വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണവും രാഷ്ടീയ ലക്ഷ്യങ്ങളും

Text Size

“ഒരു രാജ്യത്തെ കീഴടക്കണമെങ്കിൽ ആദ്യം അതിന്റെ വിദ്യാഭ്യാസത്തെ നിയന്ത്രിക്കുക.” – ഈ ആശയം പല ചരിത്രസാഹചര്യങ്ങളിലും വ്യത്യസ്ത രൂപങ്ങളിൽ പ്രതിഫലിച്ചിട്ടുള്ളതാണ്. കാരണം, ഒരു സമൂഹത്തിന്റെ ഭാവി നിർണയിക്കുന്നത് സൈന്യങ്ങളോ സാമ്പത്തികശക്തിയോ മാത്രമല്ല; ആ സമൂഹം അതിൻ്റെ പൗര സമൂഹത്തെ എന്താണ് പഠിപ്പിക്കുന്നത്, എങ്ങനെയാണ് ചിന്തിക്കാൻ പരിശീലിപ്പിക്കുന്നത് എന്നതുമാണ്. അതുകൊണ്ടാണ് വിദ്യാഭ്യാസം ഏതൊരു ഭരണകൂടത്തിനും ഏറ്റവും ശക്തമായ രാഷ്ട്രീയ ഉപകരണമായി മാറുന്നത്.

ഇന്ത്യയുടെ പൊതു വിദ്യാഭ്യാസ സംവിധാനത്തിൽ വിദ്യാഭ്യാസം സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്താൻ ഭരണഘടനാ ഉപജ്ഞാതാക്കൾ തീരുമാനിക്കുന്നത് അതിൻ്റെ പ്രദേശികമായ വൈജാത്യങ്ങളെ തിരിച്ചറിഞ്ഞു കൊണ്ടാണ്. എന്നാൽ അടിയന്തരാവസ്ഥയുടെ നാളുകളിൽ 42 -ാം ഭരണഘടനാ ഭേദഗതിയിലൂടെ വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിൽ നിന്ന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരം ലഭ്യമാകുന്ന സമവർത്തിപ്പട്ടികയിലേക്ക് മാറ്റി. ഈ നടപടി രാജ്യത്തിൻ്റെ ഫെഡറൽ ഘടനക്ക് ഏറ്റവും വലിയ ആഘാതമായിരുന്നെങ്കിലും കേന്ദ്രം നിർദ്ദേശിക്കുന്ന പൊതു മാനദണ്ഡങ്ങൾക്ക് അനുസരണമായി സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ പദ്ധതികൾ ആസൂത്രണം ചെയ്യാൻ സാധിക്കുന്ന നിലയായിരുന്നു അന്ന് അത് വിഭാവനം ചെയ്തത്. എന്നലിപ്പോൾ സമവർത്തിപ്പട്ടികയിലുള്ള വിദ്യാഭ്യാസത്തെയും കൈപ്പിടിയിലൊതുക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള കേന്ദ്ര സർക്കാരിൻ്റെ ‘വികസിത് ഭാരത് ശിക്ഷാ അധിസ്ഥാൻ’ എന്ന പേരിലുള്ള പുതിയ വിദ്യാഭ്യാസ ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്. ഈ ബിൽ സംയുക്ത പാർലമെൻ്റ്റി സമിതിയുടെ റിപ്പോർട്ട് സഹിതം ജൂലൈ 20 ന് ആരംഭിച്ച പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ച് പാസ്സാക്കുമെന്നാണ് സൂചന. ബില്ലിലെ വ്യവസ്ഥകളും നടപടിക്രമങ്ങളും ഏതൊരാളും പരിശോധിച്ചാൽ വിദ്യാഭ്യാസത്തെ കൈപ്പിടിയിൽ ഒതുക്കി നിയന്ത്രിക്കാനുള്ള ശ്രമമാണ് ഇത് എന്ന് വ്യക്തമാകുന്നതാണ്.

ഇന്ത്യയിൽ ഇന്ന് വിദ്യാഭ്യാസരംഗത്ത് നടക്കുന്ന മാറ്റങ്ങളെ സമഗ്രമായി വായിക്കേണ്ടതാണ്. ദേശീയ വിദ്യാഭ്യാസ നയം (NEP 2020), ദേശീയ തലത്തിലുള്ള പ്രവേശനപരീക്ഷകളുടെ നടത്തിപ്പ്, National Testing Agency (NTA) മുഖേന പരീക്ഷാ സംവിധാനങ്ങളുടെ കേന്ദ്രീകരണം, സർവകലാശാലകളുടെ ഭരണഘടനാപരമായ സ്വയംഭരണത്തെ ബാധിക്കുന്നുവെന്ന വിമർശനങ്ങൾ ഉയരുന്ന പുതിയ നിയമനിർമ്മാണശ്രമങ്ങൾ—ഇവയെല്ലാം ചേർന്ന് ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ സ്വഭാവത്തെ തന്നെ പുനർനിർവചിക്കാനുള്ള ശ്രമമാണോ എന്ന ചോദ്യം ഇതിനോടകം വിവിധ മണ്ഡലങ്ങളിൽ ഉയർന്നു കഴിഞ്ഞു.

