നിഖ്യാ വിശ്വാസപ്രമാണം ഒരു ഹ്രസ്വ പഠനം — VIII

Text Size

നിഖ്യാ വിശ്വാസപ്രമാണം അവസാനിക്കുന്നത് ഇപ്രകാരമാണ്: “ ഞാൻ പാപമോചനത്തിനുള്ള ഏക മാമോദിസ ഏറ്റു പറയുന്നു. മരിച്ചവരുടെ ഉയിർപ്പിനും വരും യുഗത്തിലെ ജീവിതത്തിനുമായി നോക്കിപ്പാർക്കുകയും ചെയ്യുന്നു “. ഇവിടെ വി. മാമോദീസ പാപമോചനാനുഭവത്തിനുള്ള മാർഗ്ഗം എന്ന് ഏറ്റുപറയുകയും മരിച്ചവരുടെ ഉയിർപ്പിനും പുതിയ യുഗത്തിലെ ജീവിതത്തിനായി വിശ്വാസി കാത്തിരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.

അനുതപിക്കുകയും ക്രിസ്തുവിൽ വിശ്വസിക്കുകയും ചെയ്യുന്ന വ്യക്തി പാപമോചനത്തിൻ്റെ അഥവാ രക്ഷയുടെ അനുഭവത്തിലേക്ക് വരുന്നത് വിശുദ്ധ സ്നാനത്തിന്റെ സ്വീകരണം വഴിയാണ് എന്നതാണ് ഇവിടുത്തെ ആദ്യത്തെ ഏറ്റുപറച്ചിൽ. ഈ പ്രഖ്യാപനം പുതിയനിയമാനുസൃതമാണ്. മാമോദീസ സ്വീകരിച്ച് പാപമോചനം പ്രാപിക്കുവിൻ എന്ന് അനുതപിച്ച് കർത്തൃശിഷ്യന്മാരെ സമീപിച്ച യഹൂദരോട് പത്രോസ് അപ്പോസ്തലൻ പറയുന്നു: നിങ്ങൾ ഓരോരുത്തരും അനുതപിച്ച് മനംതിരിഞ്ഞ് പാപമോചനത്തിനുവേണ്ടി യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാപനം സ്വീകരിക്കുവിൻ (അ പ്ര 2: 38). സ്നാപനത്തിനുള്ള കൽപ്പന ക്രിസ്തു തന്നെ നൽകുന്നുണ്ട് (മത്താ 28: 20). ഇതുകൂടാതെ പാപമോചനത്തിനുള്ള മാമോദീസയെ പറ്റിയുള്ള പരാമർശം ഇതര വേദഭാഗങ്ങളിലും കണ്ടെത്താവുന്നതാണ് (അ പ്ര 22: 16; മർക്കോ 1: 4; ലൂക്കോ 3: 3; 1പത്രോ 3: 21; യോഹ 3: 3; 3: 5).

പൗലോസ് മാമോദിസയെ പറ്റി പറയുമ്പോൾ ആ പദത്തോട് ചേർത്തുപയോഗിക്കുന്ന വിശേഷണമാണ് ഏകം (one) എന്നത്. അതുതന്നെയാണ് വിശ്വാസപ്രമാണത്തിലും ആവർത്തിച്ചിരിക്കുന്നത്. എന്നാൽ നിഖ്യാ വിശ്വാസപ്രമാണത്തിന്റെ മലയാളതർജ്ജമ പ്രകാരം ‘ മാമോദീസ ഒരിക്കൽ മാത്രമേ ഉള്ളൂ’ എന്നാണ്. ഇവിടെ മാമോദീസയല്ല വിശ്വാസപ്രഖ്യാപനത്തിന്റെ പ്രമേയം പ്രത്യുത സ്നാനത്തിന്റെ വിശേഷണമായ എണ്ണമാണ്. അതോടെ നാമത്തേക്കാൾ വിശേഷണത്തിന് പ്രാധാന്യം സിദ്ധിക്കുന്നു. ഭാഷാശാസ്ത്രമനുസരിച്ച് ഇത് ശരിയായ വിവർത്തനമല്ല. മറ്റൊരു വിവർത്തനപ്രകാരം പാപമോചനത്തിന് മാമോദീസ ‘ ഒന്നു മാത്രമേയുള്ളൂ ‘ എന്നതാണ്. പാപമോചനത്തിന് മറ്റൊരു മാർഗ്ഗമില്ല എന്ന ധ്വനി ഇവിടെ വരുന്നു. ഇതുവഴി പാപമോചനത്തിനുള്ള അനുതാപം /കുമ്പസാരം, തൈലാഭിഷേകം തുടങ്ങിയ കൂദാശകൾ നിഷേധിക്കുന്നു. പാപമോചനമാർഗ്ഗം മാമോദീസ ഒന്നുമാത്രം എന്ന് പരിമിതപ്പെടുത്താനാവില്ല. ഭാഷാപരമായും ഈ തർജ്ജമയ്ക്ക് സാധൂകരണം ഇല്ല. ശരിയായ ഇംഗ്ലീഷ് തർജ്ജമ കൂടി ശ്രദ്ധിക്കുക: we acknowledge one baptism for the remission of sins.

