വിശ്വാസപ്രമാണത്തിലെ അടുത്ത ഭാഗം പരിശുദ്ധാത്മാവിനെ പറ്റിയുള്ള പ്രഖ്യാപനമാണ്. AD 325ലെ രേഖയിൽ ഇതു സംബന്ധിച്ച് ഒറ്റവാക്യമാണ് ഉണ്ടായിരുന്നത്: (ഞങ്ങൾ)പരിശുദ്ധാത്മാവിൽ വിശ്വസിക്കുന്നു. എന്നാൽ AD 381 ലെ പാഠഭേദപ്രകാരം ഇത് വികസിപ്പിച്ച് തുടർന്നു പറയുന്നതുപോലെ ആക്കി: കർത്താവും ജീവൻ നൽകുന്നവനും പിതാവിൽ നിന്ന് പുറപ്പെട്ട് പിതാവിനോടും പുത്രനോടും ഒരുമിച്ച് ആരാധിക്കപ്പെടുന്നവനും മഹത്വീകരിക്കപ്പെടുന്നവനും പ്രവാചകന്മാരിലൂടെ സംസാരിച്ചവനും ആയ പരിശുദ്ധ റൂഹായിലും ഞാൻ വിശ്വസിക്കുന്നു.
പരിശുദ്ധാത്മാവിനെ സംബന്ധിച്ച് ആദ്യത്തെ ഒറ്റ വരി പ്രഖ്യാപനം വികസിപ്പിക്കുവാനുള്ള പശ്ചാത്തലം സൃഷ്ടിക്കപ്പെട്ടിരുന്നു. നാലാം നൂറ്റാണ്ടിൽ പരിശുദ്ധാത്മാവിനെ സംബന്ധിച്ച് ഉയർന്നുവന്ന ദുരുപദേശങ്ങളും അവ്യക്തതകളും ഈ ഭാഗത്തിന്റെ വിപുലീകരണത്തിന് വഴിയൊരുക്കി. പരിശുദ്ധാത്മാവിന്റെ ദൈവത്വവും വ്യക്തിത്വവും ആണ് നിഷേധിക്കപ്പെട്ടത്. അറിയോസ് ദൈവപുത്രന്റെ ആളത്തം മാത്രമല്ല പരിശുദ്ധാത്മാവിൻ്റേതും അംഗീകരിച്ചിരുന്നില്ല. കാരണം ദൈവം ഏകൻ എന്ന ചിന്തയിൽ പുത്രനും പരിശുദ്ധാത്മാവും ദൈവമെന്ന് അദ്ദേഹത്തിന് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അറിയോസിൻ്റെ വേദശാസ്ത്രസ്വാധീനത്തിൽ പെട്ട സുറിയാനിക്കാരനായിരുന്ന എറ്റിയസും (AD 313 – 367) അദ്ദേഹത്തിൻ്റെ ശിഷ്യനായിരുന്ന സിറ്റ്സിക്കസിലെ മേൽപ്പട്ടക്കാരനായിരുന്ന എവ്നോമിയസും (AD 335 – 393 ) പരിശുദ്ധാത്മാവ് പുത്രൻ്റെ സൃഷ്ടിയാണ് എന്നും പിതാവിൽ നിന്നും വ്യത്യസ്ത സാരാംശമുള്ളവനും എന്ന് പഠിപ്പിച്ചിരുന്നു. ഈ ചിന്താഗതിക്കാർ അനോമിയൻസ് ( Anomoeans / വ്യത്യസ്ത സാരാംശക്കാർ )എന്ന് അറിയപ്പെട്ടിരുന്നു. ഇവരുടെ സിദ്ധാന്തത്തെ ധാരാളം പേർ പിന്തുണച്ചിരുന്നു.
