പുതിയ പുസ്തകങ്ങൾ

Text Size

ചിറകുള്ള ജീവിതം

ഫാ. അജിഷ് ബാബു

മഷിക്കൂട്ട് ഇപ്രിൻ്റ്, കോട്ടയം
PP 121, Rs.150

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വൈദികൻ ഫാ. അജിഷ് ബാബുവിൻ്റെ മൂന്നാമത്തെ പുസ്തകമാണ് ‘ചിറകുള്ള ജീവിതം.’ വേദപുസ്ത സന്ദേശങ്ങളെയും കഥാപാത്രങ്ങളെയും അനുദിന ജീവിതപരിസരങ്ങളിൽ പുനരവതരിപ്പിച്ച് ഭാവനയുടെയും വ്യാഖ്യാനത്തിൻ്റെയും നവീന ആദ്ധാത്മികസരണികൾ ഈ കൃതി തുറന്ന് തരുന്നു. ഭാവതീവ്രമായ അവതരണം കൊണ്ടും ദാർശനികവും വേദശാസത്രപരവുമായ വിശകലനം കൊണ്ടും ഈ പുസ്തകത്തിലെ സന്ദേശങ്ങൾക്ക് സമഗ്രതയും ധൈഷണിക പിൻബലവും ഉണ്ട് എന്നത് നിസംശയം പറയാം.

ഈ പുസ്തകത്തിൻ്റെ വായന ജീവിത – സഞ്ചാര പാതകളിൽ വായനക്കാർക്ക് വഴിവിളക്കാകും എന്നതിന് യാതൊരു സംശയവുമില്ല.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മലയാള വിഭാഗം അദ്ധ്യാപിക Dr. അനു പി. റ്റി എഴുതിയ പ്രൗഡമായ അവതാരിക വായനയിലേക്കുള്ള സമഗ്രമായ പ്രവേശികയാണ്.
അച്ചടി മഷിക്കൂട്ട് ഇംപ്രിൻ്റ്, കോട്ടയം

അധികാര പൂജ

ഡോ. ചാണ്ടി പോൾ

ലേഖന സമാഹാരം
കൈരളി, മൂവാറ്റുപുഴ
PP 124, Rs.250

വൈദ്യശാസ്ത്രരംഗത്ത് വിവിധ നിലകളിൽ പ്രാവീണ്യം തെളിയിച്ച മുവാറ്റുപുഴയിലെ സീനിയർ ഡോക്ടർ വാലയിൽ ഡോ. ചാണ്ടി പോൾ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ‘അധികാരപൂജ’ എന്ന ലേഖന സമാഹാരം. മാതൃഭൂമി ആഴ്ചപ്പതിപ്പിലും ഭാഷാപോഷിണിയിലും മറ്റ് പല ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചതും വിവിധ വിഷയങ്ങളെക്കുറിച്ച് എഴുതിയതുമായ പ്രൗഢമായ ലേഖനങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം.
മെഡിക്കൽ ഡോക്ടർ എന്ന നിലയിലുള്ള സർക്കാർ സർവ്വീസ് (ഒന്നാം ഗ്രേഡ് സിവിൽ സർജൻ, ജനറൽ ആശുപത്രി, മുവാറ്റുപുഴ) കാലഘട്ടത്തിൽ നിരീക്ഷിച്ചതും കണ്ടെത്തിയതും വിശകലനം ചെയ്ത് മനസിലാക്കിയതുമായ ജീവിത – സാമൂഹ്യ – ചികിൽസാനുഭവങ്ങളുടെ തുറന്ന് പറച്ചിലാണ് ഈ കൃതി. അതുകൊണ്ട് തന്നെ ഇതിലെ ഓരോ അദ്ധ്യായങ്ങളും വായനക്കാരോടും അവരുടെ ജീവിത പശ്ചാത്തലത്തോടും നേരിട്ട് സംവദിക്കുന്നുണ്ട്. ഹൃദ്യമായ ഭാഷയും ൠജുവായ അവതരണ ശൈലിയും കൊണ്ട് ഈ ലേഖന സമാഹാരം ആരെയും ആകർഷിക്കുന്നതും ശക്തമായ ജീവിത പാഠങ്ങൾ നൽകുന്നതുമാണ്.
പ്രൊഫ. ഡോ. എം. പി മത്തായി എഴുതിയ പ്രൗഡമായ അവതാരിക, മുദ്രണം കൈരളി മുവാറ്റുപുഴ.

കോപ്പികൾക്ക്: ഡയോസിസൻ ബുക്ക് സെൻ്റർ, മൂവാറ്റുപുഴ