യോഹന്നാന്റെ പ്രസംഗത്തിൽ അനേകർ വിശ്വസിച്ചു, അവന്റെ ശിഷ്യത്വം സ്വീകരിച്ചു. ഇസ്രായേൽ ജനതയ്ക്ക് വലിയ ആശ്വാസമായിരുന്നു. അവർ അവനോടൊപ്പം കൂടി. എന്നാൽ യോഹന്നാൻ കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടപ്പോൾ അവരുടെ മേൽ അക്ഷരാർത്ഥത്തിൽ കരിനിഴൽ വീണു. മശിഹായാണെന്ന് ഒരിക്കൽ നാം കരുതിയവൻ ഇന്നു തീർത്തും ബലഹീനനാണ്. കേവലം സഹതപിക്കാനുള്ളഒരു വസ്തുവായി മാത്രം അയാൾ മാറ്റപ്പെട്ടു. മരുഭൂമിയെ പ്രകമ്പനം കൊള്ളിച്ച ശബ്ദം കാരഗൃഹത്തിൽ ഞരങ്ങുന്നു. നന്മയുടെ മേൽ തിന്മയുടെ ആധിപത്യം. ഇതായിരുന്നു ജനത്തിന്റെ വിചാരം.
എന്നാൽ യേശു അവരുടെ ധാരണകളെ തിരുത്തുകയായിരുന്നു. യഥാർത്ഥത്തിൽ യോഹന്നാൻ ചില്ലറക്കാരനല്ലായിരുന്നു. നീണ്ട 400 വർഷങ്ങൾക്കു ശേഷം യിസ്രായേൽ ജനത കേട്ട പ്രവാചക ശബ്ദമാണ് യോഹന്നാൻ. “ഇതാ, ഞാൻ നിനക്കുമുമ്പാകെ എന്റെ സന്ദേശവാഹകനെ അയയ്ക്കും, നിന്റെ മുമ്പേ അയാൾ നിനക്കു വഴിയൊരുക്കും.” യോഹന്നാനെപ്പറ്റി പഴയനിയമത്തിൽ കുറിച്ച പ്രവചനമാണിത്. ഇത്ര ശക്തമായി മറ്റൊരു പ്രവാചകനെ അവതരിപ്പിക്കുണ്ടോ എന്നുതന്നെ സംശയമാണ്. ഒരു കാലത്ത് അവർ ദൈവത്തെ കേട്ടിരുന്നത് പ്രവാചകന്മാരിലൂടെ ആയിരുന്നു. എന്നാൽ കഴിഞ്ഞ 400 വർഷമായി ദൈവം അവരോട് സംസാരിക്കുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് മരുഭൂമിയിൽ ഒരു പ്രവാചക ശബ്ദം കേൾക്കുന്നത്. വലിയ ആശ്വാസമായിരുന്നു അവർക്ക്. ദൈവം അവരോട് സംസാരിച്ചു തുടങ്ങിയ പ്രതീതിയായിരുന്നു അവർക്ക്.
