News: May 2026

Text Size

ചൈതന്യ മേഖല ക്യാമ്പ്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ ഇടുക്കി മേഖലാ മർത്തമറിയം വനിതാ സമാജം ചൈതന്യ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ 2026 മെയ് 8, 9 തീയതികളിൽ ദ്വിദിന നേതൃത്വ പരിശീലന ശിബിരം മുളപ്പുറം, സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ വച്ച് നടത്തപ്പെട്ടു.

ചൈതന്യ ഗ്രൂപ്പ് അംഗങ്ങളെ സഭയുടെ ആത്മീയവും സാമൂഹികവും ശുശ്രൂഷാത്മകവുമായ നേതൃത്വനിരയിലേക്ക് വളർത്തിയെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ പരിശീലന ശിബിരം ക്രമീകരിച്ചത്. പുതുതലമുറയെ ദൈവാശ്രയബോധത്തോടെയും സഭാസ്നേഹത്തോടെയും ഇടവക ശുശ്രൂഷകളിൽ സജീവ സാന്നിധ്യമാക്കുകയും വിശ്വാസജീവിതത്തിൽ നിലനിന്ന് ഉത്തരവാദിത്വബോധമുള്ള യുവ നേത്യത്വത്തെ രൂപപ്പെടുത്തുകയും ചെയ്യുക എന്നതും ഈ ക്യാമ്പിന്റെ ലക്ഷ്യമായിരുന്നു. കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപോലീത്ത അഭി. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ദ്വിദിന നേതൃത്വ പരിശീലന ശിബിരം ഉദ്ഘാടനം ചെയ്തു. ചൈതന്യ ഇടുക്കിമേഖല കൺവീനർ എൻഡ എലിസബത്ത് തോമസ് എല്ലാവരെയും സ്വാഗതംചെയ്തു. യെശയ്യാവ് 60: 1 എഴുന്നേറ്റു പ്രകാശിക്ക എന്ന വാക്യത്തെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. അഭി. തിരുമേനി ആമുഖ സന്ദേശം നൽകി. മർത്ത മറിയം വനിതാ സമാജം ഭദ്രാസന വൈസ്പ്രസിഡൻ്റ് ഫാ. ഏലിയാസ് ചെറുകാട് അദ്ധ്യക്ഷ പ്രസംഗം നടത്തുകയും വന്ദ്യ തോമസ് പോൾ റമ്പാച്ചൻ, വനിതാ സമാജം ഭദ്രാസന സെക്രട്ടറി ശ്രീമതി മിനി ജോസഫ് എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിക്കുകയും ചെയ്തു. നേതൃത്വ പരിശീലന ശിബിരത്തിൻ്റെ പോസ്റ്റർ, കവിതാ രചനാ മത്സരങൾക്ക് വിജയികളായ എൽഡ എലിസബത്ത് തോമസ്, മുളപ്പുറം, അശ്വതി അബ്രാഹം. ഇടുക്കി എന്നിവർക്ക് അഭി. തിരുമേനി മൊമെൻ്റോ നൽകി ആദരിച്ചു. നാല് സെഷനുകളായി തിരിച്ചാണ് രണ്ടുദിവസത്തെ ക്ലാസുകൾ ക്രമീകരിച്ചിരുന്നത്. Key Aspects of Witnessing: Biblical Foundations എന്ന വിഷയത്തിൽ കോട്ടയം പഴയസെമിനാരിയിൽ പഴയനിയമ വിഭാഗം അദ്ധ്യാപകനായ ഫാ. കെ. വി. ഏലിയാസ് ക്ലാസെടുത്തു. Understanding the Topic “Arise, Shine “ in Socio-Economic & Religious Context എന്ന വിഷയത്തിന് ക്ലാസു നയിച്ചത് ഫാ. അബ്രാഹം കാരമ്മേൽ അച്ചനാണ്. Reading the Verses (Isaiah 60: 