‘ ഈഹിദായോ ‘ എന്ന പേരിലാണ് സുറിയാനിസഭയിലെ ഏകാന്തവാസം അനുഷ്ഠിക്കുന്ന സന്യാസികൾ (hermits) അറിയപ്പെടുന്നത്. ഈ സുറിയാനിപദത്തിൻ്റെ അർത്ഥം ഏകജാതൻ (monogenes/ only begotten) എന്നാണ്. ഈ പദം ക്രിസ്തുവിൻ്റെ പ്രേഷിതനാമമായിട്ടാണ് പുതിയനിയമത്തിൽ കാണുന്നത് (യോഹ 3: 16). പിതാവുമായുള്ള ബന്ധമാണ് ഇവിടെ പ്രമേയം. ദൈവപുത്രൻ്റെ പിതാവുമായുള്ള ബന്ധത്തിനു സമാനമായി ഈ ഏകാന്തവാസികൾ കഴിയുന്നു എന്നതാണ് ഇവിടെ സൂചന. മനുഷ്യാവതാരം ചെയ്ത ദൈവപുത്രനെ തങ്ങളുടെ ജീവിതത്തിൽ അക്ഷരാർത്ഥത്തിൽ അനുകരിക്കുന്നവരാണ് ഈഹിദായക്കാർ.

ഇവർക്ക് ക്രിസ്തുവുമായുള്ള സാദൃശ്യം പലതരത്തിലാണ്. അവർ ജീവിതത്തിൽ ഏകത (singleness) പാലിക്കുന്നവരും ക്രിസ്തുബന്ധത്തിൽ ഏകാഗ്രത പുലർത്തുന്നവരുമാണ്. വിശുദ്ധ സ്നാനത്തിലൂടെ അവർ ക്രിസ്തുവിനെ തങ്ങളിൽ പുന: സൃഷ്ടിക്കുകയാണ്. അവർ മാമോദിസയിൽ ക്രിസ്തുവിനെ ധരിച്ച് ക്രിസ്ത്വാനുകരണത്തിലൂടെ ആന്തരികസമഗ്രത പ്രാപിച്ചവരാണ്. ക്രിസ്തു പിതാവിൻ്റെ സ്വാഭാവിക ഏകജാതനെങ്കിൽ ഈഹിദായക്കാർ സ്നാനസ്വീകരണം വഴി നിയോഗ — കൗദാശിക ഐക്യത്തിൽ പിതാവിന് മക്കളായി ഭവിച്ചവരാണ്.

സുറിയാനിസഭയിലെ സന്യാസവുമായി ബന്ധപ്പെട്ട ഒരു പദമാണ് നുകം (niro = yoke) എന്നത്. ക്രിസ്തുവുമായി നുകത്തിൽ ബന്ധിക്കപ്പെട്ടവരാണ് തങ്ങൾ എന്ന ചിന്തയാണിവർക്കുള്ളത്. ക്രിസ്തു തന്റെ നുകമെടുക്കാൻ ശിഷ്യരോട് പറയുന്നുണ്ടല്ലോ (മത്താ 11: 19). നുകം വഹിക്കുന്നതുവഴി ഇവർ പുത്രന്റെ നിയോഗത്തിൽ പങ്കുചേരുക കൂടിയാണ്. അതുകൊണ്ട് ഇവർ നുകം വയ്ക്കപ്പെട്ടവർ (yoked ones) എന്നും അറിയപ്പെടുന്നു. അതുപോലെ ക്രിസ്തുവുമായി ചേർത്ത് നുകം വഹിക്കുന്നവർക്ക് മുൻകാല ജീവിതത്തിലേക്ക് തിരിച്ചുപോക്കില്ല. ഇത് ദൈവപുത്രനുമായുള്ള ഉടമ്പടിയാണ്.

