മതസ്വാതന്ത്രം ഹനിക്കപ്പെടുമ്പോൾ

Text Size

ഇന്ത്യയിലെ ദളിത് ക്രൈസ്തവരെ സംബന്ധിച്ച് ദീർഘനാളത്തെ ആവശ്യമാണ് അർഹമായ പട്ടികജാതി സംവരണവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുക എന്നത്. ഇതിനായി ക്രൈസ്തവ സഭകളും സംഘടനകളും വിവിധ നിലയിലുള്ള പ്രക്ഷോഭങ്ങളും രാഷ്ട്രിയ ഇടപെടലുകളും നടത്തിവരികയുമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് പട്ടിക ജാതി വിഭാഗത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ഒരു ക്രിസ്ത്യൻ പാസ്റ്റർക്ക് നേരിടേണ്ടിവന്ന ജാതി പീഡനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് ശ്രദ്ധാകേന്ദ്രമാകുന്നത്. പട്ടികജാതിയിൽപ്പെട്ടവരുടെ സംരക്ഷണത്തിനു വേണ്ടി നിലവിലുള്ള (Prevention of Atrocities- PoA) നിയമം അനുസരിച്ച് പോലീസ് FIR രജിസ്റ്റർ ചെയ്തുവെങ്കിലും ഇപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട കേസ് പിന്നീട് ആന്ധ്രാപ്രദേശ് ഹൈക്കോടതി അസാധുവാക്കിയതിനെത്തുടർന്ന് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസാണ് കഴിഞ്ഞ മാർച്ച് മാസം പട്ടികജാതിക്കാരുടെ സംരക്ഷത്തിനായുള്ള നിയമം, മതപരിവർത്തനം ചെയ്ത പട്ടിക ജാതിക്കാർക്ക് അവകാശിക്കാൻ സാധ്യമല്ല എന്ന നിരീക്ഷണത്തോടെ സുപ്രീം കോടതി തള്ളി ഉത്തരവായിരിക്കുന്നത്. (Chinthada Ananda Vs State of Andra Predesh) ഇതിന് മുൻപും ഇന്ത്യയിലെ വിവിധ നീതിന്യായക്കോടതികളിൽ നിന്നും ജാതിസംവരണത്തെ സംബന്ധിച്ചും മതപരിവർത്തനം ചെയ്ത പട്ടികജാതിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ചും – വിവിധ ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ വിധി വലിയ നിലയിൽ ചർച്ച ആയിരിക്കുകയാണ്. ഈ വിധിയിലൂടെ സുപ്രീം കോടതി മുന്നോട്ട് വയ്ക്കുന്ന നിയമം പട്ടികജാതി – പട്ടിക വർഗ വിഭാഗങ്ങളുടെ മൗലിക അവകാശങ്ങളെയും ഇതര മതങ്ങളിലേക്ക് പരിവർത്തിതരായ പട്ടികജാതിക്കാരുടെ അവകാശങ്ങളെയും സാരമായി ബാധിക്കുന്ന ഒന്നാണ് എന്നതാണ് വസ്തുത. ഈ വിഭാഗത്തിൽപ്പെട്ട ഒരാൾ ഇതര മതങ്ങളിലേക്ക് മാറിയാൽ ഉടൻ തന്നെ പൂർണമായും (immediately and completely) അവരുടെ പട്ടികജാതി പദവി നഷ്ടമാകും എന്നും പട്ടിക ജാതിക്കാർക്ക് അർഹമായ അനുകൂല്യങ്ങൾക്കും സംവരണത്തിനും സംരക്ഷണത്തിനുമുള്ള അർഹത തുടർന്ന് നഷ്ടപ്പെടും എന്നും കോടതി വിധിയിൽ നിരീക്ഷിക്കുന്നു. അതു കൂടാതെ പട്ടികജാതി വിഭാഗത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് മാറിയ ഒരാൾക്ക് തിരികെ ഈ പദവി ലഭിക്കണമെങ്കിൽ വീണ്ടും പൂർവ്വിക മതത്തിലേക്ക് മാറേണ്ടതാണെന്നും ഇത് ഔപചാരികമായി തെളിയിക്കപ്പെടേണ്ടതുണ്ടെന്നും വിധിയിൽ പറഞ്ഞ് വയ്ക്കുന്നു. വാസ്തവത്തിൽ ഈ കേസ് ഏതെങ്കിലും തരത്തിൽ ഉള്ള സംവരണ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള ഒന്നായിരുന്നില്ല. മറിച്ച് ജാതിവ്യവസ്ഥ കൊടികുത്തി വാഴുന്ന ആന്ധ്രാപ്രദേശിൻ്റെ ഗ്രാമങ്ങളിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും ജാതി ചിന്തക്ക് എതിരെ നിയമത്തിൻ്റെ ഉള്ളിൽ നിന്ന് പോരാടാനും ഉള്ള ശ്രമമായിരുന്നു. എന്നാൽ കോടതി ഇതിനെ ഒരു അടിസ്ഥാന മനുഷ്യാവകാശപ്രശ്നമായിട്ടല്ല പരിഗണിച്ചത് എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

