ചില യുവസന്ന്യാസികളുമായുള്ള അഭിമുഖങ്ങൾ നല്ല ഉദ്ദേശത്തോടെ അപ്ലോഡ് ചെയ്യപ്പെട്ടതു യുട്യൂബിൽ കണ്ടിട്ടുണ്ട്. അവരിൽ ചിലരൊക്കെ പരിചയക്കാരുമാണ്. എല്ലാ അഭിമുഖങ്ങളുടെയും ഒരു പൊതു നറേറ്റിവ് ഇതാണ്: നല്ല നിലയിൽ ജീവിച്ചുവന്നവരായിരുന്നു അവർ. വലിയ ജോലി, വലിയ ശമ്പളം, വലിയ പ്രശസ്തി… എന്നാൽ, ക്രിസ്തുവിന്റെ മുമ്പിൽ ഇവയൊക്കെ തീർത്തും ചെറുതായി തോന്നിത്തുടങ്ങി… ഒടുക്കം അവർ സന്ന്യാസത്തിന്റെ വഴി തെരഞ്ഞെടുത്തു. ഇപ്പോൾ ചെറിയ പ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും ഉള്ളിൽ ഹാപ്പിയാണ്.
അഭിമുഖം കൊടുത്ത യുവസന്ന്യാസികൾമാത്രമല്ല ഈയൊരു നറേറ്റിവ് പറയുന്നത്. ഒരു സെമിനാരിയെടുക്കുക. ഒരു ബാച്ചിൽ പത്തു പേരുണ്ട്. ഒരാൾ പണ്ടു ഡോക്ടറോ എഞ്ചിനീയറോ ആയിരുന്നു. ബാക്കി ഒൻപതുപേർ പത്താം ക്ലാസോ പന്ത്രണ്ടാം ക്ലാസോ കഴിഞ്ഞു വന്നവരാണ്. റെക്ടറച്ചന്റെ കണ്ണിൽ കൂടുതൽ മെച്ചപ്പെട്ട “ദൈവവിളി” ആരുടേതാണ്?
നമ്മൾ വിശുദ്ധരെക്കുറിച്ചു പറയുമ്പോഴും അവർ ഉപേക്ഷിച്ചുകളഞ്ഞ സുന്ദരമായ ഭൂതകാലത്തെക്കുറിച്ച് ഏറെ സംസാരിക്കുന്നു. ഉദാഹരണത്തിന് അസ്സീസിയിലെ ഫ്രാൻസിസ്. അയാളുടെ അപ്പന്റെ തുണിക്കച്ചവടവും ഫ്രാൻസിസ് കൈയെത്തിപ്പിടിക്കാൻ നോക്കിയ പെരുമയും സൗന്ദര്യവുമൊക്കെ നമ്മുടെ കഥകളിൽ നിറയുന്നു. എന്നിട്ടും ക്രിസ്തുവിനുവേണ്ടി എല്ലാമുപേക്ഷിക്കാൻ അയാൾ തയ്യാറായെന്നും ആ ത്യാഗത്തെ നമ്മൾ കണ്ടുപഠിക്കണമെന്നും ഉദ്ബോധിക്കുന്നു.
എന്നാൽ, താൻ ഉപേക്ഷിച്ചു കളഞ്ഞ ഭൂതകാലമല്ല ഫ്രാൻസിസിന്റെ സംസാരങ്ങളിലും എഴുത്തുകളിലും നിറയുന്നത്, പിന്നെയോ അയാൾ ആഘോഷമാക്കിയ വർത്തമാന കാലമാണ്. പൗലോസ് ശ്ലീഹായുടെ പതിമൂന്ന് കത്തുകളിൽ തന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ആകെയുള്ള പരാമർശങ്ങൾ എല്ലാംകൂടി വിരലിലെണ്ണാവുന്നവയേയുള്ളൂ. അയാൾക്കു പറയാനും എഴുതാനും ഉള്ളതു മുഴുവനും താൻ ശരീരത്തിൽ ധരിച്ചിരിക്കുന്ന (ഗലാത്തിയർ 3: 27) ക്രിസ്തുവിനെക്കുറിച്ചാണ്. ഇതൊക്കെ ഗ്രഹിക്കാൻ സത്യത്തിൽ എളുപ്പമാണ്. ധനാഢ്യയായ ഒരു പെൺകുട്ടി ഒരു ഓട്ടോറിക്ഷക്കാരനെ പ്രണയിച്ച്, അയാളുടെകൂടെ ജീവിതം തുടങ്ങി, പത്തുകൊല്ലം കഴിഞ്ഞുവെന്നിരിക്കട്ടെ. അവളുടെ ചിന്തകളിലും വർത്തമാനങ്ങളിലും ഇനി കൂടുതലും നിറയുന്നത് എന്തായിരിക്കും: ഇറങ്ങിപ്പോന്ന ഭൂതകാലമോ, അതോ വർത്തമാന കാലത്തിൽ അവൾ ജീവിക്കുന്ന പ്രണയമോ? എപ്പോൾ അവൾ താൻ ത്യാഗം ചെയ്ത ഭൂതകാലത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങുന്നുവോ, ആ നിമിഷം മുതൽ അവളുടെ നെഞ്ചിലെ പ്രണയം മങ്ങിത്തുടങ്ങി എന്നു നമുക്ക് അനുമാനിക്കേണ്ടിവരും.
