ചില ഭക്ഷണ സാധനങ്ങളുടെ വർജ്ജനവും നിയന്ത്രണവും ആണ് നോമ്പിൻ്റെ പ്രധാന കാര്യപരിപാടി എന്നത് ഇന്നത്തെ പോലെ നാലാം നൂറ്റാണ്ടിലും ചിന്തിച്ചവർ ഉണ്ടായിരുന്നു. അതുകൊണ്ട് നോമ്പാചരണത്തെ സംബന്ധിച്ച ചർച്ചയിൽ ഈ വിഷയവും ക്രിസോസ്റ്റം വിഷയമാക്കുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ച് നോമ്പ് അടിസ്ഥാനപരമായി തിന്മയുമായുള്ള ഒരു ആത്മീയ പോരാട്ടമാണ് ( spiritual warfare ). ലക്ഷ്യമാകട്ടേ പോരാട്ടത്തിലുള്ള വിജയവും ആന്തരികസ്വാതന്ത്ര്യവും. ഈ ലക്ഷ്യവും പോരാട്ടത്തിന്റെ സ്വഭാവവും വിസ്മരിച്ചു കൊണ്ടായിരിക്കരുത് നോമ്പാചരണം എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ആ സാഹചര്യത്തിൽ ഭക്ഷണവർജ്ജനവും അനുഷ്ഠാനനിവർത്തികൾക്കുമൊക്കെ ആപേക്ഷികപ്രാധാന്യമേയുള്ളൂ.
ക്രിസോസ്റ്റം പറയുന്നു: നോമ്പാചരണത്തെ ആദരണീയമാക്കുന്നത് ഭക്ഷണവർജ്ജനമല്ല, പാപജീവിതത്തിൽ നിന്നുള്ള പിൻവാങ്ങലാണ്. ഇവിടെ ഭക്ഷണനിയന്ത്രണവും വർജ്ജനവും അനുഷ്ഠാനക്രിയകളും എല്ലാം പാപജീവിതത്തിൽ നിന്ന് വിട പറയൽ പ്രക്രിയയ്ക്ക് സഹായമാകാം. കാരണം അമിതമായ ഭക്ഷണ – പാനീയ ഉപഭോഗങ്ങൾ മനുഷ്യനെ ആസക്തികളിലേക്ക് നയിച്ച് അടിമത്തം സൃഷ്ടിക്കുന്ന ഘടകങ്ങളാണ്. അവയുടെ മേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ അവ
സൃഷ്ടിക്കുന്ന ആസക്തികളിൽ നിന്നും മനുഷ്യനെ വീണ്ടെടുത്ത് വിമോചന പരിവർത്തനാനുഭവങ്ങളിലേക്ക് നയിക്കുന്നതിന് സഹായകമാകും. അതായത് ഭക്ഷണ – പാനീയ കാര്യങ്ങളിലെ ബോധപൂർവ്വമായ നിയന്ത്രണം നോമ്പാചരണത്തിന്റെ ഒരുക്കത്തിന്റെ ഭാഗമായി കാണാവുന്നതാണ്. എന്നാൽ അത് നോമ്പായി പരിഗണിക്കാനാവില്ല. അത് ആത്മീയപോരാട്ടമാകുന്ന നോമ്പിലേക്കും ജീവിതപരിവർത്തനത്തിലേക്കും നയിക്കുവാൻ സഹായമാകുന്ന ഒന്നായി പരിഗണിക്കാവുന്നതാണ്. ഒരുക്കം നോമ്പായി പരിഗണിക്കുന്ന സമീപനം നോമ്പിനോടുള്ള തെറ്റായ സമീപനം തന്നെ. നോമ്പ് ശരിയായ രീതിയിലാണോ എന്നതിൻ്റെ പ്രാഥമിക മാനദണ്ഡം ഭക്ഷണവർജ്ജനമല്ല പ്രത്യുത ജീവിതത്തിൽ നടക്കുന്ന തിന്മകളിൽ നിന്നുള്ള പിൻവാങ്ങലാണ് എന്ന് ക്രിസോസ്റ്റം വ്യക്തമാക്കുന്നു.
അദ്ദേഹം തുടർന്നു പറയുന്നു: ” നോമ്പുകാലങ്ങളിൽ നാവ് വ്യർത്ഥഭാഷണങ്ങളിൽ നിന്നും അധരങ്ങൾ പരദൂഷണത്തിൽ നിന്നും സംസാരം അപരനെ അപകീർത്തിപ്പെടുത്തുന്നതിൽ നിന്നും പിന്തിരിയട്ടെ “. അതിൻ്റെയടിസ്ഥാനത്തിലാകണം നോമ്പാചരണത്തെ വിലയിരുത്തുക.