അതുപോലെ നാലാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ കുസ്തന്തീനോപോലീസിലെ മേൽപ്പട്ടക്കാരനായിരുന്ന മക്കേദോനിയോസ് ( AD 341 – 346; 351- 360 ) പുത്രൻ്റെ ദൈവത്വം അംഗീകരിച്ചെങ്കിലും പരിശുദ്ധാത്മാവിൻ്റേത് നിഷേധിച്ചു. പരിശുദ്ധാത്മാവ് പുത്രൻ്റെ സൃഷ്ടി മാത്രമാണ് എന്ന് അദ്ദേഹം പഠിപ്പിച്ചു. പരിശുദ്ധാത്മാവ് പിതാവിൻ്റെ ആജ്ഞാനുവർത്തിയും സഹായിയുമാണ് എന്നാണ് അയാളുടെ ചിന്ത. പിതാവുമായി പരിശുദ്ധാത്മാവിനുള്ള ബന്ധം വിശദീകരിക്കുന്നതിനായി എബ്രായ ലേഖനം 1: 14 ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിൻ്റെ ഇതു സംബന്ധിച്ച ലിഖിതങ്ങൾ ഒന്നും തന്നെ ഇന്ന് ലഭ്യമല്ല. എങ്കിലും അക്കാലത്തെ ചരിത്രരേഖകൾ അദ്ദേഹത്തിൻ്റെ നിലപാടിനെ പറ്റി രേഖപ്പെടുത്തുന്നുണ്ട് (Socrates of Constantinople; Ecclesiastical History II, 45; Sozomon; Ecclesiastical History IV. 27; Theodoretus of Cyrus; Ecclesiastical History 11. 6 ). ഇദ്ദേഹത്തിൻ്റെ അനുയായികൾ Spirit fighters ( pneumatomachians )എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
നിക്കോമേദിയയിലെ മേൽപ്പട്ടക്കാരനായിരുന്ന യൗസേബിയസും പരിശുദ്ധാത്മാവ് പിതാവിൻ്റെ കീഴിലുള്ള സൃഷ്ടിയായ കുറഞ്ഞ ദൈവം (lesser God)എന്ന അഭിപ്രായക്കാരനായിരുന്നു. അദ്ദേഹവും പരിശുദ്ധാത്മാവിന് പിതാവിൻ്റെ അതേ സാരാംശം ഉണ്ട് എന്ന് അംഗീകരിക്കുവാൻ തയ്യാറായിരുന്നില്ല.
ദൈവം ഒന്ന് എന്ന വിശ്വാസപ്രകാരം ഒന്നിലധികം ദൈവാളത്തങ്ങൾ ഏകദൈവ വിശ്വാസത്തിന് വിരുദ്ധം എന്നതായിരുന്നു ഇവരുടെ പൊതുവായ നിലപാടും അവരുടെ സിദ്ധാന്തത്തിന്റെ അടിത്തറയും. അതുകൊണ്ട് പരിശുദ്ധാത്മാവ് സൃഷ്ടിയാണ്; ദൈവമല്ല; ആരാധനയ്ക്ക് അർഹനല്ല. പരിശുദ്ധാത്മാവിന്റെ ദൈവത്വം സംബന്ധിച്ച അവരുടെ കാഴ്ചപ്പാട് വ്യുത്പന്നം ( derivative ), സ്ഥാനപരം, ആലങ്കാരികം ( decorative )എന്നീ നിലകളിൽ ആയിരുന്നു. അതുപോലെ തന്നെ ഇവരിൽ ചിലർ പരിശുദ്ധാത്മാവിന്റെ വ്യക്തിപരത (personhood)യും ചോദ്യം ചെയ്തിരുന്നു. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ഇച്ഛകൾ യാഥാർത്ഥ്യമാക്കുന്ന ശക്തിയെന്നായിരുന്നു ഇവരുടെ കാഴ്ചപ്പാട്. ഇവർ പരിശുദ്ധാത്മാവിനെ ദൈവത്തിൻ്റെ സർഗ്ഗശക്തി (creative power), ദൈവിക ഊർജ്ജം (divine force / agent of God in divine action ) എന്ന് വിളിച്ചിരുന്നു.
