മുഖത്തെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത വേദനാജനകമായ അവസ്ഥയാണ് ട്രൈജമിനൽ ന്യൂറൽജിയ (TN). പൊതുജനങ്ങൾക്ക് ഇതിനെകുറിച്ച് വ്യാപകമായി അറിയില്ലെങ്കിലും, ഒരു വ്യക്തി അനുഭവിക്കുന്ന ഏറ്റവും വേദനാജനകമായ മെഡിക്കൽ അവസ്ഥകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. വാസ്തവത്തിൽ, വേദന അസഹനീയവും തീവ്രമാകാവുന്നതിനാലാണ് ഈ രോഗാവസ്ഥയെ “സൂയിസൈഡ് ഡിസീസ്”എന്ന് വിളിക്കുന്നത്. ഒരു പ്രമുഖ ബോളിവുഡ് നടന് ട്രൈജമിനൽന്യൂറൽജിയ ഉണ്ടെന്ന് കണ്ടെത്തിയപ്പോഴാണ് പലരും ഈ അവസ്ഥയെക്കുറിച്ച് അറിയുന്നത്.
എന്താണ് ട്രൈജമിനൽ ന്യൂറൽജിയ? ഇത് സംഭവിക്കുന്നതെന്തുകൊണ്ട്?
ട്രൈജമിനൽ നാഡിയുടെ ഒരു തകരാറാണ് ട്രൈജമിനൽ. നമ്മുടെ മുഖത്തിലെ സംവേദനങ്ങൾ തലച്ചോറിലേക്ക് എത്തിക്കുന്ന അഞ്ചാമത്തെ തലയോട്ടി നാഡിയാണ് ട്രൈജമിനൽ നാഡി. ഇതിന് മൂന്നു പ്രധാനശാഖകളുണ്ട്. ഒരു ശാഖ നെറ്റിയിലേക്കും കണ്ണിലേക്കും പോകുന്നു. മറ്റൊന്ന് കവിളിലേക്കും മൂന്നാമത്തേതു താടിയെല്ലിലേക്കും പോകുന്നു.
എന്തെങ്കിലും ഈ നാഡിയെ പ്രകോപിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്താൽ, ഇവ തലച്ചോറിലേക്ക് പെട്ടെന്നു സിഗ്നലുകൾ അയയ്ക്കും.
ട്രൈജമിനൽ ന്യൂറൽജിയയുള്ളവർ വേദനയെ ഇങ്ങനെ വിവരണം ചെയ്യാറുണ്ട്:
- വൈദ്യുതാഘാതം പോലെ — കുത്തുന്നതു പോലെ — തുളയ്ക്കുന്നതു പോലെ — പൊള്ളലേൽക്കുന്നതു പോലെ — അത്യന്തം തീവ്രവും അസഹനീയവുമായത്
സാധാരണയായി മുഖത്തിന്റെ ഒരു വശത്തെയാണ് വേദന ബാധിക്കുന്നത്. വേദന എങ്ങനെ അനുഭവപ്പെടുന്നു? ട്രൈജമിനൽ ന്യൂറൽജിയയുടെ വേദന സാധാരണ തലവേദനയിൽനിന്നോ പല്ലുവേദനയിൽ നിന്നോ വളരെ വ്യത്യസ്തമാണ്. അതു പലപ്പോഴും:
- പെട്ടെന്ന് വരുന്നു — ഏതാനും സെക്കൻഡുകൾ മുതൽ 2 മിനിറ്റ് നീണ്ടുനിൽക്കും — ആവർത്തിച്ചുള്ള വേദനകൾ ഉണ്ടാകാം — ദിവസത്തിൽ പലതവണ സംഭവിക്കാം
പല്ലുതേയ്ക്കൽ, മുഖംകഴുകൽ, സംസാരിക്കൽ, ഭക്ഷണംകഴിക്കൽ, ചെറു കാറ്റ് മുഖത്ത് തട്ടിയാൽ തുടങ്ങി ലളിതമായ പ്രവർത്തനങ്ങൾപോലും ഇതിന് കാരണമാകാം. ഇക്കാരണത്താൽ, അടുത്ത വേദനയെ ഭയന്ന് പലരും ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ച് ഉത്കണ്ഠാകുലരാകുന്നു ഒപ്പം ഒറ്റപ്പെടലിലേക്കും നയിക്കുന്നു.