ഈഹിദായജീവിതം പൂർണ്ണ വർജ്ജനത്തിൻ്റെയും (complete renunciation) മൗലികമായ ശിഷ്യത്വത്തിൻ്റേ (radical discipleship) തുമാണ്. ഇതിന് ഒരു പഴയനിയമമാതൃകയുണ്ട്. രാജാക്കന്മാരുടെ പുസ്തകത്തിൽ ഏലീശാ തൻ്റെ തൊഴിലും ബന്ധങ്ങളും ഉപേക്ഷിച്ച് ഏലിയാവിന്റെ ശിഷ്യത്വം ഏറ്റെടുത്ത് അദ്ദേഹത്തെ പിന്തുടരുകയാണ്. ശിഷ്യത്വവിളിയുണ്ടായപ്പോൾ സ്വയമായ ആലോചനയോ മറ്റുള്ളവരുടെ ഉപദേശം തേടലോ നടക്കുന്നില്ല. വിളി അനുസരിച്ച് ശിഷ്യന്മാർ ക്രിസ്തുവിനെ പിന്തുടരുന്നതുപോലെ ഏലീശയുടെ പ്രവൃത്തി ക്ഷിപ്രവും തിരിച്ചുപോക്കില്ലാത്തതും (sudden and irrevokable) ആയിരുന്നു. ഏലിശായുടെ നടപടി ഈഹിദായജീവിതത്തിൻ്റെ ഒരു പൂർവ്വസാദൃശ്യമാണ്. താൻ ചെയ്തുകൊണ്ടിരുന്ന തൊഴിലിനിടയിൽത്തന്നെ അത് അവസാനിപ്പിച്ച് അദ്ദേഹം ഏലിയാവിനെ പിന്തുടരുകയായിരുന്നു. മാത്രമല്ല, ഉഴുതുകൊണ്ടിരുന്ന കാളകളെ കൊന്ന് ഉഴവ് ഉപകരണങ്ങൾ വിറകാക്കി അവയെ ബലി കഴിക്കുകയുമാണ്. ഇത് തൻ്റെ തൊഴിൽ ഉപകരണങ്ങൾ നശിപ്പിച്ച് ഇനി തിരികെയില്ല എന്നതിൻ്റെ സൂചന മാത്രമല്ല തൻ്റെ സകലവും ദൈവസന്നിധിയിൽ യാഗമാക്കി തൻ്റെ പുതിയ നിയോഗത്തോട് സമർപ്പണം പ്രഖ്യാപിക്കുക കൂടിയാണ്. അതിൻപ്രകാരം സകലവും വെടിഞ്ഞ് ക്രിസ്തുവിനെ പിന്തുടരുന്ന ഏകാകിയും ഉദ്ഗ്രഥിതവ്യക്തിത്വവുമായി (solitary and integerated personality) ഈഹിദയക്കാരൻ പരിണമിക്കുകയാണ്. ഇവിടെയുള്ള ഈ വിടവാങ്ങലിന് സമഗ്രസ്വഭാവമാണ് ഉള്ളത്. ഏലിശാ തൻ്റെ തൊഴിൽ, ജീവിതബന്ധങ്ങൾ, ജീവിതലക്ഷ്യങ്ങൾ എന്നിവയെല്ലാം ഉപേക്ഷിച്ചെങ്കിൽ ഈഹീദായക്കാരനും അനുവർത്തിക്കുന്നത് അതുതന്നെയാണ്. വലിയ ഒരു ലക്ഷ്യത്തെപ്രതിയാണ് ഇത് നടക്കുന്നത്. അതാണ് ഇവർക്കു തന്നെ കഷ്ടതകൾ ആസ്വാദ്യകരമാക്കുന്ന ഘടകം. ഏലീശാ കാളകളെ കൊന്ന് കലപ്പ വിറകാക്കി യാഗം കഴിച്ചത് ഈഹിദായക്കാരൻ്റെ ആന്തരികബലിയുടെ പ്രതീകം കൂടിയാണ്.

