ശുശ്രൂഷ: ഒരു ആത്മവിമർശനം (യോഹന്നാൻ 4: 31–38)

Text Size

ക്രിസ്തീയ ശുശ്രൂഷയെക്കുറിച്ചുള്ള നമ്മുടെ ധാരണ പലപ്പോഴും പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിപ്പോകുന്നു. ഒരു പുരോഹിതന്റെ ജീവിതം ആരാധന, പ്രസംഗം, ഭരണസംവിധാനം, സമൂഹികബന്ധങ്ങൾ എന്നിവയുടെ ചുറ്റും ക്രമീകരിക്കപ്പെടുന്നു. എന്നാൽ ഈ പ്രവർത്തനങ്ങളുടെ നടുവിലും ഒരു അടിസ്ഥാനചോദ്യം ഉയരുന്നുണ്ട്: ഈ ശുശ്രൂഷ യഥാർത്ഥത്തിൽ നമ്മെ പോഷിപ്പിക്കുന്നുണ്ടോ, അതോ ക്ഷീണിപ്പിക്കുകയാണോ?

ഇന്നത്തെ വേദഭാഗം ഈ ചോദ്യത്തിന് തൃപ്തികരമായ ഒരു മറുപടി നൽകുന്നു. ശമര്യസ്ത്രീയുമായുള്ള യേശുവിന്റെ സംഭാഷണത്തിന് പിന്നാലെ നടക്കുന്ന ഈ രംഗം, ശിഷ്യന്മാരുടെയും യേശുവിന്റെയും ഇടയിൽ ഒരു ലളിതമായ സംഭാഷണമായി തോന്നിച്ചാലും, അതിൽ ക്രിസ്തീയ ശുശ്രൂഷയുടെ അടിസ്ഥാന സ്വഭാവം വെളിവാകുന്നു.

ശുശ്രൂഷ: ഒരു ഉത്തരവാദിത്വമോ, ആഹാരമോ?

ശിഷ്യന്മാർ യേശുവിനെ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുമ്പോൾ, യേശു മറുപടി നൽകുന്നു: “നിങ്ങൾ അറിയാത്ത ഒരു ആഹാരം എനിക്ക് ഉണ്ട്.” ഈ വാക്കുകൾ ശുശ്രൂഷയെ ഒരു പുതിയ ദിശയിൽ നയിക്കുന്നു.

യേശുവിന് അവന്റെ ശുശ്രൂഷ ഒരു അധികബാധ്യതയല്ല; അത് അദ്ദേഹത്തിന്റെ ജീവന്റെ ആഹാരം തന്നെയാണ്. “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യുക” എന്നതാണ് അദ്ദേഹത്തിന്റെ പോഷണം.

പൗരോഹിത്യ ശുശ്രൂഷയിൽ ഇത് ഒരു നിർണ്ണായക തിരിച്ചറിവാണ്. നാം ചെയ്യുന്ന ശുശ്രൂഷ നമ്മെ ഉള്ളിൽ നിന്ന് ജീവിപ്പിക്കുന്നുണ്ടോ? അതോ വെറും ഉത്തരവാദിത്വങ്ങളുടെ ഒരു പൂർത്തീകരണമായി ശുശ്രൂഷ മാറിയിട്ടുണ്ടോ? ദൈവഹിതത്തിൽ നിന്ന് വേർപെട്ട ശുശ്രൂഷ, ആത്മീയമായ ദാരിദ്ര്യത്തിലേക്കും ക്ഷീണത്തിലേക്കും നയിക്കുമെന്നത് മറന്നു പോകരുത്. എന്തൊക്കെയോ ചെയ്തു തീർക്കുവാനുള്ള വ്യഗ്രതയിൽ ശുശ്രൂഷ കേവലം ലാഭ — നഷ്ടങ്ങൾ കുറിച്ചിടുന്ന കണക്കു പുസ്തകത്തിലെ ഒരു ഇനം മാത്രമായി മാറുന്നു.

