ഹാന്റ വൈറസ് അണുബാധ എന്താണ്? നിലവിൽ ഇന്ത്യ ജാഗ്രത പുലർത്തേണ്ട സാഹചര്യമുണ്ടോ?
ഹാന്റ വൈറസ് അണുബാധ (hantavirus) എന്നത് പ്രധാനമായും എലികൾ പോലുള്ള റോഡന്റുകൾ വഴി പകരുന്ന വൈറസ് രോഗങ്ങളുടെ ഒരു കൂട്ടമാണ്. രോഗബാധിതമായ എലികളുടെ മൂത്രം, ഉമിനീർ, വിസർജ്യം എന്നിവ ഉണങ്ങി ചെറിയ കണങ്ങളായി വായുവിൽ കലർന്ന് മലിനമായി തീർന്ന വായു മനുഷ്യർ ശ്വസിക്കുമ്പോഴാണ് സാധാരണയായി ഈ വൈറസ് പകരുന്നത്. ചില സാഹചര്യങ്ങളിൽ രോഗബാധിത റോഡന്റുകളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാം. ഈ രോഗം വളരെ അപൂർവ്വമായാണ് കാണപ്പെടുന്നതെങ്കിലും, ചില തരത്തിലുള്ള ഹാന്റ വൈറസ് ഗുരുതരമായ ശ്വാസകോശ അണുബാധയ്ക്കും വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകാം. ചികിത്സ വൈകിയാൽ ജീവന് ഭീഷണിയാകുന്ന സാഹചര്യവും ഉണ്ടാകാം.
ഹാന്റവൈറസ് രോഗത്തിന് പ്രധാനമായും രണ്ട് രൂപങ്ങളുണ്ട്:
1. ഹാന്റ വൈറസ് പൾമണറി സിൻഡ്രോം (HPS / HCPS)
അമേരിക്കൻ രാജ്യങ്ങളിലാണ് ഈ വൈറസ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ഇത് പ്രധാനമായും ശ്വാസകോശത്തെ ബാധിച്ച് ഗുരുതരമായ ശ്വസനപ്രശ്നങ്ങൾ സൃഷ്ടിക്കും. രോഗം അതിവേഗം വഷളാകാനും ശ്വസനസ്തംഭനത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്. ഇതിൽ മരണനിരക്ക് 3550% വരെ എത്താം.
2. രക്തസ്രാവത്തോടും പനിയോടും കൂടിയ വൃക്കസംബന്ധമായ സിൻഡ്രോം (HFRS)
ഏഷ്യയിലും യൂറോപ്പിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. വൃക്കകളേയും രക്തക്കുഴലുകളേയും പ്രധാനമായി ബാധിക്കുന്നു. ഈ രോഗബാധ ഗുരുതരാവസ്ഥയിലേക്കെത്താനിടയുണ്ടെങ്കിലും, സാധാരണയായി ഒജടനെക്കാൾ മരണനിരക്ക് കുറവാണ്.
ഹാന്റ വൈറസ് മനുഷ്യരിലേക്ക് പകരുന്നത് എങ്ങനെ?
ഹാന്റവൈറസ് പ്രധാനമായും എലികളിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ്.
വൈറസ് പകരാൻ ഇടയാകുന്ന സാഹചര്യങ്ങൾ:
- അടഞ്ഞ സ്ഥലങ്ങളിലെ മലിനമായ പൊടി ശ്വസിക്കുന്നത് — എലികളുടെ മൂത്രം, കാഷ്ഠം, ഉമിനീർ എന്നിവയുമായി സമ്പർക്കത്തിൽ വരുന്നത് — എലി ബാധിച്ച സ്റ്റോര്റൂമുകൾ, കളപ്പുരകൾ, വെയർഹൗസുകൾ, ഷെഡുകൾ, കപ്പലുകൾ എന്നിവ വൃത്തിയാക്കുമ്പോൾ — അപൂർവ്വമായി എലികളുടെ കടിയിലൂടെ — മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നത് വളരെ അപൂർവ്വമാണ്. ഇത് പ്രധാനമായും തെക്കേ അമേരിക്കയിൽ കണ്ടെത്തിയ ആൻഡീസ് വിഭാഗം ഹാന്റവൈറസുമായി ബന്ധപ്പെട്ട കേസുകളിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഹാന്റ വൈറസിന്റെ ആദ്യകാല ലക്ഷണങ്ങൾ സാധാരണ ഇൻഫ്ലുവൻസയോട് സമാനമായിരിക്കും.
