വി. കന്യകാമറിയാമിന്റെയും വി. യോഹന്നാൻ മാംദാനയുടെയും ജനനപ്പെരുന്നാളുകൾ പൗരസ്ത്യ ഓർത്തഡോക്സ് ആരാധനശാസ്ത്രത്തിൽ
ആമുഖം
പൗരസ്ത്യ ഓർത്തഡോക്സ് സഭകളുടെ ആരാധനാപാരമ്പര്യത്തിൽ പൊതുവേ വിശുദ്ധരുടെ ജനനപ്പെരുന്നാളുകൾക്ക് വലിയ സ്ഥാനം നൽകിയിട്ടില്ല. വിശുദ്ധരുടെ ഭൗതികജനനത്തേക്കാൾ അവരുടെ സ്വർഗ്ഗജനനം അഥവാ സാക്ഷിത്വത്തിലൂടെ ദൈവരാജ്യത്തിലേക്കുള്ള പ്രവേശനമാണ് സഭ കൂടുതലായി ആഘോഷിച്ചുപോരുന്നത്. അതുകൊണ്ടുതന്നെ മിക്ക വിശുദ്ധരുടെയും ഓർമ്മപ്പെരുന്നാളുകൾ അവരുടെ രക്തസാക്ഷിത്വമോ, നിര്യാണദിനമോ, അല്ലെങ്കിൽ സഭാജീവിതത്തിൽ നിർണ്ണായകമായ സംഭവങ്ങളോ കേന്ദ്രീകരിച്ചാണ് രൂപപ്പെട്ടിട്ടുള്ളത്.
എന്നാൽ ഈ പൊതുപാരമ്പര്യത്തിനിടയിലും രണ്ട് ശ്രദ്ധേയമായ അപവാദങ്ങൾ നിലനിൽക്കുന്നു: വി. കന്യകാമറിയാമിന്റെ ജനനപ്പെരുന്നാളും വി. യോഹന്നാൻ മാംദാനയുടെ ജനനപ്പെരുന്നാളും. ചരിത്രപരവും പ്രാദേശികവുമായ കാരണങ്ങൾ ഈ ആചാരങ്ങളുടെ വളർച്ചയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും, അവയുടെ അന്തർലീനമായ കാരണം സഭയുടെ മനുഷ്യാവതാര ദൈവശാസ്ത്രത്തിലാണ് നിക്ഷിപ്തമായിരിക്കുന്നത്. മറിയാമിന്റെയും യോഹന്നാന്റെയും ജനനപ്പെരുന്നാളുകൾ അവരുടെ വ്യക്തിപരമായ മഹത്വത്തിന്റെ ആഘോഷമല്ല; മറിച്ച് ക്രിസ്തുവിന്റെ മനുഷ്യാവതാര രഹസ്യത്തിന്റെ സഹസാക്ഷികളായും സഹപരികർമ്മികളായും അവർ വഹിച്ച പങ്കിന്റെ ആരാധനയോടുകൂടിയ സ്മരണയാണ്.
1. മനുഷ്യാവതാരം: ദൈവപദ്ധതിയുടെ ചരിത്രപ്രവേശനം
ക്രിസ്തീയ വിശ്വാസത്തിൽ മനുഷ്യാവതാരം ഒരു ചരിത്രസംഭവം മാത്രമല്ല; കാലസമ്പൂർണതയിൽ ദൈവത്തിന്റെ ചരിത്രത്തിലെ വെളിപ്പെടലാണ്. “വചനം ജഡമായി തീർന്ന് നമ്മുടെ ഇടയിൽ വസിച്ചു” (യോഹ. 1: 14) എന്ന പ്രഖ്യാപനം ദൈവവും മനുഷ്യചരിത്രവും തമ്മിലുള്ള പുതിയ ബന്ധത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നു.