വിജയമല്ല, വിശ്വസ്തതയാണ് ശുശ്രൂഷയുടെ മാനദണ്ഡം എന്നത് ഇവിടെ നമുക്ക് മനസ്സിലാക്കാം.

“അവന്റെ പ്രവൃത്തി പൂർത്തിയാക്കുക” എന്ന യേശുവിന്റെ വാക്കുകൾ ശുശ്രൂഷയെ ഒരു നിറവേറ്റലിന്റെ ദൗത്യം ആയി അവതരിപ്പിക്കുന്നു.

ഇന്നത്തെ സഭാപരിസരത്തിൽ, വിജയമെന്നത് പലപ്പോഴും “കാണാവുന്ന ഫലങ്ങളാൽ” (Visible achievements) അളക്കപ്പെടുന്നു; ജനസാന്നിധ്യം, പരിപാടികളുടെ വിജയകരമായ നടത്തിപ്പ്, പൊതുസമ്മാനം, പൊതുവിൽ ലഭിക്കുന്ന പ്രശംസ. എന്നാൽ യേശുവിന്റെ കാഴ്ചപ്പാടിൽ, ശുശ്രൂഷയുടെ കേന്ദ്രം ദൈവഹിതത്തോടുള്ള ഉപാധികളില്ലാത്ത വിശ്വസ്തതയാണ്.

പുരോഹിതനായുള്ള നമ്മുടെ വിളി ഫലങ്ങൾ നിർമ്മിക്കുക എന്നർത്ഥത്തിലല്ല, മറിച്ചു ദൈവം ചെയ്യുന്ന പ്രവർത്തനത്തിൽ വിശ്വസ്തമായി പങ്കാളിയാവുക (A faithful partner) എന്നതാണ്.

“ഇനിയും സമയം ഉണ്ട്” എന്ന മനോഭാവം ശുശ്രൂഷയുടെ സാധ്യതകളെ തല്ലിക്കെടുത്തുന്നു. “ഇനിയും നാലുമാസം കഴിഞ്ഞാൽ വിളവെടുപ്പ്” എന്ന ജനപ്രിയ ചിന്തയെ യേശു ഇവിടെ തകർക്കുന്നുണ്ട്. “കണ്ണുകൾ ഉയർത്തി നോക്കൂ, വയലുകൾ ഇതിനോടകം വിളവിന് തയ്യാറാണ്” എന്നാണ് യേശു പറയുന്നത്.

ശിഷ്യന്മാർക്ക് ശമര്യർ ഒരു “വിളവ്” ആയി തോന്നിയിട്ടേ ഇല്ല. അവരുടെ മതപരവും സാമൂഹികവുമായ മുൻവിധികൾ അവരെ കാഴ്ചയില്ലാത്തവരാക്കി.

ഇന്നത്തെ ശുശ്രൂഷയിലും ഇതേ അപകടം നിലനിൽക്കുന്നുണ്ട്.

“ഇപ്പോൾ സമയം അല്ല”, “ഇവർ തയ്യാറല്ല”, ‘ഇവർ OK അല്ല”, “സാഹചര്യങ്ങൾ അനുകൂലമല്ല”, “ഈ പള്ളിയിൽ ഒന്നും നടക്കില്ല” എന്നീ ധാരണകൾ ശുശ്രൂഷയെ വൈകിപ്പിക്കുന്നു. എന്നാൽ യേശു ഇവിടെ നമ്മെ പഠിപ്പിക്കുന്നത് “ദൈവത്തിന്റെ സമയം ഇപ്പോൾ ആണെന്നാണ്.”

പുരോഹിതന്റെ ദൗത്യം ഭാവിയെ കാത്തിരിക്കുക അല്ല; ഇപ്പോഴത്തെ ദൈവപ്രവർത്തനം തിരിച്ചറിയുക എന്നതാണ്.