ട്രൈജമിനൽ ന്യൂറൽജിയ എന്തു കൊണ്ടാണ് സംഭവിക്കുന്നത്?
മിക്ക കേസുകളിലും, തലച്ചോറിനടുത്ത് ട്രൈജമിനൽ നാഡിയിൽ ഒരു രക്തക്കുഴലിൽ മർദ്ദം അനുഭവപ്പെടുമ്പോഴാണ് ട്രൈജമിനൽ ന്യൂറൽജിയ സംഭവിക്കുന്നത്. കാലക്രമേണ, ഈ സ്ഥിരമായ മർദ്ദം നാഡിയുടെ മൈലിൻ എന്ന സംരക്ഷണപാളിയെ നശിപ്പിക്കുന്നു. ആ ആവരണത്തിന് ക്ഷയം സംഭവിക്കുമ്പോൾ, നാഡി തെറ്റായി പ്രവർത്തിക്കുകയും വേദന സിഗ്നലുകൾ അയയ്ക്കുകയും ചെയ്യുന്നു.
വളരെ അപൂർവ്വമായി മൾട്ടിപ്പിൾ സ്ക്ലിറോസിസ് (എംഎസ്), നാഡിയെ അമർത്തുന്ന ട്യൂമർ, മുഖത്തിലെ പരിക്ക്, സ്ട്രോക്ക് എന്നിവയും കാരണങ്ങളാകാം. ചില കേസുകളിൽ വ്യക്തമായ കാരണം കണ്ടെത്താനാവില്ല.
ആരിലാണ് അപകട സാധ്യത കൂടുതൽ?
സാധാരണയായി ട്രൈജമിനൽ ന്യൂറൽജിയ കൂടുതലായി:
- 50 വയസ്സിനു മുകളിലുള്ളവർ — സ്ത്രീകളിൽ (പുരുഷന്മാരേക്കാൾ ലേശം കൂടുതൽ) — മൾട്ടിപ്പിൾ സ്ക്ലിറോസിസ് ഉള്ളവർ
പ്രായമായവരിൽ ഇത് കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിലും, ഏതു പ്രായത്തിൽ വേണമെങ്കിലും ഇത് സംഭവിക്കാം.
രോഗനിർണ്ണയത്തിനായി ട്രൈജമിനൽ ന്യൂറൽജിയയ്ക്ക് ഒരു പ്രത്യേക പരിശോധനയും ഇല്ല. രോഗിയുടെ വേദനയുടെ വിവരണം, വേദനയുടെ സ്ഥാനം, പ്രകോപനഘടകങ്ങൾ എന്നിവ ഉൾപ്പെടുന്ന ക്ലിനിക്കൽ അവതരണത്തെ അടിസ്ഥാനമാക്കി ഡോക്ടർമാർ ഇത് നിർണയിക്കുന്നു. ട്യൂമറുകൾ അല്ലെങ്കിൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്നിവ ഒഴിവാക്കാൻ ങഞകസ്കാനുകൾ നടത്തുന്നു. വേദന പലപ്പോഴും പല്ലിന്റെ പ്രശ്നമായി തോന്നുന്നതിനാൽ, പലരും ആദ്യം ഒരു ദന്ത രോഗവിദഗ്ദ്ധനെ സമീപിക്കുകയും, ചിലർ ശരിയായ രോഗനിർണ്ണയം നടത്തുന്നതിന്മുമ്പ് അനാവശ്യമായ ദന്ത നടപടി ക്രമങ്ങൾക്കു വിധേയരാകുന്നു.
ട്രൈജമിനൽ ന്യൂറൽജിയ അപകടകരമാണോ?
ട്രൈജമിനൽ ന്യൂറൽജിയ ഒരിക്കലും ജീവന് ഭീഷണി അല്ല. മാത്രമല്ല ഇത് തലച്ചോറിനെ തകരാറിലാക്കുകയോ ആയുർ ദൈർഘ്യം കുറയ്ക്കുകയോ ചെയ്യുന്നില്ല. എന്നിരുന്നാലും, അസഹ്യമായ വേദന ജീവിതനിലവാരത്തെ സാരമായി ബാധിക്കും. രോഗ ബാധിതർ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ക്രമേണ ശരീരഭാരം കുറയ്ക്കുകയും ചെയ്യാം, സാമൂഹിക ഇടപെടലുകൾ ഒഴിവാക്കാം, വിഷാദമോ ഉത്കണ്ഠയോ ഉണ്ടാകാം, ഉറക്കക്കുറവ് അനുഭവപ്പെടാം. ചികിത്സ ലഭിക്കാത്ത ഗുരുതരമായ കേസുകളിൽ മാനസികക്ലേശം വളരെ തീവ്രമാകാം. അതുകൊണ്ടാണ് നേരത്തെയുള്ള ചികിത്സ വളരെ പ്രധാനമാകുന്നത്.
