News: June 2026

Text Size

മർത്തമറിയം വനിതാ സമാജം വാർഷിക സമ്മേളനം

കണ്ടനാട് ഈസ്റ്റ് ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ 61-ാമത് വാർഷിക സമ്മേളനം ജൂൺ 13 ശനിയാഴ്ച കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ നടത്തപ്പെട്ടു. “മറിയ നല്ല അംശം തിരഞ്ഞെടുത്തു” (ലൂക്കോസ് 10: 42) എന്നതായിരുന്നു സമ്മേളനത്തിന്റെ മുഖ്യ ചിന്താവിഷയം. ഇടവക വികാരി ഫാ. മേരിദാസ് സ്റ്റീഫൻ സ്വാഗതം ആശംസിച്ചു കൊണ്ട് സംസാരിച്ചു. സമ്മേളനത്തിൽ സമാജം ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ഏലിയാസ് ചെറുകാട്ട് അധ്യക്ഷത വഹിച്ചു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. വനിതാ സമാജം സഭയുടെയും സമൂഹത്തിന്റെയും വളർച്ചയിൽ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് തിരുമേനി തൻ്റെ ഉദ്ഘാടന സന്ദേശത്തിൽ അനുസ്മരിച്ചു.

തുടർന്ന് പ്രൊഫ. ശാന്തമ്മ പി. സി. “മറിയ നല്ല അംശം തിരഞ്ഞെടുത്തു” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. ശ്രീമതി ജിജി ജോൺസൺ മോഡറേറ്റർ ആയിരുന്നു. സെമിനാറിൽ കുടുംബം, തൊഴിലിടം, സാമൂഹിക-സാംസ്കാരിക ജീവിതം, സഭാജീവിതം, രാഷ്ട്രനിർമാണം എന്നീ മേഖലകളിൽ ക്രൈസ്തവ സ്ത്രീകളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് വിവിധ മേഖലകളുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നു.

ഉച്ചഭക്ഷണത്തിന് ശേഷം നടന്ന വാർഷിക സമ്മേളനത്തിൽ 2025–26 വർഷത്തെ ഭദ്രാസന പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കും സെക്രട്ടറി ശ്രിമതി മിനി ജോസഫ് അവതരിപ്പിച്ചു. ഭദ്രാസന തലത്തിൽ നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് യോഗത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.

കൃതജ്ഞതാ പ്രകാശനത്തിനും സമാപന പ്രാർത്ഥനയ്ക്കും ആശീർവാദത്തിനും ശേഷം സമ്മേളനം 3 pm ടെ സമാപിച്ചു. ആത്മീയ ചിന്തയും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച സമ്മേളനം പങ്കെടുത്തവർക്ക് എല്ലാം നവോന്മേഷവും പ്രചോദനവും പകർന്നു നൽകുന്നതായിരുന്നു.

വൈദിക പഠന ശിബിരം സമാപിച്ചു

കണ്ടനാട് ഈസ്റ്റ് ഭദ്രാസന വൈദിക സംഘത്തിൻ്റെ അഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരുന്ന വൈദിക പഠന ശിബിരം ജൂൺ 10, 11, 12 (വ്യാഴം, വെള്ളി, ശനി) തീയതികളിലായി പാമ്പാക്കുട സമന്വയ എക്യുമെനിക്കൽ സ്റ്റഡി ആൻ്റ് ഡയലോഗ് സെൻ്റ്റിൽ വച്ച് നടന്നു. ഈ വർഷത്തെ പ്രധാന ചിന്താവിഷയം Pastoral Care in Contemporary Society: A Psychological approach എന്നതായിരുന്നു. ഭദ്രാസനത്തിലെ വൈദികർ അവരുടെ പഠനത്തിൻ്റെയും ഇടവക ശുശ്രൂഷയിലെ അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ അവതരിപ്പിച്ച പ്രബന്ധങ്ങളും തുടർ ചർച്ചകളും കാലികമായി ഇടയ ശുശ്രൂഷയെ മനസിലാക്കുവാൻ പങ്കെടുത്തവരെ സഹായിച്ചു. സന്തുല ട്രസ്റ്റ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റും ഡയറക്ടറുമായ ഫാ എഡ്വേർഡ് ജോർജ്, രാജഗിരി ആശുപത്രിയിലെ ക്ലീനിക്കൽ സൈക്കോളജിസ്റ്റ് ശ്രിമതി. ദിവ്യ കെ തോമസ്, ഫാമിലി കൗൺസിലർ ശ്രീമതി. ജിജി ജോൺസൺ എന്നിവരുടെ ശാസ്ത്രീയമായ വിശകലനങ്ങളും ചികിൽസാ രംഗത്തുള്ള അവരുടെ അനുഭവങ്ങളും ക്യാമ്പിന് കൂടുതൽ മിഴിവേകി. അഭി ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത പൂർണ സമയം ക്യാമ്പിൽ സംബന്ധിച്ചു. ക്യാമ്പിൻ്റെ നടത്തിപ്പിന് വേണ്ട എല്ലാ ക്രമീകരണങ്ങൾക്കും വൈദിക സെക്രട്ടറി ഫാ ഗീവറുഗീസ് വള്ളിക്കാട്ടിൽ നേതൃത്വം നൽകി. പഠന ശിബിരത്തിൻ്റെ വിശദമായ പ്രോഗ്രാം ഇതോടൊപ്പം കൊടുക്കുന്നു.