ശുശ്രൂഷ വ്യക്തിപരമല്ലന്നും, സഭാപരമാണെന്നും ഈ വേദഭാഗം നമ്മെ ഓർമിപ്പിക്കുന്നു.

“ഒരാൾ വിതയ്ക്കുന്നു, മറ്റൊരാൾ കൊയ്യുന്നു” എന്ന യേശുവിന്റെ വാക്കുകൾ, ശുശ്രൂഷയെ വ്യക്തിപരമായ നേട്ടങ്ങളിൽ നിന്ന് വിമുക്തമാക്കുന്നു.

ഒരു പുരോഹിതനും തന്റെ ശുശ്രൂഷയുടെ ഉടമയല്ല (Owner). നിങ്ങൾ വിതച്ചതല്ലാത്ത സ്ഥലത്ത് നിങ്ങൾ കൊയ്യുന്നു, നിങ്ങൾ ആരംഭിച്ചതല്ലാത്ത പ്രവർത്തനത്തിൽ നിങ്ങൾ തുടരുന്നു, നിങ്ങൾ പൂർത്തിയാക്കാത്തതിനെ മറ്റൊരാൾ പൂർത്തിയാക്കും…

ഈ ബോധ്യങ്ങൾ ശുശ്രൂഷയെ കുറേകൂടി വിനയത്തിലേക്ക് നയിക്കുന്നു.

ശുശ്രൂഷ ഒരു പങ്കാളിത്തമാണ്, ഉടമസ്ഥതയല്ല. ഞാൻ വന്നതിനു ശേഷമാണ് ഈ പള്ളി ഇങ്ങനെയൊക്കെ ആയതെന്നു വീമ്പടിക്കാൻ നിൽക്കരുത്. താൻ വരുന്നതിനു മുൻപുള്ള ചരിത്രമെല്ലാം സൗകര്യപൂർവം വിസ്മൃതിയിലാക്കി തന്റെ കാലം മുതലാണ് ഇടവകയുടെ ചരിത്രം ആരംഭിക്കുന്നത് എന്നരീതിയിൽ സുവനീറൊക്കെ പുറത്തിറക്കുന്ന സഭാ ശുശ്രൂഷകർ ആ പേരിനുതന്നെ യോഗ്യരല്ല.

ദൈവം പ്രവർത്തിക്കുന്നത് പ്രതീക്ഷിക്കാത്തവരിലൂടെയാണ് എന്നത് ഈ ഭാഗത്തു നാം കാണുന്ന ഒരു ശ്രദ്ധേയമായ സത്യമാണ്. യഥാർത്ഥ ദൗത്യം ശിഷ്യന്മാരുടെ അഭാവത്തിലാണ് നടക്കുന്നത്, അതും ഒരു ശമര്യസ്ത്രീ മുഖേന.

ഇത് അച്ചത്തം തലയ്ക്കു പിടിച്ച പൗരോഹിത്യത്തോടുള്ള ഒരു ശക്തമായ വിമർശനമാണ്.

ദൈവം പ്രവർത്തിക്കുന്നത് ഔദ്യോഗികമായ സ്ഥാനങ്ങളിലൂടെ മാത്രം അല്ല; പലപ്പോഴും അവഗണിക്കപ്പെട്ടവരിലൂടെ ആണ്.

അതുകൊണ്ട്, ഒരു പുരോഹിതന്റെ ദൗത്യം എല്ലാം നിയന്ത്രിക്കുക അല്ല. മറിച്ചു ദൈവം എവിടെ പ്രവർത്തിക്കുന്നു എന്ന് തിരിച്ചറിയുകയും അതിൽ ചേർന്നു പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്. ഉള്ളിലുള്ള അഹം ഭാവത്തെ അതിജീവിച്ചിട്ടല്ലാതെ ഇതു സാധ്യമാവുകയില്ല.