ചികിത്സാമാർഗ്ഗങ്ങൾ
ട്രൈജമിനൽ ന്യൂറൽജിയയ്ക്ക് സാധാരണ വേദന സംഹാരികൾ മതിയാകില്ല. നാഡിയുടെ പ്രവർത്തനം നിയന്ത്രിക്കുന്ന പ്രത്യേക മരുന്നുകളാണ് ഉപയോഗിക്കുന്നത്.
1. ആദ്യനിര ചികിത്സയിൽ മരുന്നുകൾ
സാധാരണ വേദന സംഹാരികളിൽനിന്ന് വ്യത്യസ്തമായി, ട്രൈജമിനൽ ന്യൂറൽജിയയ്ക്ക് നാഡികളുടെ പ്രവർത്തനത്തെ ശാന്തമാക്കുന്ന പ്രത്യേക മരുന്നുകൾ ആവശ്യമാണ്. കർശനമായ മെഡിക്കൽ മേൽനോട്ടത്തിൽ, മരുന്നുകൾ കുറഞ്ഞ അളവിൽ ആരംഭിച്ച് സാവധാനം ഡോസ് വർദ്ധിപ്പിക്കുന്നു.
ഈ മരുന്നുകൾക്ക് മയക്കം, തലകറക്കം, ഓക്കാനം അല്ലെങ്കിൽ നേരിയ രക്ത പരിശോധനാമാറ്റങ്ങൾ പോലുള്ള ചെറിയ പാർശ്വ ഫലങ്ങൾ ഉണ്ടാകാം.
2. ശസ്ത്രക്രിയാ ചികിത്സകൾ
മരുന്നുകൾ ശരിയാം വണ്ണം പ്രവർത്തിക്കുന്നില്ലെങ്കിലോ വളരെയധികം പാർശ്വഫലങ്ങൾ ഉണ്ടാക്കുകയാണെങ്കിലോ, ശസ്ത്രക്രിയ പരിഗണിക്കാവുന്നതാണ്. ഏറ്റവും ഫലപ്രദമായ ദീർഘകാല ശസ്ത്രക്രിയാ ഓപ്ഷൻ ഇതാണ്:
മൈക്രോവാസ്കുലർഡീകംപ്രഷൻ (എംവിഡി)
ഈ പ്രക്രിയയിൽ, ഒരു സർജൻ ട്രൈജമിനൽനാഡിയിൽ നിന്ന് രക്തക്കുഴൽ നീക്കി അവയ്ക്കിടയിൽ ഒരു ചെറിയ ടെഫ്ലോൺ കുഷ്യൻ സ്ഥാപിക്കുന്നു. ഇത് ദീർഘകാല ആശ്വാസം നൽകുകയും ചിലപ്പോൾ അവസ്ഥയെ സുഖപ്പെടുത്തുകയും ചെയ്യും.
പരിഗണിക്കാവുന്ന മറ്റു നടപടിക്രമങ്ങളിൽ ഇവ ഉൾപ്പെടുന്നു.
- റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ (വേദന നിർത്താൻ നാഡിയുടെ ഒരു ഭാഗത്തിന് കേടുപാടുകൾ വരുത്തൽ) — ബലൂൺ കംപ്രഷൻ — ഗ്ലിസറോൾ കുത്തിവയ്പ്പ് — ഗാമ നൈഫ് റേഡിയോസർജറി
ഓരോന്നിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ചിലതു മുഖത്ത് മരവിപ്പ് ഉണ്ടാക്കാം.