ഇവിടെയാണു ദൈവരാജ്യത്തെക്കുറിച്ചുള്ള രണ്ടുപമകൾ ശ്രദ്ധേയമാകുന്നത്: വയലിലെ നിധിയും (മത്താ. 13: 44) വിലയേറിയ രത്നവും (മത്താ. 14: 45-46). രണ്ടുപമകളിലെയും വ്യക്തികളെക്കുറിച്ചു നാം വായിക്കുന്നത്, “തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ / ആ രത്നം വാങ്ങുന്നു” എന്നാണ്. ഈ ഉപമകളുടെ ഫോക്കസ് എന്തുപേക്ഷിച്ചു എന്നതിലല്ലല്ലോ, എന്തു കണ്ടെത്തി എന്നതിലല്ലേ? ഒരാൾക്കു ലോട്ടറി അടിച്ചു എന്നു കരുതുക. പിന്നെയുള്ള അയാളുടെ സംസാരം മുഴുവൻ താൻ ലോട്ടറി വാങ്ങാൻ അഞ്ഞുറു രൂപാ മുടക്കി എന്നതിനെക്കുറിച്ചായിരിക്കുമോ, അതോ കൈവന്ന ഭാഗ്യത്തെക്കുറിച്ചായിരിക്കുമോ?
മത്തായിയുടെ സുവിശേഷത്തിലും തോമസിന്റെ സുവിശേഷത്തിലും മാത്രം കാണുന്ന ഉപമകളാണ് ഇവ രണ്ടും. മത്തായിയിൽ ഒരുമിച്ചു കാണുന്ന ഈ ഉപമകൾ തോമസിൽ രണ്ടിടത്തായിട്ടാണു നാം വായിക്കുന്നത് (തോമസ്. 109; 76). ഒരു വേള ഇവയൊരുമിച്ചു പറയപ്പെടാനും, മറ്റൊരു വേള ഇവ വെവ്വേറെ പറയപ്പെടാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. (കേൾവിക്കാരുടെ പ്രതികരണത്തിനനുസരിച്ചു നമ്മൾ പറയുന്ന കഥയിലും കാര്യത്തിലും നമ്മൾ അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്താറുണ്ടല്ലോ.) അതുകൊണ്ടാകാം ഈ രണ്ടു സുവിശേഷങ്ങളിലും ഇത്തരമൊരു വ്യത്യാസം നാം കാണുന്നത്.
റോമാക്കാർ ജറുസലെം കീഴടക്കുമെന്നായപ്പോൾ യഹൂദർ നിധികൾ പലയിടത്തും കുഴിച്ചിട്ടതായും അതു കണ്ടെടുക്കാൻ റോമാക്കാർ പിന്നീടു പെടാപ്പാടു പെട്ടതായും ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യഹൂദ ചരിത്രകാരനായ ഫ്ളാവിയുസ് ജൊസേഫുസ് (എ. ഡി. 37-100) രേഖപ്പെടുത്തിയിട്ടുണ്ട്. ചാവുകടലിന്റെ തീരത്തെ ഖുംറാൻ ഗുഹകളിൽ മൂന്നാമത്തേതിൽനിന്നു കണ്ടെടുക്കപ്പെട്ട ചെമ്പു ചുരുൾ അക്ഷരാർത്ഥത്തിൽ നിധികളുടെ ഒരു രേഖയാണ്. സ്വർണവും വെള്ളിയുമൊക്കെ ഗുഹയിലും പാടത്തും പാറയുടെ അള്ളിലും ശ്മശാന ഭൂമിയിലും എല്ലാം കുഴിച്ചിട്ടതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് ഈ ചുരുളിലുള്ളത്. പറഞ്ഞുവന്നത് നിധി കുഴിച്ചിടുന്നത് അക്കാലത്തെ ഒരു രീതിയായിരുന്നു എന്നാണ്. ഒരാൾ താലന്തു മണ്ണിൽ കുഴിച്ചിട്ടതിനെക്കുറിച്ച് നമ്മൾ താലന്തുകളുടെ ഉപമയിൽ വായിക്കുന്നുമുണ്ടല്ലോ (മത്താ. 25: 18, 25).