ഇവിടെ ഏലീശാ തൻ്റെ സമീപത്തുള്ളവർക്ക് വിരുന്നൊരുക്കി അവരോട് യാത്ര പറയുകയാണ്. ക്രിസ്തുശിഷ്യത്വം ഉടമ്പടിയാക്കിയ ഈഹിദായക്കാരൻ്റെ ജീവിതനിയന്ത്രണം ക്രിസ്തുവാണ് ഏറ്റെടുത്തിരിക്കുന്നത്. കുടുംബ — ജീവിതബന്ധങ്ങൾ എല്ലാം ശിഷ്യന് ക്രിസ്തുബന്ധത്തിന് വിധേയമാവുകയാണ്. ‘ എന്നെ പിൻഗമിക്കുന്നവർ കുടുംബബന്ധത്തിലും അകലം പാലിക്കേണ്ടിവരുമെന്ന’ കർത്തൃവചനം സ്വന്തം ജീവിതത്തിൽ നിറവേറ്റുകയാണ്.

ലൂക്കോസിന്റെ സുവിശേഷത്തിലെ ക്രിസ്തു വചനപ്രകാരം ഒരു ശിഷ്യൻ കലപ്പയ്ക്ക് കൈവച്ചശേഷം പിറകോട്ട് തിരിഞ്ഞുനോക്കുന്നില്ല (ലൂക്കോ 9: 62). അതായത് ശിഷ്യന് മുൻ ജീവിതത്തിലേക്ക് തിരിച്ചുവരവില്ല. ഏലീശയുടെ പ്രവൃത്തിയും — കാളകളെ കൊല്ലുക, കലപ്പ തകർക്കുക, ബന്ധുക്കളോട് യാത്ര പറയുക തുടങ്ങിയവ — ഈഹിദായജീവിതസമർപ്പണവുമായി സുറിയാനിപിതാക്കന്മാർ ബന്ധിപ്പിച്ച് ഈഹിദായജീവിതത്തിൻ്റെ പ്രത്യേകത വ്യക്തമാക്കുന്നു. ദൈവികനിയോഗത്തോടുള്ള ഇഹീദായക്കാരന്റെ സമഗ്രസമർപ്പണമാണ് ഏലീശാ സംഭവത്തിൽ പ്രതിഫലിക്കുന്നത്.

ക്രിസ്തുവിനോടൊപ്പം പൂട്ടപ്പെട്ട ‘ഈഹിദായോ’ പിന്നീട് ക്രിസ്തുവിനോടൊപ്പം നിത്യമായി ബന്ധിതരാണ്. ക്രിസ്തുവിനോട് സ്നേഹമുള്ളവർക്കേ ഈ നുകം വഹിക്കുന്നത് ആനന്ദമായി ഭവിക്കൂ. ഈ ഏകതയും ഏകാഗ്രതയും പാലിക്കുന്നത് കുടുംബ — സാമൂഹ്യ ജീവിതം നിഷിദ്ധമായതുകൊണ്ടല്ല പ്രത്യുത ക്രിസ്തുവിനോടുള്ള ഏകാഗ്രബന്ധം നിലനിർത്തുന്നതിനാണ്. അപ്പോസ്തലനായ പൗലോസും ഇത്തരത്തിൽ ചിന്തിക്കുന്നു. ക്രിസ്തുവിനു വേണ്ടി ഏകാഗ്രചിത്തതയോടെയും അവിഭക്തസമർപ്പണത്തോടെയും ഏകമായി ജീവിക്കുക (living single and single minded for the undivided devotion for Christ). അങ്ങനെ ആന്തരികമായും നിയോഗപരമായും (vocationally) ക്രിസ്തു ഐക്യത്തിലാണ് ഈഹിദായക്കാർ ജീവിക്കുന്നത്.