നോമ്പ് അനുഷ്ഠിക്കുന്നവരുടെ ഇന്ദ്രിയങ്ങൾ നിയന്ത്രണവിധേയമാണോ എന്നതാണ് നോമ്പനുഷ്ഠാനത്തിന്റെ ഒരു മാനദണ്ഡം.
നോമ്പ് ആചരിക്കുമ്പോൾ ശരീരാവയവങ്ങളുടെ വ്യാപാരങ്ങൾ എപ്രകാരമായിരിക്കണം എന്നും പിതാവ് വിശദീകരിക്കുന്നു: കരങ്ങൾ ചൂഷണത്തിൽ നിന്നും പാദങ്ങൾ തെറ്റായ പാതകളിൽ നിന്നും കണ്ണുകൾ പാപജന്യമായ ദൃശ്യങ്ങളിൽ നിന്നും പിന്തിരിയട്ടെ. തെറ്റായ പ്രവൃത്തികളിൽ നിന്ന് മനുഷ്യൻ്റെ പ്രവൃത്തികളും ശേഷികളും ( faculties )അകലം പാലിക്കുന്നുവെങ്കിൽ നോമ്പാചരണം ശരിയായി നടക്കുന്നുവെന്ന് ക്രിസോസ്റ്റം ചിന്തിക്കുന്നു.
ഭക്ഷണം കഴിക്കാതിരിക്കുന്നതുവഴി മാത്രം നോമ്പ് ശരിയായ ദിശയിൽ എന്ന് വിധി എഴുതേണ്ട. പിതാവ് പറയുന്നു: നീ ഭക്ഷണവർജ്ജനം വഴി ഭക്ഷ്യവസ്തുക്കളെ കടിക്കുന്നില്ല എന്നത് ശരി തന്നെ. എന്നാൽ സഹോദരനെ ആ പല്ലുകൾ കൊണ്ട് കടിക്കുകയും അവനെ വിഴുങ്ങുകയും ചെയ്യുന്നുവോ എന്ന് ആലോചിക്കുക. ഇവിടെ സഹോദരനെ കടിക്കുക, വിഴുങ്ങുക എന്നതിന് അയാളോട് അന്യായം ചെയ്യുക, ഉപദ്രവിക്കുക എന്നത് അർത്ഥം. അതായത് ഭക്ഷണം കഴിക്കാതിരിക്കുകയും സഹോദരനോട് അനീതി പ്രവർത്തിക്കുകയും ചെയ്യുന്നുവെങ്കിൽ നാം ഭക്ഷണം കഴിക്കാതിരിക്കുന്നതുകൊണ്ട് നോമ്പിൻ്റെ പ്രയോജനം ലഭിക്കുന്നില്ല എന്ന് ഇവിടെ അപകടസൂചന. നോമ്പിലെ ആചരണരീതിയും ലക്ഷ്യവും നടക്കാതെ വരുന്നു. ഭക്ഷണനിയന്ത്രണം കർശനവും ബാഹ്യ അനുഷ്ഠാനങ്ങൾ ആക്ഷരികവുമായി മാത്രം നിവൃത്തിച്ചു കൊണ്ട് സഹോദരനോട് അനീതി പ്രവർത്തിക്കുന്നുവെങ്കിൽ നോമ്പിൻ്റെ സ്വഭാവമായ ആന്തരികപോരാട്ടവും ലക്ഷ്യമായ പരിവർത്തനവും ഉണ്ടാകുന്നില്ല.
വീണ്ടും, ഭക്ഷണനിയന്ത്രണത്തെ നോമ്പ് ആയി പരിഗണിക്കുന്ന രീതിയെ ക്രിസോസ്സ്റ്റം വിമർശിക്കുന്നു: ” നിങ്ങൾക്ക് മാംസാഹാരം വർജ്ജിക്കുവാൻ കഴിയുന്നില്ല എങ്കിൽ അത് കഴിച്ചു കൊള്ളുക. എന്നാൽ സഹോദരനോടുള്ള വെറുപ്പും വിദ്വേഷവും മനസ്സിൽ നിറഞ്ഞിരിക്കുന്നുവെങ്കിൽ നോമ്പാചരണം വ്യർത്ഥവും പ്രഹസനവും ആണ്.” ഇവിടെ ക്രിസോസ്റ്റത്തിൻ്റെ ഭാഷ തുറന്നതും (blunt ) ഋജുവും (direct ) ഇടയനടുത്തതുമാണ് ( Pastoral ).
