AD 325 ൽ രൂപപ്പെടുത്തിയ വിശ്വാസപ്രമാണത്തിൽ സഭയെ പറ്റിയുള്ള ഭാഗം ഉണ്ടായിരുന്നില്ല. അത് A D 381 ൽ കൂട്ടിച്ചേർക്കുകയായിരുന്നു. ആ ഭാഗം ഇപ്രകാരമായിരുന്നു: ” കാതോലികവും അപ്പോസ്തോലികവും ഏകവും വിശുദ്ധവും ആയ സഭയിൽ ഞാൻ വിശ്വസിക്കുന്നു”. ഇവിടെ വിശ്വാസി സഭയിലുള്ള വിശ്വാസം ഏറ്റുപറയുകയും അതിൻ്റെ നാല് അടിസ്ഥാന സ്വഭാവങ്ങൾ അംഗീകരിക്കുകയും ആണ്.
നിഖ്യാവിശ്വാസം രൂപപ്പെട്ടത് ചില അടിസ്ഥാന വേദശാസ്ത്രവിഷയങ്ങൾ സംബന്ധിച്ച് നാലാം നൂറ്റാണ്ടിൽ ഉണ്ടായ തർക്കപരിഹാരമായിട്ടാണ്. എന്നാൽ സഭയെ സംബന്ധിച്ച് നേരിട്ടുള്ള ഭിന്നതകൾ ഒന്നും അന്ന് നിലവിലിരുന്നില്ല. എങ്കിൽ സഭയെ പറ്റിയുള്ള പ്രഖ്യാപനം എങ്ങനെ വിശ്വാസപ്രമാണത്തിൽ കടന്നു കൂടി എന്നത് സ്വാഭാവികമായ ചോദ്യമാണ്. അതുകൊണ്ട് അതിന് സാഹചര്യമൊരുക്കിയ പശ്ചാത്തലം വിശദമാക്കേണ്ടിയിരിക്കുന്നു.
നിഖ്യാ – കുസ്തന്തീനോപോലീസ് സുന്നഹദോസുകൾക്കിടയിലുള്ള കാലഘട്ടത്തിൽ (325 – 381) പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ആളത്തം, അവർക്ക് പിതാവുമായും പരസ്പരവും ഉള്ള ബന്ധം എന്നിവ സംബന്ധിച്ച് സഭയിൽ നിലനിന്നിരുന്ന അവ്യക്തതകൾക്ക് കുസ്തന്തീനോപോലീസ് സുന്നഹദോസിൽ വച്ച് പരിഹാരം ഉണ്ടായി. എന്നാൽ ഈ വിഷയങ്ങൾ സംബന്ധിച്ച് വിരുദ്ധ കാഴ്ചപ്പാടുകൾ പ്രകടിപ്പിച്ചിരുന്ന വ്യക്തികളും അവരെ പിന്തുണച്ച സമൂഹങ്ങളും അതിനുശേഷവും സഭയ്ക്ക് സമാന്തരമായി നിലനിന്നിരുന്നു. ഈ ബദൽ സമൂഹങ്ങൾ വിശ്വാസപരമായ വിഷയങ്ങളിൽ സഭയിൽ പൊതുവായ തീരുമാനം ഉണ്ടായ ശേഷവും തങ്ങളുടെ വാദഗതികൾ ഉയർത്തി സഭാവിശ്വാസത്തെ ചെറുത്തുകൊണ്ടിരുന്നു. ഈ പശ്ചാത്തലത്തിൽ സുന്നഹദോസ് നിശ്ചയങ്ങൾ ജനത്തെ പഠിപ്പിച്ച് സത്യവിശ്വാസം നിലനിൽക്കുന്നത് സഭയിലാണ് എന്ന് അവരെ ബോധ്യപ്പെടുത്തി സഭയിലുള്ള വിശ്വാസം ഏറ്റുപറയിക്കേണ്ടത് സഭയുടെ ഉത്തരവാദിത്തമായി. അതുകൊണ്ട് സഭയ്ക്ക് മാത്രം ആധികാരികത ഉണ്ട് എന്നും സഭയോട് വിഘടിച്ച് നിന്നിരുന്ന സമൂഹങ്ങൾക്ക് അംഗീകാരം ഇല്ല എന്നും ഈ പ്രഖ്യാപനം സൂചിപ്പിക്കുകയായിരുന്നു. സഭയ്ക്ക് ബദലായി തർക്കങ്ങളെ തുടർന്ന് രൂപപ്പെട്ട വിഭാഗങ്ങളിൽ (sects) സത്യം ഇല്ലാത്തതിനാൽ അവയെ നിഷേധിക്കുന്നതിനും വിശ്വാസികളുടെയിടയിലെ ആശയക്കുഴപ്പം അവസാനിപ്പിക്കുന്നതിനും സഭയിലുള്ള വിശ്വാസം ഏറ്റുപറയേണ്ടത് ആവശ്യമായി വന്നു.