അതുപോലെ ഇഹിദായസന്യാസവുമായി ബന്ധപ്പെട്ട മറ്റൊരു പദമാണ് വഴി (urho) എന്നത്. ക്രിസ്തുവുമായി നുകത്തിൽ ബന്ധിക്കപ്പെട്ട വ്യക്തി ക്രിസ്തു നയിക്കുന്ന വഴിയിലാണ് സഞ്ചരിക്കുന്നത്. ഇവിടെ ക്രിസ്തുവിനോടൊപ്പം ബന്ധിക്കപ്പെട്ട് അവൻ നടക്കുന്ന വഴിയിൽ ഇഹിദായക്കാരൻ സഞ്ചരിച്ച് അവൻ്റെ ജീവിതത്തിലും നിയോഗത്തിലും സദൃശ്യനായി ഏകജാതസമാനമാവുകയാണ്. ഈ സങ്കല്പം സുറിയാനിസഭയിലെ ഇഹിദായോ സന്യാസത്തെ ഇതര സന്യാസരീതികളിൽ നിന്നും വ്യത്യസ്തമാക്കുന്നു. മറ്റുള്ളിടത്ത് ദാരിദ്ര്യം, മേലധികാരികളോടുള്ള അനുസരണം, അവിവാഹിതജീവിതം എന്നിവയാണ് സന്യാസത്തിൻ്റെ സവിശേഷതയെങ്കിൽ ഇവിടെ ക്രിസ്തുവിൻ്റെ നുകം വഹിച്ച് ക്രിസ്തുവിൻ്റെ വഴിയിൽ സഞ്ചരിച്ച് ഏക പുത്രന് സമാനരാവുകയാണ് ഇഹിദായക്കാരൻ. നുകവും വഴിയും ആണ് ഇഹിദായക്കാരനെ ക്രിസ്തുബന്ധുവാക്കിത്തീർക്കുന്നത്. അതോടൊപ്പം ഇഹിദായക്കാരനെ സന്യാസ ജീവിതത്തിൻ്റെ ഭാരം, അച്ചടക്കം (discipline), കാഠിന്യം (hardness) എന്നിവരെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. നുകം വഹിച്ച് ക്രിസ്തുവിനോടൊപ്പം യാത്ര ചെയ്യുക എന്നത് സുറിയാനിആത്മീയതയുടെ പൊതുവായ സവിശേഷതയാണ്. ഈ യാത്ര എന്നത് ആത്മീയവളർച്ചയുടെ സൂചന കൂടിയാണ്. ഈ പുരോഗതി മനുഷ്യൻ്റെ ആത്മീയ — ധാർമ്മിക — സ്വഭാവ വളർച്ചയുടെ വിഷയമാണ്. ഈ വഴിയെപ്പറ്റി ക്രിസ്തു തന്നെ പറയുന്നു: താൻ തന്നെയാണ് വഴി (യോഹ 14: 6). വഴി ഇടുങ്ങിയതാണ്. ജീവനിലേക്ക് നയിക്കുന്നതാണ്. അതായത് ഈ യാത്ര നയിക്കുന്നത് ഏകജാതൻ്റെ സാദൃശ്യ — സ്വരൂപങ്ങളിലേക്കാണ്. ഇഹിദായക്കാരൻ ക്രിസ്തുവിനോടൊപ്പം യാത്ര ചെയ്തു ക്രിസ്തുസമാനതയിലേക്ക് രൂപാന്തരം പ്രാപിക്കുകയാണ്. ഇവിടെ ഒരു പരിപൂർണ്ണത (perfection) യെപ്പറ്റി ചിന്തിക്കുന്നില്ല. സന്യാസി തൻറെ ജീവിതത്തെ എപ്പോഴും യാത്ര (movement) യും വളർച്ച (growth) സംഘർഷവും (struggle) ഉയിർപ്പും (ascent) എന്ന നിലയിലാണ് കാണുന്നത്. ഇവിടെ ഒരു ചലനാത്മക വീക്ഷണത്തിലുള്ള മനുഷ്യ യാത്രയാണ് (dynamic view of human journey). പരിപൂർണ്ണത (perfection) എന്ന സങ്കല്പമില്ല.

