വീടിൻറെ ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ സാധാരണ സംഭാഷണങ്ങളിൽ കേട്ടു വരുന്ന വളരെ പരിചയമുള്ള ഒരു വേദഭാഗം ആണിത്. മാർത്തയുടെ പ്രവർത്തിയെ കർത്താവ് വിലകുറച്ചു കാണുന്നതായും വീട്ടുജോലികൾക്ക് വേണ്ടത്ര പ്രാധാന്യമില്ലേയെന്ന് ഏതൊരു വീട്ടമ്മയ്ക്കും തോന്നിപ്പോകാവുന്ന തരത്തിലുള്ള മറുപടിയായും ഇതിനെപ്പറ്റി പറയാറുണ്ട്. അതുകൊണ്ടുതന്നെ എല്ലാവർക്കും മറിയ ആകാൻ പറ്റുമോ? എന്ന സാധാരണ ചോദ്യവും ഉയർന്നു വരാറുണ്ട്. ഈയൊരു വേദഭാഗത്തെ പലതരത്തിലും വ്യാഖ്യാനിക്കാറുണ്ട്. ഏറ്റവും ലളിതമായി ഇതിനെ കാണാൻ ശ്രമിച്ചാൽ, ലാസറും സഹോദരിമാരായ മാർത്തയും മറിയയും യേശുവിൻറെ നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ടാണ് യേശു യാത്ര ചെയുന്നതിനിടയിൽ ബഥാന്യ ഗ്രാമത്തിലുള്ള അവരുടെ ഭവനത്തിൽ ചെന്നത്. മാർത്ത കർത്താവിനെ ഉപചാരപൂർവ്വം സ്വീകരിക്കുകയും യഥായോഗ്യം സൽക്കരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ സഹോദരി മറിയ യേശുവിൻറെ കാൽക്കലിരുന്ന് സംഭാഷണത്തിൽ ഏർപ്പെട്ടു. തനിയെ ജോലി ചെയ്ത് ക്ഷീണിച്ച മാർത്ത അക്ഷമയായി യേശുവിന്റെ സമീപം ചെന്ന് മറിയയെ തന്നോട് കൂടെ അടുക്കളയിൽ അയക്കണം എന്ന് ആവശ്യപ്പെട്ടു. അപ്പോൾ യേശു പറഞ്ഞു, ‘മാർത്തയെ’ ഞാൻ ഇവിടെ വന്നത് നിങ്ങളുടെ സൽക്കാരത്തിന് വേണ്ടിയല്ല നിങ്ങളെ കണ്ട് വർത്തമാനം പറയുവാനാണ്. എനിക്ക് വല്ലതും അല്പം മതി ഭക്ഷിക്കാൻ. അതുകൊണ്ട് നീയും മറിയ ചെയ്തതുപോലെ ഇവിടെ വന്ന് ഇരിക്കൂ. നമുക്ക് വർത്തമാനം പറയാം. അത് ഒന്നു മതി എനിക്ക്. യേശു ചിലപ്പോൾ ആഗ്രഹിച്ചത് കുറച്ച് സമയം അവരുടെ കൂടെ സംഭാഷണങ്ങളിൽ ഏർപ്പെട്ട് വിശ്രമിക്കാനായിരിക്കാം.
ഇങ്ങനെ ലളിതമായി പറയുമ്പോൾ തന്നെ ഈ ഒരു വേദഭാഗം നമ്മുടെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നോക്കാം? വളരെ പ്രതീകാത്മകമായി ചിന്തിക്കുമ്പോൾ മാർത്തയും മറിയയും രണ്ട് സഹോദരിമാർ മാത്രമല്ല; ഓരോ വിശ്വാസിയുടെയും ഉള്ളിലുള്ള രണ്ട് ജീവിതസമീപനങ്ങളുടെ പ്രതീകങ്ങളാണ്. ഇന്നത്തെ സ്ത്രീകളുടെ കുടുംബജീവിതത്തിലും സഭാ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഈ സന്ദേശം വലിയ പ്രസക്തിയുള്ളതാണ്. മാർത്ത — ഉത്തരവാദിത്വമുള്ളവളും ആതിഥ്യമര്യാദയിൽ ശ്രദ്ധിക്കുന്നവളുമാണ്. അവൾ പ്രവർത്തനനിരതയാണ്. കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അവൾക്ക് ആത്മാർത്ഥതയുണ്ട്. എന്നാൽ ഉത്തരവാദിത്വവും അദ്ധ്വാനവും അവളെ ഉത്കണ്ഠയിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുന്നു. മാത്രമല്ല സാധാരണമല്ലാത്ത ഒരു കാര്യം മറിയ ചെയുന്നതിലുള്ള പരിഭവവും അവളുടെ വാക്കിൽ കാണാം.