ട്രൈജമിനൽ ന്യൂറൽജിയ കൈകാര്യം ചെയ്യുന്നതിന് പലപ്പോഴും ജീവിതശൈലി മാറ്റങ്ങൾ ആവശ്യമാണ്:
- ട്രിഗറുകൾ തിരിച്ചറിയുകയും ഒഴിവാക്കുകയും ചെയ്യുക — ഇളം ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക — തണുത്തകാറ്റ് ഒഴിവാക്കുക — തീവ്രവേദനയുള്ളപ്പോൾ മൃദുവായ ഭക്ഷണങ്ങൾ കഴിക്കുക — സമ്മർദ്ദം നിയന്ത്രിക്കുക
സമ്മർദ്ദം ട്രൈജമിനൽ ന്യൂറൽജിയയ്ക്ക് കാരണമാകില്ല, പക്ഷേ അത് വേദന കൂടുതൽ വഷളാക്കും. പിന്തുണാഗ്രൂപ്പുകളും കൗൺസിലിംഗും രോഗികളെ വൈകാരികമായി സഹായിക്കും.
പൂർണ്ണമായൊരു പരിഹാരം സാധ്യമാണോ?
ട്രൈജമിനൽ ന്യൂറൽജിയയ്ക്ക് എല്ലാവർക്കും ഒരേ രീതിയിലുള്ള പരിഹാരം സാധ്യമല്ല. എന്നാൽ പ്രതീക്ഷ ഇല്ലെന്നതും ശരിയല്ല. ചിലരിൽ മൈക്രോവാസ്കുലർ ഡീകംപ്രഷൻ പോലുള്ള ശസ്ത്രക്രിയ ദീർഘകാലത്തേക്കു വേദനയിൽ നിന്നും സ്ഥിരമായ ആശ്വാസം നൽകുന്നു. ചിലർക്കത് ജീവിതം തന്നെ മാറ്റി മറിക്കുന്ന പരിഹാരമാകുന്നു. മറ്റു ചിലരിൽ ഈ അവസ്ഥ ആവർത്തിച്ചു വരാനും പോകാനും ഇടയുണ്ട്. മാസങ്ങളോ വർഷങ്ങളോ നീണ്ടു നിൽക്കുന്ന ശാന്തതയ്ക്ക്ശേഷം വീണ്ടും ആക്രമണങ്ങൾ ഉണ്ടാകാം. എന്നാൽ ഒരു കാര്യത്തിൽ സംശയമില്ല: ചികിത്സിക്കാതെ വിട്ടാൽ വേദനയുടെ തീവ്രതയും ആവർത്തനവും കാലക്രമേണ വർദ്ധിക്കാം. അതു കൊണ്ട് തന്നെ, ലക്ഷണങ്ങൾ ആരംഭിക്കുന്ന സമയത്തു തന്നെ വൈദ്യസഹായം തേടുന്നത് മികച്ച ഫലങ്ങൾ നേടാൻ സഹായിക്കും.
ഒരു ഡോക്ടറെ സമീപിക്കേണ്ടതെപ്പോൾ?
നിങ്ങൾക്ക് ഇനിപ്പറയുന്നവ അനുഭവപ്പെടുകയാണെങ്കിൽ നിങ്ങൾ വൈദ്യസഹായം തേടണം:
- സെക്കൻഡുകൾക്കുള്ളിൽ തുടങ്ങി അവസാനിക്കുന്ന മൂർച്ചയുള്ള വേദന — പെട്ടെന്നുള്ള, അത്യന്തം കഠിനമായ മുഖ വേദന — വൈദ്യുതാഘാതം പോലെ തോന്നുന്ന വേദന — ലഘു സ്പർശനത്താലോ കാറ്റു തട്ടലാലോ ഉണ്ടാകുന്ന വേദന — ഒരേ ഭാഗത്ത് ആവർത്തിച്ച് ഉണ്ടാകുന്ന ആക്രമണങ്ങൾ
പ്രത്യേകിച്ച് സ്ഥിരമല്ലാത്ത, മൂർച്ചയുള്ളതും ഹ്രസ്വവുമായ വേദന ഒരു ദന്ത പ്രശ്നം മാത്രമാണെന്ന് കരുതരുത്. ഒരു ന്യൂറോ സ്പെഷ്യലിസ്റ്റ് ഈ അവസ്ഥയെ ചികിത്സിക്കുന്നു.