ദൈവത്തിൻ്റെ ഈ മനുഷ്യാവതാരത്തിൽ ദൈവം മനുഷ്യരിലേക്ക് കടന്നുവരുമ്പോൾ, ആ ദൈവിക പദ്ധതിയിൽ മുൻകൂട്ടി നിയോഗിക്കപ്പെട്ട മറ്റ് മനുഷ്യർ സഭയുടെ ശ്രദ്ധയിൽ നിലകൊള്ളുന്നു: വി. ദൈവമാതാവായ മറിയാമും വി. യോഹന്നാൻ മാംദാനയും.
മറിയാം മനുഷ്യാവതാരത്തിന്റെ ഗർഭഗൃഹമാണ്. പ്രവാചകന്മാർ ദർശിച്ച പ്രത്യാശ അവളിൽ ശരീരമെടുത്തു. “കന്യക ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും” എന്ന പ്രവാചകവചനം അവളിൽ നിറവേറി.
യോഹന്നാൻ മാംദാനയാകട്ടെ മനുഷ്യാവതാരത്തിന്റെ പ്രഖ്യാപകനാണ്. യെശയ്യാവ് ദർശിച്ച “മരുഭൂമിയിൽ വിളിച്ചുപറയുന്ന ശബ്ദവും”, മലാഖി മുൻകൂട്ടി പറഞ്ഞ “വഴിയൊരുക്കുന്ന ദൂതനും” അദ്ദേഹത്തിൽ പൂർത്തീകരിക്കപ്പെടുന്നു.
അതിനാൽ മനുഷ്യാവതാര രഹസ്യത്തിന്റെ രണ്ടു പ്രധാന സാക്ഷികളായി സഭ മറിയാമിനെയും യോഹന്നാനെയും കാണുന്നു: ഒരുവൾ ദൈവപുത്രനെ ലോകത്തിലേക്ക് സ്വീകരിച്ചു; മറ്റൊരുവൻ ലോകത്തിനു മുമ്പാകെ അവനെ വെളിപ്പെടുത്തി.
2. മറിയാമും യോഹന്നാനും: മനുഷ്യാവതാരത്തിന്റെ സഹസാക്ഷികൾ
പൗരസ്ത്യ ഓർത്തഡോക്സ് ആരാധനാപാരമ്പര്യത്തിൽ മറിയാമും യോഹന്നാനും ഒരുമിച്ച് സ്മരിക്കപ്പെടുന്നത് യാദൃശ്ചികമല്ല.
വിശുദ്ധ കുർബാനയുടെ പ്രരംഭ പ്രാർത്ഥനയിൽ സഭ ഇപ്രകാരം അപേക്ഷിക്കുന്നു: “നിന്നെ പ്രസവിച്ച മറിയാമും, നിനക്ക് മാമോദീസ നൽകിയ യോഹന്നാനും, ഞങ്ങൾക്കുവേണ്ടി നിന്നോടപേക്ഷിക്കുന്നു.”
ഈ പ്രാർത്ഥനയിൽ മനുഷ്യാവതാരത്തിന്റെ സമ്പൂർണ്ണ ചരിത്രം സംക്ഷിപ്തമായി അടങ്ങിയിരിക്കുന്നു.
മറിയാം ബെത്ലഹേമിലേക്കുള്ള വഴി തുറക്കുന്നു.
യോഹന്നാൻ യോർദ്ദാനിലേക്കുള്ള വഴി ഒരുക്കുന്നു.
മറിയാമിൽ ദൈവവചനം ജഡം ധരിക്കുന്നു.
യോഹന്നാനിൽ ആ ജഡധാരി ലോകത്തിനു വെളിപ്പെടുന്നു.
അതിനാൽ മറിയാം മനുഷ്യാവതാരത്തിന്റെ ആന്തരിക രഹസ്യത്തിന്റെ സാക്ഷി ആണെങ്കിൽ, യോഹന്നാൻ അതിന്റെ പരസ്യപ്രഖ്യാപനത്തിന്റെ സാക്ഷിയാണ്.
