ആൾഡസ് ഹക്സ്ലി തന്റെ കാലത്തെ -മൊബൈൽഫോൺ സങ്കല്പത്തിൽപോലുമില്ലാത്ത കാലമാണത്- വിളിച്ചത് ‘ഒച്ചയുടെ യുഗം’ എന്നാണ്. കൂടുതൽ കൂടുതൽ കാറുകൾ, വിമാനങ്ങൾ, റോഡുകൾ, മെഷീനുകൾ… ഒരിക്കലും ഒച്ചയടങ്ങാത്ത നഗരങ്ങളിലെ കുഞ്ഞുങ്ങൾ എന്നെങ്കിലും ഒരു കിളിയുടെ പാട്ടോ, ചീവിടിന്റെ സ്വരമോ കേട്ടിട്ടുണ്ടാവുമോ ആവോ! നിലയ്ക്കാത്ത ഈ ഒച്ചകൾക്കിടയിലാണു മൊബൈൽഫോൺ കമ്പനിക്കാർ നമ്മെ പ്രോത്സാഹിപ്പിക്കുന്നത്, “സംസാരിക്കൂ, മതിയാവോളം സംസാരിക്കൂ.” അങ്ങനെയെല്ലാവരും സംസാരിച്ചുകൊണ്ടേയിരിക്കുന്നു. ഇംഗ്ലീഷിൽ വിശേഷം ആരായേണ്ടത്, “How do you do?” എന്നു ചോദിച്ചാണെന്നാണ് ടീച്ചർ പഠിപ്പിച്ചിട്ടുള്ളത്. അതിനു മറുപടിയും അതുതന്നെ, “How do you do?” അങ്ങോട്ടുമിങ്ങോട്ടും ചോദ്യം. എന്തോ സംസാരിച്ചല്ലോ എന്ന സംതൃപ്തിയോടെ ഇരുവർക്കും അവരവരുടെ വഴിക്കു പോകുകയുമാവാം.

വാക്കുകൾ, വാക്കുകൾ, വാക്കുകൾ — നമ്മുടെ തലയിലും ചെവിയിലും ചുറ്റുവട്ടത്തും അവ മുഴങ്ങിക്കൊണ്ടേയിരിക്കുകയാണ്. നമ്മുടെ ചിന്തകളെയും അനുഭൂതികളെയുമൊക്കെ നാമറിയാതെ അവ സ്വാധീനിക്കുന്നുമുണ്ട്. മാപ്പ് ഉപയോഗിച്ച് ടൂറിനുപോകുന്നവൻ മാപ്പിലുള്ളതിൽ കൂടുതലൊന്നും കാണുന്നില്ലല്ലോ. ഫിലിംറിവ്യൂ വായിച്ചിട്ട് സിനിമയ്ക്കു പോകുന്നവൻ കാണുന്നതു സ്ക്രീനിലെ സിനിമയല്ല, കടലാസിലെഴുതിവയ്ക്കപ്പെട്ട സിനിമയാണ്. അതുകൊണ്ടാണ് ഡാനിഷ് ചിന്തകൻ കീർക്കെഗോർ പറഞ്ഞത്, “രോഗം പിടിച്ചിരിക്കുന്നു എല്ലാവർക്കും. ഒരൊറ്റ മരുന്നേയുള്ളൂ പ്രതിവിധിയായിട്ട്: നിശ്ശബ്ദത പാലിക്കൂ.” ‘റാമെൻ ഗേൾ’ എന്ന സിനിമയിൽ ഒരു ജാപ്പനീസ് സൂപ്പുപാചകക്കാരൻ ഒരമേരിക്കക്കാരിയെ സൂപ്പുണ്ടാക്കാൻ ശീലിപ്പിക്കുന്നുണ്ട്. അവൾ അതുണ്ടാക്കുന്നതു പുസ്തകത്തിലെ ചേരുവകളുടെ അനുപാതം വായിച്ചിട്ടാണ്. അയാൾ അതുവാങ്ങി ചവറ്റുകുട്ടയിലിട്ടിട്ട്, സൂപ്പു മണത്തുനോക്കാൻ, അതനുഭവിക്കാൻ ആവശ്യപ്പെടുന്നു. ചേരുവകളും അനുപാതവും കൊണ്ടുമാത്രം സൂപ്പുണ്ടാവുകയില്ലല്ലോ. “A Rose is a rose is a rose” എന്നാണ് ജെർത്രൂദാ സ്റ്റെയിൻ പറഞ്ഞത്. റോസപ്പൂ എന്നാൽ ഇതളുകളോ കെമിക്കൽസോ എന്നല്ല, റോസപ്പൂ എന്നുമാത്രമാണർത്ഥം. അതിനെ അറിയുന്നതു തലകൊണ്ടു ചിന്തിച്ചല്ല, ചുണ്ടുകൊണ്ട് ചുംബിച്ചാണ്. അതിനാവണമെങ്കിൽ മനസ്സൊന്നു ശാന്തമാകണം, തലയ്ക്കകത്തെ മുഴക്കങ്ങൾ ഒന്നു നിലയ്ക്കണം, കുറച്ചുസമയം ചുമ്മാതിരിക്കാനുണ്ടാകണം.