ഇതിൻ്റെ ഭാഷാപരമായ പശ്ചാത്തലം നിഷേധിച്ചു കൂടാ. ഗ്രീക്ക് ഭാഷയിൽ pneuma / ആത്മാവ് എന്നത് നപുംസക ( neuter gender )പദമാണ്. അത് പുരുഷ / സ്ത്രീലിംഗ നാമമല്ല. അതുകൊണ്ട് ന്യൂമറ്റോമാഖിയൻസ് പരിശുദ്ധാത്മാവിന്റെ വ്യക്തിപരത നിഷേധിച്ചു. ആ സാഹചര്യത്തിൽ പരിശുദ്ധാത്മാവിന്റെ ദൈവത്വം, വ്യക്തിപരത എന്നിവ വിശ്വാസവിഷയമായി സംരക്ഷിക്കപ്പെടണം എന്ന ആവശ്യം അന്ന് നിലനിന്നിരുന്നു.
1. പരിശുദ്ധാത്മാവ് ദൈവം / കർത്താവാണ്.
2. അവന് വ്യക്തിത്വമുണ്ട് / വെറും ശക്തിയല്ല /പിതാവിൽ നിന്നും പുറപ്പെടുന്നവനാകുന്നു.
3. പിതാവിനോടൊപ്പം നിത്യനും / അതേ സാരാംശം ഉള്ളവനും ആണ്.
4. പരിശുദ്ധാത്മാവ് പുത്രൻ എന്നതുപോലെ പിതാവിൽ നിന്നാണ്. അതുകൊണ്ട് പരിശുദ്ധാത്മാവിന്റെ ദൈവത്വം നിഷേധിക്കാനാവില്ല.
5. ആരാധന ( latraia )യ്ക്ക് / മഹത്വീകരണത്തിന് അർഹനാണ്.
6. പരിശുദ്ധാത്മാവ് സ്വയം ജീവനുള്ളവനും അതുകൊണ്ട് ജീവിപ്പിക്കുന്ന / ജീവൻ നൽകുന്നവനും ആകുന്നു.
ഈ വിഷയങ്ങൾ വിശ്വാസപ്രമാണത്തിൽ ചേർത്ത് പരിശുദ്ധാത്മാവിനെ പറ്റിയുള്ള പ്രഖ്യാപനം വിപുലീകരിച്ചു.
കേസരിയായിലെ മാർ ബസേലിയോസ്, നാസിയാൻസിലെ മാർ ഗ്രിഗോറിയോസ്, നിസ്സായിലെ മാർ ഗ്രിഗോറിയോസ് എന്നിവരുടെ രചനകളുടെ അടിസ്ഥാനത്തിലാണ് പരിശുദ്ധാത്മാവിനെ പറ്റിയുള്ള ഭാഗങ്ങൾ വിശ്വാസപ്രമാണത്തിൽ രൂപം കൊണ്ടത്.
