിൻ്റെ പേരോട് കൂടി ‘ വിശുദ്ധ ‘ എന്ന വിശേഷണം ചേർക്കുന്ന (മറിയം ബേത്ലൂസോ കാദിശ്ത്തോ) പതിവ് സുറിയാനി സഭയിൽ ആരാധനയിൽ പൂർവ്വ കാലം മുതലേ ഉണ്ടായിരുന്നു. വേദശാസ്ത്രവിഷയങ്ങൾ ഒന്നും ഈ കൂട്ടിച്ചേർക്കലിൽ അന്തർഭവിക്കുന്നില്ല. സുറിയാനിസഭയിലെ വിശ്വാസപ്രമാണത്തിൽ മാത്രമാണ് വിതുദ്ധ ദൈവമാതാവ് എന്ന വിശേഷണം നിലവിലുള്ളത് എങ്കിലും അതിന്റെ ഉള്ളടക്കം സംബന്ധിച്ച് തർക്കത്തിന് ആവശ്യമില്ല.

