ആഗോളതാപനം ഉയർത്തുന്ന വെല്ലുവിളികൾ

Text Size

2026 ആഗസ്റ്റ് 26-ന് നേപ്പാൾ–ചൈന അതിർത്തിയിലെ ഹിമാലയൻ പ്രദേശത്ത് ഉണ്ടായ അതീദാരുണമായ ഹിമാനി തകർച്ചയും അതിനെ തുടർന്നുണ്ടായ മിന്നൽപ്രളയവും ഒരു പ്രാദേശിക പ്രകൃതിദുരന്തം മാത്രമായി കാണാനാവാത്ത സംഭവമായി മാറിയിരിക്കുകയാണ്. മഞ്ഞും പാറയും അടങ്ങിയ വൻതോതിലുള്ള ഒരു ഹിമാനി–പാറ ഇടിച്ചിൽ നദീതടത്തിലേക്ക് പതിക്കുകയും തുടർന്ന് അതിശക്തമായ വെള്ളപ്പാച്ചിലായി താഴ്വാരങ്ങളിലേക്ക് കുതിച്ചെത്തുകയും ചെയ്തു. വീടുകളും റോഡുകളും പാലങ്ങളും വൈദ്യുതി സംവിധാനങ്ങളും മനുഷ്യജീവിതങ്ങളും നിമിഷനേരം കൊണ്ട് തകർന്നടിഞ്ഞു. നേപ്പാളിലും ടിബറ്റിലുമായി ആയിരക്കണക്കിന് ആളുകളെ ഈ ദുരന്തം നേരിട്ട് ബാധിച്ചു. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം നേപ്പാളിൽ മാത്രം 84, 000-ത്തിലധികം ആളുകളെ ഇത് ബാധിക്കുകയും വൻതോതിൽ അടിസ്ഥാനസൗകര്യനാശം സംഭവിക്കുകയും ചെയ്തു എന്നാണ് കണക്കാക്കപ്പെടുന്നത്.

ഈ ദുരന്തത്തിന്റെ യഥാർത്ഥ കാരണത്തേക്കുറിച്ച് ശാസ്ത്രീയ പഠനങ്ങൾ ഇപ്പോഴും നടന്ന് വരികയാണ്. എന്നാൽ ഇതു സംബന്ധിച്ച പൊതു വിലയിരുത്തൽ, കാലാവസ്ഥാ വ്യതിയാനം ഹിമാലയത്തിന്റെ ഉയർന്ന പ്രദേശങ്ങളിലെ പ്രകൃതിദത്ത സ്ഥിരതയെ മാറ്റിക്കൊണ്ടിരിക്കുകയാണ് എന്നാണ്. 2026 സെപ്റ്റംബർ 17-ന് പുറത്തുവന്ന World Weather Attribution ഉൾപ്പെടെയുള്ള പുതിയ ശാസ്ത്രീയ വിലയിരുത്തലുകൾ പ്രകാരം ദീർഘകാല താപവർധന, ഹിമാനികളെയും പെർമാഫ്രോസ്റ്റിനെയും ദുർബലപ്പെടുത്തിയതിലൂടെ ഈ തകർച്ചയ്ക്കുള്ള സാധ്യത വർധിപ്പിച്ചിരിക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, ഈ ഒരു ദുരന്തത്തിന് കാലാവസ്ഥാ വ്യതിയാനം മാത്രമാണ് കാരണം എന്ന് പറയുന്നത് ശാസ്ത്രീയമായി ശരിയായിരിക്കില്ല; ഭൂമിശാസ്ത്രപരമായ അസ്ഥിരത, പാറകളുടെ സ്വഭാവം, മുൻകാല ഭൂകമ്പങ്ങളുടെ സ്വാധീനം തുടങ്ങിയ ഘടകങ്ങളും ഇതോടൊപ്പം പരിഗണിക്കേണ്ടതുണ്ട്.