മറിയ — യേശുവിന്റെ പാദങ്ങളിൽ ഇരുന്നു കേൾക്കുന്നു. അവൾ ഏകാഗ്രതയോടെയുള്ള പഠനത്തിനും ആത്മീയ വളർച്ചയ്ക്കും മുൻഗണന നൽകുന്നു. യേശു അവളുടെ തിരഞ്ഞെടുപ്പിനെ “നല്ല അംശം” എന്ന് വിശേഷിപ്പിക്കുന്നു. എന്നാൽ യേശു ഇവിടെ മാർത്തയെ നിരാകരിക്കുന്നില്ല; മറിച്ച് അവളുടെ വ്യഗ്രതയെയാണ് അഭിസംബോധന ചെയ്യുന്നത്. ഈയൊരു വേദഭാഗത്ത് നാം ശ്രദ്ധിക്കേണ്ടത് മാർത്തയും മറിയയും രണ്ട് വ്യക്തിത്വങ്ങളാണ് എന്നുള്ളതാണ്. രണ്ട് ജീവിത വീക്ഷണങ്ങളാണ് അതുകൊണ്ട് താരതമ്യ പഠനം അല്ല നടത്തേണ്ടത്.
മാർത്ത: (Lk: 10: 38-42, Jn: 11: 1-37, 12: 1-8) ഈ വേദഭാഗങ്ങളിൽ എല്ലാം മാർത്തയുടെ സ്വഭാവ വിശേഷണങ്ങൾ കാണാം. അവൾ കാര്യക്ഷമമായി ഉത്തരവാദിത്വത്തോടെ യഥാവിധി ജോലി കാര്യങ്ങൾ നിർവഹിക്കുന്നവളാണ്. കുടുംബത്തിൻറെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ആദിത്യ മര്യാദകൾ പാലിച്ച് എല്ലാം ഭംഗിയായി നടക്കണമെന്നും മറ്റുള്ളവർ അതിൽ സന്തോഷിക്കണം എന്നും ആഗ്രഹിക്കുന്നു. അവിടെ നിലനിൽക്കുന്ന രീതികൾ അങ്ങനെതന്നെ പാലിക്കുകയാണ് അവൾ ചെയ്യുന്നത്. എന്നാൽ ഈയൊരു സ്വഭാവം അവളെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുകയും ഉൽക്കണ്ഠാകുല ആവുകയും ചെയ്യുന്നു. ആ ഒരു അസ്വസ്ഥതയാണ് യേശുവിനോട് പരാതി പറച്ചിലിൽ ചെന്ന് നിൽക്കുന്നത്. മാർത്ത ആളുകളുമായി ഇടപെടുകയും നല്ല ബന്ധം സൂക്ഷിക്കുകയും മുൻകൈയെടുത്ത് പ്രവർത്തിക്കുകയും തുറന്നു സംസാരിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയാണ്. ലാസറിന്റെ മരണത്തിൽ അവരെ ആശ്വസിപ്പിക്കാൻ ധാരാളം ആളുകൾ അവിടെ ഉണ്ടായിരുന്നത് ഇതിന് ഒരു തെളിവായി നമ്മൾക്ക് മനസ്സിലാക്കാം. രണ്ടുപ്രാവശ്യവും യേശുവിനെ സ്വീകരിക്കുന്നത് മാർത്തയാണ്. രണ്ടാം പ്രാവശ്യവും അവളുടെ പരാതി (‘കർത്താവേ അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എൻറെ സഹോദരൻ മരിക്കുകയില്ലായിരുന്നു’) യേശു കേൾക്കുന്നുണ്ടെങ്കിലും മറുപടിയായി “ഞാൻ തന്നെയാണ് പുനരുദ്ധാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരിക്കുമ്പോൾ എന്നിൽ വിശ്വസിക്കുന്ന