സഭയുടെ പ്രാമാണ്യവും ആധികാരികതയും അതിൻ്റെ ദൈവിക ഉല്പത്തിയും പുതിയനിയമത്തിൽ തന്നെ വ്യക്തമാണ്. എന്നാൽ രണ്ടാം നൂറ്റാണ്ടു മുതൽ സഭയിൽ വിരുദ്ധോപദേശങ്ങൾ പ്രബലമായതോടെ സഭയുടെ അധികാരികത (authenticity) സ്ഥാപിക്കുവാൻ പിതാക്കന്മാർ ശ്രമിച്ചുകൊണ്ടിരുന്നു. നോസ്റ്റിക് വേദവിപരീതം വ്യാപകമായതോടെ സത്യത്തിൻ്റെ കുത്തക സഭയ്ക്കാണ് എന്ന് ഹിപ്പോലിറ്റസ്, തെർത്തുല്യൻ, ഐറേനിയസ് തുടങ്ങിയ പിതാക്കന്മാർ ശക്തമായി വാദിച്ചു. എന്നാൽ വേദ വിപരീത കൂട്ടായ്മകൾ സമാന്തരസഭകളായി നിലനിന്നിരുന്നു. സഭയെ ഇവയിൽ നിന്നും വേർപിരിച്ച് കാണുവാൻ എളുപ്പമായിരുന്നില്ല. നാലാം നൂറ്റാണ്ടിൽ സാർവത്രിക സുന്നഹദോസുകൾ നിലവിൽ വന്നതോടെ കാര്യം എളുപ്പമായി. സുന്നഹദോസ് തീരുമാനങ്ങളോട് വിശ്വസ്തത പുലർത്തുന്നത് സഭയും അല്ലാതുള്ള കൂട്ടങ്ങൾ ശീശ്മ കൂട്ടങ്ങളുമായി തരം തിരിക്കാനായി. ആ സാഹചര്യത്തിൽ വിശ്വാസം സംബന്ധിച്ച് വ്യക്തതയുണ്ടായി. സഭയിലൂടെയാണ് രക്ഷ ലഭിക്കുന്നത് എന്നും ബദലായി ഉയർന്നുവന്ന സംഘങ്ങളിലൂടെ രക്ഷയില്ല എന്നും ഉള്ള ബോധ്യം വിശ്വാസികളിൽ എത്തിക്കുന്നതിന് സഭയെ പറ്റിയുള്ള പ്രഖ്യാപനം വിശ്വാസപ്രമാണത്തിൽ ചേർക്കേണ്ടത് അനിവാര്യമായി.
അതോടെ സത്യസഭയുടെ ലക്ഷണങ്ങളും നിർവചിക്കേണ്ടതായി വന്നു. വേദവിപരീത സംഘങ്ങളിൽ നിന്നും വ്യത്യസ്തമായി സഭ എങ്ങനെയെന്നാണ് ഇവിടെ അവതരിപ്പിക്കുന്നത്. അതിനായി നാല് ലക്ഷണങ്ങളാണ് വിശ്വാസപ്രമാണം നൽകിയിരിക്കുന്നത്. അവ ഏകം, വിശുദ്ധം, കാതോലികം, അപ്പോസ്തോലികം എന്നിവയാണ്.