മറ്റു പ്രവാചകന്മാരെക്കാൾ യോഹന്നാന് മഹത്വമേറുന്നത് അയാളുടെ നിയോഗം കാരണമാണ്. വരാനിരിക്കുന്ന മശിഹായ്ക്ക് വഴിയൊരുക്കാൻ നിയോഗിക്കപ്പെട്ടവൻ. പഴയനിയമ പ്രവാചകൻമാർ പലരും മശിഹായെ കാണാൻ കൊതിച്ചു കാത്തിരുന്നു. പക്ഷേ ആ ഭാഗ്യം സിദ്ധിച്ചത് അയാൾക്ക് മാത്രമായിരുന്നു. അതാണ് അയാളെ വലിയ പ്രവാചകൻ ആക്കുന്നത്. “സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ മഹാൻ ഉണ്ടായിട്ടില്ല,” എന്നാണ് യേശു യോഹന്നാനെപ്പറ്റി സാക്ഷിക്കുന്നത്. പക്ഷേ അപ്പോളും യേശു അവിടെ പറയുന്ന ഒരു കാര്യം വളരെ ശ്രദ്ധേയമാണ്. “എന്നാൽ, ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവൻ പോലും അദ്ദേഹത്തെക്കാൾ മഹാൻ ആകുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” അതായത് യോഹന്നാനെപ്പോലെ മറ്റാരുമില്ലയെന്നു പറയുമ്പോഴും, ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവൻ പോലും യോഹന്നാനെക്കാൾ വലിയവനാണെന്ന് യേശു പറയുന്നു. അപ്പോൾ പിന്നെ ഒരുവനെ യഥാർത്ഥത്തിൽ മഹാനാക്കുന്നത് എന്താണ്? ദൈവരാജ്യത്തിലെ അംഗത്വമാണ് (Membership in the Kingdom of God). സഹോ, എനിക്കും നിനക്കും യോഹന്നാനെക്കാൾ വലിയവനാകാം, ദൈവരാജ്യത്തിൽ അംഗമായാൽ മാത്രം. ഇനി ദൈവരാജ്യത്തിൽ കയറിപ്പറ്റാൻ ഒരേയൊരു വാതിൽ ആണുള്ളത്. ആ വാതിൽ ക്രിസ്തുവാണ്. ഒരുവൻ ക്രിസ്തുവിലൂടെ ദൈവരാജ്യത്തിലേക്ക് കടക്കുകയും, രക്ഷ പ്രാപിക്കുകയും ചെയ്യുന്നു. ഇതൊരു വലിയ സാധ്യതയാണ്. സെഖര്യാവിന്റെയും എലിസബേത്തിന്റെയും മകനായി ജനിക്കുക ഇനി അപ്രാപ്യമാണ്. എന്നാൽ ക്രിസ്തുവിലൂടെ ദൈവരാജ്യം പ്രാപിക്കുകയും, അങ്ങനെ യോഹന്നാനെക്കാൾ മഹാനാവുകയും ചെയ്യുന്ന അനുഭവം സാധ്യമാണ്.
പിന്നീട്, ഈ വേദഭാഗം സംസാരിക്കുന്നത് യോഹന്നാനോടുള്ള ജനത്തിന്റെ പ്രതികരണത്തെപ്പറ്റിയാണ്. യോഹന്നാന്റെ മാമോദീസ യഹൂദൻമാരുടെ മാനസാന്തരത്തിനു വേണ്ടിയുള്ളതായിരുന്നു. കഴിഞ്ഞ 400 വർഷത്തെ ദൈവത്തിന്റെ മൗനം കാരണം, യഹൂദജനത ദുഷിച്ചുപോയി എന്നുപറയുന്നതാണ് ശരി. യഹൂദമതം കേവലം നിയമ — മതമായി (Legalistic) മാറി. നിയമജ്ഞരും പരീശന്മാരും സദൂക്യരും ദൈവസ്നേഹത്തിന്റെ നിയമത്തെ, തീർത്തും