മൂറോൻ എന്ന ഗ്രീക്ക് പദത്തിൻ്റെ അർത്ഥം സുഗന്ധതൈലം (aromatic oil)എന്നു മാത്രമായിരുന്നു. ഇതിന് സഭാപരവും കൗദാശികളും ആയ അർത്ഥ സൂചനകൾ ഒന്നും ഉണ്ടായിരുന്നില്ല. സുവിശേഷങ്ങളിൽ ഈ വാക്ക് മതനിരപേക്ഷ (secular)പദമായിട്ടാണ് പ്രയോഗിച്ചിരിക്കുന്നത്. പാപിനിയായ സ്ത്രീയും ലാസറിന്റെ സഹോദരി മറിയയും കർത്താവിനെ പൂശിയ തൈലത്തെ സുവിശേഷകർ വിളിക്കുന്നത് ഈ പേരിലാണ് (യോഹ 12: 5; മത്താ 26: 7, 12; മർക്കോ 14: 3; ലൂക്കോ 7: 37, 38). അവർ പൂശിയതിനെ മൂറോൻ അഭിഷേകം ചെയ്യൽ (murizein)എന്ന ക്രിയാപദമാണ് സുവിശേഷത്തിൽ ഉപയോഗിച്ചിരിക്കുന്നത് (മർക്കോ.14: 4). എന്നാൽ ഈ പദങ്ങൾ രണ്ടും സാങ്കേതിക പദങ്ങൾ ആയിട്ടാണ് പിന്നീട് സഭയിൽ പ്രയോഗ പ്രാബല്യം നേടിയത്.

സുറിയാനി സഭയുടെ മാമോദിസ ക്രമത്തിൽ സ്നാപനത്തിനു ശേഷം പട്ടക്കാരൻ സ്ഥാനാർത്ഥിയെ പൂശുന്നതിന് ഉപയോഗിക്കുന്ന തൈലത്തെ മൂറോൻ എന്നാണ് വിളിക്കുന്നത്. ദൈവാലയ – ത്രോണോസ് കൂദാശകൾക്കും ഈ തൈലം ഇന്ന് ഉപയോഗിക്കുന്നു. പ്രസ്തുത ഉപയോഗം ആരംഭിച്ചത് നാലാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ആയിരിക്കണം. ഇത് സംബന്ധിച്ച ആദ്യ പരാമർശങ്ങൾ കാണുന്നത് അംബ്രോസിയോസിൻ്റെയും അഗസ്റ്റിൻ്റെയും രചനകളിലാണ്. പള്ളിയെയും വിശുദ്ധ മദ്ബഹായെയും ജീവനുള്ള വ്യക്തിത്വങ്ങളായിട്ടാണ് സഭ കാണുന്നത് (കുർബാന തക്സയിലെ പട്ടക്കാരന്റെ ത്രോണോസിനോടുള്ള വിടവാങ്ങൽ പ്രാർത്ഥന ശ്രദ്ധിക്കുക).

മാമോദിസയോട് ചേർന്ന് തൈലം പൂശുവാൻ കർത്താവ് നിർദ്ദേശിച്ചതായി പുതിയനിയമത്തിൽ കാണുന്നില്ല (മത്താ. 28: 19). അതുപോലെ ആദിമസഭയിൽ അപ്പോസ്തോലിക കാലത്ത് ഇത് ഉപയോഗിച്ചിരുന്നതായി പുതിയനിയമ ലിഖിതങ്ങളിലും ഒന്നാം നൂറ്റാണ്ടിലെ രേഖകളിലും കാണുന്നില്ല. എന്നാൽ രണ്ടാം നൂറ്റാണ്ട് മുതൽ ഇത് ഉപയോഗിച്ചിരുന്നതായി ചിന്തിക്കാവുന്നതാണ്. ഹിപ്പോളിറ്റസിൻ്റെ പേരിലുള്ള Apostolic Constitution (AD 3 -ാം നൂററാണ്ട്)ൽ ഇതിനെപ്പറ്റി പരാമർശമുണ്ട്. മാമോദിസ ശുശ്രൂഷയിലെ സ്നാപനത്തിനു ശേഷം പട്ടക്കാരൻ ഒലിവ് എണ്ണ എടുത്ത് താഴെപ്പറയുന്ന പ്രാർത്ഥന ചൊല്ലുന്നു: ” 0 God Sanctifier of all things who by your word and power give holiness. We ask you to send your Holy Spirit upon this oil. Grant that it may become gift of grace and strength to those who are anointed with it for healing, for casting out evil spirits and for strengthening of those who recieve it. May it be for them a means of sanctification. In the name of Jesus Christ we ask. ഈ പ്രാർത്ഥനയ്ക്ക് ശേഷം മാമോദിസ സ്വീകരിച്ചവരെ തൈലം കൊണ്ട് ലേപനം ചെയ്യുന്നു. ഈ വിധത്തിലായിരുന്നു രണ്ടാം നൂറ്റാണ്ടിൽ മൂറോന്റെ നിർമ്മാണവും പ്രയോഗവും നടന്നിരുന്നത്.