ഈ ചെറിയ രണ്ടുപമകൾക്ക് പലവിധ വ്യാഖ്യാനങ്ങൾ പലരായി നൽകിയിട്ടുണ്ട്. എങ്ങനെയാണ് ഇവ വ്യാഖ്യാനിക്കേണ്ടത് എന്നതു വചനത്തിൽനിന്നുതന്നെ വ്യക്തമായ കാര്യമാണ്. രണ്ടുപമകളുടെയും തുടക്കത്തിൽതന്നെ നമ്മൾ വായിക്കുന്നത് ഇവ രണ്ടും സ്വർഗരാജ്യത്തെക്കുറിച്ചുള്ള ഉപമകളാണ് എന്നാണ്. ഇവ രണ്ടും യേശു പറഞ്ഞത് ശിഷ്യന്മാരോടാണ്. ഉപമകളെ വ്യാഖ്യാനിക്കുമ്പോൾ ഈ രണ്ടു വസ്തുതകളും നിർബന്ധമായും നമ്മൾ ഓർമിക്കേണ്ടതാണ്.
വയലിൽ ഒളിപ്പിച്ച നിധിയെക്കുറിച്ചുള്ള ഉപമയുമായി ബന്ധപ്പെട്ട് ഒരു ധാർമിക പ്രശ്നം ചിലർ ഉന്നയിച്ചു കണ്ടിട്ടുണ്ട്. നിധി കണ്ടെത്തിയ കാര്യം മറച്ചുവച്ചിട്ടാണ് അയാൾ വയൽ സ്വന്തമാക്കുന്നത്. പ്രത്യക്ഷത്തിൽ ഈ കള്ളത്തരത്തിന് എതിരായി ഉപമയിൽ നാം ഒന്നും കാണുന്നില്ല. അപ്പോൾ ഉപമ കള്ളത്തരത്തെ അനുകൂലിക്കുകയല്ലേ? നിധി ഒളിപ്പിച്ചത് വയലിന്റെ ഉടമ അല്ലെന്നതു വ്യക്തമാണല്ലോ. (അയാൾക്ക് അതിനെക്കുറിച്ച് ഒരറിവുമില്ല.) അപ്പോൾ നിധി അയാളുടേതല്ല. അയാൾക്ക് തന്റെ വയലിന്റെ മുഴുവൻ വിലയും കിട്ടുന്നുമുണ്ട്. അതായത് വയലിന്റെ ഉടമസ്ഥനോട് അതു വാങ്ങിയവൻ അനീതി ചെയ്തതായി അയാൾക്കു തോന്നുന്നതേയില്ല. അതുകൊണ്ടാകണം കേൾവിക്കാർ ആരെങ്കിലും അത്തരമൊരു ധാർമിക പ്രശ്നം ഉന്നയിക്കുന്നതായി നാം വചനത്തിൽ വായിക്കാത്തത്.
