നിഖ്യാ വിശ്വാസപ്രമാണത്തിന്റെ ആദ്യ പാഠ (text) ത്തിൽ പല സഭകളും വ്യത്യാസങ്ങൾ വരുത്തുകയുണ്ടായി. കത്തോലിക്കാ സഭയും സുറിയാനിസഭയും നവീകരണസഭകളും ഇത്തരം തിരുത്തലുകൾ നടത്തിയിട്ടുണ്ട്. കത്തോലിക്കാ സഭയും ബൈസൻ്റയിൻ ഓർത്തഡോക്സ് സഭകളും തമ്മിൽ ഭിന്നിച്ചതിന്റെ (AD 1054) ഒരു കാരണം നിഖ്യാ വിശ്വാസപ്രമാണത്തിൽ കത്തോലിക്കാ സഭ നടത്തിയ പാഠഭേദമാണ്. അതുകൊണ്ട് ഇത്തരം തിരുത്തലുകളും അവയ്ക്ക് സഭ നൽകിയ വിശദീകരണങ്ങളും സംബന്ധിച്ച അന്വേഷണം പഠനം സമഗ്രമാക്കുവാൻ ആവശ്യമാണ്.
നിഖ്യാ വിശ്വാസപ്രമാണത്തിന്റെ രണ്ടാം ഖണ്ഡികയിൽ കർത്താവിൻ്റെ ഉയിർപ്പിനെ പറ്റി പ്രതിപാദിക്കുമ്പോൾ പറയുന്നത്: തിരുവചനപ്രകാരം (according to the scripture) അവൻ മൂന്നാം നാൾ ഉയിർത്തു എന്നാണ്. ഈ പ്രയോഗത്തിന് തിരുവെഴുത്തിൻ്റെ തന്നെ സാധൂകരണവും ഉണ്ട് (1 കൊരി 15: 3). ലൂക്കോസിന്റെ സുവിശേഷത്തിൽ ഉത്ഥിതനായ ക്രിസ്തു തന്നെ തൻ്റെ ഉയിർപ്പ് പ്രവചനനിവൃത്തിയാണ് എന്ന് പറയുന്നു: “ നിങ്ങൾ എത്ര ബുദ്ധിശൂന്യരാണ്. പ്രവാചകന്മാർ പറഞ്ഞതിൽ നിങ്ങൾക്ക് വിശ്വാസമില്ല. മിശിഹാ പീഡ അനുഭവിക്കുകയും മഹത്വീകരിക്കപ്പെടുകയും ചെയ്യേണ്ടതല്ലയോ (ലൂക്കോ 24: 26; അ പ്ര 2: 31; ലൂക്കോ 18: 31 — 34).
എന്നാൽ സുറിയാനിസഭയിൽ നിലവിലിരിക്കുന്ന വിശ്വാസപ്രമാണത്തിൽ തിരുവചനപ്രകാരം എന്ന പദം മാറ്റിയിട്ടുണ്ട്. അതിനുപകരം തൻ്റെ ഇച്ഛപ്രകാരം (according to his will = ayk sebioneh) എന്നാക്കി. ഇത് ഉയിർപ്പിന്റെ കാര്യത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയല്ല പ്രത്യുത ദൈവപുത്രന്റെ മനുഷ്യാവതാരം, സഹനം, മരണം, ഉയിർപ്പ്, സ്വർഗ്ഗാരോഹണം, വീണ്ടും വരവ് എന്നിവയ്ക്കെല്ലാം പൊതുവായി ‘ അവൻ്റെ ഇച്ഛപ്രകാരം ‘ എന്ന വിശേഷണം ബാധകമാക്കിയിരിക്കുകയാണ്.