ഇത് ഉയിർപ്പനന്തരജീവിതത്തിന് സമാനമാണ് എന്ന് അവർ ചിന്തിച്ചിരുന്നു. അതുകൊണ്ട് ഈഹിദായജീവിതം പുനരുത്ഥാനാനന്തര ജീവിതത്തിന്റെ മുന്നനുഭവം എന്ന് അവർ മനസ്സിലാക്കി. അതുപോലെ മാലാഖമാരുടെ ജീവിതവുമായി അവരുടേത് സദൃശ്യമാണ് എന്ന താരതമ്യവും സഭയിൽ പ്രചരിച്ചിരുന്നു. ആദ്ധ്യാത്മിക ഏകാന്തത (spiritual solitude) എന്നാണ് ഈഹിദായസന്യാസ സവിശേഷതയായി വ്യവഹരിക്കാറ്. കാരണം ക്രിസ്തുജീവിതവുമായി സന്യാസിയുടെ ജീവിതം സദൃശ്യമാവുകയാണ്. അതുവഴി ദൈവപുത്രനുമായി പൂർണ്ണ അനുരൂപപ്പെടലാണ് നടക്കുന്നത്. ഇത് ക്രിസ്തുവുമായ ഐക്യത്തിന്റെ പൂർണ്ണാനുഭവമാണ്. അതായത് ക്രിസ്തുവാണ് യഥാർത്ഥ ഈഹിദായോ. ക്രിസ്തുവുമായുള്ള ഐക്യത്തിലാണ് സന്യാസി ഈഹിദായത്വത്തിലേക്ക് വളരുന്നത്. സന്യാസിയുടെ ഏകത, ഏകാന്തത, പ്രാർത്ഥന, ലോകമോദങ്ങളിൽ നിന്നുള്ള അകൽച്ച, മാമോദിസയിൽ നടക്കുന്ന രൂപാന്തരം, പ്രതിജ്ഞ എന്നിവ വഴിയാണ് ഈ ഐക്യം യാഥാർത്ഥ്യമാകുന്നത്. അടിസ്ഥാനപരമായി ദൈവപുത്രനാണ് ഏകജാതൻ. എന്നാൽ സന്യാസിയുടെ ക്രിസ്തുവിൽ ഉള്ള പുനർജന്മം വഴി ക്രിസ്തുജീവിതത്തിൽ അവൻ പങ്കാളിയാവുകയും ഈഹിദായക്കാരനായി പരിവർത്തിതനാവുകയുമാണ്. പരിവർത്തനം ഒരിക്കലും പര്യവസാനത്തിലേക്ക് വരുന്നില്ല. ശരിയായ നടപ്പ്, പാതയിൽ തന്നെ യാത്ര തുടരുക, ഇതര വഴികൾ അവഗണിക്കുക, കൂടെ ബന്ധിതനായ ക്രിസ്തുവിനോട് ചേർന്ന് നടക്കുക എന്നിവയെല്ലാം കൃത്യമായി സംഭവിക്കുവാൻ ആണ് പ്രാർത്ഥന, ജാഗരണം, ഉപവാസം എന്നിവ സഹായകമാകുന്നത്. അതുകൊണ്ട് ഇഹിദായക്കാരനെ സംബന്ധിച്ച് ക്രിസ്തു വഴിയും ലക്ഷ്യവും ആണ്. അതുപോലെ സന്യാസത്തിൻ്റെ വഴി (urho d dayaroyouso) എന്നത് നീതിയുടെ വഴി (urho d zadikkooso) യാണ്. അങ്ങനെ ഇഹിദോയോ ജീവിതം അടിസ്ഥാനപരമായി ജീവനിലേക്കുള്ള ക്രിസ്തീയജീവിതത്തിൻ്റെ മൗലികമായ ആവിഷ്കാരമാണ്.