നാം ഇവിടെ പരിഗണിക്കുന്ന ഉപമകളിലെ വയൽ, നിധി, വയൽ വാങ്ങിയവൻ, രത്നം, രത്ന വ്യാപാരി തുടങ്ങിയവ എന്തിനെയെല്ലാം പ്രതിനിധാനം ചെയ്യുന്നു എന്ന ചോദ്യം അപ്രസക്തമാണ്. (ഈദൃശ ചോദ്യങ്ങൾ ഉപമയെ അലഗറിയായി തെറ്റിദ്ധരിക്കുന്നതുകൊണ്ട് ഉന്നയിക്കപ്പെടുന്നതാണ്.) പി. ഒ. സി ബൈബിളിൽ ഈ ഉപമകൾ പല വാക്യങ്ങളിലായിട്ടാണല്ലോ കൊടുത്തിരിക്കുന്നത്. എന്നാൽ വചനത്തിന്റെ മൂലഭാഷയായ ഗ്രീക്കിൽ ഈ രണ്ടുപമകളും ഓരോ വാക്യമാണ്. ഗ്രീക്കു ബൈബിളിൽ കൊടുത്തിരിക്കുന്ന രീതിയിൽ വചനഭാഗത്തെ ചുവടെ പരിഭാഷപ്പെടുത്തുകയാണ്: “വയലിൽ ഒളിച്ചുവച്ചിരിക്കുന്ന നിധി കണ്ടെത്തുന്നവൻ, അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങുകയും ചെയ്യുന്നതുപോലെയാണ് സ്വർഗരാജ്യം. വീണ്ടും, നല്ല രത്നങ്ങൾ തേടുന്ന വ്യാപാരി, വിലയേറിയ ഒരു രത്നം കണ്ടെത്തുമ്പോൾ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നതുപോലെയാണു സ്വർഗരാജ്യം”_ (മത്താ. 13: 44-46) _
ആവർത്തിക്കുന്നു: നാം പരിഗണിക്കുന്ന ഓരോ ഉപമയും ഒറ്റവാക്യത്തിൽ പറയപ്പെട്ടതാണ്. മുകളിൽ കൊടുത്തിരിക്കുന്ന നിധിയുടെ ഉപമമാത്രം ഒന്നുകൂടെ ശ്രദ്ധിച്ചു വായിക്കുക. വയലിനോടോ നിധിയോടോ വയൽ വാങ്ങിയവനോടോ ഒന്നുമല്ല സ്വർഗരാജ്യത്തെ ഉപമിച്ചിരിക്കുന്നത്, പിന്നെയോ ആ വാക്യത്തിൽ പ്രസ്താവിക്കുന്ന മുഴുവൻ സംഭവത്തോടാണ്. ആ സംഭവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാവം സന്തോഷമാണ്. ആ സംഭവം യേശുവിന്റെ കേൾവിക്കാരിൽ ഉളവാക്കുന്നതും അത്ഭുതവും സന്തോഷവുമാണ്. നിധി കണ്ടെത്തിയവൻ അതു സ്വന്തമാക്കാൻ തനിക്കുള്ളതെല്ലാം വിൽക്കുന്നത് ഒരു സ്വാഭാവിക പ്രതികരണമായേ ഏതൊരാളും മനസ്സിലാക്കൂ. ആ വിൽക്കലിൽ ത്യാഗമെന്ന ഭാവം ആർക്കും കണ്ടെടുക്കാനാകില്ല. സമാനമായ രീതിയിൽ, യേശുവും അവന്റെ വാക്കുകളും ജീവിതശൈലിയും സ്വാഭാവികമായി അർഹിക്കുന്ന പ്രതികരണം അവയെ എങ്ങനെയും സ്വന്തമാക്കുക എന്നതാണ്. അതിനുവേണ്ടി കൊടുക്കേണ്ടിവരുന്ന ഒരു വിലയും സത്യത്തിൽ വിലയേയല്ല. ഉപമയുടെ ഫോക്കസ് ഉള്ളതെല്ലാം വിറ്റു എന്നതിലല്ല, നിധി കണ്ടെത്തി എന്നതിലാണ്. ത്യാഗത്തെക്കുറിച്ചുള്ള ആധിയല്ല, കണ്ടെത്തിയതിന്റെ ആനന്ദമാണ് ഒരേയൊരു ഭാവം. പണ്ട് എന്തൊക്കെ താൻ ത്യജിച്ചു എന്നു പേർത്തും പേർത്തും പറയലല്ല ശിഷ്യത്വം, പിന്നെയോ അത് നെഞ്ചിൽ തോന്നുന്ന നിറവാണ്.