- പനി — കടുത്ത ശരീരവേദന — അമിതമായ ക്ഷീണം — തലവേദന — ഓക്കാനം, ഛർദ്ദി — വയറുവേദന
രോഗം ഗുരുതരമായാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ:
ചിലരിൽ ഹാന്റ വൈറസ് അതിവേഗം ഗുരുതരാവസ്ഥയിലേക്ക് മാറാം. തുടർന്ന് കാണപ്പെടാവുന്ന ലക്ഷണങ്ങൾ ഇവയാണ്
- പെട്ടെന്നുള്ള ശ്വാസതടസ്സം — ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടൽ — രക്തസമ്മർദ്ദം അപകടകരമായി കുറയുക — വൃക്ക പ്രവർത്തനം തകരാറിലാവുക
ഇത്തരം ലക്ഷണങ്ങൾ ഉണ്ടായാൽ അടിയന്തരചികിത്സ അനിവാര്യമാണ്.
നിലവിൽ ഇന്ത്യയിലെ സാഹചര്യം
നിലവിൽ ഇന്ത്യയിൽ ഹാന്റ വൈറസ് വ്യാപകമായി പടരാനുള്ള സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഉൾപ്പെടെയുള്ള ദേശീയ ആരോഗ്യ ഏജൻസികൾ, രാജ്യത്ത് സമൂഹവ്യാപനത്തിന് സാധ്യത കുറവാണെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഒരു അന്താരാഷ്ട്ര ക്രൂയിസ് കപ്പലിൽ റിപ്പോർട്ട് ചെയ്ത ഹാന്റ വൈറസ് ക്ലസ്റ്റ്റിനെ തുടർന്നാണ് സമീപകാലത്ത് ആശങ്ക ഉയർന്നത്. കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യൻ പൗരന്മാർക്കും രോഗലക്ഷണങ്ങളോ രോഗബാധയോ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനോടനുബന്ധിച്ച് ഇന്ത്യ മുൻകരുതൽ നടപടികളുടെ ഭാഗമായി ആരോഗ്യപരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തെ വിദഗ്ധർ “ഇറക്കുമതി ചെയ്ത ഒറ്റപ്പെട്ട എക്സ്പോഷറുകൾ” എന്ന നിലയിലാണ് കാണുന്നത്; രാജ്യത്തിനുള്ളിൽ രോഗം വ്യാപിക്കുന്നതായി ഇതുവരെ തെളിവുകളില്ല.
ഹാന്റവൈറസ് ഇന്ത്യയിൽ മുമ്പ് ഉണ്ടായിട്ടുണ്ടോ?
ഹാന്റവൈറസ് ഇന്ത്യയിൽ പൂർണ്ണമായും പുതിയ രോഗമല്ല. മുൻകാലശാസ്ത്രീയ പഠനങ്ങളിൽ, മുൻകാല ശാസ്ത്രീയ പഠനങ്ങളിൽ, ചില എലിവർഗ്ഗങ്ങളിൽ ഹാന്റവൈറസിന്റെ സാന്നിധ്യവും ചില മനുഷ്യരിൽ വൈറസിനെതിരായ ആന്റിബോഡികളും കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഇത് ഇന്ത്യയിൽ മുൻപ് വൈറസ് എക്സ്പോഷർ ഉണ്ടായിട്ടുണ്ടാകാമെന്ന സൂചനയായി ആരോഗ്യവിദഗ്ധർ കാണുന്നു. അതേസമയം, ഇന്ത്യയിൽ ഹാന്റ വൈറസ് കേസുകൾ വളരെ അപൂർവ്വമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മെഡിക്കൽ ജേണലുകളിലും ഗവേഷണ റിപ്പോർട്ടുകളിലും ചില ഒറ്റപ്പെട്ട കേസുകൾ മാത്രമാണ് പരാമർശ്ശിക്കപ്പെട്ടിട്ടുള്ളത്. അമേരിക്കയിലോ കിഴക്കൻ ഏഷ്യയിലെ ചില രാജ്യങ്ങളിലോ ഉണ്ടായതുപോലെ വലിയ തോതിലുള്ള ഹാന്റവൈറസ് വ്യാപനമോ പൊതുജനാരോഗ്യ പ്രതിസന്ധിയോ ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് പ്രധാനമായുള്ള വിലയിരുത്തൽ.