1) from the Eyes of a Woman എന്ന വിഷയത്തിൽ ഫാ. അജീഷ് ബാബു ക്ലാസ് നയിച്ചു. Facing Challenges & Witnessing Transformation: A Youth Response എന്നവിഷയത്തിൽ ഫാ. സിബി മാത്യു വർഗ്ഗീസ്സ് ക്ലാസിന് നേതൃത്വം നൽകി. ക്യാമ്പിൻ്റെ ചിന്താവിഷയത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഗാനത്തിന് സംഗീതം നൽകിയ ഫാ. പ്രിൻസ് ജോണിൻ്റെ നേതൃത്വത്തിൽ ഗാന പരിശീലനവും നടത്തപ്പെട്ടു. വയോജനങ്ങൾ ബാധ്യതയോ? ക്രിസ്തീയ പ്രതികരണം എന്ന വിഷയത്തിൽ ഇടുക്കി, സെൻ്റ് മേരീസ് പള്ളി ചൈതന്യ ഗ്രൂപ്പ് അംഗങ്ങളും, അർത്ഥപൂർണ്ണമായ സഭാജീവിതം: നഷ്ടപ്പെടുന്നതും, തിരിച്ചുപിടിക്കേണ്ടതും എന്തെല്ലാം എന്ന വിഷയത്തിൽ മുളപ്പുറം, സെൻ്റ് ജോർജ് ചൈതന്യ ഗ്രൂപ്പ് അംഗങ്ങളും വിലയിരുത്തലുകൾക്ക് വിധേയമാകേണ്ട സ്ത്രീത്വം: Gen-Z നിലപാടുകൾ എന്ന വിഷയത്തിൽ തൊടുപുഴ, സെൻ്റ് മേരീസ് പള്ളി ചൈതന്യ ഗ്രൂപ്പ് അംഗങ്ങളും, Artifical Intelligence: ക്രിസ്തീയ സഭയ്ക്ക് ഒരു ബാധ്യതയോ വെല്ലുവിളിയോ എന്ന വിഷയത്തിൽ കത്തിപ്പാറത്തടം, സെൻ്റ് ജോർജ് പള്ളി ചൈതന്യ ഗ്രൂപ്പ് അംഗങ്ങളും, മദ്യ-രാസ ലഹരികളും തകരുന്ന യുവതലമുറയും: പ്രതിവിധികളും പരിഹാരവും എന്ന വിഷയത്തിൽ പന്നൂർ, സെൻ്റ് ജോൺസ് പള്ളി ചൈതന്യ ഗ്രൂപ്പ് അംഗങ്ങളും പേപ്പറുകൾ അവരിപ്പിച്ചു. വിവിധ മത്സരങ്ങളും കലാപരിപാടികളും ക്യാമ്പ് ഫയറും പരിശീലന ശിബിരത്തിന് കൂടുതൽ മിഴിവേകി. നേതൃത്വ പരിശീലന ശിബിരത്തിൻ്റെ സമാപന ദിവസം പ്രശ്സ്ത ടൂറിസ്റ്റ് കേന്ദ്രമായ തൊമ്മൻകുത്തിൽ ക്യാമ്പ് അംഗങ്ങൾ സന്ദർശനം നടത്തി. ഇടുക്കി മേഖലയിൽ ഉൾപ്പെട്ട വനിതാ സമാജം ഇടുക്കി മേഖല സെക്രട്ടറി ശ്രീമതി അഞ്ചലി സിനു സമാനപന സമ്മേളനത്തിൽ എല്ലാവർക്കും നന്ദിഅർപ്പിച്ചു. ഇടുക്കി മേഖല പ്രസിഡൻ്റ് ഫാ. അബി ഉലഹന്നാൻ, ഫാ. ജിജോ മത്തായി, ഫാ. എൽദോസ് കടുകുമാക്കിൽ, ഫാ. ബേസിൽ ജോയി, ഫാ. ലിജിൻ ജോൺ എന്നിവരും ക്യാമ്പിന് വിവിധ തലങ്ങളിൽ നേതൃത്വം വഹിച്ചു. ഇടുക്കി മേഖലചൈതന്യ ഗ്രൂപ്പിന്റെ പ്രത്യേക താൽപര്യത്തോടെയും ആത്മാർത്ഥമായ നേതൃത്വത്തോടെയും ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന നേതൃത്വ പരിശീലന ക്യാമ്പ് എന്ന പ്രത്യേകതയും ഈ ശിബിരത്തിനുണ്ട്. ആത്മീയത, വ്യക്തിത്വ വികസനം, നേതൃത്വപാഠങ്ങൾ, കൂട്ടായ പ്രവർത്തനശേഷി എന്നിവ സമന്വയിപ്പിച്ച ഈ ക്യാമ്പ് യുവതലമുറയ്ക്ക് നവോന്മേഷവും ദിശാബോധവും ആത്മവിശ്വാസവും പകരുന്ന അനുഗ്രഹാനുഭവമായിത്തീർന്നു.