ഇക്കാരണത്താൽ അവരുടെ ജനനപ്പെരുന്നാളുകൾ ക്രിസ്തുവിൽനിന്ന് സ്വതന്ത്രമായി മനസ്സിലാക്കുവാൻ കഴിയില്ല. അവ അടിസ്ഥാനപരമായി ക്രിസ്തുകേന്ദ്രികൃതമായ പെരുന്നാളുകളാണ്.
സഭാ പിതാവായ വി. എഫ്രേം സുറിയാനി ആരാധന സംഗീതത്തിൽ മറിയത്തിന്റെ ഉദരത്തെ “ജീവന്റെ ഗർഭം” (Womb of Life) ആയി ചിത്രീകരിക്കുന്നു.
യോർദ്ദാനെ “പുതിയ ജനനത്തിന്റെ ജലം” (waters of new birth) എന്നും ചിത്രീകരിക്കുന്നു.
അദ്ദേഹം രണ്ടിനെയും നേരിട്ട് “ഇവ ഒന്നുതന്നെ” എന്ന് പറയുന്നില്ല, എന്നാൽ അവതാരവും സ്നാനവും ഒരേ രക്ഷാരഹസ്യത്തിന്റെ തുടർച്ചയായി അവതരിപ്പിക്കുന്നു.
സരൂഗിലെ മാർ യാക്കോബ് സാക്ഷിക്കുന്നത് ക്രിസ്തു ആദ്യം മറിയത്തിന്റെ ഉദരത്തിൽ പ്രവേശിക്കുന്നു തുടർന്ന് യോർദ്ദാനിൽ പ്രവേശിക്കുന്നു പിന്നീട് കല്ലറയിൽ പ്രവേശിക്കുന്നു എന്നിങ്ങനെയുള്ള മൂന്ന് പ്രവേശനങ്ങളെയും ഒരേ ദൈവിക ദൗത്യത്തിന്റെ ഘട്ടങ്ങളായി വായിക്കുന്നു. (ദനഹായുടെ ആരാധനക്രമം) “വി. മറിയത്തിന്റെ ഉദരവും യോർദ്ദാനിലെ സ്നാനവും തമ്മിലുള്ള സമാന്തര വായന ഒരു നേരിട്ടുള്ള വ്യാഖ്യാനമല്ല എന്നിരിക്കിലും വി. എഫ്രേമിൻ്റെയും സെരൂഗിലെ മാർ യാക്കോബിന്റെയും പ്രതീകദൈവശാസ്ത്രത്തിൽ അവതാരവും യോർദ്ദാനിലെ സ്നാനവും ഒരേ രക്ഷാരഹസ്യത്തിന്റെ പരസ്പരബന്ധിത ഘട്ടങ്ങളായി അവതരിപ്പിക്കപ്പെടുന്നു. ഈ ഉപമാനം ഈയൊരു പാരമ്പര്യത്തിന്റെ ദൈവശാസ്ത്രപരമായ വികസനമാണ്.”
മാമോദീസാ കൂദാശക്രമത്തിൽ സ്നാനജലത്തെ സഭ “ആത്മീയ ഉദരവും നാശമില്ലായ്മയെ വാർക്കുന്ന മൂശയും” എന്നു വിശേഷിപ്പിക്കുന്നു (മാമോദീസാ കൂദാശക്രമം, പു. 32). യോർദ്ദാനിലെ ജലത്തെ പുതിയ ജനനത്തിന്റെ ആത്മീയ ഗർഭമായി വായിക്കുന്നു മനുഷ്യാവതാരവും സ്നാനവും തമ്മിലുള്ള ആന്തരിക ബന്ധം സഭ എങ്ങനെ അനുഭവിക്കുന്നു എന്നതാണ് ഇതിലൂടെ വെളിപ്പെടുത്തുന്നത്.