ഇന്ത്യയിൽ ഹാന്റ വൈറസ് ഭീഷണി ഇപ്പോഴും കുറവായി കണക്കാക്കപ്പെടുന്നതെന്തുകൊണ്ട്?
ഹാന്റ വൈറസിനെ കുറിച്ച് ജാഗ്രത തുടരുന്നുണ്ടെങ്കിലും, ഇന്ത്യയിൽ ഇത് വലിയ പൊതുജനാരോഗ്യ ഭീഷണിയായി മാറാനുള്ള സാധ്യത നിലവിൽ കുറവാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതിന് പ്രധാനമായും ചില കാരണങ്ങളുണ്ട്:
- മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് വളരെ അപൂർവ്വമാണ് — മിക്ക കേസുകളിലും എലികളുമായുള്ള അടുത്ത സമ്പർക്കമാണ് പ്രധാന കാരണം — ഇന്ത്യയിൽ വൈറസിന്റെ വ്യാപക സാന്നിധ്യമോ സമൂഹവ്യാപനമോ കണ്ടെത്തിയിട്ടില്ല — ആരോഗ്യ വകുപ്പിന്റെ നിരീക്ഷണവും പരിശോധനാ സംവിധാനങ്ങളും സജീവമാണ് — കോവിഡ് 19 അല്ലെങ്കിൽ ഇൻഫ്ലുവൻസ പോലെയുള്ള രോഗങ്ങളെപ്പോലെ ഹാന്റവൈറസ് വേഗത്തിൽ പടരുന്നില്ല
എന്നതിനാലാണ്, ഇന്ത്യയിൽ ഹാന്റവൈറസ് ഒരു പാൻഡെമിക് തലത്തിലുള്ള ഭീഷണിയായി മാറാൻ സാധ്യത കുറവാണെന്ന് ആരോഗ്യവിദഗ്ധർ ഇപ്പോൾ കരുതുന്നത്.
ഇന്ത്യയിൽ കൂടുതൽ അപകടസാധ്യത നേരിടുന്നവർ ആരെല്ലാം?
എലികളുമായോ അവയുടെ വിസർജ്യങ്ങളുമായോ കൂടുതൽ സമ്പർക്കം ഉണ്ടാകുന്ന ചില തൊഴിൽവിഭാഗങ്ങൾക്കും സാഹചര്യങ്ങൾക്കും കൂടുതൽ ജാഗ്രത ആവശ്യമാണ്.
ഇനി പറയുന്ന വിഭാഗത്തിലുള്ള തൊഴിൽ ചെയ്യുന്നവർ ശ്രദ്ധിക്കുക:
- കർഷകർ — വെയർഹൗസ് തൊഴിലാളികൾ — ശുചീകരണ തൊഴിലാളികൾ — കീടനിയന്ത്രണ തൊഴിലാളികൾ — ഏറെക്കാലം അടച്ചിട്ട കെട്ടിടങ്ങൾ വൃത്തിയാക്കുന്നവർ — കപ്പലുകൾ, ധാന്യശേഖരണ കേന്ദ്രങ്ങൾ, ഗോഡൗണുകൾ തുടങ്ങിയ ഇടങ്ങളിൽ ജോലി ചെയ്യുന്നവർ. ഇത്തരം ഇടങ്ങളിൽ എലികളുടെ മൂത്രം, കാഷ്ടം, ഉണങ്ങിയ പൊടി എന്നിവയിലൂടെ വൈറസ് സമ്പർക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ വ്യക്തിഗത സുരക്ഷയും ശുചിത്വവും വളരെ പ്രധാനമാണ്.
ഭാവിയിൽ അപകടസാധ്യത വർദ്ധിക്കുമോ?