ഈ വേദഭാഗം പങ്കുവെയ്ക്കുന്ന മറ്റൊരു സത്യം ക്രിസ്തീയ ശുശ്രൂഷയുടെ ഹൃദയം ആത്മീയ ദർശനമാണ് എന്നതാണ്. “കണ്ണുകൾ ഉയർത്തി നോക്കൂ” എന്നത് ഒരു ആഹ്വാനമാണ്.

ശുശ്രൂഷയുടെ ആദ്യപടി പ്രവർത്തനം അല്ല, നോട്ടം/ദർശനം ആണ്.

ദൈവം പ്രവർത്തിക്കുന്നിടം കാണുക, മനുഷ്യരുടെ ഉള്ളിലെ ദാഹം തിരിച്ചറിയുക, മറഞ്ഞിരിക്കുന്ന ആത്മീയ സാധ്യതകൾ കാണുക. ഇതൊക്കെ അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ ഇതൊരു ധ്യാനാത്മക പൗരോഹിത്യ ജീവിതം ആവശ്യപ്പെടുന്നുണ്ട്. ഒന്നിനെ പിറകെ ഒന്നൊന്നായി എന്തെങ്കിലുമൊക്കെ ചെയ്ത് പേരെഴുതിയ ഫലകം ചാർത്തുന്നതിലും തന്റെ പ്രവർത്തനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വാർത്തകളാക്കി സ്വയം ഹരം കൊള്ളുകയും മേലാളന്മാരുടെയും ചുറ്റുപാടുകളുടെയും പ്രശംസ കൈപ്പറ്റാൻ കൊതിക്കുകയും ചെയ്യുന്ന ശുശ്രൂഷാശൈലിയാണ് ഇന്നിന്റെ ട്രെൻഡ്. ഒരുപക്ഷെ നിലനിൽപ്പിനു വേണ്ടി ആയിരിക്കാം. മിക്കപ്പോഴും ജനവും ആഗ്രഹിക്കുന്നത് അതുതന്നെയാണ്. എന്നാൽ പ്രവർത്തനങ്ങളിൽ തിരക്കിലായ പുരോഹിതൻ, ദർശനം നഷ്ടപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നത് മറക്കരുത്.

യോഹന്നാൻ 4: 31–38 ഓരോ പുരോഹിതനെയും അവനോടുതന്നെ ഒരു അടിസ്ഥാനചോദ്യം ചോദിക്കാൻ നിർബന്ധിതനാക്കുന്നുണ്ട്: എന്റെ ശുശ്രൂഷ യഥാർത്ഥത്തിൽ എന്നെ പോഷിപ്പിക്കുന്നുണ്ടോ? ഞാൻ ഫലങ്ങളുടെ / നേട്ടങ്ങളുടെ പിറകെയാണോ, ദൈവഹിതം പിന്തുടരുന്നുവോ? ഞാൻ എല്ലാം അനുകൂലമാവാൻ കാത്തിരിക്കുകയാണോ, അതോ ഇപ്പോഴത്തെ വിളവിനെ കാണുന്നുണ്ടോ?

ഞാൻ ഉടമയാണോ, അതോ പങ്കാളിയാണോ? ഒരു ആത്മപരിശോധന ആവശ്യമാണ്. സത്യത്തിൽ ക്രിസ്തീയ ശുശ്രൂഷയുടെ ഏറ്റവും വലിയ പ്രതിസന്ധി വിളവില്ലായ്മയല്ല; വിളവുണ്ടായിട്ടും അത് കാണാത്ത കണ്ണുകളാണ്.

ഒരു പുരോഹിതന്റെ യഥാർത്ഥ ആത്മീയ പുനരുജ്ജീവനം, പുതിയ പരിപാടികളിൽ (Projects) അല്ലാ, ശുശ്രൂഷാ മനോഭാവത്തോടെയുള്ള പുതിയ ദർശനത്തിലാണ് ആരംഭിക്കുന്നത്.