3. കൗദാശിക പ്രതീകങ്ങളും മനുഷ്യാവതാരത്തിന്റെ സ്മരണയും
പൗരസ്ത്യ ഓർത്തഡോക്സ് ആരാധനാശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പ്രതീക സമൃദ്ധിയാണ്. സഭ വിശ്വസിക്കുന്ന സത്യങ്ങൾ കേവലം വചനങ്ങളിലൂടെ മാത്രമല്ല, കൗദാശിക പ്രതീകങ്ങളിലൂടെയും അനുഭഭവേദ്യമാക്കുന്നു. ഉപയോഗിക്കുന്ന വസ്തുക്കൾ വെറും ഉപകരണങ്ങളല്ല; അവ രക്ഷാചരിത്രത്തെ അനുഭവിപ്പിക്കുന്ന ദൈവശാസ്ത്രഭാഷയാണ് എന്നാണ് പണ്ഡിതന്മാർ പറയുന്നത്. (Schmemann; Meyendorff) വി. കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന പീലാസ ദൈവവചനം ആദ്യമായി മനുഷ്യ ശരീരം സ്വീകരിച്ച മറിയാമിൻ്റെ പരിശുദ്ധ ഉദരത്തിൻ്റെ പ്രതിരൂപവുമായി മനസിലാക്കുവാൻ കഴിയും.
ഒരിക്കൽ ദൈവവചനം മറിയാമിൻ്റെ ഉദരത്തിൽ വസിച്ചു. ഇന്ന് അതേ ശരീരം വിശുദ്ധ. കുർബ്ബാനയായി പീലാസായിൽ അർപ്പിക്കപ്പെടുന്നു. അങ്ങനെ മനുഷ്യാവതാരവും വിശുദ്ധ കുർബാനയും തമ്മിലുള്ള ആന്തരിക ബന്ധം ആരാധനയിലൂടെ പ്രതീകാത്മകമായി വെളിപ്പെടുത്തുന്നു.
അതോടൊപ്പം കാസ യോർദ്ദാനിലേക്കുള്ള വെളിപ്പെടുത്തലിന്റെ പ്രതീകാത്മക വായനയും കാസയിൽ അർപ്പിക്കപ്പെടുന്ന വീഞ്ഞും വെള്ളവും ഒരുമിക്കുന്നത് ക്രിസ്തുവിലെ ദൈവത്വ-മനുഷ്യത്വ ഐക്യത്തെ പ്രതിനിധീകരിക്കുന്നു എന്നും വി. കുർബ്ബാന തക്സ സാക്ഷിക്കുന്നു.
ഈ പ്രതീകം യോർദ്ദാനിൽ ക്രിസ്തുവിന്റെ പരസ്യവെളിപ്പെടലിനെയും, അതിനു വഴിയൊരുക്കിയ യോഹന്നാൻ മാംദാനയുടെ ശുശ്രൂഷയെയും അനുസ്മരിപ്പിക്കുന്നുണ്ട്.
ആരാധനാ യിൽ ഉപയോഗിക്കുന്ന പ്രതീകങ്ങളുടെ ദൈവശാസ്ത്രപരമായ അർത്ഥമായി ഇതിനെ മനസ്സിലാക്കാവുന്നതാണ്. വിശുദ്ധ കുർബ്ബാനയെ ധ്യാനിക്കുമ്പോൾ നമ്മുടെ ഉള്ളിൽ തെളിയേണ്ട ഏതാനും വിചിന്തനങ്ങൾ ആണ് ഇവ.
പൗരസ്ത്യ ഓർത്തഡോക്സ് ആരാധനാശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിൽ ഉപയോഗിക്കുന്ന പ്രതീകങ്ങൾ ആണ് എന്നാണല്ലോ പറഞ്ഞത്. സഭ വിശ്വസിക്കുന്ന സത്യങ്ങൾ കേവലം വചനങ്ങളിലൂടെ മാത്രമല്ല, കൗദാശിക പ്രതീകങ്ങളിലൂടെയും വെളിപ്പെടുത്തുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. ആരാധനയിൽ ഉപയോഗിക്കുന്ന ഓരോ വിശുദ്ധവസ്തുവും ഒരു പ്രായോഗിക ഉപകരണം മാത്രമല്ല; രക്ഷാ ചരിത്രത്തിലേക്കുള്ള ഒരു പ്രവേശനകവാടമാണ്.