നിയമപരമായ നിയമങ്ങളും ചട്ടങ്ങളും ആക്കി മാറ്റി. നിയമജ്ഞരും പരീശന്മാരും നഗ്നമായി പാപം ചെയ്യുമ്പോളും നിയമം പാലിക്കുന്നതിൽ വിദഗ്ധരായിരുന്നു. ആ സാഹചര്യത്തിലാണ് യോഹന്നാന്റെ വരവ്. ദുഷിച്ച യഹൂദമതത്തിൽ നിന്ന് പിന്തിരിഞ്ഞ് സ്വർഗത്തിൽ ദൈവവുമായുള്ള യഥാർത്ഥവും ജീവനുള്ളതും നവോന്മേഷദായകവുമായ ഒരു ബന്ധത്തിലേക്ക് മടങ്ങിവരാൻ അയാൾ അവരെ ക്ഷണിച്ചു. പ്രകടപരത മാത്രമുള്ള മതാത്മകതയിൽ (Religiosity) നിന്നും പുറത്തുവന്നു ക്രിസ്തുവുമായി ബന്ധം സ്ഥാപിക്കുവാനാണ് യോഹന്നാൻ ആഹ്വാനം ചെയ്തത്. അവന്റെ പ്രസംഗത്തിലെ സത്യം മനസ്സിലാക്കിയവർ യോർദാൻ നദിയിൽ തങ്ങളുടെ മതാത്മകതയെ മുക്കികൊല്ലുകയായിരുന്നു. 7: 29 ൽ പറയുന്നത്, “യേശുവിന്റെ വചസ്സുകൾ കേട്ടപ്പോൾ ദൈവത്തിന്റെ വഴി നീതിയുള്ളതെന്ന് (Justified) അംഗീകരിച്ചു” എന്നാണ്. ഇവിടെ justified (നീതീകരിച്ചു) എന്നാൽ, ദൈവമാണ് നീതിയെന്ന് അംഗീകരിച്ചുയെന്നാണ്. അവരുടെ അംഗീകാരം ആവശ്യമില്ലെങ്കിലും, ഇതവരുടെ സാക്ഷ്യമാണ് (Conviction). എന്നാൽ പരീശൻമാരും, നിയമജ്ഞരും യോഹന്നാന്റെ പ്രസംഗത്തോട് വളരെ പ്രതികൂലമായി പ്രതികരിച്ചു. അവർ അയാളുടെ മാമോദീസ സ്വീകരിച്ചില്ല. അവർ ദൈവത്തിന്റെ നിയമങ്ങൾ പാലിക്കുകയും, ദൈവേഷ്ടത്തിന് വിരുദ്ധമായി ജീവിക്കുകയും ചെയ്തു. ഇങ്ങനെയുള്ള ആളുകൾ നമ്മുടെയിടയിലും ഇല്ലേ? നിയമങ്ങൾ അണുവിട തെറ്റാൻ സമ്മതിക്കാതിരിക്കുകയും, ദൈവേഷ്ടം അറിഞ്ഞു പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന “സഭയും വിശ്വാസികളും”. നിയമം പാലിക്കപെടുന്നുണ്ടോ എന്നുമാത്രമാണ് അവരുടെ ശ്രദ്ധ. ദൈവത്തിന്റെ ഇഷ്ടം അവർക്കൊരു വിഷയമേയല്ല. (മെത്രാൻ തിരഞ്ഞെടുപ്പിനെ പറ്റിയല്ലാട്ടോ. അതു പൂർണ്ണമായും പരിശുദ്ധാത്മ പ്രവർത്തനം ആണല്ലോ. അല്ലേ 🤔) ശെരിക്കും എന്തൊരു വിരോധാഭാസമാണ്. “അവർ തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ആലോചന തിരസ്കരിച്ചു” എന്നാണ് എഴുതിയിരിക്കുന്നത്. നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ ആലോചനകളെ മറന്നു എത്ര നിയമം പാലിച്ചാലും അതൊക്കെ വ്യർത്ഥമാണ് സഹോ. അവന്റെ ഇഷ്ടമാണ് പ്രധാനം.