സുപ്രീം കോടതിയുടെ ഈ വിധി സമാനമായി മറ്റ് കേസുകളിൽ പുറപ്പെടുവിച്ചിട്ടുള്ള വിധികളുടെ തുടർച്ചയാണ് എന്നത് ശരി തന്നെ. എന്നാൽ ഈ വിധി അവലംബിക്കുന്ന സമീപനം പിന്നോക്ക വിഭാഗങ്ങൾക്ക് ഇടയിൽ കൂടുതൽ സാമൂഹ്യ പ്രത്യാഘാതങ്ങൾക്ക് ഇടനൽകുന്നതാണെന്ന് കാണാൻ സാധിക്കും. പിന്നോക്ക വിഭാഗങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നതും (മതപരിവർത്തനത്തിന് വിധേയരായവരും അല്ലാത്തവരും തമ്മിൽ) സംഘടിതരായി നിലകൊള്ളുന്നതിൽ നിന്ന് അവരെ പിൻതിരിപ്പിക്കുന്നതുമാണ് ഇത്.

പ്രധാനമായ മറ്റൊരു വസ്തുത ജാതിയെ (Caste) വ്യാഖ്യാനിക്കാൻ ഉപയോഗിക്കുന്ന തത്വവും ചരിത്രവും തികച്ചും കൊളോണിയൽ – ഓറിയൻ്റിലിസ്റ്റ് വിചിന്തനങ്ങളിൽ നിന്ന് ഉത്ഭവിച്ചിട്ടുള്ള ബ്രാഹ്മിണിക്കൽ മൂല്യവ്യവസ്ഥയുടെ വെളിപ്പെടുത്തൽ ആണ് എന്ന് കാണാനും സാധിക്കും. പ്രത്യേകിച്ച് ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ഇത്തരത്തിലുള്ള സമീപനങ്ങൾക്ക് അനുദിനം ആക്കം കൂടി വരികയുമാണ്. ജാതിയെക്കുറിച്ച് നടക്കുന്ന ചർച്ചകളിലും ജാതീയമായ അസമത്വങ്ങൾക്ക് വിധേയരായവരുടെ അവകാശചർച്ചകളിലും ഇതിനെ ഒരു മതപരമായ പ്രശ്നമായി തുഛീകരിച്ച് കാണാനും അതിൻ്റെ പിന്നിൽ നിലനിൽക്കുന്ന സാമൂഹ്യ സംസ്കാരിക പ്രശ്നങ്ങളെ തമസ്കരിക്കാനും മനുഷ്യരുടെ ഇടയിൽ നിലനിൽക്കേണ്ട തുല്യതയെ അവഗണിക്കാനും ഉള്ള ശ്രമങ്ങളാണ് നടക്കുന്നത്. പട്ടികജാതിയിൽപ്പെട്ട മനുഷ്യർ ചരിത്രത്തിൽ അനുഭവിച്ച വിവേചനങ്ങളുടെയും കഷ്ടതകളുടെയും പിന്നോക്കാവസ്ഥയുടെയും അടിസ്ഥാനത്തിൽ ആണ് പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് പ്രത്യേക സംവരണവും ആനുകൂല്യങ്ങളും സംരക്ഷണവും ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നത്. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾക്ക് അവരുടെ മതവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ട് എന്ന് പറയാനും കഴിയില്ല. അതുകൊണ്ട് തന്നെ പട്ടികജാതിക്കാർക്ക് ലഭിക്കുന്ന മൗലിക അവകാശങ്ങൾ അവർ ഒരു മതവിശ്വാസം സ്വീകരിച്ചു എന്നത് കൊണ്ട് നിഷേധിക്കുന്നത് അവരുടെ മതസ്വാതന്ത്രത്തെ ഹനിക്കുന്നതിന് തുല്യമാകും എന്നതാണ് ഇവിടെ ഉയരുന്ന പ്രശ്നം.