ഹിമാലയം ഭൂമിശാസ്ത്രപരമായ വളരെ പ്രത്യേകതകളുള്ള പ്രദേശമാണ്. ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് വടക്കോട്ട് നീങ്ങി യൂറേഷ്യൻ പ്ലേറ്റുമായി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ഹിമാലയൻ പർവതനിര രൂപപ്പെട്ടത്. ഭൂമിശാസ്ത്രപരമായ ഈ പ്രക്രിയ ഇന്നും തുടന്നു കൊണ്ടിരിക്കുന്നു. ഈയൊരു ചലനം നടക്കുന്നതുകൊണ്ടുതന്നെ ഭൂകമ്പം, മണ്ണിടിച്ചിൽ, പാറ ഇടിച്ചിൽ തുടങ്ങിയ പ്രതിഭാസങ്ങൾക്ക് ഈ പ്രദേശം വിധേയമാകാനുള്ള സാധ്യതയും വർദ്ധിക്കുന്നു.

ഭൂമിശാസ്ത്രപരമായ ഈ അസ്ഥിരതയോടൊപ്പം കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന സമ്മർദ്ദവും സാഹചര്യങ്ങളെ കൂടുതൽ വഷളാക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം വഴി ഉയരുന്ന താപനില ഹിമാനികളെ ചുരുക്കുകയും പെർമാഫ്രോസ്റ്റ് ഉരുകുകയും മഞ്ഞുപാളികളുടെ സ്ഥിരത കുറയ്ക്കുകയും ചെയ്യുന്നു. അതിനോടൊപ്പം അനിയന്ത്രിതമായ നിർമ്മാണം, റോഡ് വികസനം, ജലവൈദ്യുത പദ്ധതികൾ, വിനോദസഞ്ചാര സമ്മർദ്ദം എന്നിവ കൂടി ചേർന്നാൽ ഒരു പ്രകൃതിദത്ത അപകടം വലിയ മനുഷ്യദുരന്തമായി മാറാനുള്ള സാധ്യത വർധിക്കുന്നു.

മറ്റൊരു പ്രധാന കാര്യം ഇന്നത്തെ പ്രകൃതിദുരന്തങ്ങളെ ഓരോന്നായി വേർതിരിച്ച് കാണാൻ സാധിക്കില്ല എന്നതാണ്. കാരണം ഓരോ ദുരന്തങ്ങൾക്കും ഇടയിലുള്ള ബന്ധം വിവിധ നിലകളിൽ ഇഴചേർന്ന് നിൽക്കുന്നു. അതുകൊണ്ട് പ്രകൃതിദുരന്തം അടുത്ത ദുരന്തത്തിന് കാരണമാകുന്ന ‘ദുരന്തശൃംഖല’യാണ് ഇന്ന് സൃഷ്ടിക്കുന്നത്. ഇതാണ് ഇന്നത്തെ മാറുന്ന കാലാവസ്ഥയുടെ മറ്റൊരു പ്രധാന വെല്ലുവിളി.

International Centre for Integrated Mountain Development (ICIMOD) 2026-ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം ഹിന്ദുക്കുഷ് ഹിമാലയ മേഖലയിലെ ഹിമാനികളുടെ മഞ്ഞ് നഷ്ടപ്പെടുന്ന നിരക്ക് 2000-ന് ശേഷം അപകടകരമാകുന്ന രീതിയിൽ വർദ്ധിക്കുകയാണ് എന്നാണ്.

ഇത് വെറും പർവതങ്ങളിലെ മഞ്ഞ് കുറയുന്നതിന്റെ കഥയല്ല. ഹിമാലയത്തെ ആശ്രയിക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെ ജലസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. ഹിന്ദുക്കുഷ് ഹിമാലയ മേഖലയിലെ ഹിമാനികൾ ഏഷ്യയിലെ പത്ത് പ്രധാന നദീതടങ്ങൾക്ക് ജലസ്രോതസ്സാണ്. ഏകദേശം രണ്ട് ബില്യൺ മനുഷ്യരുടെ ഭക്ഷണം, ജലം, ഊർജം, ഉപജീവനം എന്നിവയുമായി ഈ ജലവ്യവസ്ഥയ്ക്ക് നേരിട്ടുള്ള ബന്ധമുണ്ട്.