ഏതൊരുനാളും മരിക്കുകയില്ല” എന്ന സത്യം അവളോട് വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. നീ ഇത് വിശ്വസിക്കുന്നുവോ എന്ന ചോദ്യത്തിന് മറുപടിയായി അവൾ ‘ലോകത്തിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്ന ദൈവപുത്രനായ ക്രിസ്തു യേശു’ ആണെന്നുള്ള വിശ്വാസ പ്രഖ്യാപനം നടത്തുകയാണ്. ഈയൊരു വിശ്വാസ പ്രഖ്യാപനം യേശുവിൻറെ ഇടപെടലിലൂടെ അവൾക്ക് കിട്ടിയ ഒരു ഉൾവെളിച്ചമായി നമുക്ക് മനസ്സിലാക്കാം. അതിൻറെ പ്രതിഫലനം പിന്നീട് നമ്മുക്ക് കാണാവുന്നതാണ്. പന്ത്രണ്ടാം അധ്യായത്തിൽ പെസഹായ്ക്ക് ആറു ദിവസം മുമ്പ് യേശു ലാസറിന്റെ ഭവനത്തിൽ ഒരു വിരുന്നിൽ പങ്കെടുക്കുന്നുണ്ട്. അവിടെ മാർത്ത അതിഥികളെ പരിചരിക്കുന്നു. ഇപ്പോൾ അവൾക്ക് പരിഭവങ്ങൾ ഇല്ല പരാതികളില്ല വളരെ സന്തോഷപൂർവ്വം ആണ് അതിഥികളെ പരിചരിക്കുന്നത്. അവിടെ മറിയ ചെയ്യുന്ന പ്രവർത്തിയിലും അവൾ പരാതി പറയുന്നില്ല. അതവൾ അംഗീകരിക്കുന്നു. ചുരുക്കത്തിൽ ക്രിസ്തുവു മായുള്ള ബന്ധത്തിലും ഇടപെടലിലും, മാർത്തയ്ക്ക് അവളുടെ കഴിവുകളും കുറവുകളും എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുകയും അത് അവളുടെ വ്യക്തിത്വത്തെ കൂടുതൽ തെളിവുറ്റതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മറിയ: (Lk: 10: 38-42, Jn: 11: 1-37, 12: 1-8) മറിയ ഒരു സംസാരപ്രിയ അല്ല ശ്രദ്ധാപൂർവ്വം കേട്ടിരിക്കാൻ ആണ് അവളുടെ ശ്രമം. ഗുരുവിൻറെ കാൽക്കലിരുന്ന് കേൾക്കുന്നു. പഠിക്കുന്നു. യേശു മറിയയെ കുറിച്ച് പറയുന്നത് ‘അവൾ നല്ല അംശം തിരഞ്ഞെടുത്തു’ എന്നതാണ്. എന്തുകൊണ്ടാണ് മറിയ ചെയ്തത് നല്ല അംശം ആകുന്നത്? അത് അവളുടെ തിരഞ്ഞെടുപ്പിന്റെ (choice) പ്രത്യേകതയാണ്. (സ്ത്രീകൾക്ക് അന്ന് സ്വയം തെരഞ്ഞെടുക്കാൻ ഒരു അവകാശവും സ്വാതന്ത്ര്യവും ഇല്ലാതിരുന്ന സമയത്ത് മറിയയുടെ തിരഞ്ഞെടുപ്പിനെ യേശു അംഗീകരിക്കുന്നുണ്ട്) മാർത്ത ചെയ്തത് അന്നത്തെ സാംസ്കാരിക പശ്ചാത്തലത്തിലും സമൂഹത്തിലും നിലനിന്നിരുന്ന, ഒരു സ്ത്രീ ചെയ്യേണ്ട പതിവുള്ള രീതികളാണ്. എന്നാൽ മറിയയാകട്ടെ പതിവ് രീതികളിൽ നിന്ന് വിട്ട് ക്രിസ്തുവിൻറെ കാൽക്കലിരുന്ന് ശ്രദ്ധാപൂർവ്വം കേൾക്കുവാനും പഠിക്കുവാനും ആണ് ശ്രമിച്ചത്. ക്രിസ്തുവിൻറെ ‘നല്ല അംശം’ എന്ന പരാമർശത്തിലൂടെ മറിയ ശിഷ്യത്വം തിരഞ്ഞെടുക്കുകയായിരുന്നു എന്ന് ബോധ്യപ്പെടുത്തി തരുന്നുണ്ട്. ചട്ടവിരുദ്ധമായ ഒരു കാര്യം മറിയ ചെയ്തതായിരിക്കാം മാർത്തയെ ഒരു പക്ഷേ പ്രകോപിപ്പിച്ചത്. മറിയ ഒരു പുതിയ കാഴ്ചപ്പാട് സൃഷ്ടിക്കുകയാണ്. യേശുവിൻറെ ശിഷ്യത്വം എന്നത് പുരുഷന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന അന്നത്തെ യഹൂദാ സമുദായത്തിൽ ഒരു സ്ത്രീക്ക് യേശുവിൻറെ പാദത്തിലിരുന്ന് പഠിക്കാനുള്ള അവകാശം ഉണ്ടെന്ന് മറിയ തെളിയിച്ചു. അവൾ യേശുവിന്റെ സാന്നിധ്യത്തെ, വാക്കുകളെ ഒരു വേവലാതിയും ഇല്ലാതെ ഏറ്റവും അർത്ഥപൂർണ്ണമായും മനോഹരമായും ആസ്വദിക്കാനാണ് ശ്രമിച്ചത്. ജീവിതത്തിലെ ഓരോ നിമിഷവും പ്രാധാന്യമേറിയതും കിട്ടുന്ന അവസരങ്ങൾ പാഴാക്കാതിരിക്കുക എന്നുള്ളതും മറിയ നമ്മെ പഠിപ്പിക്കുന്നുണ്ട്.
ശിഷ്യത്വം മറിയയിലൂടെ: അക്കാലത്ത് യഹൂദ സംസ്കാരത്തിൽ സ്ത്രീകൾക്ക് റബ്ബിമാരുടെ അടുത്തിരുന്ന പഠിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. ആ സാഹചര്യത്തിലാണ് മറിയ യേശുവിന്റെ കാൽക്കലിരുന്ന് സശ്രദ്ധം ശ്രവിച്ചത്. വചനത്തോടുള്ള സമർപ്പണം ആരും അവളിൽ നിന്ന് അപഹരിക്കാത്ത നല്ല അംശമായി മാറുകയായിരുന്നു. മറിയയുടെ തെരഞ്ഞെടുപ്പിനെ യേശു അംഗീകരിക്കുന്നു. വചനം ശ്രദ്ധയോടെ കേൾക്കുകയും യേശുവിനെ പൂർണമായി വിശ്വസിക്കുകയും ചെയ്തവൾ ആയിരുന്നു മറിയ. ആ വിശ്വാസമാണ് അവളെത്തന്നെ സമ്പൂർണ്ണമായി സമർപ്പിക്കുവാൻ സാധിച്ചത്. അതുകൊണ്ടാണ് സഹോദരന്റെ മരണത്തിൽ ദുഃഖിതയായിരുന്ന അവൾ യേശുവിനെ കണ്ട മാത്രയിൽ അവന്റെ കാൽക്കൽ വീണത്. കഠിനമായ ദുഃഖം അവളെ തളർത്തിയിരുന്നെങ്കിലും അവളുടെ നിസ്സഹായതയും സങ്കടവും വിശ്വാസവും അവൾ യേശുവിൻറെ പാദത്തിങ്കൽ സമർപ്പിച്ചു. അവളുടെ സങ്കടവും കരച്ചിലും യേശുവിൻറെ ആർദ്രമായ ഹൃദയത്തെ ഉണർത്തുകയായിരുന്നു. മരണത്തിന്റെ ദുഃഖത്തിൽ ആയിരുന്ന പരിസരം ജീവന്റെ ആഘോഷത്തിലേക്ക് മാറ്റപ്പെടുകയായിരുന്നു.