ഈ പ്രയോഗത്തിനും പുതിയ നിയമത്തിൻ്റെ പിന്തുണയുണ്ട്. യോഹ. 10: 18 പറയുന്നു: “ ഞാൻ എൻ്റെ ജീവൻ അർപ്പിക്കുവാനും വീണ്ടും പ്രാപിക്കുവാനും എനിക്ക് അധികാരമുണ്ട് “. സമാന വേദഭാഗങ്ങൾ പലയിടത്തും കാണാം (മർക്കോ 8: 31; 9: 31; 10: 34). ഇവിടെ ഉയിർപ്പുൾപ്പെടെയുള്ള മനുഷ്യാവതാരപ്രവൃത്തികൾ ‘ തിരു ഇച്ഛപ്രകാരം’ എന്നതും തിരുവചനാധിഷ്ഠിതമാണ്. അതായത് മനുഷ്യാവതാരം ദൈവപുത്രന്റെ ഒരു ബോധപൂർവ്വമായ പ്രവൃത്തി (intentional act) ആണ്. തിരുവെഴുത്തിൽ എഴുതിയതുകൊണ്ടു മാത്രമല്ല, എന്ന് സൂചന. തിരുവെഴുത്തിൻപ്രകാരം എന്നു പറയുമ്പോൾ ക്രിസ്തുവിൻ്റെ ഉയിർപ്പ് ആകസ്മികമായല്ല പ്രത്യുത ദൈവികപദ്ധതി പ്രകാരമാണ് എന്നും അത് തിരുവെഴുത്തിൽ മുമ്പേ തന്നെ രേഖപ്പെടുത്തിയ പ്രകാരമാണ് നടന്നത് എന്നും സൂചനയാണ് ഉള്ളത്. കൂടാതെ, പഴയനിയമത്തിനും തിരുവചനം എന്ന നിലയിൽ അതിന് സഭ നൽകുന്ന സാധൂകരണവും ഇവിടെ വ്യക്തമാണ്. എന്നാൽ ‘തൻ്റെ ഇച്ഛപ്രകാരം ‘ എന്നു പറയുമ്പോൾ ക്രിസ്തുവിൻ്റെ ദൈവത്വം, അധികാരം, സ്വാതന്ത്ര്യം, എന്നിവയ്ക്കെല്ലാം ഊന്നൽ കൊടുത്ത് രക്ഷാപദ്ധതി മുഴുവനും നടന്നത് ദൈവത്തിൻ്റെ ഇച്ഛാപ്രകാരമായിരുന്നു എന്ന് സ്ഥാപിക്കയാണ്. വീണ്ടും തിരുവചനപ്രകാരം എന്ന ഭാഷ്യത്തിന് മനുഷ്യാവതാരം നടന്നത് ഒരു തിരക്കഥയുടെ അരങ്ങേറ്റം എന്നപോലെ എന്ന രീതി വരുന്നു. എന്നാൽ അങ്ങനെയല്ല. അതു നടന്നതിൻ്റെ പിന്നിൽ ദൈവപുത്രന്റെ തീരുമാനം നടപ്പിലാക്കൽ ആയിരുന്നു എന്ന ചിന്തയ്ക്ക് പ്രാമുഖ്യം വരുന്നു.
‘തിരുവചന പ്രകാരം’ എന്നു പറയുമ്പോൾ ഒരു പാഠ (text) ത്തിൻ്റെ വ്യാഖ്യാനവിഷയമായി അത് മാറുന്നു. വേദപുസ്തകഭാഗങ്ങൾ പലതരത്തിലും വ്യാഖ്യാനിക്കപ്പെടാം. അതുകൊണ്ട് അത് വ്യാഖ്യാനസാധ്യതയുടെ വിഷയമാണ്. എന്നാൽ ദൈവ ഇച്ഛപ്രകാരം ആണ് എന്നു പറയുമ്പോൾ മനുഷ്യാവതാരം നടന്നത് ദൈവപുത്രന്റെ ലക്ഷ്യാധിഷ്ഠിതപ്രവൃത്തി എന്നു വരും. അതായത് നിഖ്യാ വിശ്വാസപ്രമാണത്തിന്റെ മൂല പാഠം (original text) ദൈവികപദ്ധതിക്കും അതിൻ്റെ പ്രവചനനിവൃത്തിക്കും പ്രാധാന്യം നൽകുമ്പോൾ സുറിയാനി പ്രയോഗം ദൈവപുത്രന്റെ സ്വാഭാവികമായ ഇച്ഛ, സ്വാതന്ത്ര്യം, അധികാരം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു. സുറിയാനിചിന്തയിൽ എഴുതപ്പെട്ട വചനത്തെക്കാൾ ദൈവത്തിൻ്റെ ജീവിക്കുന്ന പ്രവൃത്തിക്ക് പ്രാധാന്യം നൽകുന്ന രീതിയാണുള്ളത്. അതായത് രേഖയെക്കാൾ വ്യക്തിക്കും പ്രവൃത്തിക്കും അംഗീകാരം കൂടും. അതായത് മനുഷ്യാവതാരം, ഉയിർപ്പ്, സ്വർഗ്ഗാരോഹണം എന്നിവ നടന്നത് ദൈവപുത്രൻ്റെ ഇച്ഛ പ്രകാരമാണ്. മറിച്ച് അങ്ങനെ തിരുവെഴുത്തിൽ എഴുതപ്പെട്ടിരുന്നു എന്നതുകൊണ്ട് മാത്രമല്ല എന്ന് ചുരുക്കം.