IPCC (Intergovermental Panel on Climate Change) യുടെ വിലയിരുത്തലും ഇതേ മുന്നറിയിപ്പാണ് നൽകുന്നത്. ഹിമാനികൾ ഉരുകുന്നതിനൊപ്പം പെർമാഫ്രോസ്റ്റ് ഉരുകുകയും മഞ്ഞുപാളികൾ കുറയുകയും ചെയ്യുന്നത് തുടരാനാണ് സാധ്യത. ഏഷ്യയിലെ ഉയർന്ന പർവ്വതങ്ങളിലെ ഹിമാനികളുടെ ചുരുങ്ങൽ ജലസുരക്ഷയെയും താഴ്വാരങ്ങളിലെ ജനജീവിതത്തെയും ബാധിക്കുമെന്നും ഹിമതടാക വിസ്ഫോടന പ്രളയങ്ങളുടെ (GLOF — Glacial Lake Outburst Flood) അപകടം വർധിക്കുമെന്നും IPCC ചൂണ്ടിക്കാണിക്കുന്നു.

അതുകൊണ്ടുതന്നെ ഉത്തരാഖണ്ഡിലെ കേദാർനാഥ് ദുരന്തം (2013), ചമോലി–ഋഷിഗംഗ ദുരന്തം (2021), സിക്കിമിലെ സൗത്ത് ലോനാക് തടാകവുമായി ബന്ധപ്പെട്ട ദുരന്തം (2023) തുടങ്ങിയ സംഭവങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം കാണുന്നത് മതിയാകില്ല. ഓരോ ദുരന്തത്തിന്റെയും പ്രാദേശിക കാരണങ്ങൾ വ്യത്യസ്തമായിരിക്കാം; എന്നാൽ മാറിക്കൊണ്ടിരിക്കുന്ന ഹിമാലയൻ പരിസ്ഥിതിയിൽ അപകടസാധ്യതകൾ എങ്ങനെ കൂടിച്ചേർന്നുവരുന്നു എന്നതിന്റെ മുന്നറിയിപ്പുകളാണ് അവ.

ലോക കാലാവസ്ഥാ സംഘടനയായ WMO (World Meteorological Organization) യുടെ State of the Global Climate 2025 റിപ്പോർട്ട് മനുഷ്യരാശിക്ക് കൂടുതൽ ഗൗരവമുള്ള ഒരു ചിത്രം നൽകുന്നു. 2015 മുതൽ 2025 വരെയുള്ള പതിനൊന്ന് വർഷങ്ങൾ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ പതിനൊന്ന് വർഷങ്ങളാണ്. 2025-ലെ ആഗോള ശരാശരി താപനില വ്യവസായവത്കരണത്തിന് മുമ്പുള്ള 1850–1900 കാലഘട്ടത്തേക്കാൾ ഏകദേശം 1.43°C കൂടുതലായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇതിന്റെ അർത്ഥം ഭൂമി ഒരേ രീതിയിൽ ചൂടാകുന്നു എന്നല്ല. മറിച്ച്, ചൂട് കൂടുന്നതോടെ കാലാവസ്ഥാ വ്യവസ്ഥയുടെ സ്വഭാവത്തിൽ കൂടുതൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ചില പ്രദേശങ്ങളിൽ അതിശക്തമായ മഴയും പ്രളയവും; മറ്റിടങ്ങളിൽ വരൾച്ചയും ജലക്ഷാമവും; ചിലയിടങ്ങളിൽ കടുത്ത ചൂടും കാട്ടുതീയും—ഇങ്ങനെ വ്യത്യസ്ത രൂപങ്ങളിലാണ് കാലാവസ്ഥാ വ്യതിയാനം പ്രത്യക്ഷപ്പെടുന്നത്.

UNEPയുടെ Emissions Gap Report 2025 മറ്റൊരു നിർണായക മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥാ നയങ്ങൾ തുടർന്നാൽ ഈ നൂറ്റാണ്ടിൽ ആഗോള താപനില ഏകദേശം 2.8°C വരെ ഉയരാനുള്ള സാധ്യതയാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. രാജ്യങ്ങൾ പ്രഖ്യാപിച്ച പുതിയ കാലാവസ്ഥാ നിയന്ത്രണ പദ്ധതികൾ പൂർണ്ണമായി നടപ്പാക്കിയാലും ഏകദേശം 2.3–2.5°C താപവർധനയുടെ പാതയിലാണ് ലോകം.

അതിനാൽ ചോദ്യം ഇനി “കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമോ?” എന്നതല്ല. അത് എത്ര വേഗത്തിൽ സംഭവിക്കുന്നു, അതിന്റെ ആഘാതം എത്രത്തോളം നേരിടേണ്ടിവരും, അതിനെ നേരിടാൻ നാം എത്രത്തോളം തയ്യാറാണ് എന്നതാണ്.