ബസേലിയോസ് ( AD 330 – 379 ) പരിശുദ്ധാത്മാവിനെ പറ്റി ഒരു ഗ്രന്ഥം ( Of The Holy Spirit ) തന്നെ രചിച്ചിട്ടുണ്ട്. ക്രൈസ്തവസഭയിലെ നിലനിന്നിരുന്ന ആരാധനയിലെല്ലാം പിതാവിനോടൊപ്പം പരിശുദ്ധാത്മാവിനെ ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തു വന്നിരുന്നു. ദൈവത്തെ മാത്രം ക്രൈസ്തവർ ആരാധിക്കുന്ന പശ്ചാത്തലത്തിൽ പരിശുദ്ധാത്മാവ് ദൈവം അല്ല എന്നു പറയാനാവില്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം. ആരാധനാപാരമ്പര്യ അടിസ്ഥാനത്തിലാണ് അദ്ദേഹം പരിശുദ്ധാത്മാവിന്റെ ദൈവത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
കൂടാതെ വേദശാസ്ത്രപരമായും അദ്ദേഹം ഈ വിഷയത്തെ അപഗ്രഥിക്കുന്നു. പരിശുദ്ധാത്മാവ് ജീവൻ നൽകുന്നു (യോഹ. 6: 63; റോമ 8: 11; 2 കൊരി 3: 6). ദൈവത്തിനു മാത്രമേ ജീവൻ നൽകാനാകൂ. അതോടൊപ്പം പരിശുദ്ധാത്മാവ് വിശുദ്ധീകരിക്കുന്നവനാകുന്നു എന്ന വേദഭാഗവും അദ്ദേഹം സ്മരിക്കുന്നു (1 കൊരി 6: 11; 2 തെസ്സ 2: 23). ഒരു സൃഷ്ടിക്ക് ഒരു കാരണവശാലും ദൈവിക വിശുദ്ധി നൽകാനാവില്ല. കാരണം വിശുദ്ധീകരണം എന്നാൽ ദൈവികവിശുദ്ധിയിൽ പങ്കു ചേർക്കലാണ്. അതുപോലെ പരിശുദ്ധാത്മാവിനെ പിതാവിൽ നിന്നും പുത്രനിൽ നിന്നും തിരുവചനം വേർതിരിച്ചു കാണുന്നില്ല. മത്താ. 28: 19 ൽ ‘ നാമം’ ഏകവചനമായിട്ടാണ് ചേർത്തിരിക്കുന്നത് എന്ന് ബസേലിയോസ് ചൂണ്ടിക്കാണിക്കുന്നു. ദൈവത്തിൻ്റെ സവിശേഷതകളായ – സർവ്വസാന്നിധ്യം ( സങ്കീ 139: 7 ), സകല ജ്ഞാനം ( 1 കൊരി 2: 10, 11 ) – പരിശുദ്ധാത്മാവിനും ഉള്ളതായി തിരുവചനങ്ങൾ ഉദ്ധരിച്ച് തെളിവ് നൽകുന്നു. പരിശുദ്ധാത്മാവ് കർത്താവ് എന്ന നിലയിൽ പ്രവർത്തിക്കുന്നു ( അ. പ്ര 13: 2 ). ഇവിടെ ദൈവിക അധികാരി ആയിട്ടാണ് ആത്മാവിൻ്റെ പ്രവർത്തനം. ദൈവിക പദ്ധതി – പുനരുജ്ജീവിപ്പിക്കുക ( regenerates ), വിശുദ്ധീകരിക്കുക (sanctify ), രൂപാന്തരപ്പെടുത്തുക ( transform ), ദൈവത്തോടൊപ്പം കൊണ്ടുവരിക ( brings with God ) – അവൻ സൃഷ്ടിയിലും രക്ഷാപദ്ധതിയിലും പ്രവർത്തിച്ച് ദൈവികപദ്ധതി പൂർത്തിയാക്കുന്നു. കൂടാതെ പിതാവിൻ്റെയും പുത്രന്റെയും തുല്യനായിട്ടാണ് പരിശുദ്ധാത്മാവിനെ പറ്റി തിരുവചനം പറയുന്നത് ( 2 കൊരി. 13: 14 ). റോമ. 8: 15, 16 സാക്ഷിക്കുന്നതുപോലെ ദൈവത്തിനു മാത്രമേ ആരെയെങ്കിലും ദൈവമക്കളാക്കാനാവൂ. പരിശുദ്ധാത്മാവാണ് നമ്മെ ദൈവമക്കളാക്കുന്നത് എന്നതാണ് ഇവിടെ വായിക്കുന്ന തിരുവചന സാക്ഷ്യം. അതുപോലെ നമ്മെ ദൈവത്തിൻ്റെ ആലയമാക്കുന്നതിനും ദൈവജീവിതത്തിൽ പങ്കാളികളാക്കുന്നതിനും ദൈവമായ ആത്മാവിനേ സാധിക്കൂ എന്നത് പരിശുദ്ധാത്മാവിന്റെ ദൈവത്വത്തെ സാക്ഷിക്കുന്നു.