പരി. ഫ്രാൻസിസ് മാർപാപ്പ ഈ സമീപനത്തിന്റെ യുക്തി തുറന്നു കാണിക്കുന്നു: മാംസം ഭക്ഷിക്കുന്നത് ഒരുവനെയും പാപിയാക്കുന്നില്ല. സസ്യാഹാരഭോജനം ആരെയും വിശുദ്ധനും ആക്കുന്നില്ല. നോമ്പാചരണത്തിൽ സസ്യാഹാരത്തിന്റെ പങ്കല്ല നിർണായകം എന്ന ശക്തമായ ചിന്തയാണ് ഇവിടെ നാം കേൾക്കുന്നത്. നടക്കേണ്ടത് ബാഹ്യാചാരങ്ങളുടെ കർശനമായ അനുഷ്ഠാനമല്ല പ്രത്യുത മനുഷ്യമനസ്സിന്റെ മൃദുലീകരണം ആണ് എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ക്രിസോസ്റ്റം പറയുന്നു: സഹോദരനെ വിഴുങ്ങുന്നതാണ് മാംസം കഴിക്കുന്നതിലും അധികം നോമ്പാചരണത്തിന് വിഘാതമാകുന്നത്. മനുഷ്യൻ്റെ അവയവങ്ങൾ, ശേഷികൾ, ചിന്തകൾ, പ്രവർത്തനങ്ങൾ എല്ലാം നോമ്പാചരണത്തോട് ഉദ്ഗ്രഥിതം ( integerated ) ആകണം. മനുഷ്യൻ്റെ മനസ്സ്, പ്രവൃത്തി, ഇന്ദ്രിയങ്ങൾ എന്നിവയുടെ സമഗ്രമായ പങ്കാളിത്തവും ഏകീകരണവും ആണ് ഇവിടെ നടക്കേണ്ടത്. നോമ്പ് ഭക്ഷണനിയന്ത്രണാധിഷ്ഠിതമായി ആചരിക്കുന്നത് ബാഹ്യമായ അനുഷ്ഠാനം മാത്രമായി പരിണമിക്കുന്നു.
ഇവിടെ പാപങ്ങളിൽ നിന്നും ഉള്ള അകൽച്ച മാത്രമല്ല നടക്കേണ്ടത്, ആസക്തികളിൽ നിന്നുള്ള സ്വതന്ത്രമാകലും പോരാ, ഇവയെല്ലാം പരസ്നേഹത്തിലേക്ക് വിശ്വാസിയെ നയിക്കണം. അദ്ദേഹം പറയുന്നു: നിൻ്റെ ഭക്ഷണമേശയിൽ സാധനങ്ങളുടെ എണ്ണവും സമൃദ്ധിയും കുറഞ്ഞാൽ മാത്രം പോരാ പ്രത്യുത അവ ദരിദ്രന്റെ ഭക്ഷണമേശയിൽ പ്രത്യക്ഷപ്പെടുകയും വേണം. അതായത് ഭക്ഷണനിയന്ത്രത്തോടൊപ്പം ഭക്ഷണം ദരിദ്രന് നൽകി സഹോദരസ്നേഹം പ്രകടിപ്പിക്കണം. ക്രിസോസ്റ്റം പറയുന്നു: ” നീ ദരിദ്രനെ കാണുമ്പോൾ നോമ്പുകാലം എന്ന് ഓർക്കുക. അവനോട് കനിവ് കാണിക്കുക. അല്ലെങ്കിൽ ഭക്ഷണവർജ്ജനവും നോമ്പാചരണവും വ്യർത്ഥം”. അതായത് മനസ്സ് ആസക്തികളിൽ നിന്നും സ്വതന്ത്രമായാൽ അത് നിനക്ക് നല്ലത്. എന്നാൽ നോമ്പ് പൂർണ്ണമാകണമെങ്കിൽ നിൻ്റെ ചെറിയ സഹോദരൻ നിന്റെ സഹോദരസ്നേഹം അറിയണം. ഇവിടെ ഭക്ഷണനിയന്ത്രണവും വർജ്ജനവും ആസക്തികളിൽ നിന്നുള്ള സ്വതന്ത്രമാകൽ മാത്രമായി പരിമിതപ്പെട്ടു പോകരുത്. അത് സഹോദരസ്നേഹമായി പരിവർത്തനപ്പെടണം എന്ന് ക്രിസോസ്സ്റ്റം ചിന്തിക്കുന്നു.
ഇതു നടന്നില്ലെങ്കിൽ മനുഷ്യമനസ്സിൽ നിറയുന്നത് സ്വയംതൃപ്തി, ആത്മീയ അഹങ്കാരം, നോമ്പാചരിക്കാത്തവരോടുള്ള അവജ്ഞ എന്നിവയാണ്. എന്നാൽ സ്നേഹം കൊണ്ട് നിറയുന്ന ഹൃദയം മറ്റുള്ളവരെ പറ്റിയുള്ള കനിവ്, തങ്ങളിൽ വിനയം എന്നിവയാൽ ആർദ്രമാകുന്നു. അനുഷ്ഠാനപ്രധാനമായ നോമ്പാചരണത്തിൽ ആചരണമത്സരം, മറ്റുള്ളവരുമായുള്ള താരതമ്യ ചിന്ത, പ്രകടനം തുടങ്ങിയവ സൃഷ്ടിക്കപ്പെടുവാനുള്ള സാധ്യത ഏറിയിരിക്കും.
വീണ്ടും നോമ്പാചരണത്തിൽ ശ്രദ്ധ പതിയേണ്ട കാര്യങ്ങളെപ്പറ്റി ക്രിസോസ്റ്റം തുടർന്നു പറയുന്നു: നാം കഠിന നോമ്പു വഴിയും സ്വയം പീഡനങ്ങൾ വഴിയും അനുഷ്ഠാനതീവ്രത വഴിയും സ്വന്തം ശരീരത്തെ ദണ്ഡിപ്പിക്കുന്നത് ദൈവഹിതമല്ല. തകരേണ്ടത് ശരീരവും ആരോഗ്യവും അല്ല, അഹന്തയാണ്. ശരീരം ദൈവസൃഷ്ടിയും ദാനവും ദൈവഭവനവും ആണ്. അത് സംരക്ഷിക്കേണ്ട മനുഷ്യൻ അതിനെ പീഡിപ്പിക്കുകയല്ല മറിച്ച് പരിപോഷണംവഴി സ്വന്തം ജീവിതത്തിനും അദ്ധ്വാനം വഴി അപരനും നന്മയുണ്ടാകുവാനാണ് ദൈവം ആഗ്രഹിക്കുന്നത്. കർത്താവ് തൻ്റെ ഉപവാസകാലത്ത് തൻ്റെ ശരീരത്തെ ദണ്ഡിപ്പിക്കുകയായിരുന്നില്ല. അവിടെ അദ്ദേഹം ദൈവികപദ്ധതിക്കായി ശരീരത്തെ കൂടി സമർപ്പിക്കുകയായിരുന്നു. അതിൻ്റെ പൂർണ്ണതയായിരുന്നു നാം ക്രൂശിൽ ദർശിക്കുന്നത്. നോമ്പുകാലത്ത് ശരീരത്തിൻ്റെ പീഡനമല്ല നടക്കേണ്ടത് പ്രത്യുത അതിനെ ദൈവനിയോഗത്തിനും മനുഷ്യ സേവനത്തിനുമായി ഒരുക്കുകയാണ് ദൈവഹിതം. സ്വയപീഡനം നയിക്കുന്നത് പ്രകടനം, കാപട്യം, അഹങ്കാരം എന്നിവയിലേക്കാണ്. അതുകൊണ്ട് ക്രിസോസ്റ്റം പറയുന്നത്: നോമ്പനുഷ്ഠാനത്തിന്റെ ആചരണത്തിൽ ദൈവം തന്ന ശരീരത്തിൻ്റെ നാശമല്ല ദൈവം ആഗ്രഹിക്കുന്നത്; വിനയവും അനുതാപവും ഉള്ള മനസ്സാണ്. എത്രമാത്രം കർശനമാണ് നോമ്പനുഷ്ഠാനം എന്നത് ദൈവത്തിനു വിഷയമല്ല. കനിവും വിനയവും എന്തുമാത്രം അത് സൃഷ്ടിക്കുന്നു എന്നതാണ് പ്രധാനം. നോമ്പ് ആത്യന്തികമായി മനുഷ്യനെ ഭക്ഷണവർജ്ജനത്തിലേക്കും ശാരീരികപീഡനത്തിലേക്കും അല്ല അനുതാപത്തിലേക്കും വിനയത്തിലേക്കും വ്യക്തിപരമായ പരിവർത്തനത്തിലേക്കുമാണ് നയിക്കേണ്ടത്. എന്നാൽ അതിനും അപ്പുറമായി സഹോദരനോടുള്ള രമ്യതയിലേക്കും സ്നേഹത്തിലേക്കും, നയിക്കണമെന്നാണ് അദ്ദേഹം നമ്മെ ഓർമിപ്പിക്കുന്നത്.
ഇതോടൊപ്പം പോപ്പ് ഫ്രാൻസിസ് പറയുന്നത് ശ്രദ്ധിക്കുക: ” People abstain from eating meat but they do not talk to their siblings, they do not visit and talk their parents. They do not share their food with those who need at most. They critizize others, mistreat their partner… let us be more humble and less arragant. ( തുടരും…)
സസ്നേഹം നിങ്ങളുടെ
അത്താനാസിയോസ് തോമസ്
മെത്രാപ്പോലീത്ത

