തകർന്ന മേഘങ്ങൾ, മഴയാണ്

Text Size

മഴകൾ ജനാലയ്ക്കരികിൽ ഇരുന്ന് ആസ്വദിക്കാം. ചില മഴകൾ ഓടിയൊളിക്കേണ്ടിവരും. ചില മഴകൾ കുട നിവർത്തിയാലും നനയ്ക്കും. ചില മഴകൾ കണ്ണുകളിലല്ല, ആത്മാവിലാണ് പെയ്യുന്നത്. ആ മഴയ്ക്ക് ശേഷം ഉണങ്ങുന്നത് വസ്ത്രങ്ങളല്ല; മനുഷ്യനാണ്. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദനകൾ പലപ്പോഴും പെരുമഴ പോലെ കടന്നുവരുന്നു. ഒരു ഫോൺവിളി, ഒരു ആശുപത്രിമുറി, ഒരു യാത്രയയപ്പ്, ഒരു ശവപ്പെട്ടി, ഒരു വഞ്ചന, ഒരു നഷ്ടം ഒരു നിമിഷംകൊണ്ട് ജീവിതത്തിന്റെ കാലാവസ്ഥ മാറിപ്പോകും. ഇന്നലെവരെ സൂര്യപ്രകാശമായിരുന്ന ലോകം ഇന്ന് മേഘങ്ങളുടെ നിറമാകും. അപ്പോൾ നമ്മൾ ദൈവത്തോട് ചോദിക്കുന്ന ചോദ്യം ഒന്നേയുള്ളൂ, “ഈ മഴ അവസാനിക്കുമോ?”.

മഴ പെയ്യുമ്പോൾ നാം ആദ്യം നോക്കുന്നത് മരത്തിന്റെ ഇലകളെയാണ്. എന്നാൽ മഴയുടെ യഥാർത്ഥ സംഭാഷണം നടക്കുന്നത് മണ്ണിനടിയിലെ വേരുകളുമായാണ്. കണ്ണുകൾക്ക് കാണാൻ കഴിയാത്ത ആഴങ്ങളിലാണ് ജീവൻ സ്വീകരിക്കപ്പെടുന്നത്. അതുപോലെ തന്നെയാണ് വിശ്വാസവും. സന്തോഷത്തിന്റെ ദിവസങ്ങളിൽ എല്ലാവർക്കും വിശ്വാസിയാകാൻ കഴിയും. എന്നാൽ ജീവിതം മഴയായി പെയ്യുമ്പോഴാണ് നമ്മുടെ വിശ്വാസത്തിന് യഥാർത്ഥത്തിൽ വേരുകളുണ്ടോ എന്ന് അറിയുന്നത്. പുറമേ പുഞ്ചിരിക്കുന്ന മനുഷ്യനേക്കാൾ, നിശ്ശബ്ദമായി കരഞ്ഞുകൊണ്ട് ദൈവത്തെ മുറുകെപ്പിടിക്കുന്ന മനുഷ്യനാണ് ശക്തൻ. കാരണം ഇലകൾക്ക് കാറ്റിനെ ചെറുക്കാനാവില്ല; വേരുകൾക്കാണ് കഴിയുക.

ക്രിസ്തുവും അതുതന്നെയാണ് പഠിപ്പിച്ചത്. കുരിശിൽ അവിടുത്തെ കൈകൾ ആണികളാൽ ബന്ധിക്കപ്പെട്ടിരുന്നു. കാലുകൾക്ക് ചലിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഒരു കാര്യം മാത്രം ബന്ധിക്കാനായില്ല പിതാവിലുള്ള അവിടുത്തെ വിശ്വാസം. അതുകൊണ്ടാണ് അവസാന ശ്വാസത്തിലും അവിടുന്ന് പറഞ്ഞത്: “പിതാവേ, അങ്ങയുടെ കൈകളിൽ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു.” പുറമേ എല്ലാം നഷ്ടപ്പെട്ടതായി തോന്നിയ നിമിഷത്തിലും വേരുകൾ ജീവനോടെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് കുരിശ് പരാജയത്തിന്റെ അടയാളമാകാതെ പ്രത്യാശയുടെ വൃക്ഷമായി മാറിയത്.

ശിഷ്യന്മാരും ഒരിക്കൽ അതേ ചോദ്യം ചോദിച്ചു. ഗലീലി കടലിൽ കൊടുങ്കാറ്റ് ആഞ്ഞടിച്ച രാത്രിയിൽ, തിരമാലകൾ വള്ളത്തെ വിഴുങ്ങാൻ തുടങ്ങിയപ്പോൾ, ഉറങ്ങിക്കിടന്ന യേശുവിനെ അവർ ഉണർത്തി. “ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നത് അങ്ങ് അറിയുന്നില്ലേ?” (മർക്കോസ് 4: 38). അത് ഒരു പ്രാർത്ഥന മാത്രമായിരുന്നില്ല; തകർന്നുപോയ ഹൃദയത്തിന്റെ നിലവിളിയായിരുന്നു.

യേശു ആദ്യം കാറ്റിനെ ശാസിച്ചു. പിന്നെ ശിഷ്യന്മാരുടെ ഭയത്തെ. കാരണം, മനുഷ്യനെ ഏറ്റവും കൂടുതൽ മുക്കുന്നത് പുറത്തുള്ള കൊടുങ്കാറ്റല്ല; ഉള്ളിലെ ഭയമാണ്. കടൽ ശാന്തമാകുന്നതിന് മുമ്പ് അവരുടെ ഹൃദയം ശാന്തമാകേണ്ടിയിരുന്നു.