ഇവിടെ അവതരിപ്പിച്ച വി. എഫ്രേമിന്റെയും സെരൂഗിലെ മാർ യാക്കോബിന്റെയും പ്രതീകദൈവശാസ്ത്രത്തിൽ മനുഷ്യാവതാരവും യോർദ്ദാനിലെ സ്നാനവും ഒരേ രക്ഷാരഹസ്യത്തിന്റെ പരസ്പരബന്ധിത ഘട്ടങ്ങളായി അവതരിപ്പിക്കപ്പെടുന്നുണ്ട് എന്ന് പറയാനാണ്. ഇത് ആരാധനയുടെ ആന്തരീക ഐക്യം വായിച്ച് അറിയാനുള്ള ദൈവശാസ്ത്രപരമായ ഇടപെടൽ ആയാണ് മനസിലാകേണ്ടത്.
ഉപസംഹാരം
പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ വി. കന്യകാമറിയാമിന്റെയും വി. യോഹന്നാൻ മാംദാനയുടെയും ജനനപ്പെരുന്നാളുകൾക്ക് ലഭിച്ചിരിക്കുന്ന പ്രത്യേക സ്ഥാനം അവരുടെ വ്യക്തിപരമായ വിശുദ്ധിയുടെ പേരിലല്ല. അവർ മനുഷ്യാവതാര രഹസ്യത്തിന്റെ ആദ്യ നിയോഗിതരും സഹസാക്ഷികളും ആയതുകൊണ്ടാണ്.
മറിയാമിൽ മനുഷ്യാവതാരം ആരംഭിക്കുന്നു.
യോഹന്നാനിൽ അത് ലോകത്തിനു വെളിപ്പെടുന്നു.
സഭയുടെ ആരാധനാപ്രതീകങ്ങളുടെ ദൈവശാസ്ത്രപരമായ വായനയിൽ പീലാസാ മറിയാമിന്റെ ഉദരത്തെ അനുസ്മരിപ്പിക്കുകയും, കാസ യോർദ്ദാനിലേക്കുള്ള വെളിപ്പെടുത്തലിന്റെ സ്മരണയിലേക്ക് വിരൽചൂണ്ടുകയും ചെയ്യുന്നു. ഈ പ്രതീകങ്ങൾ മനുഷ്യാവതാരവും വിശുദ്ധ കുർബാനയും തമ്മിലുള്ള അഭേദ്യബന്ധം കൂടുതൽ ആഴത്തിൽ മനസിലാക്കാൻ സഹായിക്കുന്നു.
ദിവ്യബലിയിൽ സഭ എന്നും പ്രാർത്ഥിക്കുന്നു: “നിന്നെ പ്രസവിച്ച മറിയാമും, നിനക്ക് മാമോദീസ നൽകിയ യോഹന്നാനും, ഞങ്ങൾക്കുവേണ്ടി നിന്നോടപേക്ഷിക്കുന്നു.”
ഈ പ്രാർത്ഥനയിൽ മനുഷ്യാവതാരത്തിന്റെ സമഗ്രരഹസ്യം സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ഈ രണ്ടു ജനനപ്പെരുന്നാളുകളും മനുഷ്യജനനത്തിന്റെ ആഘോഷമല്ല; മറിച്ച് ക്രിസ്തുവിന്റെ മനുഷ്യാവതാര രഹസ്യം ചരിത്രത്തിൽ ആരംഭിക്കുകയും ലോകത്തിനു വെളിപ്പെടുകയും ചെയ്ത ദൈവിക നിമിഷങ്ങളുടെ ആരാധനാപരമായ സ്മരണയാണ്.