ഡോക്ടറേറ്റ് ലഭിച്ചു

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ മുതിർന്ന വൈദികനും മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളി വികാരിയുമായ പതപ്പിള്ളിൽ ഫാ. ഷിബു കുര്യൻ അച്ചന് മഹാത്മാഗാന്ധി സർവ്വകലാശാലിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം ലഭിച്ചു. ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് B. D പഠനം പൂർത്തിയാക്കി വൈദിക ശുശ്രൂഷയിലേക്ക് പ്രവേശിച്ച ബ. അച്ചൻ ദീർഘകാലം പാലക്കുഴ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലും മൂവാറ്റുപുഴ സെൻ്റ് തോമസ് കത്തീഡ്രലിലും വികാരിയായിരുന്നു. വൈദിക ശുശ്രൂഷയിൽ ആയിരിക്കുമ്പോൾത്തന്നെ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ൻ നിന്നും M. Thഉം M. G. യൂണിവേഴ്സിറ്റിയിലെ School of International Relations നിന്ന് M. A, M. Phil പഠനം പൂർത്തിയാക്കിയിരുന്നു. തുടർന്നാണ് School of Gandhian Thought ലെ prof. Dr. M. H.llias ൻ്റെ കീഴിൽ *BioPolitics and Health security: Issues of Vaccination in Kerala* എന്ന വിഷയത്തിൽ ഗവേഷണം ആരംഭിച്ച് വിജയകരമായി പൂർത്തികരിച്ച് ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുന്നത്. പരി. സഭയുടെ സെന്റ് തോമസ് ഓർത്തോഡോക്സ് വൈദികസംഘം നോർത്ത് സോൺ സെക്രട്ടറി കൂടിയായ ബഹു. അച്ചൻ.

വേദ സമീക്ഷ ക്ലാസുകൾ ആരംഭിച്ചു

കണ്ടനാട് ഈസ്റ്റ് ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ അത്മായ വേദപുസ്തക — വേദശാസ്ത്ര പഠന കോഴ്സ് അയ വേദ സമീക്ഷ പഠനം ആരംഭിച്ചു. ഈ വർഷത്തെ കോഴ്സിൻ്റെ പ്രധാന പഠനവിഷയം കൂദാശകൾ: ചരിത്രവും വേദശാസ്തവും എന്നതാണ്. എല്ലാ തീങ്ക ളാഴ്ചയും വൈകിട്ട് 8.30 PM to 9.30 PM വരെയായിരിക്കും ക്ലാസ് നടക്കുന്നത്. ഓൺലൈൻ ആയി നടക്കുന്ന ഈ ക്ലാസിൽ ചേരാൻ ആഗ്രഹിക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന നമ്പരിൽ ബന്ധപ്പെടുക ശ്രീമതി. മിനി ജോസഫ് സെക്രട്ടറി, MMVS കണ്ടനാട് ഈസ്റ്റ് ഭദ്രാസനം