വിലയേറിയ രത്നത്തിന്റെ ഉപമയും ഇതേ സന്ദേശമാണു മുന്നോട്ടു വയ്ക്കുന്നത്. “സന്തോഷം” എന്ന വാക്ക് ഈ ഉപമയിൽ കാണുന്നില്ലെന്നതു ശരിതന്നെ. ഒരമൂല്യരത്നം കണ്ണിലുടക്കിയ രത്ന വ്യാപാരിക്ക് അനുഭവപ്പെടുന്ന ഒരേയൊരു വികാരം സന്തോഷമാണെന്നതു പ്രത്യേകിച്ച് പറയേണ്ട ഒരു കാര്യമല്ലല്ലോ. തനിക്കുള്ളതെല്ലാം വിൽക്കുന്നത് ഒരു ത്യാഗമായി അയാളും പരിഗണിക്കുന്നതേയില്ല. ഉപമയുടെ കേൾവിക്കാരും അങ്ങനെ ചിന്തിക്കില്ല. ശിഷ്യന്മാർ ക്രിസ്തുശിഷ്യത്വത്തെ കാണേണ്ടതും ഇതേ രീതിയിലാണ്.
രണ്ടുപമകളും ഒരേ കാര്യമാണു പറയുന്നത് എന്നതു ശരിതന്നെ. എങ്കിലും ചെറിയൊരു വ്യത്യാസം ഇവയ്ക്കിടയിലുണ്ട്. “ട്രെഷർ ഹണ്ടിങ്” എന്ന കുട്ടികളുടെ കളിയിൽ ഒരുപാട് അന്വേഷണത്തിനും അലച്ചിലിനും അവസാനമാണ് നിധി കണ്ടെത്തുന്നത്. എന്നാൽ ഉപമയിൽ അയാൾ നിധി കണ്ടെത്തുന്നത് “ട്രെഷർ ഹണ്ടിങ്” നടത്തിയല്ല, വളരെ അവിചാരിതമായിട്ടാണ്. എന്നു വച്ചാൽ അയാൾ അതിനുവേണ്ടി അന്വേഷിച്ചിറങ്ങിയതല്ല, നിനച്ചിരിക്കാതെ കണ്ണിൽപെട്ടുപോയതാണ്. സമാനമായ രീതിയിൽ ദൈവരാജ്യം നമ്മെ ചിലപ്പോൾ ആവേശിച്ചുകളയും, പൗലോസിന്റെ കാര്യത്തിലോ അസ്സീസിയിലെ ഫ്രാൻസിസിന്റെ കാര്യത്തിലോ ഒക്കെ സംഭവിച്ചതുപോലെ. എന്നാൽ, രത്ന വ്യാപാരി അമൂല്യ രത്നത്തിനുവേണ്ടി വീടും നാടും വിട്ട് അലഞ്ഞവനാണ്. ഒരുപാട് വിയർത്തിട്ടാണ് അയാൾക്ക് അയാൾ മോഹിച്ചതിന്റെ സമീപത്തെത്താൻ പറ്റുന്നത്. സമാനമായ രീതിയിലാണ് ചിലപ്പോൾ ചിലർക്കു ദൈവരാജ്യം കരഗതമാകുന്നത്. നിക്കൊദേമോസിന്റെ കാര്യത്തിലോ ഹിപ്പോയിലെ അഗസ്റ്റിന്റെ കാര്യത്തിലോ ഒക്കെ സംഭവിച്ചതുപോലെ.
മുൻപറഞ്ഞതു വ്യക്തമാക്കാൻ പ്രണയത്തിന്റെ കാര്യമെടുക്കാം. ഒരാൾക്കു പ്രണയം ലഭിക്കുന്നത് ആദ്യ കാഴ്ചയിൽതന്നെ പൊടുന്നനെയാണ്. വേറൊരാൾക്ക് അതു ലഭിക്കുന്നത് ഒരുവളുടെ പിറകേ നാളുകൾ അലഞ്ഞിട്ടാണ്. എങ്ങനെയായാലും പ്രണയം സംഭവിച്ചു കഴിഞ്ഞാൽ പിന്നെ എന്തു വില കൊടുത്തും അതിനെ സ്വന്തമാക്കുക എന്നതാണ് ഒരേയൊരു മാർഗം. പ്രണയത്തിനു കൊടുക്കേണ്ടിവരുന്ന ഒരു വിലയും വിലയായി ആർക്കും ഒട്ടു തോന്നുകയുമില്ല. സമാനമാണ് ദൈവത്തിന്റെ കാര്യവും. നിങ്ങൾ എങ്ങനെ അവിടുത്തെ കണ്ടുമുട്ടുന്നു എന്നതു പ്രധാനപ്പെട്ടതല്ല. കണ്ടുമുട്ടിയാൽ കൊടുക്കേണ്ടിവരുന്ന വിലയൊന്നും വിലയല്ല. ചുരുക്കത്തിൽ “ശിഷ്യത്വത്തിൽ ത്യാഗമില്ല.” പൗലോസ് ശ്ലീഹായുടെ വാക്കുകൾ കാര്യത്തിന് കുറച്ചുകൂടി വ്യക്തത നൽകുന്നു: ‘… എന്റെ കർത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതൽ വിലയുള്ളതാകയാൽ, സർവവും നഷ്ടമായിത്തന്നെ ഞാൻ പരിഗണിക്കുന്നു. അവനെപ്രതി ഞാൻ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്” (_ഫിലിപ്പിയർ 3: 8) _.