ജീവിതത്തിലും ചില കൊടുങ്കാറ്റുകളെ ദൈവം ഉടനെ മാറ്റുന്നില്ല. കാരണം ചില മഴകൾ അവസാനിപ്പിക്കാനല്ല, നമ്മെ മാറ്റാനാണ് വരുന്നത്. മഴ പെയ്യാതെ വിത്ത് പൊട്ടിമുളയ്ക്കില്ല. മണ്ണ് നനയാതെ സുഗന്ധം പരക്കില്ല. ഹൃദയം പൊട്ടാതെ ചില പ്രാർത്ഥനകൾ ജനിക്കുകയുമില്ല.

അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്: “ഞാൻ നിങ്ങൾക്കു സമാധാനം തരുന്നു; ലോകം തരുന്നതുപോലെയല്ല ഞാൻ തരുന്നത്.” ലോകം മഴയില്ലാത്ത ആകാശത്തെയാണ് സമാധാനം എന്ന് വിളിക്കുന്നത്. ക്രിസ്തു മഴയ്ക്കിടയിലും തകരാത്ത ഹൃദയത്തെയാണ് സമാധാനം എന്ന് വിളിക്കുന്നത്.

കൊടുങ്കാറ്റ് കഴിഞ്ഞാൽ പലരും പറയാറുണ്ട്: “ആകാശം എത്ര മനോഹരമായിരിക്കുന്നു!” യഥാർത്ഥത്തിൽ ആകാശം പുതുതായി സൃഷ്ടിക്കപ്പെട്ടതല്ല. മേഘങ്ങൾ മാത്രം മാറി. പലപ്പോഴും ദൈവം നമ്മുടെ സാഹചര്യങ്ങളെ ഉടനെ മാറ്റുന്നില്ല; പകരം നമ്മുടെ കാഴ്ചയാണ് മാറ്റുന്നത്. ഒരിക്കൽ ശാപമായി തോന്നിയ അനുഭവങ്ങളെ വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ, അവ തന്നെയാണ് നമ്മെ ഏറ്റവും മനോഹരമായ മനുഷ്യരാക്കി മാറ്റിയതെന്ന് നാം തിരിച്ചറിയും. അപ്പോൾ മനസ്സിലാകും ദൈവം നമ്മുടെ ജീവിതത്തിൽ നിന്ന് മഴയെ എടുത്തുമാറ്റിയില്ല; മഴയ്ക്ക് ഒരു അർഥം നൽകി. അതുകൊണ്ടാണ് ഉയിർത്തെഴുന്നേറ്റ ക്രിസ്തു തന്റെ മുറിവുകൾ മായ്ച്ചുകളയാതിരുന്നത്. മഹത്വത്തിന്റെ ശരീരത്തിലും ആ മുറിവുകൾ അവശേഷിച്ചു. കാരണം, ദൈവത്തിന്റെ ഭാഷയിൽ മുറിവുകൾ അപമാനത്തിന്റെ അടയാളങ്ങളല്ല; സ്നേഹത്തിന്റെ ചരിത്രമാണ്. അതുകൊണ്ട് ജീവിതത്തിൽ മഴ പെയ്തതിന്റെ പാടുകൾ ഇന്നും നിങ്ങളിൽ ഉണ്ടെങ്കിൽ, അവയെ മറച്ചുവെക്കരുത്. ഒരുപക്ഷേ, മറ്റൊരാളുടെ ഇരുണ്ട ദിവസത്തിൽ വെളിച്ചമാകാൻ ദൈവം സൂക്ഷിച്ചുവെച്ച സാക്ഷ്യമായിരിക്കും ആ മുറിവുകൾ.

ഇന്ന് നിങ്ങളുടെ ജീവിതത്തിലും ഒരു മഴ പെയ്യുന്നുണ്ടാകാം. ആരും കാണാത്ത കണ്ണീർ നിങ്ങൾ ഒളിപ്പിക്കുന്നുണ്ടാകാം. എല്ലാ പ്രതീക്ഷകളും തകർന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടാകാം. എന്നാൽ ഒരു കാര്യം മറക്കരുത്. മഴ ഒരിക്കലും ആകാശത്തിന്റെ ശിക്ഷയല്ല; ഭൂമിയുടെ നവജന്മമാണ്. ദൈവം ചിലപ്പോൾ നമ്മുടെ ജീവിതത്തിലേക്ക് മഴയെ അനുവദിക്കുന്നത് നമ്മെ നശിപ്പിക്കാനല്ല; നമ്മിൽ പുതിയൊരു വസന്തം വിരിയിക്കാനാണ്.

അതുകൊണ്ടാണ് തകർന്ന മേഘങ്ങൾക്കു ശേഷമാണ് ഭൂമി ഏറ്റവും മനോഹരമാകുന്നത്. അതുപോലെ, ദൈവത്തിന്റെ കൈകളിൽ ഏൽപ്പിച്ച ഒരു തകർന്ന ജീവിതവും ഒരുദിവസം അതിന്റെ ഏറ്റവും മനോഹരമായ രൂപം പ്രാപിക്കും. കാരണം ക്രിസ്തു മഴ അവസാനിപ്പിക്കാമെന്ന് മാത്രം വാഗ്ദാനം ചെയ്തിട്ടില്ല; മഴയ്ക്കിടയിലും നമ്മുടെ വള്ളത്തിൽ കൂടെയുണ്ടാകുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.

𝙰𝚓𝚒𝚜𝚑 𝙰𝚌𝚑𝚎𝚗