സഭയുടെ സാക്ഷ്യം ജീവിതത്തിൻ്റെ സമസ്ത മേഖലയിലും പ്രതിഫലിക്കേണ്ട ഒന്നാണ് എന്നും അതിനായി സമർപ്പിക്കാനും പ്രയത്നിക്കാനും സഭകൾ തയ്യാറാകണമെന്നും പ്രവാചകതുല്യം ഓർമ്മിപ്പിച്ച വ്യക്തിത്വമാണ് ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത.
അദ്ദേഹം ഒരു സമ്പ്രദായിക മെത്രാൻ ശൈലിയിൽ നിന്ന് വേറിട്ട് ചിന്തിക്കുകയും, പറയുകയും, പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു. സഭയെ അതിൻ്റെ ജീവിത പശ്ചാത്തലത്തിൽ പ്രസക്തമായ സാന്നിധ്യമാക്കാൻ പ്രസംഗം കൊണ്ടും രചനകൾ കൊണ്ടും നടപടികൾ കൊണ്ടും അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. അദ്ദേഹത്തിന്റെ സാമൂഹിക ദർശനം ഇന്നും സഭയുടെ മുന്നിൽ ഒരു അസ്വസ്ഥമായ കണ്ണാടിയായി നിൽക്കുന്നു.
വർഗ്ഗരഹിത സമൂഹം: സുവിശേഷത്തിന്റെ സാമൂഹിക ആവശ്യകത
തിരുമേനിയുടെ വർഗ്ഗരഹിത സമൂഹ ദർശനം ഒരു രാഷ്ട്രീയ മുദ്രാവാക്യമല്ല; മറിച്ച് സുവിശേഷത്തിന്റെ ആന്തരിക ആവശ്യകതയാണ്. ക്രിസ്തുവിൽ മനുഷ്യന്റെ അടിസ്ഥാനപരമായ സമത്വം അദ്ദേഹത്തിന്റെ ചിന്തയുടെ അടിത്തറയാണ്. “യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവിൽ ഒന്നാണ്” (ഗലാ. 3: 28) എന്ന വചനം തിരുമേനി ഒരു ആത്മീയ പ്രഖ്യാപനമായി മാത്രം ഒതുക്കാതെ, സാമൂഹിക വിപ്ലവത്തിന്റെ ആഹ്വാനമായും വായിക്കാൻ ശ്രമിച്ചു.
പരിശുദ്ധ ത്രിത്വത്തിലെ ഐക്യമാണ് വർഗ്ഗരഹിത സമൂഹത്തിന്റെ അടിസ്ഥാന ആശയമായി മാർ ഒസ്താത്തിയോസ് കാണുന്നത്. അതിലെ സഹസമത്വവും, സഹനിത്യതയും, സഹസാരാംശവും ഈ ഭൂമിയിലെ സ്നേഹസമൂഹത്തിന്റെ മുന്നാസ്വാദനമാണ്. സഭയുടെ ജീവിതത്തിൽ ജാതി, സാമ്പത്തിക സ്ഥാനം, വിദ്യാഭ്യാസ മേന്മ തുടങ്ങിയവ മാനദണ്ഡങ്ങളാകുമ്പോൾ ക്രിസ്തീയതയുടെ ആത്മാവ് നിറം മങ്ങിപ്പോകുന്നു എന്ന് അദ്ദേഹം വിമർശിച്ചു. ക്രിസ്തുവിന്റെ ശരീരമായ സഭ സമത്വത്തിന്റെ സാക്ഷിയായിരിക്കണം. ആരാധനാലയത്തിലെ സമത്വം സമൂഹജീവിതത്തിലേക്കു വ്യാപിക്കാത്ത പക്ഷം അത് അപൂർണ്ണമായ വിശ്വാസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
നീതി സമൂഹവും സാമ്പത്തിക ദൈവശാസ്ത്രവും
ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ ദൈവശാസ്ത്ര ചിന്തയിൽ “നീതി” ഒരു സാമൂഹിക നന്മയുടെ ആശയം മാത്രമല്ല; അത് ദൈവത്തിന്റെ സ്വഭാവത്തിന്റെ പ്രതിഫലനമാണ്. അതുകൊണ്ടുതന്നെ നീതി സമൂഹം ഒരു രാഷ്ട്രീയ മുദ്രാവാക്യമോ താത്കാലിക സാമൂഹിക പ്രസ്ഥാനമോ അല്ല; അത് ദൈവരാജ്യത്തിന്റെ ദൃശ്യ സാക്ഷ്യമാണ്. തിരുമേനിയുടെ സാമ്പത്തിക ദൈവശാസ്ത്രം ഈ നീതി ദർശനത്തിന്റെ സ്വാഭാവിക തുടർച്ചയാണ്.