ശിഷ്യത്വത്തിലെ “സന്തോഷ”ത്തിന് നമ്മൾ ഒരുപാട് ഊന്നൽ കൊടുത്തത് തെറ്റിദ്ധാരണക്ക് വഴിവയ്ക്കില്ല എന്നു കരുതുന്നു. ശിഷ്യത്വം നിർബന്ധമായും “കുരിശിന്റെ വഴി”യാണെന്ന പാഠങ്ങൾ പുതിയ നിയമത്തിലുള്ളത് എണ്ണിയാൽ തീരില്ല. രണ്ടെണ്ണം മാത്രം ഇവിടെ ചേർക്കുന്നു: “എന്റെ സഹോദരരേ, വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ, നിങ്ങൾ സന്തോഷിക്കുവിൻ” (യാക്കോബ് 1: 2). പരീക്ഷകളില്ലാതെ ശിഷ്യത്വമില്ലതന്നെ. “നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂർണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നിൽ കണ്ടുകൊണ്ടുവേണം നാം ഓടാൻ; അവൻ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച്, അവമാനം വകവയ്ക്കാതെ, കുരിശു ക്ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് അവൻ അവരോധിക്കപ്പെടുകയും ചെയ്തു. ആകയാൽ, മനോധൈര്യം അസ്തമിച്ച് നിങ്ങൾ തളർന്നുപോകാതിരിക്കാൻവേണ്ടി, അവൻ, തന്നെ എതിർത്ത പാപികളിൽനിന്ന് എത്രമാത്രം സ ഹിച്ചെന്നു ചിന്തിക്കുവിൻ. പാപത്തിനെതിരായുള്ള സമരത്തിൽ നിങ്ങൾക്ക് ഇനിയും രക്തം ചൊരിയേണ്ടി വന്നിട്ടില്ല” (ഹെബ്രായർ 12: 2-4). അപ്പോൾ, വിയർക്കാതെയും വിശക്കാതെയും ആർക്കും ശിഷ്യത്വം ജീവിച്ചു തീർക്കാനാകില്ല. എങ്കിലും പ്രണയം വന്നു വാതിലിൽ മുട്ടുമ്പോൾ പരിണതഫലങ്ങൾ നോക്കാതെ ഒരാൾ ഇറങ്ങിപ്പോകുന്നതുപോലെ, ക്രിസ്തുവിന്റെ പിറകേ ശിഷ്യൻ മുൻപിൻ നോക്കാതെ അങ്ങിറങ്ങിപ്പോകുകയാണ്.
നിധിയുടെയും രത്നത്തിന്റെയും ഉപമകളെ ബ്രാക്കറ്റു ചെയ്തിരിക്കുന്നത് വിധിയെക്കുറിച്ചുള്ള രണ്ടു വചന ഭാഗങ്ങളാണ്: യുഗാന്തത്തിൽ കളയും വിളയും വേർതിരിക്കുന്ന വചനഭാഗവും (മത്താ. 13: 36-43) വലയിൽ പിടിക്കപ്പെട്ട മത്സ്യങ്ങളിൽ മോശമായത് പുറത്തേക്ക് എറിയുന്ന വചനഭാഗവും (മത്താ. 13: 47-49). അപ്പോൾ ദൈവത്തെ പിഞ്ചെല്ലണോ വേണ്ടയോ എന്നതൊരു ഓപ്ഷനേയല്ല. അവിടുന്ന് നിധിയാണ്; അതിനു കൊടുക്കേണ്ടിവരുന്ന ഒരു വിലയും വലിയ വിലയല്ല. ആ നിധിക്കെതിരേ പുറം തിരിയുന്നവർ കൊടുക്കേണ്ടിവരുന്ന വില ഒട്ടു ചെറുതുമാകില്ല.