ശാസ്ത്രയുഗത്തിലെ മനുഷ്യന് ഒരുപാടു തിരക്കുള്ളതുകൊണ്ട് അത്രയും സമയം ചെലവിടാനില്ലല്ലോ. അതുകൊണ്ടു പൂവിനെ അറിയാൻ അവൻ അതിന്റെ ഇതളുകൾ അടർത്തി നോക്കി; തവളയെ അറിയാൻ അതിനെ വലിച്ചുകീറി നോക്കി. എന്നിട്ട് ശാസ്ത്രനാമങ്ങളും സമവാക്യങ്ങളും എഴുതിയുണ്ടാക്കി, ‘ഇതാണ് യാഥാർത്ഥ്യം’ എന്നു പ്രഖ്യാപിച്ചു. നൂറ്റാണ്ടുകൾനീണ്ട ഇത്തരം ശ്രമങ്ങൾക്കുശേഷം ഇന്നുപക്ഷേ ശാസ്ത്രം പറയുന്നതെന്താണ്? ഒന്നും കൃത്യമായിപ്പറയാനാവില്ലെന്ന്! ഇലക്ട്രോൺ ഒരേ സമയം കണികയും തരംഗവുമാണത്രെ. വട്ടവും ചതുരവും നമുക്കറിയാം. പക്ഷേ വട്ട-ചതുരമോ? ! കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാണെന്നൊക്കെയാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. ഭൂമി ഉരുണ്ടായതുകൊണ്ട്, നമ്മൾ വരയ്ക്കുന്ന എത്ര ചെറിയ നേർരേഖയും സത്യത്തിൽ വളഞ്ഞതാണത്രേ. അതായത്, വളഞ്ഞ നേർരേഖ? ! ചുരുങ്ങിയത് ഇത്രയെങ്കിലും ഇവയിൽനിന്നൊക്കെ മനസ്സിലാക്കാം: വാക്കുകളും സമവാക്യങ്ങളുമുപയോഗിച്ച് ഒരു ചെറിയകാര്യംപോലും നൂറുശതമാനം കൃത്യതയോടെ വിശദീകരിക്കാനാകില്ല. സെൻ ചിത്രകാരന്മാരുടെ വരകളിൽ ഒരു മൂലയ്ക്കു മാത്രമായിരിക്കുമത്രേ ഒരു രൂപമുണ്ടാകുക. ബാക്കി ക്യാൻവാസു മുഴുവനും ശൂന്യമായിരിക്കും. അത് ആകാശമാണ്. അതിനെ എങ്ങനെയാണ് ബ്രഷിൽ ഒതുക്കുക? ഒട്ടൊന്ന് ശാന്തമായാൽ, ചുറ്റുവട്ടത്തെ നിഗൂഢതയുടെ മുൻപിൽ മിഴിയും ചുണ്ടും പൂട്ടി കൈകൂപ്പി നാം നിന്നുപോകും. ജോബിനോട് യഹോവ ചോദിക്കുന്നുണ്ട്: “മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാരാണ്? … ആകാശത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ നിനക്കറിയാമോ? … കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ ഈറ്റുനോവ് നീ കണ്ടിട്ടുണ്ടോ?” അതിനുള്ള ജോബിന്റെ മറുപടി: “ഞാൻ നിസ്സാരനാണ്. ഞാനെന്തുത്തരം പറയാനാണ്? ഞാൻ വാ പൊത്തുന്നു.” മാലാഖമാർ മിണ്ടാതെ നിൽക്കുന്നിടത്ത് പക്ഷേ വിഡ്ഢികൾ കിടന്നു ബഹളംവയ്ക്കുകയാണ്.