ഇഹിദായക്കാരൻ ക്രിസ്തുവിൻ്റെ ആന്തരികലാളിത്യം (inner simplicity) തൻ്റെ ജീവിതബന്ധങ്ങളിലും മേഖലകളിലും പുലർത്തുവാൻ ബാധ്യത ഏറ്റെടുത്തിരിക്കുകയാണ്. അതിനുവേണ്ടി സകല ഇടങ്ങളിലും ജാഗ്രത പുലർത്തുകയും പോരാട്ടം നടത്തുകയും ചെയ്യുന്നു. ഇത് വീണ്ടും ക്രിസ്ത്വാനുകരണത്തിന്റെ അന്വേഷണമാണ്. ക്രിസ്തുവിൻ്റെ ആന്തരികമായ ഏകതാ ഭാവം സ്വന്തജീവിതത്തിൽ സാക്ഷാത്കരിക്കുവാനുള്ള ശ്രമമാണ് നടത്തുന്നത്. അതുകൊണ്ട് വെറും വർജ്ജന — തിരസ്കരണ സമീപനത്തിനുപരി ക്രിസ്തുവിൻ്റെ ജീവിതവും പിതാവിനോടുള്ള പൂർണ്ണ അനുസരണവും ജീവിതലക്ഷ്യമാക്കുകയാണ് ഈഹിദായോ. ഇവർ ഉടമ്പടിമക്കൾ വിഭാഗത്തിൽ നിന്ന് രൂപപ്പെട്ടവരായിരിക്കുന്നതുകൊണ്ട് അവരുടെ ആത്മീയതയും ആത്മരൂപവും (self image) അവരുടെ ജീവിതത്തിൽ നിന്ന് വ്യത്യസ്തമല്ല. മാമോദീസ വഴി ദൈവമക്കളാവുക എന്നതാണ് ഈഹിദായക്കാരുടെ അടിസ്ഥാന കാഴ്ചപ്പാട്. അതുകൊണ്ട് അവർ തങ്ങളുടെ ജീവിതത്തെ സന്യാസമായി പരിഗണിച്ചിരുന്നില്ല പ്രത്യുത മാമോദിസയിലെ പ്രതിജ്ഞ ജീവിതത്തിൽ അതിൻ്റെ മൗലിക അവസ്ഥയിൽ പിന്തുടരുന്നവർ എന്നായിരുന്നു അവരുടെ ആത്മാവബോധം.

പൗലോസിന്റെ വ്യാഖ്യാനപ്രകാരം മാമോദീസ ക്രിസ്തുവിനോടൊപ്പം ദിനംതോറും കൊല്ലപ്പെട്ട് അടക്കപ്പെട്ട് ഉയർക്കുന്ന അനുഭവമാണ് എന്ന് അവർ ചിന്തിച്ചിരുന്നു. അതുകൊണ്ട് അനുദിനജീവിതത്തിൽ ക്രിസ്തുജീവിതത്തോട് അനുരൂപപ്പെടുന്ന ഏകാനുഭവം തങ്ങളുടെ ജീവിതലക്ഷ്യമായി അവർ കണ്ടു. ക്രിസ്തുവുമായുള്ള ജീവിതസമാനതയാണ് തങ്ങളെ ഈഹിദായോസദൃശ്യമാക്കുന്നത് എന്നായിരുന്നു അവരുടെ വീക്ഷണം. അങ്ങനെ വ്യക്തിയിലെ വിഭജിത ജീവിത അവസ്ഥയിൽ നിന്നും വിമുക്തമായി ക്രിസ്തുവിനെ പൂർണ്ണമായി അനുകരിച്ച് ഏകജാതനുമായി അവർ ജീവിതത്തെ ഏകാഗ്രമാക്കുകയായിരുന്നു. അതുവഴി വീഴ്ചയ്ക്കു മുമ്പുള്ള മനുഷ്യാവസ്ഥയിലേക്കും മാലാഖമാർക്കടുത്ത ജീവിതത്തിലേക്കും പുനരുത്ഥാനാനന്തര അനുഭവത്തിലേക്കും അവർ രൂപാന്തരപ്പെടുന്നു. അതുകൊണ്ട് നിയമശാസനപ്രകാരമുള്ള (legalistic) ജീവിതമല്ല; ക്രിസ്തുവിനോടൊപ്പമുള്ള യാത്രയിലെ ആന്തരിക അനുഭവത്തിലുള്ള വളർച്ചയാണ് ഇവിടെ കാണുന്നത്. ഇഹിദായക്കാരൻ നിരന്തരമായി നടക്കുകയാണ്. അവൻ പൂർണ്ണതയിൽ എത്തുന്നില്ല. ദൈവത്തിലേക്കുള്ള നിരന്തരമായ യാത്രയിൽ ഏർപ്പെട്ടിരിക്കുന്നവനാണ് എന്നാണ് നിനവയിലെ ഐസക്കും മാർ അപ്രേമും ചിന്തിക്കുന്നത്.