ഒപ്പം തന്നെ ഇവിടെ ക്രിസ്തുവിജ്ഞാനീയത്തിന്റെ സ്വാധീനവും ഉണ്ടാകാം. പാശ്ചാത്യസുറിയാനി ക്രിസ്തുശാസ്ത്രം അന്ത്യോഖ്യൻ പാരമ്പര്യം വിട്ട് അലക്സന്ത്രിയൻ സ്വാധീനത്തിൽ വന്നു. ക്രിസ്തുവിലെ മനുഷ്യത്വത്തിന് പ്രാധാന്യവും ഐക്യത്തിനുശേഷം ക്രിസ്തുവിൽ ഇരു സ്വഭാവങ്ങളും നിലനിൽക്കുന്നു എന്നതായിരുന്നു അന്ത്യോഖ്യൻ പാരമ്പര്യം. എന്നാൽ അലക്സന്ത്രിയൻ വേദശാസ്ത്രപ്രകാരം ഐക്യത്തിനു ശേഷവും മനുഷ്യാവതാരപ്രക്രിയയുടെ subject ദൈവപുത്രൻ തന്നെയാണ്. ഇവിടെ ദൈവപുത്രൻ മനുഷ്യത്വം ‘ സ്വന്ത ഇച്ഛപ്രകാരം എടുക്കുകയായിരുന്നു. മറ്റാരുടെയോ ഇടപെടൽ വഴി ദൈവത്വവും മനുഷ്യത്വവും ക്രിസ്തുവിൽ യോജിക്കുകയായിരുന്നില്ല. വിശ്വാസപ്രമാണത്തിന്റെ അവതരണത്തിലും അതാണ് വ്യക്തമാകുന്നത്. ദൈവത്തിൻ്റെ ഏക പുത്രൻ തന്നെയാണ് രണ്ടാം ഖണ്ഡികയിലുള്ള എല്ലാ പ്രവർത്തനങ്ങളുടെയും കർത്താവ്. ആ ദൈവികപ്രവൃത്തി തിരുവചന പ്രകാരമാണ് നടന്നതെങ്കിലും ആ പ്രവർത്തനത്തിന്റെ (ടubject) ആയ ദൈവപുത്രൻ്റെ ഇച്ഛപ്രകാരമാണ് അത് നടന്നത് എന്ന് കർത്താവ് പറയുന്നതിൽ ഓറിയന്റൽ സഭയുടെ ക്രിസ്തുവിജ്ഞാനീയമാണ് ഇവിടെ പ്രകടമാകുന്നത്. അതായത് ഇത് നെസ്തോറിയൻ / കല്ക്കിദോൻ ക്രിസ്തുവിജ്ഞാനീയത്തിന്മേലുള്ള സുറിയാനി സഭയുടെ ഒരു കാഴ്ചപ്പാടിന്റെ തിരുത്തലായി മനസ്സിലാക്കാവുന്നതാണ്.
സുറിയാനിസഭയിൽ വിശ്വാസപ്രമാണ പാഠ (text) ത്തിൻ്റെ standardization നടക്കുന്നതായി കാണുന്നില്ല. അതായത് ആരാധനയിൽ പ്രയോജനപ്പെടുത്തിയാണ് അതിൻ്റെ ഉപയോഗം നിലനിന്നു വന്നത്. അതുകൊണ്ട് മാറിവരുന്ന സാഹചര്യങ്ങളിൽ ആശയവ്യക്തതയ്ക്കുവേണ്ടി തിരുവചനത്തിന് വിരുദ്ധമല്ലാത്ത കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും ഉണ്ടാകേണ്ടി വരുന്നു. അതാണ് ഈ വ്യത്യസ്തഭാഷ്യത്തിന് അടിസ്ഥാനം എന്ന് മനസ്സിലാക്കാം. അതുകൊണ്ട് മനുഷ്യാവതാരത്തിലും ഉയിർപ്പിലും പ്രവചനപ്രകാരമുള്ള പൂർത്തീകരണം നടക്കുകയായിരുന്നു എന്ന വസ്തുത നിഷേധിക്കാതെ എങ്കിലും ഇതിൽ ദൈവപുത്രന്റെ സ്വതന്ത്രമായ ഇടപെടലിന് ഈ തിരുത്ത് വഴി പ്രാമുഖ്യം കൈവരുന്നു എന്ന് ഇവിടെ ഏറ്റുപറയുന്നു.