നമ്മുടെ ചെറിയ ജീവിതങ്ങളിലേക്കു വരിക. ഏതെങ്കിലും പ്രമാണത്തിനോ തത്ത്വസംഹിതയ്ക്കോ മനുഷ്യനെ മനസ്സിലാക്കാനായിട്ടുണ്ടോ? ലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ രണ്ടു പുസ്തകങ്ങളാണ് ‘How to Win Friends and Influence People’ ഉം “Stop Worrying and Start Living’ ഉം. പക്ഷേ അവയുടെ കർത്താവ് ഡെയ്ൽ കാർണീജ് ഒടുക്കം ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ഇല്ല, ഒരു പുസ്തകത്തിനും ജീവിതത്തെ സൂക്ഷ്മമായി നിർവചിക്കാനായിട്ടില്ല. മുയൽവളർത്തൽ കേന്ദ്രത്തിലേക്കൊരു ഫോൺവിളി: ‘ഒരു മുയലിനെ വേണം.’ കടക്കാരൻ അഡ്രസ് കുറിച്ചെടുത്ത് പോക്കറ്റിലിട്ട്, മുയലിനെയുംകൊണ്ട് പോകുകയാണ്. ഇടയ്ക്കെപ്പോഴോ മുയൽ കുതറിയോടി. കടക്കാരൻ പറഞ്ഞു: “പൊയ്ക്കോ, പൊയ്ക്കോ, പക്ഷേ അഡ്രസ് എന്റെ കൈയിലാണ്!” അഡ്രസുനോക്കിയല്ല മുയൽ ഓടുന്നത്. കടലാസിലെ പ്രമാണങ്ങൾക്കനുസരിച്ചല്ല ജീവിതം കുതിക്കുന്നതും. നമ്മെ ആഴത്തിൽ തൊടുന്ന അനുഭൂതികളെ പകർത്തിവയ്ക്കാൻ തുനിയുമ്പോഴാണ് വാക്കുകൾ എത്ര അപര്യാപ്തമാണെന്നു നാം തിരിച്ചറിയുക. മരച്ചുവട്ടിൽ പ്രണയബദ്ധരായിരിക്കുന്ന രണ്ടുപേരെ നോക്കൂ. അവർക്കിടയിൽ വല്ലപ്പോഴും മാത്രമാണ് വാക്കുകൾ അടർന്നുവീഴുന്നത്. ഒരമ്മയോട് മാതൃസ്നേഹത്തെക്കുറിച്ച് പറയാൻ ആവശ്യപ്പെട്ടു നോക്കൂ. അവളുടെ കണ്ണുകൾ നിറയുകയല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ല. ഒരിക്കൽപ്പോലും ഒരു കുഞ്ഞിന്റെ മൂത്രംവീണ് ഉടുപ്പു നനയാത്തവർക്കു പക്ഷേ മാതൃസ്നേഹത്തെക്കുറിച്ച് രണ്ടുമണിക്കൂർ കാച്ചിവിടാനായേക്കാം.

