ക്രിസോസ്റ്റത്തെ സംബന്ധിച്ച് അടിസ്ഥാനപരമായി നോമ്പ് ഒരു ഭക്ഷണക്രമീകരണ(dietary)വിഷയമല്ല. അത് മനുഷ്യനും ദൈവവുമായ ബന്ധ നവീകരണ ആത്മീയപരിവർത്തന കാര്യമാണ്. നോമ്പുകാലത്ത് വ്യക്തി തൻ്റെ അനുതാപം വഴി മനസ്സ് പുതുക്കി അനുരഞ്ജനസന്നദ്ധനായി തീരേണ്ടതുണ്ട് എന്ന് അദ്ദേഹം ചിന്തിക്കുന്നു. അങ്ങനെ വരുമ്പോൾ ജീവിതം പരിവർത്തനവിധേയമാകുന്നു. പിതാവ് പറയുന്നു: അപ്പോൾ കരങ്ങൾ കവർച്ചയിൽ നിന്നും ചൂഷണത്തിൽ നിന്നും പിന്തിരിയുന്നു. നാവ് പരദൂഷണത്തിൽ നിന്നും അകലം പാലിക്കുകയും ചെയ്യുന്നു. ആ സാഹചര്യത്തിൽ ഭക്ഷണ- അനുഷ്ഠാന വർജ്ജനത്തിന് നോമ്പാചരണത്തിൽ ഉള്ള പങ്ക് എന്ത് എന്ന് അന്വേഷണം വരുന്നു.

ക്രിസോസ്റ്റത്തിന്റെ കാഴ്ചപ്പാടിൽ ഭക്ഷണ – അനുഷ്ഠാന നിയന്ത്രണങ്ങൾക്ക് നോമ്പാചരണം പൂർണ്ണമാക്കുന്നതിൽ ഗണ്യമായ പങ്കുണ്ട്. നോമ്പിന്റെ അടിസ്ഥാന ലക്ഷ്യത്തിൽ വ്യക്തിയെ എത്തിക്കുന്നതിന് ഭക്ഷണത്തോടുള്ള സമീപനം നിർണായകമാണ്. കാരണം ഭക്ഷണാസക്തി നോമ്പിന്റെ ആചരണം അർത്ഥപൂർണ്ണമാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ഭക്ഷണാസക്തിയിൽ കഴിയുന്ന മനുഷ്യൻ സത്യത്തിൽ അതിൻ്റെ അടിമത്തത്തിലാണ്. മദ്യാസക്തിയും അതുപോലെതന്നെ. ഒരു മനുഷ്യൻ വിഭവസമൃദ്ധമായ ഭക്ഷണം അനിയന്ത്രിതമായി ആഹരിക്കുമ്പോൾ അയാൾ ഭക്ഷണത്തോട് മാനസിക അടിമത്തത്തിൽ വരുന്നത് സ്വാഭാവികമാണ്. അങ്ങനെ വിഭവസമൃദ്ധി, ഭക്ഷണത്തിൻ്റെ പരിധിവിട്ട ഉപഭോഗം എന്നിവ നിലനിർത്തുന്ന അമിത ഭക്ഷണക്കാരന് നോമ്പ് മുമ്പോട്ട് വയ്ക്കുന്ന കുലീനലക്ഷ്യത്തിൽ എത്താനാവില്ല. നോമ്പിൻ്റെ ശരിയായ അനുഷ്ഠാനത്തിൻ്റെ ഭാഗമായി സമൃദ്ധമായ ഭക്ഷണവും അതിൻ്റെ അനിയന്ത്രിതമായ ഉപഭോഗവും നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്.

ചില ഭക്ഷണ സാധനങ്ങളുടെ വർജ്ജന (abstinence)ത്തെക്കാൾ ഭക്ഷണകാര്യത്തിലുള്ള മിതത്വമാണ് ക്രിസോസ്റ്റത്തിൻ്റെ ചിന്തയിൽ ഉള്ളത്. കാരണം ഈ വർജിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കിയും ഭക്ഷണധൂർത്തും അതിഭക്ഷണവും ആകാം. ഞാൻ യൂറോപ്പിൽ പഠിക്കുന്ന കാലത്ത് ഒരിക്കൽ ഒരു ജർമ്മൻകാരൻ എൻ്റെ അതിഥിയായി വന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ നോമ്പുകാലം ആയതിനാൽ സസ്യേതര ഭക്ഷണം നൽകാൻ കഴിയാത്തതിൽ ഞാൻ ക്ഷമ പറഞ്ഞു. അതിന് അയാൾ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: “നിങ്ങളുടെ നോമ്പാചരണം ഇങ്ങനെയെങ്കിൽ 365 ദിവസവും നോമ്പനുഷ്ഠിക്കുവാൻ ആർക്കും സാധിക്കും “. സസ്യഭക്ഷണവും അത്ര സമ്പന്നവും വിഭവസമൃദ്ധവും ആസ്വാദ്യകരവും ആക്കാൻ സാധിക്കും. സംശയമുണ്ടെങ്കിൽ മലങ്കരസഭയുടെ എപ്പിസ്കോപ്പൽ സിനഡ് നോമ്പിൽ നടക്കുമ്പോൾ ഡൈനിംഗ് ഹാൾ സന്ദർശിച്ചാൽ അക്കാര്യം ബോധ്യപ്പെടും. ഭക്ഷണസമൃദ്ധിക്ക് മത്സ്യ – മാംസാദികൾ ആവശ്യമില്ല. വിഭവങ്ങളുടെ വൈവിധ്യവും ഭക്ഷണത്തിൻ്റെ മൂല്യവും കഴിക്കുന്നതിന്റെ അളവും ആണ് നോമ്പിൽ പരിഗണിക്കേണ്ടത്. അല്ലാതെ സസ്യമോ സസ്യതരമോ എന്നത് മാത്രമല്ല മാനദണ്ഡം. നോമ്പുകാലത്ത് ഒരു കഷണം മത്സ്യമോ അല്പം ഇറച്ചിയോ ഭക്ഷിക്കുന്നതല്ല നോമ്പ് ലംഘനമാകുന്നത്. നോമ്പു കാലത്തെ ഭക്ഷണ ഉപഭോഗം നിയന്ത്രണാതീതമാകുമ്പോഴാണ് നോമ്പിലേക്കുള്ള പാതയിൽ വഴിതെറ്റുന്നത് എന്നാണ് ക്രിസോസ്റ്റത്തിൻ്റെ കാഴ്ചപ്പാട്. ഏതെങ്കിലും ഒന്നോ രണ്ടോ ഭക്ഷണവിഭവങ്ങളുടെ വർജ്ജനത്തിന് ഉപരി ഭക്ഷണ ഉപഭോഗ നിയന്ത്രണത്തിനാണ് ശ്രദ്ധിക്കേണ്ടത് എന്ന് അദ്ദേഹം ചിന്തിക്കുന്നു. അതുകൊണ്ടാണ് പിതാവ് പറയുന്നത്: അല്പം മാംസം ഭക്ഷിക്കുന്നതല്ല കുഴപ്പം; എന്നാൽ സഹോദരനോട് വെറുപ്പ് അവസാനിപ്പിക്കാത്തതാണ് പ്രശ്നം “.