വാസ്തവത്തിൽ പട്ടികജാതി – പട്ടിക വർഗങ്ങളിൽപ്പെട്ടവരുടെ മതപരിവർത്തനം ഒരു ഘട്ടത്തിൽ ഒരു സാമൂഹ്യ പ്രതിരോധവും ചെറുത്തുനില്പും ആയിരുന്നു. ഇത് കേരളത്തിലെ ക്രിസ്തീയ സഭകളുടെ സാഹചര്യത്തിൽ സാധ്യമാക്കിയത് ബ്രിട്ടീഷ് മിഷനറിമാരും അവർ കൈയ്യാളിയിരുന്ന അധികാരവും ആയിരുന്നു. ഈ നിലയിൽ ചിന്തിക്കുമ്പോൾ കൊളോണിയലിസം നിർമ്മിച്ച സാമൂഹ്യ – മത പരിസരം ജാതിവ്യവസ്ഥയെ അതിജീവിക്കാൻ ഇവിടുത്തെ കീഴാള ജനതക്ക് കരുത്ത് നൽകി എന്നത് വിസ്മരിക്കാവുന്ന ഒന്നല്ല.

മതപരിവർത്തനം എന്തെങ്കിലും അനുകൂല്യങ്ങൾക്ക് വേണ്ടിയുള്ള ഒന്നായിരുന്നില്ല എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. ആധുനികതയുടെയും നവോത്ഥാനത്തിൻ്റെയും പശ്ചാത്തലത്തിൽ ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച് പുതിയൊരു സ്വത്വനിർമ്മിതിക്ക് വേണ്ടി നടത്തിയ പല പോരാട്ടങ്ങളിൽ ഒന്നായിരുന്നു അത്. അങ്ങിനെ മതത്തിൻ്റെ പിൻബലവും ചട്ടക്കൂടും അതിലെല്ലാമുപരി വിദ്യാഭ്യാസത്തിൻ്റെ ശക്തിയും അവർക്ക് ലഭിച്ചു എന്നതാണ് സത്യം.

ഈയൊരു പ്രശ്നത്തെ മതപരമായ ഒരു അവകാശപ്രശ്നമെന്നതിലുപരി ജനാതിപത്യവും മതസ്വാതന്ത്രവും നിലനിൽക്കുന്ന ഈ രാജ്യത്തിലെ ഗൗരവമായ മനുഷ്യാവകാശ പ്രശ്നമായി ഏറ്റെടുക്കേണ്ടതും പ്രതിരോധം തീർക്കേണ്ടതും ക്രിസ്തീയമായ നമ്മുടെ കടമ തന്നെയാണ്.