നമ്മുടെ ജീവിതവും നമ്മുടെ ചുറ്റുവട്ടത്തെ റോസാപ്പൂവും മിന്നാമിനുങ്ങും പ്രണയവുമൊക്കെ ഇത്രകണ്ട് നിഗൂഢമെങ്കിൽ, വാക്കുകൾ അവയെ വിവരിക്കുന്നതിൽ വല്ലാതെ പരാജയപ്പെടുന്നുവെങ്കിൽ, ഇവയുടെയെല്ലാം ഉടയവനെക്കുറിച്ച് ആർക്കെന്താണ് പറയാനാവുക? പഴയനിയമം ദൈവത്തിനു വിരുദ്ധമായി പ്രതിഷ്ഠിച്ചത് വിഗ്രഹത്തെയാണ്. കല്ലും മണ്ണും കൊണ്ടുണ്ടാക്കിയ പരിമിതമായൊരു രൂപം അപരിമേയതയെ, അവാച്യതയെ തൊടുന്നതിൽനിന്ന് നിന്നെ തടയും. വിഗ്രഹം കല്ലും മണ്ണുംകൊണ്ടു മാത്രമല്ല, വാക്കുകൾകൊണ്ടും സൃഷ്ടിക്കാനാകും. നിയമജ്ഞരം കൂട്ടരും അതാണു ചെയ്തത്. ദൈവത്തെക്കുറിച്ച് അവർക്കു വ്യക്തമായ ധാരണകളുണ്ടായിരുന്നു. മിശിഹായെ അളക്കാൻ ചില കൃത്യമായ മാനദണ്ഡങ്ങളും. ആത്മാവിനെ അവർ അക്ഷരങ്ങളിലൊതുക്കി. പക്ഷേ കാറ്റ് അതിനിഷ്ടമുള്ളിടത്താണല്ലോ വീശുക. അതുകൊണ്ട് ആ കുഞ്ഞ് കാലിത്തൊഴുത്ത് തിരഞ്ഞെടുത്തു. തങ്ങളുടെ മാനദണ്ഡം പാലിക്കാത്തവൻ മിശിഹായല്ലെന്നു നിയമജ്ഞർ വിധിയെഴുതി. അക്ഷരാഭ്യാസം കിട്ടാത്ത ആട്ടിടയർ പക്ഷേ ആ കുഞ്ഞിന്റെ മുമ്പിൽ കൈകൂപ്പിനിന്നു.

വാക്കുകളും വാക്കുകൾ ചേർത്തുവച്ചുണ്ടാക്കിയ പ്രമാണങ്ങളും കാറ്റിൽപറത്തി പിറന്നുവീണവൻ ജീവിതത്തിലൂടനീളം നെടുനീളൻ പ്രസംഗങ്ങളിൽനിന്ന് അകലം പാലിച്ചു. ചില ചോദ്യങ്ങൾക്ക് അവൻ കൊടുത്ത ഉത്തരം, “പിതാവിനല്ലാതെ മറ്റാർക്കും അവ അറിയില്ല” എന്നായിരുന്നു. ബുദ്ധനും മഹാവീരനുമൊക്കെ ചില ചോദ്യങ്ങളുടെ മുൻപിൽ നിശ്ശബ്ദരായി നിന്നതേയുള്ളൂ. വാക്കുകൾ വിഗ്രഹങ്ങളായി മാറുമെന്ന് അവർ അറിഞ്ഞിരുന്നു. ഉദാഹരണത്തിന്, ഹീബ്രു ഭാഷയിൽ റൂആഹ് (റൂഹാ) സ്ത്രീലിംഗ ശബ്ദമാണ്. ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തിയപ്പോൾ അത് നപുംസകശബ്ദമായ പ്ന്യൂമാ (Pneuma) എന്നായി. ലാറ്റിനിൽ അത് പുല്ലിംഗശബ്ദമായ സ്പിരിത്തുസ് (Spiritus) ആയിത്തീർന്നു. അതാണ് മലയാളത്തിലെ ‘ആത്മാവ്.’ ദൈവത്തിന്റെ ആത്മാവിനെ പുല്ലിംഗശബ്ദത്തിൽ പറഞ്ഞുപറഞ്ഞ് ഇന്നാരെങ്കിലും ദൈവത്തെ ‘അമ്മാ’ എന്നുവിളിച്ചാൽ നമ്മുടെ നെറ്റിചുളിയുന്നു. ‘അപ്പാ’യെന്നും ‘അമ്മാ’യെന്നുമൊക്കെയുള്ള വാക്കുകൾ ദൈവത്തെക്കുറിക്കാനുള്ള ചില ശ്രമങ്ങൾ മാത്രമാണെന്നു നാമറിഞ്ഞിരുന്നുവെങ്കിൽ ദൈവത്തെക്കുറിച്ചുള്ള തർക്കങ്ങൾക്കു കുറച്ചൊരു അറുതി വന്നേനെ.