നാസിയാന്‍സിലെ ഗ്രിഗോറിയോസ് ( AD 329 – 390 ) പരിശുദ്ധാത്മാവിന്റെ ദിവ്യത്വം വിട്ടുവീഴ്ചയില്ലാതെ സ്ഥാപിച്ച് പ്രഖ്യാപിക്കുന്ന വ്യക്തിയാണ്. പരിശുദ്ധാത്മാവിന്റെ ദിവ്യത്വം നിഷേധിച്ച് ക്രിസ്തീയ രക്ഷയെ പറ്റി പറയാനാകില്ല. സൃഷ്ടിക്ക് രക്ഷ സൃഷ്ടിക്കുവാനുമാകില്ല. കാരണം പരിശുദ്ധാത്മാവാണ് മനുഷ്യനെ വിശുദ്ധീകരിക്കുന്നതും ദൈവികകൂട്ടായ്മ സാധ്യമാക്കുന്നതും. പഴയനിയമത്തിൽ പിതാവും പുതിയനിയമത്തിൽ പുത്രനും സഭയിൽ പരിശുദ്ധാത്മാവുമാണ് രക്ഷയുടെ വെളിപാടും പ്രവൃത്തിയും നിർവഹിക്കുന്നത്. ഇവരെ തിരിക്കാവുന്നത് പിതാവ് ജനകൻ എന്നും പുത്രൻ ജനിച്ചവൻ എന്ന നിലയിലും പരിശുദ്ധാത്മാവ് പിതാവിൽ നിന്ന് പുറപ്പെടുന്നവൻ എന്ന നിലയിലും മാത്രമാണ്. ഇവ ഇവരെ ബന്ധിപ്പിച്ച് ഏകമാക്കുന്ന ബന്ധ സവിശേഷതകളാണ്. അതുകൊണ്ട് ഈ ആളത്തങ്ങളെ ഒറ്റപ്പെടുത്താനോ വേർപ്പെടുത്താനോ ആവില്ല.
നിസ്സായിലെ മാർ ഗ്രിഗോറിയോസ് (AD 325 – 395 ) പരിശുദ്ധാത്മാവിനെ സംബന്ധിച്ച ഏറ്റവും ദാർശനികമായ വിശദീകരണമാണ് നൽകുന്നത്. ദൈവത്തിൻ്റെ എല്ലാ പദ്ധതികളുടെയും നടത്തിപ്പ് ( operations )നടക്കുന്നത് മൂന്ന് ദൈവിക ആളത്തങ്ങളും ചേർന്നാണ്. പിതാവ് പുത്രനിലൂടെ പരിശുദ്ധാത്മാവിലാണ് ( Father through Son in the Holy Spirit ). ഈ പദ്ധതി നിർവഹണം ( operations ) സൃഷ്ടിയിലും ചരിത്രത്തിലും രക്ഷയിലും നടക്കുന്നതായി തിരുവചനം സാക്ഷിക്കുന്നു. ഇത് തെളിയിക്കുന്നത് ഈ മൂന്ന് ആളത്തങ്ങളുടെയും സാരാംശത്തിലുള്ള ഐക്യവും( unity of substance /ousia )വ്യത്യസ്തമായ ആളത്തങ്ങളും ( hypostases )ആണ്. പുത്രനും പരിശുദ്ധാത്മാവും പ്രവർത്തിക്കുന്നത് ആളത്തകൂട്ടായ്മയിലാണ്. അതുകൊണ്ട് ഇവയിൽ ആരുടെയും ദിവ്യത്വം നിഷേധിക്കാനാവില്ല. അദ്ദേഹം പറയുന്നു: whatever is shown fully in divine operation shown fully in divine nature. ഇത്രയും ചേർന്ന് പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവ് ദൈവിക സാരാംശത്തിന് അന്യനാകുവാനാവില്ല. പിതാവ് ദൈവികപദ്ധതിയുടെ പ്രഭവസ്ഥാനമെങ്കിൽ പുത്രൻ പിതാവിനോടൊപ്പം വെളിപ്പെടുകയും പരിശുദ്ധാത്മാവ് പിതാവിനോടും പുത്രനോടും ഒപ്പം പൂർത്തീകരിക്കുകയും ചെയ്യുകയാണ്.