സഭ ഏകം എന്ന് പ്രഖ്യാപിക്കുന്നത് വേദവിപരീതകൂട്ടായ്മകളുമായുള്ള താരതമ്യത്തിലാണ്. അവ തമ്മിൽ ആശയത്തിൽ ഐക്യമോ പരസ്പരബന്ധമോ കൂട്ടായ്മയോ ഇല്ല. ആശയവിരുദ്ധതകൾ നിലവിലിരിക്കുന്ന ഭിന്നിച്ച സംഘങ്ങളായിരുന്നു അവ. അതേസമയം സഭകൾ സാംസ്കാരികവും പ്രാദേശികവും ഭാഷാപരവുമായ കാര്യങ്ങളിൽ വൈവിധ്യം നിലനിർത്തുന്നുവെങ്കിലും ഒരേ വിശ്വാസത്തിൽ കഴിയുന്ന ഒരേ പരിശുദ്ധാത്മാവിലുള്ള കൂട്ടായ്മയാണ്. സഭ കർത്തൃശരീരമായി സ്വയം മനസ്സിലാക്കി പാരസ്പര്യ ബന്ധത്തിൽ കഴിയുന്നു. ഭിന്നത വേദവിപരീത സംഘങ്ങളുടെ സവിശേഷതയാണെങ്കിൽ സഭ വിശ്വാസത്തിലും ജീവിതത്തിലും ആരാധനയിലും ഐക്യം പാലിക്കുന്ന സമൂഹമാണ്.
ക്രിസ്തു തൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ തന്നെ സഭയുടെ ലക്ഷണമായി തന്നിലുള്ള ഐക്യത്തെ അവതരിപ്പിക്കുന്നു എന്നത് ഈ വിശേഷണത്തിന്റെ തിരുവചന ആധാരമാണ്. അതുപോലെ പൗലോസ് അപ്പോസ്തലൻ സഭയെ കർത്തൃശരീരം എന്ന നിലയിലും പരിശുദ്ധാത്മാവിൻ്റെ ആലയം എന്നും വിശേഷിപ്പിക്കുന്നു. ഇത് സഭയുടെ ഐക്യവും കൂട്ടായ്മയും ആണ് വ്യക്തമാക്കുന്നത്. വേദവിപരീത വിഭാഗങ്ങൾ തമ്മിൽ വിരുദ്ധ ആശയങ്ങളും ഭിന്നതയും നിലനിൽക്കുമ്പോൾ സഭയിൽ പുലരുന്ന ഐക്യം അതിൻ്റെ വിശ്വാസ്യത, ആധികാരികത എന്നിവ വെളിപ്പെടുത്തുന്നതായി വിശ്വാസപ്രമാണം അവതരിപ്പിക്കുന്നു. സഭയിൽ നിലനിൽക്കുന്ന വിശ്വാസസിദ്ധാന്തങ്ങൾ(doctrines), കൂദാശകൾ (Sacraments), ആത്മീയ – സഭാ പാരമ്പര്യങ്ങൾ എന്നിവയിലുള്ള ഐക്യം സഭയുടെ ജൈവകൂട്ടായ്മ സഭയുടെ അടിസ്ഥാന ലക്ഷണമാണ്.
സഭയുടെ അടുത്ത ലക്ഷണം അതിൻ്റെ വിശുദ്ധിയാണ്. സഭ വിശുദ്ധമാകുന്നു എന്നതിൻ്റെയടിസ്ഥാനം അതിൻ്റെ ശിരസ് ക്രിസ്തുവാണ് എന്നതും അതിൽ വസിക്കുന്നതും അതിന് ജീവൻ നൽകുന്നതും പരിശുദ്ധാത്മാവാണ് എന്നതുമാണ്. അത് തിരു ശരീര രക്തങ്ങൾ സ്വീകരിക്കുന്ന കൗദാശിക കൂട്ടായ്മയാണ്. അതിൻ്റെ വിശ്വാസം തിരുവചനപ്രകാരവും സുന്നഹദോസകളോട് വിശ്വസ്തത പുലർത്തുന്നതും ആണ്. കൂടാതെ ധാർമ്മികത സഭയുടെ ജീവിതവിശുദ്ധിയുടെ പ്രതിഫലനവും ആണ്. പൗലോസിന്റെ ലേഖനങ്ങളിൽ സഭയെ വിശുദ്ധരുടെ കൂട്ടായ്മ എന്ന നിലയിലാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. അതുകൊണ്ട് സഭയുടെ മറ്റൊരു അടിസ്ഥാന ലക്ഷണമായി വിശുദ്ധിയെ അവതരിപ്പിച്ചു. അസന്മാർഗികത നിലവിലിരുന്ന അന്നത്തെ മത – സാമൂഹ്യ സാഹചര്യത്തിൽ നിന്നും സഭയെ വ്യത്യസ്തമാക്കിയിരുന്നത് അതിൻറെ ധാർമികതയും വിശുദ്ധിയും ആയിരുന്നു. ഈ വാദം ജസ്റ്റിൻ തുടങ്ങിയവരുടെ രചനകളിൽ കണ്ടെത്താനാകും.