സുറിയാനി സഭയിൽ വ്യാപകമായിരുന്ന മണവറ (bridal chamber) മിസ്റ്റിസസവും ഈ താപസപ്രസ്ഥാനത്തിൽ പ്രകടമായിരുന്നു. സുറിയാനിചിന്തയിൽ സഭ ക്രിസ്തുവിൻ്റെ മണവാട്ടി എന്നത് വേദപുസ്തകചിന്തയിൽ നിന്ന് ഉയർന്നുവന്ന ഒരു സങ്കല്പം ആയിരുന്നു. സ്നാനമേറ്റവർ ക്രിസ്തുവിൻ്റെ മണവാട്ടികളാവുകയും അവർ തമ്മിലുള്ള ആഴമായ കൂട്ടായ്മ രക്ഷാനുഭവവും ജീവിതലക്ഷ്യവും ആയി ഈഹിദായക്കാർ കണ്ടു. മണവാളനും മണവാട്ടിയും വിവാഹത്തിലേർപ്പെടുന്ന ഉടമ്പടിക്ക് സമാനമായി മാമോദിസയിൽ ഉടമ്പടി സൃഷ്ടിച്ച് അവർ ക്രിസ്തുവുമായി ഏകമാവുകയായിരുന്നു. അതായത് സന്യാസത്തിന്റെ നിയമപരമായ നിബന്ധനകളല്ല സന്യാസിയെ സൃഷ്ടിക്കുന്നത് പ്രത്യുത സ്നാനത്തിന്റെ മൗലികമായ ജീവിതസാക്ഷാത്കാരമാണ്. ഇതാണ് ഈഹിദായ ജീവിതാശയം.

ക്രിസ്തുജീവിതസമാനത ലക്ഷ്യമാക്കി ആഴമായ ക്രിസ്തുകൂട്ടായ്മാനുഭവത്തിൽ ഏകാഗ്രജീവിതത്തിനുവേണ്ടിയുള്ള ഉടമ്പടിയാണ് ഈഹിദായജീവിതത്തിൻ്റെ അടിസ്ഥാന കാഴ്ചപ്പാട്. ഇത് ലോകാസ്വാദനംവഴി തകർന്ന (fragmented) മനുഷ്യവ്യക്തിത്വത്തെ ക്രിസ്ത്വാനുകരണം വഴി ക്രിസ്തുമാതൃകയിൽ പുന: സൃഷ്ടിക്കലാണ്. സന്യാസത്തിൽ ഈ ഒരു കാഴ്ചപ്പാട് സുറിയാനിസഭയിലെ ഈഹിദായസന്യാസമാതൃകയുടെ സവിശേഷതയാണ്. സന്യാസം എന്നത് ക്രിസ്തുകൂട്ടായ്മയിൽ ക്രിസ്തുസമാനരാവുക എന്ന ആശയമാണ് ലക്ഷ്യമായി കണ്ടത്.

സസ്നേഹം നിങ്ങളുടെ അത്താനാസിയോസ് തോമസ് മെത്രാപ്പോലീത്ത