യേശുവിൻറെ മരണത്തിന് തൊട്ടുമുമ്പ് തൻറെ വിലയേറിയ സമ്പാദ്യമെല്ലാം ഗുരുവിനായി സമർപ്പിക്കാൻ അവൾ മടി കാണിച്ചില്ല. മറ്റുള്ളവർ എങ്ങനെ പ്രതികരിക്കും എന്നല്ല മറിച്ച് തനിക്ക് ബോധ്യമായത് ധൈര്യപൂർവ്വം അവൾ പ്രവർത്തിച്ചു. ഈയൊരു ധൈര്യം ക്രിസ്തു ബന്ധത്തിൽ നിന്നും ബോധ്യങ്ങളിൽ നിന്നും മാത്രം ലഭ്യമാകുന്നതാണ്. സംസ്കാരത്തിന് മുമ്പ് വിധിപ്രകാരം മൃതശരീരത്തിൽ തൈലം പൂശാൻ ശിഷ്യന്മാർക്ക് സാധിക്കാതിരിക്കെ മറിയയുടെ ഈ തൈലം പൂശൽ കൂടുതൽ അർത്ഥവത്താകുന്നു. തന്റെ സംസ്കാരത്തിനുവേണ്ടി മുൻകൂട്ടി ചെയ്തതായി യേശു ഇതിനെ വ്യാഖ്യാനിക്കുകയും ചെയ്തു. പ്രവചനപരമായ ഒരു പ്രവർത്തിയാണ് മറിയ ചെയ്തത്. അതിൻറെ സുഗന്ധം വീട്ടിൽ നിറഞ്ഞു. അവിടെ മാത്രമല്ല, ‘ലോകമെങ്ങും സുവിശേഷം പ്രഘോഷിക്കപ്പെടുന്ന ഇടത്തെല്ലാം അവൾ ചെയ്ത കാര്യം പ്രസ്താവിക്കപ്പെടും (Mk: 14: 9) എന്ന യേശുവിൻറെ പ്രതികരണം കാലത്തിനോ ദേശത്തിനോ മാറ്റാൻ കഴിയാത്ത ശിഷ്യത്വത്തിന്റെ മാതൃകയിലേക്കാണ് സുഗന്ധം വീശുന്നത്. അതിരുകളില്ലാത്ത സ്നേഹത്തിന്റെ, തീവ്രമായ ഗുരുഭക്തിയുടെ പ്രതിഫലനമായി തനിക്കുവേണ്ടി ഒന്നും മാറ്റിവയ്ക്കാതെ, തനിക്ക് എന്ത് സംഭവിക്കും, മറ്റുള്ളവർ എങ്ങനെ പ്രതികരിക്കും എന്ന് ഒന്നും ആലോചിക്കാതെ സാഹസ പൂർണ്ണമായ പ്രവർത്തിയിലൂടെ മറിയ കാണിച്ചു തന്നത് യഥാർത്ഥ ശിഷ്യത്വത്തിന്റെ മാതൃകയാണ്. മരണത്തിലൂടെ പൂർത്തിയാകുന്ന രാജ്യത്വത്തിലേക്ക് (പിറ്റേന്ന് ഓശാന ആയിരുന്നല്ലോ) പ്രവേശിക്കാൻ യേശുവിനെ ഒരുക്കിയത് മറിയയായിരുന്നു. മഹത്വത്തിലേക്ക് നയിക്കുന്ന കുരിശിന്റെ വഴിയിൽ പ്രവേശിക്കാൻ കാനായിൽ വെച്ച് അമ്മ മറിയം യേശുവിനെ ഒരുക്കിയതുപോലെ പ്രധാന ജീവിത മുഹൂർത്തങ്ങളിൽ എല്ലാം സ്ത്രീകളുണ്ട് യേശുവിനോടൊപ്പം. മറിയം തൻറെ സർവ്വ സമ്പാദ്യവും ഗുരുപാദത്തിൽ കമഴ്ത്തിയപ്പോൾ നഷ്ടപ്പെട്ട തൈലത്തിന്റെ വില കണക്കു കൂട്ടുകയായിരുന്നു അവിടെയുണ്ടായിരുന്ന ‘ശിഷ്യർ’ എന്നതാണ് വിരോധാഭാസം. എന്നാൽ യഥാർത്ഥ ശിഷ്യത്വം എന്താണെന്ന് യേശു അവിടെ പ്രസ്താവിച്ചു കഴിഞ്ഞു.