വേദപുസ്തകം വായിക്കുമ്പോൾ പ്രവാചകന്മാരുടെ ശബ്ദത്തിൽ നിന്ന് യേശുവിന്റെ പ്രസംഗങ്ങളിലേക്കു വരെ നീതി എന്ന ആശയം അദ്ദേഹം കേന്ദ്രത്തിലാക്കി. “നീതി അരുവി പോലെ ഒഴുകട്ടെ” എന്ന പ്രവാചക ആഹ്വാനം അദ്ദേഹത്തിന് ആത്മീയ വാക്യമല്ല; സാമൂഹിക ഉത്തരവാദിത്വത്തിന്റെ നിയോഗവും വിളിയുമായിരുന്നു.
അദ്ദേഹത്തിന്റെ ചിന്തയിൽ ആരാധനയും നീതിയും വേർതിരിക്കാനാവില്ല. ദരിദ്രനെ അവഗണിച്ച് ദൈവത്തെ ആരാധിക്കുന്നത് ദൈവത്തിന് അംഗീകരിക്കാനാവില്ല. ധനവാനും ലാസറും എന്ന ദൃഷ്ടാന്തം ആചാരാനുഷ്ഠാന സഭകൾക്കെല്ലാം കുമ്പസാരത്തിലേക്ക് നയിക്കുന്ന ഹൃദയഭാരമായിരുന്നു.
തിരുമേനി സമ്പത്തിനെക്കുറിച്ച് സംസാരിക്കുമ്പോൾ അതിനെ ദൈവത്തിന്റെ അനുഗ്രഹമെന്ന ഏകവീക്ഷണത്തിൽ ഒതുക്കിയില്ല. സമ്പത്ത് ഒരു ഉത്തരവാദിത്വമാണെന്നും അതിന്റെ ഉപയോഗം ദൈവരാജ്യ മൂല്യങ്ങളോട് പൊരുത്തപ്പെടണമെന്നും അദ്ദേഹം പഠിപ്പിച്ചു. മനുഷ്യൻ സമ്പത്തിന്റെ പരിപൂർണ്ണ ഉടമയല്ല; ദൈവത്തിന്റെ സൃഷ്ടിയുടെ പരിപാലകനാണ്. അതുകൊണ്ട് സമ്പാദ്യം സ്വാർത്ഥതയ്ക്കായി ഉപയോഗിക്കുന്നത് ദൈവരാജ്യ ദർശനത്തിന് വിരുദ്ധമാണ്. പങ്കുവെക്കൽ, പരിപാലനം, സാമൂഹിക നന്മയ്ക്കായുള്ള വിനിയോഗം — ഇവയാണ് സാമ്പത്തിക ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങൾ.
പ്രാരംഭ സഭയുടെ ജീവിതത്തിൽ കാണുന്ന പങ്കുവെക്കൽ മാതൃക തിരുമേനിക്ക് പ്രചോദനമായിരുന്നു. അത് ഒരു രാഷ്ട്രീയ ആശയത്തിന്റെ അനുകരണമല്ല; മറിച്ച് സ്നേഹത്തിന്റെ ആത്മീയ ഫലമാണ്. സുവിശേഷം ഹൃദയം മാറ്റുമ്പോൾ സാമ്പത്തിക സമീപനവും മാറും — ഇതായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച ബോധ്യം.
അതുകൊണ്ട് തന്നെ താൻ ജീവിച്ചിരുന്ന ചുറ്റുപാടുകളിൽ ഉണ്ടായിരുന്ന വിഷയങ്ങളോട് അദ്ദേഹം സജീവമായി പ്രതികരിച്ചു. സഹായിക്കാൻ സ്ഥാപനങ്ങളായും പദ്ധതികളായും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ അദ്ദേഹത്തിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇത് പലപ്പോഴും വിമർശനങ്ങൾക്ക് ഇടയാക്കിയെങ്കിലും, “സ്ഥാപനങ്ങളുടെ ഭാവി എന്താകും? ” എന്ന ചോദ്യത്തേക്കാൾ “പ്രശ്നത്തിൽപ്പെട്ടവർക്കായി ഞാൻ എന്ത് ചെയ്യാം? ” എന്ന ചോദ്യമാണ് അദ്ദേഹത്തെ നയിച്ചത്.
സ്ഥാപനത്തിന്റെ വളർച്ചയോ സഭയുടെ സാമ്പത്തിക ബാധ്യതയോ അദ്ദേഹത്തിന്റെ പ്രധാന പരിഗണനയല്ലായിരുന്നു. പ്രശ്നങ്ങൾ നിലനിൽക്കണമെന്നതല്ല അദ്ദേഹത്തിന്റെ ആഗ്രഹം; മറിച്ച് പ്രശ്നങ്ങളിൽപ്പെട്ടവരോടുള്ള ദൈവീക സ്നേഹം തന്റെ വഴിയായി അനവരതം പ്രവഹിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ഹൃദയബോധ്യം.
ഇങ്ങനെ ആത്മീയതയും സാമൂഹിക ഉത്തരവാദിത്വവും ഏകീഭവിച്ച ദർശനത്തിലൂടെയാണ് അദ്ദേഹം സഭയെ സമഗ്രതയിലേക്ക് വിളിച്ചത്.