സർക്കാരിന്റെ വാദം ലളിതമാണ്. നിലവാരം ഉയർത്തുക, ഏകീകൃത മാനദണ്ഡങ്ങൾ സൃഷ്ടിക്കുക, അഴിമതി കുറയ്ക്കുക, വിദ്യാർത്ഥികൾക്ക് രാജ്യവ്യാപകമായ അവസരങ്ങൾ ഒരുക്കുക എന്നിവയാണ് അവ. ഈ ലക്ഷ്യങ്ങളിൽ ആർക്കും വിയോജിപ്പുണ്ടാകാനിടയില്ല. എന്നാൽ തികച്ചും ബഹുസ്വരവും സംസ്കാരിക വൈവിധ്യമുള്ളതുമായ ഇന്ത്യൻ ജനാധിപത്യത്തിൽ തികച്ചും ഏകീകൃതമായ വിദ്യാഭ്യാസ സമ്പ്രദായം സംശയങ്ങൾക്ക് ഇടനൽകും എന്നതാണ് ശരി. അതോടൊപ്പം നാം മനസിലാക്കേണ്ടത് പരിഷ്കാരവും കേന്ദ്രീകരണവും ഒന്നല്ല, പരിഷ്കാരം അധികാരം പങ്കുവയ്ക്കുകയും സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ്. കേന്ദ്രീകരണം അധികാരം ഒരിടത്തേക്ക് ചുരുക്കുന്നതാണ്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നതിലാണ് ഇന്നത്തെ ഇന്ത്യൻ വിദ്യാഭ്യാസ ചർച്ചയുടെ കാതൽ അടങ്ങിയിരിക്കുന്നത്.

ഇന്ത്യയുടെ ഭരണഘടന, വിദ്യാഭ്യാസത്തെ സമവർത്തിപ്പട്ടികയിലാണ് (Concurrent List) ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് വിദ്യാഭ്യാസനിർവഹണത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. ഈ ഫെഡറൽ തുല്യതയാണ് ഇന്ത്യയുടെ വൈവിധ്യത്തെ സംരക്ഷിക്കുന്നത്. ഭാഷ, സംസ്കാരം, പ്രാദേശിക ചരിത്രം, സാമൂഹിക യാഥാർത്ഥ്യങ്ങൾ ഇവയെല്ലാം വിദ്യാഭ്യാസത്തിന്റെ ഭാഗമാകാൻ ഈ ഘടന സഹായിക്കുന്നു. എന്നാൽ പ്രവേശനപരീക്ഷകൾ മുതൽ പാഠ്യപദ്ധതിവരെ, ഗവേഷണനയങ്ങൾ മുതൽ സർവകലാശാലാ ഭരണസംവിധാനം വരെ കേന്ദ്രനിയന്ത്രണം വർധിക്കുമ്പോൾ, സംസ്ഥാനങ്ങളുടെ പങ്ക് ക്രമേണ ചുരുങ്ങി വൈവിദ്ധ്യങ്ങളുടെമേൽ കരിനിഴൽ വീഴുമെന്നത് വസ്തുതയാണ്.

2017-ൽ സ്ഥാപിതമായ National Testing Agency രാജ്യത്തെ പ്രവേശനപരീക്ഷകളെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുമെന്ന പ്രതീക്ഷയോടെയാണ് ആരംഭിച്ചത്.