ഈ പശ്ചാത്തലത്തിലാണ് നേപ്പാൾ ഉയർത്തുന്ന ‘Climate Justice’ എന്ന ചോദ്യം പ്രസക്തമാകുന്നത്. ആഗോള ഹരിതഗൃഹവാതക പുറന്തള്ളലിൽ നേപ്പാളിന്റെ പങ്ക് വളരെ ചെറുതാണെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം രാജ്യത്തിന് വലിയ തോതിൽ നേരിടേണ്ടിവരുന്നു. 2026-ലെ ദുരന്തത്തിന് പിന്നാലെ നേപ്പാൾ UN Loss and Damage Fund-നെ സമീപിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിട്ടുണ്ട്. കാലാവസ്ഥാ ദുരന്തങ്ങൾ മൂലം നേരിടേണ്ടിവരുന്ന സാമ്പത്തികവും സാമ്പത്തികമല്ലാത്തതുമായ നഷ്ടങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേകിച്ച് ദുർബലമായ വികസ്വര രാജ്യങ്ങളെ സഹായിക്കാനാണ് ഈ ഫണ്ട് രൂപീകരിച്ചത്.

ഇത് ഒരു രാജ്യത്തിന്റെ നഷ്ടപരിഹാരാവകാശത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ച മാത്രമല്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ നീതി സംബന്ധിച്ച അടിസ്ഥാനചോദ്യമാണ്. ചരിത്രപരമായി ഹരിതഗൃഹവാതക പുറന്തള്ളലിൽ ചെറിയ പങ്ക് മാത്രമുള്ള രാജ്യങ്ങൾ പോലും അതിന്റെ ആഘാതം ഏറ്റുവാങ്ങേണ്ടിവരുന്നു. നേപ്പാളിന്റെ ഇപ്പോഴത്തെ ദുരന്തം ആഗോളതലത്തിൽ ഈ നിലയിലുള്ള ചർച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ്.

ദുരന്തത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയും വിവിധ ഏജൻസികളും ചേർന്ന് 84, 000-ത്തിലധികം പ്രളയബാധിതരെ ലക്ഷ്യമിട്ട് 49.6 മില്യൺ യുഎസ് ഡോളറിന്റെ അടിയന്തര സഹായ അഭ്യർത്ഥനയും പുറപ്പെടുവിച്ചിട്ടുണ്ട്.

ഹിമാലയത്തിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയാണെങ്കിലും കേരളത്തിന് ഈ മുന്നറിയിപ്പിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല. മഴക്കാലത്തുപോലും ചൂട് അസാധാരണമായി അനുഭവപ്പെടുന്നതും മഴയുടെ വിതരണത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും കാലാവസ്ഥാ വ്യവസ്ഥയുടെ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കണം.

ഇവിടെ ഒരു കാര്യത്തിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. കേരളത്തിലെ ഒരു പ്രത്യേക മാസത്തെ മഴക്കുറവിനെയോ ചൂടിനെയോ എൽ നിനോ എന്ന ഒറ്റ കാരണത്തിലേക്ക് ചുരുക്കുന്നത് ശാസ്ത്രീയമായി ഉചിതമല്ല. El Niño, Indian Ocean Dipole, സമുദ്ര-വായുമണ്ഡല ചലനങ്ങൾ, ആഗോളതാപനം, പ്രാദേശിക ഭൂവിനിയോഗ മാറ്റങ്ങൾ തുടങ്ങിയ പല ഘടകങ്ങളും ഇന്ത്യൻ മൺസൂണിനെ സ്വാധീനിക്കുന്നു. അതിനാൽ ഓരോ വർഷത്തെയും കാലാവസ്ഥാ വ്യതിയാനത്തെ ദീർഘകാല കാലാവസ്ഥാ വ്യതിയാനത്തിന്റെ തെളിവായി കാണുന്നതും ശരിയല്ല.