നിലവിൽ ഇന്ത്യയിൽ ഹാന്റ വൈറസിന്റെ ഭീഷണി കുറവാണെങ്കിലും, ഭാവിയിൽ എലികൾ വഴി പകരുന്ന രോഗങ്ങളുടെ സാധ്യത ഉയരാനിടയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം, മോശം ശുചിത്വസാഹചര്യം, നഗരങ്ങളിലെ അതിവേഗതിരക്ക്, എലികളുടെ അനിയന്ത്രിത വർദ്ധനവ് എന്നിവ രോഗവ്യാപനത്തിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കാമെന്നാണ് വിലയിരുത്തൽ.
പ്രത്യേകിച്ച് വെള്ളപ്പൊക്കത്തിനും മാലിന്യസംഭരണ പ്രശ്നങ്ങൾക്കും ശേഷം എലികളുടെ സമ്പർക്കം വർദ്ധിക്കുന്നത് വൈറസിന്റെ വ്യാപന സാധ്യത കൂട്ടാനിടയാക്കാം. അതുകൊണ്ടുതന്നെ, പാരിസ്ഥിതിക മാറ്റങ്ങളും പൊതുജനാരോഗ്യ സംവിധാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശ്രദ്ധിക്കേണ്ട വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ആരോഗ്യവിദഗ്ധർ പറയുന്നതനുസരിച്ച്, ഇത്തരം സാഹചര്യങ്ങൾ ഹാന്റ വൈറസ് പോലുള്ള എലികൾ വഴി പകരുന്ന രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കാമെങ്കിലും, നിലവിൽ ഇന്ത്യയിൽ അടിയന്തര പൊതുജനാരോഗ്യ ഭീഷണി നിലനിൽക്കുന്നില്ല.
ഹാന്റ വൈറസിനെതിരായ അടിസ്ഥാന മുൻകരുതലുകൾ വളരെ ഫലപ്രദമാണ്. പ്രത്യേകിച്ച് എലികളുടെ സാന്നിധ്യമുള്ള ഇടങ്ങളിൽ ശുചിത്വവും സുരക്ഷയും പാലിക്കുന്നത് രോഗസാധ്യത ഗണ്യമായി കുറയ്ക്കും.
പ്രധാന മുൻകരുതലുകൾ:
- വീടുകളിലും ജോലിസ്ഥലങ്ങളിലും എലികളുടെ ശല്യം നിയന്ത്രിക്കുക — ഉണങ്ങിയ എലി കാഷ്ഠമോ പൊടിയോ നേരിട്ട് തൂത്തുവാരുന്നത് ഒഴിവാക്കുക — ഏറെക്കാലം അടച്ചിട്ട മുറികൾ വൃത്തിയാക്കുന്നതിന് മുമ്പ് നല്ല വായുസഞ്ചാരം ഉറപ്പാക്കുക
*എലിശല്യമുള്ളയിടങ്ങൾ വൃത്തിയാക്കുമ്പോൾ മാസ്കും കയ്യുറയും ഉപയോഗിക്കുക
- ഭക്ഷണസാധനങ്ങൾ സുരക്ഷിതമായി അടച്ചുപൂട്ടി സൂക്ഷിക്കുക — വ്യക്തിഗതവും പരിസരവുമായ ശുചിത്വം കൃത്യമായി പാലിക്കുക
നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് ഹാന്റവൈറസ് ഭീഷണി വളരെ കുറവാണെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്ത് വ്യാപക രോഗവ്യാപനത്തിന് തെളിവുകളില്ല. ഹാന്റ വൈറസ് പ്രധാനമായും എലികളിൽ നിന്ന് പകരുന്ന രോഗമാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വേഗത്തിൽ പടരുന്ന വൈറസല്ല. ശുചിത്വവും എലി നിയന്ത്രണവും തന്നെയാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ
നിപ്പ വൈറസ് ഇൻഫക്ഷൻ, കോവിഡ്-19 പോലുള്ള രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യയിൽ നിലവിൽ ഹാന്റ വൈറസ് ഉയർത്തുന്ന പൊതുജനാരോഗ്യഭീഷണി വളരെ ചെറുതാണ്.