എന്നാൽ 2024 മുതൽ 2026 വരെ നടന്ന എല്ലാ NEET പരീക്ഷകളും ക്രമക്കേടുകളുടെ കൂമ്പാരമായിരുന്നു. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ച, ഗ്രേസ് മാർക്ക് വിവാദം, പരീക്ഷാകേന്ദ്രങ്ങളിലെ ക്രമക്കേടുകൾ തുടങ്ങിയ ആരോപണങ്ങൾ രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായി. കേന്ദ്രീകരണം അടിസ്ഥാനമാക്കിയ വിദ്യാഭ്യാസ നയത്തിൻ്റെ ചുവടുപിടിച്ച് കൊണ്ടുവന്ന പരിഷ്ക്കാരങ്ങൾ എല്ലാം വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്, മറ്റ് കേന്ദ്രീകൃത പ്രവേശന പരീക്ഷാസമ്പ്രദായങ്ങളും ഇതുപോലെ വ്യാപകമായ ക്രമക്കേടുകൾക്കും ആക്ഷേപങ്ങൾക്കും വഴിവച്ചിരിക്കുന്നു. ഈ വിഷയങ്ങളോടുള്ള ശക്തമായ പ്രതികരണമായാണ് സാമുഹ്യ മാധ്യമങ്ങളിലൂടെ രൂപീകരിക്കപ്പെട്ട കോക്രോച്ച് ജനതാ പാർട്ടിയുടെ ഉദയവും കഴിഞ്ഞ ഒരു മാസമായി രാജ്യ തലസ്ഥാനത്ത് നടക്കുന്ന വിവിധ നിലയിലുള്ള പ്രക്ഷോഭങ്ങളും.

കേന്ദ്രീകൃത പരീക്ഷാസംവിധാനത്തിൽ നടന്ന ക്രമക്കേടുകളിൽ മനംനൊന്ത് ഇന്ത്യയിലെ പല ഭാഗങ്ങളിലായി എത്രയോ വിദ്യാത്ഥികൾ ആണ് അത്മഹത്യ ചെയ്തത്. വീണ്ടും നടത്തിയ പുനപ്പരിശോധനയിൽ നിന്ന് രണ്ട് ലക്ഷത്തിൽപ്പരം കുട്ടികളാണ് ഒഴിവായിപ്പോയത്. ഈ സംഭവവികാസങ്ങൾ എല്ലാം പരീക്ഷാസംവിധാനത്തിന്റെ വിശ്വാസ്യതയെ അടിമുടി തകർത്തിരിക്കുകയാണ് എന്നതാണ് വാസ്തവം. വിശ്വാസം നഷ്ടപ്പെട്ടാൽ സാങ്കേതിക മികവോ ഭരണപരമായ കാര്യക്ഷമതയോ മാത്രം മതിയാകില്ല.

മതബഹുലവും സംസ്കാരിക വൈജാത്യങ്ങൾ ഉള്ളതുമായ ഇന്ത്യയുടെ പൊതുമണ്ഡലത്തിൽ വിദ്യാഭ്യാസം വഴി ലക്ഷ്യമാക്കേണ്ടത് തുറന്ന മനസ്സും ബഹുസ്വരതയും സ്വതന്ത്രചിന്തയും പ്രേത്സാഹിപ്പിക്കുന്നതാകണം. അതിന് പകരം അധികാര കേന്ദ്രീകരണം ലക്ഷ്യംവയ്ക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് എന്നത് പൊതു സമൂഹം തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഈയൊരു പശ്ചാത്തലത്തിൽ വിദ്യാഭ്യാസത്തെ ക്കുറിച്ചുള്ള ഗാന്ധിജിയുടെ പ്രസ്താവന ഏറെ പ്രസക്തമാണ്, “I do not want my house to be walled in on all sides and my windows to be stuffed. I want the cultures of all lands to be blown about my house as freely as possible. But I refuse to be blown off my feet by any.”

(Mahatma Gandhi, Young India (1921)

ഇന്ന് വിദ്യാഭ്യാസം പുതിയ വാതായനങ്ങളെ തുറക്കാനല്ല മറിച്ച് അടയ്ക്കാനും പുതു തലമുറയെ രാഷ്ട്രീയ ഉപകരണമാക്കാനുമാണ് ശ്രമിക്കുന്നത് എന്ന സത്യം നാം വിസ്മരിച്ച്കൂടാ.

ബ്രസീലിയൻ വിദ്യാഭ്യാസചിന്തകനായ പൗലോ ഫ്രെയ്റേ നിരീക്ഷിക്കുന്നത്, വിദ്യാഭ്യാസം വിമോചനത്തിനുള്ള ഉപാധിയാകാമെന്നും അങ്ങിനെ ആകുന്നതോടൊപ്പം അധീശത്വം ഉറപ്പിക്കുന്ന ഉപകരണമായും അത് മാറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട് എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഈ വിചിന്തനങ്ങൾ ഇന്ത്യൻ സാഹചര്യത്തിൽ പ്രസക്തമാകുന്നത്, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള എല്ലാ ചർച്ചകളും ഒടുവിൽ അധികാരത്തെക്കുറിച്ചുള്ള ചർച്ചകളായി മാറുന്നതിനാലാണ്.