ഇവിടെ ക്രിസ്തുവിൻ്റെ വ്യക്തിപരമായ ഇച്ഛയ്ക്കും അതിൻപ്രകാരമുള്ള നടപടികൾക്കും സാഹചര്യ — തിരുവചന പ്രകാരമുള്ള നിവൃത്തിയേക്കാൾ സുറിയാനി പാരമ്പര്യത്തിൽ പ്രാധാന്യം കൂടുന്നതായി നാം മനസ്സിലാക്കുന്നു. അതുകൊണ്ട് ക്രിസ്തുവിൻ്റെ ഇച്ഛയ്ക്ക് തിരുവെഴുത്തുകളുടെ നിവൃത്തി നിഷേധിക്കാതെ പൂർത്തീകരണത്തിന് ഊന്നൽ നൽകുന്നു. മാത്രമല്ല, നടക്കുന്ന സംഭവങ്ങളിൽ ഭാഷാശാസ്ത്രപ്രകാരം കർത്താവിന് അതിലെ (subject) ന് പ്രവൃത്തിയുടെ സാഹചര്യത്തേക്കാൾ പ്രാധാന്യം ഉണ്ടാകണമല്ലോ. ദൈവപുത്രന്റെ നടപടികൾ മറ്റൊന്നിനാൽ നിയന്ത്രിതമാകരുത് എന്ന് ഈ കൂടിച്ചേർക്കൽ സൂചിപ്പിക്കുന്നു.
ഗ്രീക്ക് — ലത്തീൻ വേദശാസ്ത്രത്തിൽ ക്രിസ്തുവിൻ്റെ ഉയിർപ്പ് ഉൾപ്പെടെയുള്ള മനുഷ്യാവതാര പ്രവർത്തനം ത്രിത്വ സഹകരണത്തിൽ നടക്കുന്നതായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. ദൈവം ക്രിസ്തുവിനെ ഉയിർപ്പിച്ചു എന്നാണ് സാധാരണയുള്ള പ്രയോഗം. റോമ 6: 4; എഫേ 2: 4 എന്നീ വേദഭാഗങ്ങൾ അതിന് സാധൂകരണം നൽകുന്നു. ഇതിന് ഭാഷാപരമായ ഒരു അടിസ്ഥാനവും ഉണ്ട്. ‘anastanta’ എന്ന ഗ്രീക്ക് പദം ഉയിർത്തെഴുന്നേറ്റു എന്നപോലെ ഉയിർപ്പിക്കപ്പെട്ടു എന്നും അർത്ഥമാകാം. എന്നാൽ സുറിയാനിയിൽ ‘ കോം ‘ എന്ന പദത്തിന് സ്വയം ഉയിരുക എന്നു മാത്രമാണർത്ഥം. അതുകൊണ്ട് ക്രിസ്തുവിൻ്റെ ഉയിർപ്പ് ക്രിസ്തുവിൻ്റെ വ്യക്തിപരമായ സ്വാതന്ത്ര്യം, ഇച്ഛ എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
സുറിയാനി സഭയിൽ നിലനിൽക്കുന്ന നിഖ്യാ വിശ്വാസപ്രമാണഭാഷ്യം ഒരിക്കലും മൂലഗ്രീക്ക് രേഖ അസാധുവാക്കുന്ന ഒന്നല്ല. നേരേ മറിച്ച് തിരുവചനപിന്തുണയോടെ സുറിയാനി ക്രിസ്തുവിജ്ഞാന — ഭാഷാശാസ്ത്ര പിന്തുണയോടെയുള്ള വിശദീകരണ / വ്യക്തമാക്കൽ വഴി വിശ്വാസപ്രഖ്യാപനത്തെ സമ്പുഷ്ടമാക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. (തുടരും…)