അതിനുശേഷം ഇന്നത്തെ തലമുറയെ പറ്റിയാണ് യേശു പറയുന്നത്. പിള്ളേരെപോലെ ആവാം, പക്ഷേ ഇതൊരുതരം പിള്ളേരുകളിയാണ്. Be child-like, not childish. കുഞ്ഞുങ്ങളെപ്പോലെ വിശ്വാസമുള്ളവരും, നിഷ്കളങ്ക സ്നേഹമുള്ളവരുമൊക്കെ ആകണം. പക്ഷേ, പിള്ളേരു കണക്കെ സ്ഥലകാല ബോധമില്ലാതെ സകലതിനും പരാതിയും, പരിഭവവും പറയുന്നവർ ആകരുത്. 1 കൊരിന്ത്യർ 13: 11-ൽ പൗലോസ് പറയുന്നു, “ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ മനസ്സിലാക്കി, ശിശുവിനെപ്പോലെ ചിന്തിച്ചു; എന്നാൽ ഞാൻ മുതിർന്നപ്പോൾ ബാലിശമായ കാര്യങ്ങൾ ഉപേക്ഷിച്ചു. കുട്ടിയായിരിക്കുമ്പോൾ, അങ്ങനെ പെരുമാറുന്നതിൽ കുഴപ്പമില്ല. എന്നാൽ നിങ്ങൾ വളരുമ്പോൾ, നിങ്ങൾ ബാലിശമായ പെരുമാറ്റം ഉപേക്ഷിക്കണം.” ഇങ്ങനെ പറയാനുള്ള കാരണം, യോഹന്നാന്റെ മേലുള്ള അവരുടെ അനാവശ്യ ആരോപണങ്ങളാണ്. അയാൾ അപ്പം തിന്നാതെയും, വീഞ്ഞു കുടിക്കാതെയും ഇരുന്നപ്പോൾ ഭൂതം ബാധിച്ചവനെന്നു മുദ്രകുത്തി. മനുഷ്യപുത്രനാകട്ടെ, തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നപ്പോൾ ഇതാ, ‘അമിതഭക്ഷണപ്രിയനും കുടിയനുമായ ഒരുവൻ, നികുതിപിരിവുകാരുടെയും കുപ്രസിദ്ധരായ പാപികളുടെയും ചങ്ങാതി!’ എന്നു പറഞ്ഞു. വല്ലാത്തൊരു മനോഭാവമാണ്. തങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്തതിനെയെല്ലാം പ്രതിസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന ദുരാലോചന. ഈയൊരു മനോഭാവത്തോടുള്ള കർത്താവിന്റെ പ്രതികരണം തികച്ചും പരിഹാസപൂർവമാണ്. “ദൈവികജ്ഞാനം, അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിലൂടെ പ്രത്യക്ഷമാകുന്നു.” അവരുടെ പഠിപ്പിനെയും, പദവിയെയുമെല്ലാം അവഹേളിക്കുന്ന തരത്തിലുള്ള ഒരു അഭിപ്രായപ്രകടനമായിരുന്നു അതു. ലളിതമായി പറഞ്ഞാൽ, നിങ്ങൾ വല്യ മൽപ്പാൻമാരാണെന്നു ഒരു തോന്നലൊക്കെ നിങ്ങൾക്കുണ്ട്. പക്ഷേ നിങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കാത്തടത്തോളം കാലം, അതിനെ ദൈവീക ജ്ഞാനമെന്നു വിളിക്കാൻ സാധിക്കില്ല. പരമ്പരാഗതമായ (Traditional) വിദ്യാഭ്യാസം നേടിയിട്ടോ, കാനോൻ (Canon) കാണാതെ പഠിച്ചിട്ടോ, ‘അഞ്ചു മണിക്കൂറെങ്കിലും ഇല്ലെങ്കിൽ പിന്നെ എന്ത് പെന്തിക്കൊസ്തിയെന്ന്’ നിർബന്ധം പിടിച്ചതുകൊണ്ടോ ഒരു കാര്യവുമില്ല. ക്രിസ്ത്യാനിയെന്നാൽ ക്രിസ്തുവിൽ ജീവിക്കുകയെന്നതാണ് (Life in Christ) മുഖ്യം. നിയമത്തെ അവഗണിക്കുകയല്ല, മറിച്ചു കാലഹരണപ്പെട്ട നിയമങ്ങളെ സ്നേഹത്തിൽ പൊളിച്ചെഴുതാനാണ് ക്രിസ്തു ശ്രമിച്ചത്. പരി. സഭയും, സഭാ മക്കളും ശ്രമിക്കേണ്ടതും അതിനാണ്. യോഹന്നാനെപ്പോലെ മശിഹായിലേക്കുള്ള ചൂണ്ടുപലകയായി നിന്നുകൊണ്ട് ക്രിസ്തുസ്നേഹത്താൽ നിറഞ്ഞ, കുറേക്കൂടി മെച്ചപ്പെട്ട വഴി അവനിലേക്ക് ഒരുക്കുവാൻ സാധിക്കണം. അപ്പോൾ ദൈവരാജ്യം സ്വന്തമാകും, യോഹന്നാനെക്കാൾ മഹാനുമാകും. ഗ്രീക്ക് ഐതീഹ്യത്തിൽ ഒരു “Procrustean Bed” നെപ്പറ്റി പറയുന്നുണ്ട്. നിശ്ചിത അളവിലുള്ള ഒരു ഇരുമ്പ് കട്ടിൽ. ഓരോരുത്തനും അതിൽ യാത്ര ചെയ്യണമെങ്കിൽ നീളം കൂടുതലുള്ള ആളിനെ കട്ടിലിന്റെ നീളത്തിനനുസരിച്ചു മുറിച്ചു കട്ടിലിൽ ഉൾക്കൊള്ളിക്കുന്നു. നീളം കുറഞ്ഞവരെങ്കിൽ കട്ടിലിന്റെ നീളത്തിനനുസരിച്ചു വലിച്ചു നീട്ടി കൃത്യമായി ഉള്ളിലാക്കുന്നു. വർത്തമാന കാലത്തിന്റെ ചുവരെഴുത്തുകൾ മനസ്സിലാക്കി Procrustean Bed ൽ എന്നപോലെ മുറിച്ചു മറ്റേണ്ടത് മുറിച്ചുമാറ്റിയും വലിച്ചു നീട്ടേണ്ടത് വലിച്ചു നീട്ടിയും സഭ സജ്ജമാകേണ്ടതുണ്ട്. പറഞ്ഞു പഴകിയ പൈതൃകവും കാലഹരണപ്പെട്ട പാരമ്പര്യവും ഉയർത്തിക്കാട്ടി അവമതിപ്പ് ഏറ്റുവാങ്ങാതെ കാലോചിതമായി ക്രിസ്തുവിനെ പങ്കുവെയ്ക്കാൻ കഴിയണം. അതു കേവലം വിളംബര ജാഥകളിലും ആഗോള സമ്മേളനങ്ങളിലും ഒതുങ്ങിപ്പോകാതെ സഭയുടെ സ്വാഭാവിക നിയോഗമായി പ്രവർത്തിപഥത്തിലേക്ക് എത്തിക്കുവാൻ കഴിയണം. അതുകൊണ്ട് സഹോ, ഷോ നിർത്തി നമുക്കു കാര്യത്തിലേക്ക് വരാം. ഷോ കാണാനൊന്നും പഴയപോലെ ആളുണ്ടാവില്ല. ഷോ കാണിക്കുന്നവർക്ക് ഒരു മനഃസുഖവും അടുത്ത പദവിയിലേക്ക് ഒരു ചുവടു വെയ്പും മാത്രമാകും. സഭ അത്രകണ്ടു പൂക്കി (cute/aesthetic for appearance only) ഒന്നും ആയില്ലേലും GenZ ഭാഷയിൽ ഒരു Vibe Church ആയാൽ കൊള്ളാം.
A Vibe Church which is rooted in Christ and relevant to this generation.
A Vibe Church that carries ancient faith with a current voice.
A Vibe Church which proclaims the same Gospel in a new context.
A Vibe Church which is faith lived out for real life.
- ഗർഷോം