വൈകാരിക ആഘാതം: ഹൃദയാഘാതത്തിന്റെ മറഞ്ഞിരിക്കുന്ന വശം
ട്രൈജമിനൽ ന്യൂറൽജിയയുടെ ഏറ്റവും പ്രയാസകരമായ ഭാഗങ്ങളിലൊന്ന് വേദന അദൃശ്യമാണെന്നതാണ്. തീവ്രമായ ആക്രമണങ്ങൾ അനുഭവിക്കുമ്പോൾ ആളുകൾ പൂർണ്ണമായും ആരോഗ്യവാന്മാരായി കാണപ്പെട്ടേക്കാം. വേദന പ്രവചനാതീതമായതിനാൽ, അടുത്ത വേദനാ ഘട്ടത്തെക്കുറിച്ചുള്ള നിരന്തരമായ ഭയത്തിലാണ് പലരും ജീവിക്കുന്നത്. ഇത് ക്രമേണ സാമൂഹിക ഒറ്റപ്പെടൽ, ഉത്കണ്ഠാപ്രശ്നങ്ങൾ, വിഷാദം എന്നിവയിലേക്ക്നയിച്ചേക്കാം.
ട്രൈജമിനൽ ന്യൂറൽജിയ ബാധിച്ചിരിക്കുന്നവർക്ക് കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ആരോഗ്യസംരക്ഷണപ്രവർത്തകർ തുടങ്ങി എല്ലാവരുടെയും മാനസിക പിന്തുണ അത്യന്താപേക്ഷിതമാണ്. കുടുംബത്തിൽനിന്നും സുഹൃത്തുക്കളിൽനിന്നും ആരോഗ്യ സംരക്ഷണ ദാതാക്കളിൽ നിന്നുമുള്ള വൈകാരിക പിന്തുണയും വളരെ പ്രധാനമാണ്. ട്രൈജമിനൽ ന്യൂറൽജിയ ഉള്ള ഒരാൾ നിരാശയെക്കുറിച്ചോ ആത്മഹത്യാ ചിന്തകളെക്കുറിച്ചോ സംസാരിക്കുകയാണെങ്കിൽ, ഉടനടി വൈദ്യശാസ്ത്രപരവും മാനസികവുമായ പിന്തുണ അത്യാവശ്യമാണ്.
ഭാവിയിലേക്കുള്ള പ്രതീക്ഷ
ട്രൈജമിനൽ ന്യൂറൽജിയയ്ക്കുള്ള മികച്ച ചികിത്സകൾക്കായിട്ടുള്ള മെഡിക്കൽ ഗവേഷണങ്ങൾ തുടരുന്നു. ഉന്നതനിലവാരമുള്ള ഇമേജിംഗ് സാങ്കേതികവിദ്യകൾ, കൂടുതൽ കൃത്യമായ ശസ്ത്രക്രിയാരീതികൾ, പുതിയ നാഡി-സ്ഥിരത മരുന്നുകൾ ഇതെല്ലാം കഴിഞ്ഞ ദശകങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ മെച്ചപ്പെട്ട ചികിത്സാഫലങ്ങൾ നൽകുന്നു. ഇന്ന്, ട്രൈജമിനൽന്യൂറൽജിയ ഉള്ള മിക്ക ആളുകൾക്കും അർത്ഥവത്തായ വേദന നിയന്ത്രണം നേടാൻ കഴിയും.
വൈദ്യശാസ്ത്രത്തിൽ അറിയപ്പെടുന്ന ഏറ്റവും വേദനാജനകമായ അവസ്ഥകളിൽ ഒന്നാണ് ട്രൈജമിനൽ ന്യൂറൽജിയ, എന്നിരുന്നാലും ഇത് ചികിത്സിക്കാവുന്നതാണ്. ചിലർക്ക് പെട്ടെന്ന് കഠിനമായ മുഖ വേദന അനുഭവപ്പെടുകയാണെങ്കിൽ, അത് അവഗണിക്കരുത്. നേരത്തെയുള്ള രോഗനിർണ്ണയവും ശരിയായ ചികിത്സയും ജീവിതത്തിൽ വലിയമാറ്റം വരുത്തും. ട്രൈജമിനൽ ന്യൂറൽജിയയുമായി ജീവിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ് — എന്നാൽ ശരിയായ വൈദ്യപരിചരണം, പിന്തുണ, ധാരണ എന്നിവയിലൂടെ ആളുകൾക്ക് അവരുടെ ജീവിതത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ കഴിയും.