അതുപോലെതന്നെ പരിശുദ്ധാത്മാവിന്റെ ആളത്തം (personhood) സംബന്ധിച്ചും കപ്പദോക്കിയൻ പിതാക്കന്മാർക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. യോഹന്നാൻ്റെ സുവിശേഷത്തിൽ പരിശുദ്ധാത്മാവിന് പകരം ഉപയോഗിക്കുന്ന പദം പാറക്ലിറ്റോസ് എന്നാണ് ( 14: 16 ). ആ പദം പുല്ലിംഗമാണ് എന്നു മാത്രമല്ല അതിൻ്റെ സർവ്വനാമവും (pronoun ) പുല്ലിംഗ ഏകവചനമാണ്. പുതിയനിയമത്തിൽ എല്ലായിടത്തും തന്നെ പരിശുദ്ധാത്മാവ് വ്യക്തി എന്ന നിലയിലാണ് അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് വിശ്വാസപ്രമാണത്തിലും ഇതിൻ്റെ ചുവടുപിടിച്ച് കർത്താവ്, ജീവൻ നൽകുന്നവൻ, പിതാവിൽ നിന്ന് പുറപ്പെടുന്നവൻ, പ്രവാചകന്മാരിലൂടെ സംസാരിച്ചവൻ, ആരാധിക്കപ്പെടുന്നവൻ, സ്വീകരിക്കപ്പെടുന്നവൻ എന്നീ പദങ്ങൾ എല്ലാം പരിശുദ്ധാത്മാവ് വ്യക്തി എന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഈ ഭാഗത്ത് പരിശുദ്ധാത്മാവിന്റെ പുറപ്പാടിനെ (procession) പറ്റി പറയുന്നു. വിശ്വാസപ്രമാണത്തിന്റെ രണ്ടാം ഖണ്ഡികയിൽ പുത്രൻ്റെ പിതാവിൽ നിന്നുള്ള ജനനത്തെപ്പറ്റി പറയുന്നുവെങ്കിൽ മൂന്നാം ഖണ്ഡികയിൽ പരിശുദ്ധാത്മാവിന്റെ പിതാവിൽ നിന്നുള്ള പുറപ്പാടിനെ പറ്റി പറയുന്നു. അത് ഓരോന്നും ഓരോ ദൈവിക ആളത്തത്തിൻ്റെയും പ്രത്യേകത (distinctiveness) വ്യക്തമാക്കുവാനാണ് ചേർത്തിരിക്കുന്നത് ( യോഹ 14: 16 ).
ഈ വിശദീകരണങ്ങൾ പരിശുദ്ധാത്മാവിനെ കുറിച്ചുള്ള അവ്യക്തതയും ആശയപ്പിശകും നീക്കി. പുത്രൻ്റെയും പരിശുദ്ധാത്മാവിന്റെയും ആളത്തം, പിതാവുമായുള്ള ബന്ധം എന്നിവ സംബന്ധിച്ച തർക്കങ്ങൾക്ക് വിശ്വാസപ്രമാണത്തിലെ മൂന്നാം ഖണ്ഡികയുടെ രൂപപ്പെടലോടെ സഭയിൽ പരിഹാരമായി. ( തുടരും… )

