News: September 2026

Text Size

മലങ്കര സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാർ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സഭയ്ക്ക് നാല് വൈദികരെ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരത്തെടുത്തു. 2026 ഓഗസ്റ്റ് 27-ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ സെന്റ് ഗ്രിഗോറിയോസ് നഗറിലാണ് മലങ്കര അസോസിയേഷൻ സമ്മേളിച്ചത്.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഭയുടെ 30 ഭദ്രാസനങ്ങളിൽനിന്നായി നാലായിരത്തിലധികം പ്രതിനിധികൾ തിരഞ്ഞെടുപ്പ് നടപടികളിൽ പങ്കുകൊണ്ടു. വിദേശ ഭദ്രാസനങ്ങളിലെ പ്രതിനിധികൾക്ക് ഓൺലൈൻ വോട്ടിംഗ് സംവിധാനവും മറ്റു പ്രതിനിധികൾക്ക് ബാലറ്റ് മുഖേന വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്കായി പ്രത്യേക ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവർത്തകരെയും നിയോഗിച്ചിരുന്നു.

സഭാ മാനേജിങ് കമ്മിറ്റി നേരത്തെ ആറു വൈദികരുടെ പേരടങ്ങിയ സ്ഥാനാർഥിപ്പട്ടിക തയ്യാറാക്കിയിരുന്നു. കോട്ടയം പഴയ സെമിനാരിയിൽ ചേർന്ന മാനേജിങ് കമ്മിറ്റി യോഗമാണ് പട്ടിക അംഗീകരിച്ചത്. ഈ ആറുപേരിൽനിന്നാണ് അസോസിയേഷൻ നാല് പേരെ തിരഞ്ഞെടുക്കേണ്ടിയിരുന്നത്.

തിരഞ്ഞെടുപ്പിൽ ഫാ. എൽദോസ് എ. എ., ഫാ. സാംജി ടി. ജോർജ്, ഫാ. ഷിബു വെനാട് മാത്യു, ഫാ. തോമസ് പോൾ റമ്പാൻ എന്നിവർ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് സംബന്ധിച്ച ഫല പ്രഖ്യാപനം പരിശുദ്ധ കാതോലിക്കാ ബാവാ അസോസിയേഷൻ യോഗത്തിൽ നടത്തി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട മെത്രാപ്പോലീത്താമാരുടെ സ്ഥാനാഭിഷേകം 2027 ഫെബ്രുവരി മാസം 4 -ാം തീയതി ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമദേവാലയത്തിൽ വച്ച് നടത്താൻ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.