എങ്കിലും ദീർഘകാല പ്രവണത അവഗണിക്കാനാവില്ല. മഴയുടെ സമയത്തിലും തീവ്രതയിലും മാറ്റം, നീണ്ട വരൾച്ചാ ഇടവേളകൾ, അതിശക്തമായ മഴയുടെ സാധ്യത, ഉയർന്ന താപനില, ഭൂഗർഭജലത്തിലെ സമ്മർദ്ദം എന്നിവ പരസ്പരം ബന്ധപ്പെട്ട വെല്ലുവിളികളാണ്. IPCCയുടെ വിലയിരുത്തൽ പ്രകാരം ആഗോളതാപനം കൂടുന്തോറും ജലവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ വർധിക്കുന്നു; ഹിമാനി, മഞ്ഞ്, പെർമാഫ്രോസ്റ്റ് എന്നിവയിലെ മാറ്റങ്ങൾ വെള്ളപ്പൊക്കവും വരൾച്ചയും ജലസുരക്ഷയും ഒരേസമയം ബാധിക്കാം.

നേപ്പാളിലെ ദുരന്തം നമ്മോട് പറയുന്നത് പ്രകൃതിയെ കീഴടക്കാമെന്ന മനുഷ്യന്റെ ധാരണയ്ക്ക് ഒരു പരിധിയുണ്ടെന്നാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും മുന്നറിയിപ്പ് സംവിധാനങ്ങളും ദുരന്തനിവാരണ മുൻകരുതലുകളും അനിവാര്യമാണ്. എന്നാൽ അവയ്ക്കൊപ്പം പ്രകൃതിയുടെ പരിധികളെ മാനിക്കുന്ന വികസനനയം കൂടി വേണം.

പർവതങ്ങളിൽ എവിടെ റോഡ് നിർമ്മിക്കണം, എവിടെ വീടുകൾ പണിയണം, എവിടെ ജലവൈദ്യുത പദ്ധതികൾ സ്ഥാപിക്കണം, ഹിമതടാകങ്ങളെ എങ്ങനെ നിരീക്ഷിക്കണം, അപകടസാധ്യതയുള്ള ജനങ്ങളെ എങ്ങനെ മുൻകൂട്ടി മാറ്റിപ്പാർപ്പിക്കണം—ഇവയെല്ലാം ഇനി വികസനത്തിന്റെ മാത്രം ചോദ്യങ്ങളല്ല; ജീവന്റെ സംരക്ഷണത്തിന്റെ ചോദ്യങ്ങളാണ്.

WMO യുടെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നതുപോലെ ഭൂമിയുടെ കാലാവസ്ഥാ വ്യവസ്ഥ കൂടുതൽ അസന്തുലിതമാകുകയാണ്.

അതിനാൽ നേപ്പാളിലെ ദുരന്തം അവസാനിച്ച ഒരു വാർത്തയായി മാത്രം മാറരുത്. അത് നമ്മുടെ ജീവിതരീതിയെക്കുറിച്ചും വികസന സങ്കൽപ്പങ്ങളെക്കുറിച്ചും വരുംതലമുറയോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും നമ്മെ ചോദ്യം ചെയ്യുന്ന ഒരു മുന്നറിയിപ്പായി മാറണം.

പ്രകൃതി പ്രതികാരം ചെയ്യുന്നതല്ല; നാം പ്രകൃതിയോട് ചെയ്യുന്ന ഇടപെടലുകളുടെ ഫലങ്ങളാണ് പലപ്പോഴും ദുരന്തങ്ങളായി തിരിച്ചെത്തുന്നത്. ഹിമാലയത്തിൽ നിന്ന് കേരളത്തിന്റെ ചൂടേറിയ സമതലങ്ങളിലേക്കുള്ള ഈ മുന്നറിയിപ്പ് ഒരേ കാര്യമാണ് നമ്മോട് പറയുന്നത്—ഭൂമിയുടെ താപനില ഉയരുന്നതിനു മുമ്പ് മനുഷ്യന്റെ ഉത്തരവാദിത്തബോധം ഉയരണം.

അല്ലെങ്കിൽ, അടുത്ത ദുരന്തം എവിടെയായിരിക്കും എന്ന ചോദ്യം മാത്രമേ ബാക്കിയാകൂ; അത് തടയാൻ നമുക്ക് എന്തുചെയ്യാനാകും എന്ന ചോദ്യം ചോദിക്കാൻ സമയം ബാക്കിയുണ്ടാകണമെന്നില്ല.