മറിയ ആ കാലഘട്ടത്തിലെ സാമൂഹികപരിധികളെ മറികടന്നാണ് ഗുരുവിന്റെ പാദങ്ങളിൽ ഇരുന്നു പഠിച്ചത്. സമ്പൂർണ്ണ സമർപ്പണത്തിലൂടെയും പ്രവർത്തിയിലൂടെയും അവൾ യഥാർത്ഥ ശിഷ്യയാണെന്ന് തെളിയിച്ചു. മറിയാം നമുക്ക് തരുന്ന പാഠം, സ്ത്രീകൾക്കും ശിഷ്യരാകാം, സ്ത്രീകൾക്കും ദൈവവചനം പഠിക്കാം, സ്ത്രീകൾക്കും ആത്മീയ ആഴം പ്രാപിക്കാം, സ്ത്രീകൾക്കും ക്രിസ്തുവിന്റെ സാക്ഷികളാകാം എന്നതാണ്. അതിന് കാല ദേശ പരിമിതികൾ ഒന്നുമില്ല.
ഇന്നത്തെ സ്ത്രീകൾ ജീവിതത്തിൽ “നല്ല അംശം” എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്?
മാർത്തയും മറിയയും തരുന്ന സന്ദേശം ഒരു താരതമ്യമല്ല മറിച്ച് സന്തുലനമാണ്.
മാർത്തയുടെ സേവനവും ആവശ്യമാണ്. മറിയയുടെ ശിഷ്യത്വവും ആവശ്യമാണ്. ഈ ഉൾവെളിച്ചം ലഭിക്കുന്നത് ക്രിസ്തു ബന്ധത്തിലാണ്. കൃത്യമായ തെരഞ്ഞെടുപ്പുകൾ നടത്താൻ യേശു നമ്മെ വിളിക്കുന്നു. മറിയ “നല്ല അംശം” തിരഞ്ഞെടുത്തത്, ക്രിസ്തു ബന്ധത്തിലാണ്. ക്രിസ്തുവിനോടുള്ള തീവ്രമായ സ്നേഹമാണ് അവളെ ശിഷ്യത്വം സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. ക്രിസ്തുവിൻറെ സാക്ഷികൾ ആകാനുള്ള വിളിയും സ്വാതന്ത്ര്യവും ഇന്നും എല്ലാ സ്ത്രീകൾക്കും ഉണ്ട്. നിലനിൽക്കുന്ന സംസ്കാരത്തെ ഊട്ടി വളർത്തുക എന്നതല്ല, ക്രിസ്തു ബന്ധത്തിൽ ഉചിതമായത് തിരഞ്ഞെടുക്കുക എന്നതാണ് ഓരോ ശിഷ്യത്വത്തിലേക്കുമുള്ള വിളി. ആ നിയോഗം ഏറ്റെടുക്കാൻ സാധിക്കണമെങ്കിൽ മറിയയെപ്പോലെ ക്രിസ്തുവിലുള്ള തീവ്രമായ സ്നേഹവും വിശ്വാസവും ധൈര്യവും സമർപ്പണവും ഉണ്ടാകണം.
ഇന്നത്തെ സ്ത്രീകളും അതേ തിരഞ്ഞെടുപ്പ് നടത്തുമ്പോൾ അവർ കുടുംബങ്ങളെയും സഭയെയും സമൂഹത്തെയും നവീകരിക്കുന്ന ശിഷ്യരായി മാറും. ‘Dietrich Bonhoeffer’ പറയുന്നതുപോലെ “യഥാർത്ഥ ശിഷ്യത്വം എന്നത് വിലയേറിയതാണ്, അത് സൗകര്യജീവിതം അല്ല”. മറിയ കേട്ടു. മറിയ വിശ്വസിച്ചു. മറിയ സമർപ്പിച്ചു. മറിയയുടെ ശിഷ്യത്വം വെറും വികാരമല്ല ഏറ്റവും വിലപ്പെട്ടത് സമർപ്പിക്കാൻ തയ്യാറായി. മറിയ തിരഞ്ഞെടുത്തതുപോലെ ‘നല്ല അംശം’ തിരഞ്ഞെടുക്കാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ.
[ഈ വർഷത്തെ സമാജത്തിന്റെ വാർഷിക സമ്മേളനത്തിന്റെ മുഖ്യ ചിന്താവിഷയം]