മുകളിൽ പറഞ്ഞിരിക്കുന്നവയിൽ നിന്നും വ്യക്തമാകുന്ന കാര്യങ്ങൾ: 1. തൈലശുദ്ധീകരണം പട്ടക്കാരൻ വിശ്വാസിസമൂഹത്തോടൊപ്പം നിർവഹിച്ചിരുന്ന ശുശ്രൂഷയാണ്.

2. ഇത് മാമോദിസ ശുശ്രൂഷയുടെയിടയിൽ – വിശുദ്ധ കുർബാനയിൽ പരിശുദ്ധാത്മവിളി (epiclesis)പോലെ – നടത്തിയിരുന്ന സംഭവമാണ്. തത്ക്ഷണ (on the spot)നടപടിയാണ്.

3. ഇതിൽ സുഗന്ധവർഗ്ഗങ്ങൾ ഒന്നും ചേർത്തിരുന്നില്ല. സ്ഥാനാർത്ഥികളുടെ എണ്ണമനുസരിച്ച് തൽസമയം പട്ടക്കാരൻ ആവശ്യമുള്ള അളവിൽ ഒലിവെണ്ണ എടുത്ത് അതിൽ പ്രാർത്ഥന ചൊല്ലി തൈലലേപനം നടത്തിവന്നിരുന്നു.

4. ഇത് സൂക്ഷിച്ചു വയ്ക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന പതിവ് ഇല്ലായിരുന്നു. ഓരോ മാമോദിസയിലും ആവശ്യത്തിനുള്ള എണ്ണ ശുദ്ധീകരിച്ച് ഉപയോഗിക്കുകയായിരുന്നു. ഇവിടെ മൂറോന്റെ നിർമ്മിതിയും പ്രയോഗവും മാമോദിസ നടത്തുന്ന പട്ടക്കാരൻ തന്നെയാണ് നിർവഹിച്ചിരുന്നത്.

പിന്നീട് തൈല ശുദ്ധീകരണം എപ്പിസ്ക്കോയുടെയും മെത്രാപ്പോലീത്തയുടെയും സഭാദ്ധ്യക്ഷൻ്റെയും പ്രത്യേക അവകാശമായി. സാവകാശം സംഗതി വലിയ ഒരു സംഭവമായി. അധികാരകേന്ദ്രീകരണത്തിന് വഴിയൊരുക്കി. അവസാനം ഇതിൻ്റെ നിർമ്മാണ – സംഭരണ – വിതരണ കുത്തക സഭാദ്ധ്യക്ഷനായി. മൂറോൻ നിർമ്മിതിയുടെ ചരിത്രം അറിയാതെ പോകുന്നതിൻ്റെ പരിണിത ഫലങ്ങളാണിത്.

സുറിയാനി സഭയിലെ മൂറോൻ കൂദാശയിലെ ഗീത പ്രകാരം മൂറോൻ ആദ്യം തയ്യാറാക്കിയതും ലേപനം ചെയ്തതും സ്ത്രീകൾ തന്നെ!

“പാപിനി കൈകളിൽ മേൽത്തരമാം മൂറോൻ തൻ പാത്രം പേറി ശീമോൻ ഭവനം പൂകിയവൾ ഈ തൈലത്തെയും നിൻ ശവസംസ്കാരത്തെയും കാൺകെ സർവ്വാധിപനാം നാഥാ നിൻ ശാശ്വത ശക്തിക്കായി സ്തോത്രം”

ഇവയെല്ലാം നൽകുന്ന സൂചനകൾ മനസ്സിലാക്കുന്നത് ചരിത്രബോധസൃഷ്ടിക്ക് പ്രേരകമാകാം. പല വിശ്വാസികളും ഇന്ന് ചിന്തിക്കുന്നത് ഇത് പരിശുദ്ധാത്മാവിന്റെ ദ്രാവകരൂപം (liquified Holy Spirit)എന്നാണ്. ഇവ സൂക്ഷിച്ചിരിക്കുന്ന കുപ്പിയിൽ സ്പർശിക്കുവാൻ സാധാരണ വിശ്വാസിക്ക് അനുവാദവും ഇല്ല.

ഒരുകാലത്ത് കൂദാശാനുഷ്ഠാനകനായ പുരോഹിതൻ മാമോദിസ സമയത്ത് സാധാരണ ഒലിവെണ്ണമേൽ പ്രാർത്ഥിച്ച് നിർവഹിച്ചിരുന്ന അനാർഭാടവും ലളിതവും ആയ ശുദ്ധീകരണ കർമത്തിന് ചരിത്രത്തിൽ വന്ന പരിണാമമാണിത്. ഏതു പാരമ്പര്യത്തിന്റെയും സാധുതാ മാനദണ്ഡവും മാതൃകയും അതിൻ്റെ ആദ്യ സ്ഥിതിയായിരുന്നു എന്ന ക്രിസ്തുവചനം ഓർക്കുക (മത്താ 19: 8).