സഭയുടെ മൂന്നാമത്തെ ലക്ഷണം കാതോലികം എന്നതാണ്. ഈ പദം ആദ്യമായി സഭയുമായുള്ള ബന്ധത്തിൽ പ്രയോഗിക്കുന്നത് അന്ത്യോഖ്യയിലെ ഇഗ്നാത്യോസ് തൻ്റെ സ്മിർണ ലേഖനത്തിലാണ്. ഇതിൻ്റെ അർത്ഥം സാർവത്രികം എന്നതാണ്. ക്രിസ്തുസാന്നിധ്യം ഉള്ള /, എപ്പിസ്കോപ്പ അധ്യക്ഷനായ വിശ്വാസിസമൂഹമാണ് സഭ എന്ന നിലയിലാണ് അതിനെ ഇഗ്നാത്തിയോസ് കാതോലികം എന്ന് വിളിക്കുന്നത്. ജാതി, സ്ഥലം, ലിംഗം, ഭാഷ, സംസ്കാരം തുടങ്ങിയ പരിമിതികൾക്കതീതമായി സകലതിനെയും ഉൾക്കൊള്ളുന്നത് എന്നാണ് അർത്ഥം. എന്നാൽ വിശ്വാസ വിപരീതികൾ ചിലയിടങ്ങളിൽ മാത്രം നിലനിന്നിരുന്നതും സാർവത്രിക സ്വഭാവം ഇല്ലാത്തതുമായ സമൂഹങ്ങളായിരുന്നു. എന്നാൽ സഭ രാജ്യാതിർത്തികളുടെ പരിധിക്കപ്പുറം വ്യാപിക്കുന്നതും സാർവത്രിക കാഴ്ചപ്പാടുള്ളതും സകലതിനെയും ഉൾക്കൊള്ളുന്നതുമാണ് എന്നാണ് ഇവിടെ ഓർമ്മപ്പെടുത്തുന്നത്.
നാലാമത്തെ സ്വഭാവം സഭയുടെ അപ്പോസ്തോലികത്വമാണ്. അതിൻപ്രകാരം അപ്പോസ്തോലിക പാരമ്പര്യം നിലനിർത്തുന്നതും അപ്പോസ്തോലിക വിശ്വാസത്തോട് വിധേയത്വമുള്ളതും ഏതെങ്കിലും അപ്പോസ്തലനിൽ നിന്ന് വിശ്വാസം പിന്തുടർച്ചാശൃംഖല വഴി സ്വീകരിച്ചിട്ടുള്ളതുമാണ്. അതുപോലെ സഭ ഓരോ കാലത്തും നിലനിൽക്കുന്നത് സുന്നഹദോസകളുടെ തീരുമാനങ്ങളോടുള്ള വിധേയത്വത്തിലാണ്. നിഖ്യ – കുസ്ന്തീനോപോലീസ് സുന്നഹദോസുകൾ നിഷേധിക്കുന്നവർ അപ്പോസ്തോലികത്വം നഷ്ടപ്പെട്ടവരാണ് എന്നാണ് ഇവിടെ സൂചന.