അതിഭക്ഷണം(gluttony) പാപസൃഷ്ടിക്ക് പ്രേരകമാകുന്നു എന്ന് ക്രിസോസ്റ്റത്തിന്റെ ചിന്തയിലുണ്ട്. അദ്ദേഹം പറയുന്നു: നിർദ്ദിഷ്ട ഭക്ഷണവർജ്ജനമല്ല പ്രത്യുത അനിയന്ത്രിത ഭക്ഷണശീലമാണ് അവസാനിപ്പിക്കേണ്ടത്. ഭക്ഷണസമൃദ്ധി മനുഷ്യനിൽ ദുർവാസനകൾ നിയന്ത്രിക്കുന്നതിനുള്ള വിശേഷശേഷി നഷ്ടപ്പെടുത്തുന്നു. ആസക്തികൾ, അലസത, കാമ ചിന്തകൾ (lust), കരുതലില്ലായ്ക, സ്വയം സ്നേഹം എന്നിവയെല്ലാം മനുഷ്യനിൽ സൃഷ്ടിക്കുന്നതിൽ അതിഭക്ഷണത്തിന് പങ്കുണ്ട്. അമിത ഭക്ഷണം മനുഷ്യനിൽ അധമവികാരങ്ങൾ സൃഷ്ടിക്കുകയും വളർത്തുകയും ചെയ്യുന്നു. ഇത് മനുഷ്യനിൽ തൃഷ്ണകൾ ജനിപ്പിക്കുകയും ഉദ്ദീപിക്കുകയും ചെയ്യുന്നു. ഇന്ദ്രിയ പ്രീണനത്തിനും ആസ്വാദനങ്ങൾക്കും പ്രേരകമാകുന്ന രീതിയിൽ അനിയന്ത്രിതമായ ഭക്ഷണ ഉപയോഗം നോമ്പാചരണത്തിന് സഹായകമാകുന്നില്ല എന്ന് സൂചന. കൂടാതെ അധികാര ഭ്രമം, ആധിപത്യ പ്രവണത തുടങ്ങിയവയും ഇതിൻ്റെ ഉപോൽപ്പന്നങ്ങളാണ്. അതായത് അമിത ഭക്ഷണം വിവിധതരം ദു: സ്വഭാവങ്ങളിലേക്കും പാപങ്ങളിലേക്കും നയിച്ച് നോമ്പാചരണത്തെ പരാജയപ്പെടുത്തുന്നു.

വ്യക്തിപരമായി മനുഷ്യന് ആത്മനിയന്ത്രണവും ദുഷ്പ്രവണതകളുടെ മേലുള്ള ആധിപത്യവും അമിത ഭക്ഷണം മൂലം നഷ്ടമാവുക മാത്രമല്ല ഈ ഭക്ഷണം സാധുക്കൾക്ക് കൂടി അവകാശപ്പെട്ടതാകയാൽ ഇത് കവർച്ചയുമാണ് എന്നാണ് ക്രിസോസ്റ്റത്തിന്റെ ചിന്ത. അതുകൊണ്ട് ഇത് ആത്മവിനാശം മാത്രമല്ല സാമൂഹ്യ ദ്രോഹവും ആണ് അമിതഭക്ഷണ ജീവിതരീതി കൊണ്ട് സംഭവിക്കുന്നത്. ഇതാണ് ഭക്ഷണം കുറച്ചാൽ മാത്രം പോരാ അത് ദരിദ്രരുടെ മേശയിൽ എത്തുകയും വേണം എന്ന പിതാവിൻ്റെ വാക്കുകളുടെ അടിസ്ഥാനം. നോമ്പിലെ ഭക്ഷണ നിയന്ത്രണത്തിന് സാമൂഹ്യ അടിത്തറ കൂടി ഉണ്ട് എന്നതാണ് പിതാവിൻ്റെ ചിന്ത. ഈ വിലയിരുത്തലിന് ഇന്നും പ്രസക്തിയുണ്ട്. ലോകത്തിലെ മൊത്തം ഭക്ഷ്യ ഉൽപാദനത്തിലെ 70% ഉപഭോഗിക്കുന്നത് 15 % ധനികരാണ്. ഭക്ഷണ ആഗ്രഹപ്രകാരമുള്ള മാംസജന്യ പ്രോട്ടീൻ ഉത്പാദനത്തിൽ പ്രകൃതിക്ക് നേരിടേണ്ടി വരുന്ന നാശം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. സാമൂഹ്യ- പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഉപഭോഗ സംസ്കാര വർദ്ധനവ് സംബന്ധിച്ച വീണ്ടുവിചാരത്തിന് ഈ കാലത്ത് ഏറെ പ്രസക്തിയുണ്ട്.