കാലിത്തൊഴുത്തിൽ പിറന്നവൻ വാക്കുകൾകൊണ്ട് പ്രമാണങ്ങൾ നിർമ്മിക്കുകയല്ല, ചിത്രങ്ങൾ വരയ്ക്കുകയാണ്. തള്ളക്കോഴി, അടിച്ചുവാരുന്ന സ്ത്രീ, വിതുമ്പുന്ന അപ്പൻ, വിതക്കാരൻ, ഇടയൻ… ഇവയൊക്കെയാണ് താൻ എന്നാണവൻ പറഞ്ഞത്. പറക്കുന്ന കിളി, അഴിയുന്ന വിത്ത്, അലിയുന്ന പുളിമാവ്, ചിരിക്കുന്ന ലില്ലി ഒക്കെയുപയോഗിച്ച് അവൻ സംസാരിച്ചു. വാക്കുകളുടെ ധാരാളിത്തമില്ല, വിയർത്തൊലിക്കലില്ല, ഞരമ്പു വലിഞ്ഞുമുറുകലില്ല. ഉള്ളിന്റെ നിശ്ശബ്ദതയിൽകിടന്ന് പാകംവന്ന, കേൾവിക്കാരെ നിശ്ശബ്ദതയിലേക്കു നയിക്കുന്ന ചുരുക്കം ചില വാക്കുകൾ. അവൻ വരച്ച ചിത്രങ്ങൾ പ്രമാണങ്ങളാക്കി മാറ്റിയെടുത്തു കാർക്കശ്യത്തോടെ അവതരിപ്പിക്കുമ്പോൾ നഷ്ടപ്പെടുന്നത് അവയുടെ ജീവനാണ്. റ്റോണി ഡിമെല്ലോ നിരീക്ഷിച്ചതുപോലെ, “ദൈവം പറഞ്ഞതു ഹൃദയത്തിൽ കുറിക്കാൻ ആളില്ലാതെവന്നപ്പോൾ അതു പുസ്തകത്തിൽ എഴുതപ്പെട്ടു. അങ്ങനെ വിശുദ്ധഗ്രന്ഥമുണ്ടായി. അതു സൂക്ഷിക്കാൻ അൾത്താരയും, അൾത്താരയെ സൂക്ഷിക്കാൻ ദേവാലയവും, ദേവാലയം സൂക്ഷിക്കാൻ ഭൂമിയും, ഭൂമിയെ സൂക്ഷിക്കാൻ മതിലും, മതിലിനെ സൂക്ഷിക്കാൻ പട്ടാളവും പോലീസുമൊക്കെ വേണ്ടിവന്നു.” അക്ഷരം ആത്മാവിനെ കൊല്ലുന്നു.

കസൻദ്സാക്കിസിന്റെ ഫ്രാൻസിസിനെ മാർപാപ്പ തന്റെ മുന്നിലേക്കു വിളിക്കുന്നു. മാർപാപ്പയോട് പറയാൻ കാര്യങ്ങൾ കൃത്യമായി ഫ്രാൻസിസ് മനസ്സിൽ കുറിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ മുന്നിൽ ചെന്നതോടെ ഫ്രാൻസിസ് എല്ലാം മറക്കുകയാണ്. നാവു പൊങ്ങുന്നില്ല. പകരം കാലുകൾ ചലിക്കുകയാണ്. പതുക്കെപ്പതുക്കെ അതൊരു നൃത്തമാകുന്നു. ദൈവത്തിനുവേണ്ടി തത്ത്വങ്ങൾ മെനയുന്നതു നിർത്തിയിട്ട് നമുക്കു പാട്ടുകൾ പാടാം, ചിത്രങ്ങൾ വരയ്ക്കാം, നൃത്തം ചവിട്ടാം.

വാക്കിന്റെ അപര്യാപ്തതയെക്കുറിച്ച് ഒരുപാടു വാക്കുകളെഴുതി എന്നു സമ്മതിച്ചുകൊണ്ട് ഈ കുറിപ്പു നിർത്തുന്നു. ക്രിസ്മസ് ആശംസകൾ…