അതുകൊണ്ട് സഭയെയും അതിൻ്റെ നാല് ലക്ഷണങ്ങളെയും പറ്റിയുള്ള പരാമർശങ്ങൾ വിശ്വാസപ്രമാണത്തിൽ വന്നത് ആകസ്മികമായിട്ടായിരുന്നില്ല. അന്നത്തെ വിശ്വാസവിപരീത കൂട്ടായ്മകളിൽ നിന്ന് സഭയെ വേർതിരിച്ച് കാണിക്കുവാനും സഭയുടെ അടിസ്ഥാന സ്വഭാവങ്ങൾ വ്യക്തമാക്കുവാനും ആയിരുന്നു. എന്നാൽ ‘ വിശുദ്ധ സഭയിലും (Sanctam Ecclesiam)വിശ്വസിക്കുന്നു ‘ എന്ന ഭാഗം അപ്പോസ്തോലികവിശ്വാസപ്രമാണത്തിലും (AD 300 – 325) ഉണ്ടായിരുന്നു. ആ മാതൃക കൂടി പിൻപറ്റിയാകാം ഈ വിഷയം സംബന്ധിച്ച കുറേക്കൂടി വിശദമായ പ്രഖ്യാപനം ഉണ്ടായത്.
സഭയെ സംബന്ധിച്ച വിശ്വാസ പ്രഖ്യാപന ഭാഗം പരിശുദ്ധാത്മാവിനെ കുറിച്ചുള്ള ഭാഗത്തോട് ചേർന്നാണ് നാം കാണുന്നത്. സഭയും പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധമാണ് ഇതിന് അടിസ്ഥാനം. സഭ ഒരു സമൂഹം എന്ന നിലയിൽ നിലവിൽ വന്നതും നിലനിൽക്കുന്നതും വിശുദ്ധീകരിക്കപ്പെടുന്നതും പരിശുദ്ധാത്മാവിനാലാണ്. പരിശുദ്ധാത്മാവ് ശിഷ്യ സമൂഹത്തിൽ വന്നതോടെയാണ് സഭ രൂപപ്പെടുന്നത്. സഭയെ വിശുദ്ധീകരിക്കുന്നതും നയിക്കുന്നതും പരിശുദ്ധാത്മാവാണ് എന്നതിൻ്റെ ചരിത്രമാണ് അപ്പോസ്തോല പ്രവർത്തികൾ. സഭയെ ഏകമാക്കി നിലനിർത്തുന്നതും ആത്മവരങ്ങളിലൂടെ അതിനെ സജീവവും ചൈതന്യവത്താക്കുന്നതും പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവിലാണ് വിശ്വാസികൾ മാമോദിസ സ്വീകരിച്ച് ക്രിസ്തു ശരീരത്തോട് ചേരുന്നത്. സമൂഹത്തെ രൂപാന്തരപ്പെടുത്തി പുന: സൃഷ്ടിക്കുന്നതും ക്രിസ്തുസാക്ഷ്യ നിർവഹണത്തിനായി ഒരുക്കുന്നതും പരിശുദ്ധാത്മാവ് തന്നെ. സുറിയാനിക്കാരനായ അപ്രേമും അന്ത്യോഖ്യയിലെ സേവേറിയോസും സഭയും റൂഹായും തമ്മിലുള്ള ദാർഢ്യബന്ധത്തെ പറ്റി പറയുന്നു. അവരെ സംബന്ധിച്ച് സഭ ഒരിക്കലും ഒരു സ്ഥാപനമല്ല; പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ട്, നിയന്ത്രിക്കപ്പെട്ട്, നയിക്കപ്പെടുന്ന സമൂഹമാണ്. സഭയെ ആത്മാവിൻ്റെ മണവാട്ടി എന്ന് അവർ വിശേഷിപ്പിക്കുന്നു. ആത്മാവ് അതിനെ വിശ്വാസ സമൂഹത്തിന്റെ മാതാവാക്കുന്നു. പരിശുദ്ധാത്മാവിനെ കൂടാതെ സഭയെപ്പറ്റി ചിന്തിക്കാനാവില്ല. ആ സാഹചര്യത്തിലാണ് സഭയെപ്പറ്റിയും പരിശുദ്ധാത്മാവിനെ പറ്റിയും ഉള്ള വിശ്വാസ ഭാഗങ്ങൾ ഏക ഖണ്ഡികയിൽ ചേർത്തിരിക്കുന്നത്.