കൂടാതെ ഭക്ഷണ നിയന്ത്രണം നോമ്പുകാലത്ത് മനുഷ്യൻ്റെ ജാഗ്രതാപൂർവ്വമായ ജീവിതത്തിനും സഹായകമാകുന്നു. ഇത് പരിസരത്തെപ്പറ്റി ചിന്തിക്കുന്നതിനും മനുഷ്യനെ പ്രേരിപ്പിക്കുന്നു. ചുറ്റുപാടുകളെയും ജീവിത സാഹചര്യങ്ങളെയും കൂടുതൽ ശ്രദ്ധയോടെ വിലയിരുത്തുന്നതിനും ഭക്ഷണ നിയന്ത്രിത നോമ്പിനും ഉപവാസത്തിനും നിർണായക പങ്കാണ് ഉള്ളത്. ജീവിതത്തിൽ അച്ചടക്കം (discipline)നിലനിർത്തുന്നതിനും ബന്ധങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ഭക്ഷണ പങ്കുവെക്കൽ ഇട വരുത്തുന്നു.

സഭാ ജീവിതത്തിന്റെ ലക്ഷ്യം ദൈവരാജ്യ പങ്കാളിത്തത്തിനായി സമൂഹത്തെ ഒരുക്കുകയാണ്. നീതി, സ്നേഹം, പങ്കാളിത്തം എന്നിവ ദൈവരാജ്യമൂല്യങ്ങളാണ്. അമിത ഭക്ഷണക്കാർക്ക് ഇങ്ങനെ ഒരു ലോകത്തെപ്പറ്റി ചിന്തിക്കാനാവില്ല. ശരീരവും രക്ഷയിൽ പങ്കു കൊള്ളേണ്ടതിനാൽ അതിനെ അതിനായി പരുവപ്പെടുത്തുന്ന അഭ്യസനമാണ് ഭക്ഷണ നിയന്ത്രണത്തിലൂടെ നടക്കുന്നത്. സകല സൃഷ്ടിയുടെയും മഹത്വമാണ് ദൈവരാജ്യപൂർത്തീകരണത്തിൽ നടക്കുന്നത്. അതുകൊണ്ട് ഭക്ഷണനിയന്ത്രണം വഴി ശരീരത്തെ അതിലേക്ക് നയിക്കുകയാണ്. മനുഷ്യൻ്റെ അടിസ്ഥാന ചോദനകൾ അടിച്ചമർത്തുകയല്ല അവ നിയന്ത്രിച്ച് ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തുകയാണ് ആവശ്യം. അതിൽ ഭക്ഷണ ഉപഭോഗനിയന്ത്രണവും നിർണായകമാണ്.

അമിത ഭക്ഷണ – വിനോദ – ആനന്ദാനുഭവങ്ങൾ വഴി നോമ്പാചരണത്തിന്റെ ലക്ഷ്യങ്ങൾ നഷ്ടപ്പെടുവാൻ ഇടയാകരുത് എന്നു തന്നെ പിതാവ് ചിന്തിക്കുന്നു. എങ്കിലും ഭക്ഷണനിയമനിയന്ത്രണങ്ങൾ വിശ്വാസികൾക്ക് കഴിയും വിധം ആയിരിക്കണം നോമ്പാചരണം നടത്തേണ്ടത്. മിതത്വമാണ് ഇന്ദ്രിയ ആസ്വാദനങ്ങളിലും നോമ്പിൻറെ അനുഷ്ഠാനങ്ങളിലും ഉള്ള മാനദണ്ഡം. ഭക്ഷണത്തിലും ലൈംഗിക ആസ്വാദനത്തിലും എല്ലാം മിതത്വം നോമ്പുകാലങ്ങളിൽ പാലിക്കപ്പെടുകയാണ് അഭികാമ്യം. പക്ഷേ നോമ്പിന്റെ ലക്ഷ്യമാകട്ടേ, മനുഷ്യന്റെ പരിവർത്തനവും ദൈവബന്ധത്തിൻ്റെ വളർച്ചയും മനുഷ്യനോടുള്ള സ്നേഹം, കരുതൽ, അനുരഞ്ജനം എന്നിവയുടെ സൃഷ്ടിയുമാണ്.

ഉയിർപ്പ് പെരുന്നാളിൻ്റെ ആശംസകൾ നേരുന്നു.

സസ്നേഹം നിങ്ങളുടെ അത്താനാസിയോസ് തോമസ് മെത്രാപ്പോലീത്ത