ചരിത്രം ആരാണ് എഴുതുന്നത്? എന്ന ചോദ്യത്തിന് ജോർജ് ഓർവെലിന്റെ പ്രശസ്തമായ പ്രസ്താവനയുണ്ട്: “Who controls the past controls the future; who controls the present controls the past.”

ചരിത്രം പുതിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ തിരുത്തപ്പെടുകയും വികസിപ്പിക്കപ്പെടുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കനുസരിച്ച് ചരിത്രപാഠപുസ്തകങ്ങൾ പുനർരചിക്കപ്പെടുമ്പോൾ അത് അക്കാദമിക സ്വാതന്ത്ര്യത്തിന്റെ വിഷയം മാത്രമല്ല; ജനാധിപത്യത്തിന്റെ ഭാവിയെ ബാധിക്കുന്ന വിഷയവുമാണ്.

ഒരു തലമുറ എന്താണ് പഠിക്കുന്നത് എന്നത് അവർ നാളെ എന്താണ് വിശ്വസിക്കുക എന്നതിനെ നിർണയിക്കുന്നു. അതുകൊണ്ടാണ് വിദ്യാഭ്യാസത്തിന്റെ മേൽ നിയന്ത്രണം നേടാനുള്ള രാഷ്ട്രീയ ആഗ്രഹം ലോകത്തിലെ എല്ലാ അധികാരകേന്ദ്രങ്ങൾക്കും ഉണ്ടായിരുന്നത്.

ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്ത് ഇന്ന് നടക്കുന്നത് ഒരു ഭരണപരിഷ്കാരത്തിന്റെ ചർച്ച മാത്രമല്ല. അത് ഇന്ത്യൻ ഫെഡറലിസത്തിന്റെ, അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ, വിദ്യാഭ്യാസത്തിലെ സമത്വത്തിന്റെ, ജനാധിപത്യത്തിന്റെ ഗുണനിലവാരത്തിന്റെ പരീക്ഷയാണ്.

വിദ്യാഭ്യാസത്തെ ഏകീകരിക്കാനുള്ള ശ്രമങ്ങൾ നടത്താം. നിലവാരം ഉയർത്താനുള്ള നടപടികളും സ്വീകരിക്കാം. എന്നാൽ അവ സുതാര്യവും ഉത്തരവാദിത്തമുള്ളതും പൊതുജനവിശ്വാസം നേടിയെടുക്കുന്നതുമായിരിക്കണം. അധികാരം കേന്ദ്രീകരിക്കുന്ന ഓരോ നടപടിയും അതിനനുസരിച്ചുള്ള പൊതുനിരീക്ഷണത്തിനും സ്വതന്ത്രമായ ഉത്തരവാദിത്ത സംവിധാനങ്ങൾക്കും വിധേയമാകണം.

വിദ്യാഭ്യാസം പരീക്ഷകളെക്കുറിച്ചുള്ളതല്ല; അത് ചിന്തയെക്കുറിച്ചുള്ളതാണ്. ചിന്തയെ നിയന്ത്രിക്കാൻ കഴിയുന്നവർക്ക് ഭാവിയെ സ്വാധീനിക്കാനും കഴിയും. അതുകൊണ്ടാണ് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഓരോ പൊതുചർച്ചയും ഒരു ജനാധിപത്യ സമൂഹത്തിൽ അനിവാര്യമായ രാഷ്ട്രീയസംവാദമാകുന്നത്.

വിദ്യാഭ്യാസം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു ഭരണവകുപ്പ് അല്ല; അത് ഭരണഘടന സംരക്ഷിക്കുന്ന ഒരു പൊതുസ്വത്താണ്. അതിന്റെ മേൽ ജനാധിപത്യപരമായ നിയന്ത്രണവും അക്കാദമിക സ്വാതന്ത്ര്യവും നിലനിർത്തുകയാണ് ഒരു പുരോഗമന രാഷ്ട്രത്തിന്റെ യഥാർത്ഥ അടയാളം.

ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് പുതിയ വിദ്യാഭ്യാസനയങ്ങൾ എത്രയെണ്ണം കൊണ്ടുവന്നു എന്നതുകൊണ്ടല്ല; ആ നയങ്ങൾ സ്വതന്ത്രമായി ചിന്തിക്കുന്ന പൗരന്മാരെയാണോ, അല്ലെങ്കിൽ വൈജാത്യങ്ങളെ അംഗീകരിക്കുന്ന സമൂഹത്തെയാണോ രൂപികരിക്കുന്നത് എന്നതുകൊണ്ടായിരിക്കണം.