പൗലോസ് മാമോദീസയെ പറ്റി പറയുന്ന അവസരത്തിൽ അതിൻ്റെ വിശേഷണമായി ഉപയോഗിക്കുന്ന പദമാണ് ഏകം എന്നത് (എഫേ 4: 5). വിശ്വാസപ്രമാണത്തിൽ ഉള്ള പ്രയോഗത്തിന്റെ തിരുവചനാധാരം ഇതുതന്നെ. ഇവിടെ വിശ്വാസം, കർത്താവ്, പ്രത്യാശ, ശരീരം, ആത്മാവ് എന്നീ പദങ്ങളെ ഏകം എന്നു ചേർത്ത് വിശേഷിപ്പിക്കുന്നതുപോലെ മാമോദീസയെയും പൗലോസ് ഏകം എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നു. ഇവിടെ ഒരിക്കൽ / ഒന്ന് എന്നീ പദങ്ങൾ ഉപയോഗിച്ചാൽ ചേർച്ച വരില്ല.

വിശ്വാസികൾ പല പശ്ചാത്തലത്തിൽ നിന്നും വരുന്നവരെങ്കിലും ഏക കർത്താവും ആത്മാവും ദൈവവും വിശ്വാസവും പ്രത്യാശയും എല്ലാം അവരെ ഏകമാക്കുന്നു. അതോടെ യഹൂദ — ഗ്രീക്ക്, അടിമ, സ്വതന്ത്ര വൈവിധ്യങ്ങൾ ആപേക്ഷികമാവുകയും മേൽപ്പറഞ്ഞ നാമങ്ങൾ അവരെ ഏകമാക്കുകയും ചെയ്യുന്നു. വിശ്വാസികൾക്കിടയിൽ വൈവിധ്യം നിലനിൽക്കുമ്പോഴും അവയെ കൂട്ടിച്ചേർക്കുന്ന ഘടകങ്ങളാണ് ദൈവം, കർത്താവ്, ആത്മാവ്, വിശ്വാസം, പ്രത്യാശ, സഭ എന്നിവ. അതുപോലെതന്നെ സ്നാനവും എഫേസ്യലേഖന പ്രകാരം അവയെ ഏകമാക്കുന്ന (unifying) ഘടകമാണ്. അതായത് വ്യത്യസ്ത വിഭാഗക്കാർ സ്വീകരിക്കുന്നത് വിവിധ സ്നാനങ്ങൾ അല്ല ഏകസ്നാനം എന്നാണ് ലേഖനത്തിൽ പൗലോസ് പറയുന്നത്.

പൗലോസ് പറയുന്നത് മാമോദിസ എത്ര പ്രാവശ്യം ആകാം എന്ന കാര്യമല്ല പ്രത്യുത ക്രിസ്തുവിൽ വിശ്വാസികൾ മരിച്ച്, അടക്കപ്പെട്ട്, ഉയരുന്ന സ്നാനത്തിൽ എല്ലാവരും ഏകമായി ഏക ആത്മാവിനെ പ്രാപിച്ച് ഏക വിശ്വാസം ഏറ്റുപറഞ്ഞ് ഏക പ്രത്യാശയിൽ ശരണപ്പെട്ട് ഏക പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും വിശ്വാസം പ്രഖ്യാപിച്ച് ഏക സഭയായി തീരുന്നു എന്നാണ്. വൈവിധ്യമാർന്ന ജനങ്ങളെ ക്രിസ്തുവുമായി ഏകമാക്കുന്ന പ്രക്രിയയുടെ ആദ്യ ഘടകം എല്ലാവരുടെയും ഏക മാമോദീസയിലുള്ള ഐക്യമാണ്. ഈ ഐക്യപ്പെടലിനെ പൗലോസ് കാണുന്നത് ഏകമായ ഏകീകൃത യാഥാർത്ഥ്യം (as a single unified reality) ആയിട്ടാണ്.

അതുകൊണ്ട് സ്നാനം എല്ലാ വിശ്വാസികളെയും ചേർത്ത് ഒരു ശരീര (സഭ) മാക്കുന്നു; എല്ലാ വിശ്വാസികൾക്കും ഒരേ സ്വത്വബോധം നൽകുന്നു; എല്ലാവരെയും ക്രിസ്തുവിൽ പങ്കാളികളാക്കുന്നു. ഇതെങ്ങനെ എന്ന് പൗലോസ് പറയുന്നു: മാമോദീസ സ്വീകരിക്കുന്ന എല്ലാവരും ക്രിസ്തുവിൻ്റെ മരണത്തിലും ഉയിർപ്പിലും മഹത്വത്തിലും ഏകമാകുന്നു (റോമ 6: 3, 4); ഏക ആത്മാവിൽ സ്നാനപ്പെടുന്നവർ ഏക ശരീരം (1 കൊരി 12: 13), ക്രിസ്തുവിൽ സ്നാനപ്പെടുന്നവർ ഏക പുത്രനെ ധരിപ്പിക്കുന്ന (ഗലാ 3: 27, 28) എല്ലാ വിശ്വാസികളും പാപമോചനം പ്രാപിച്ച് രക്ഷയിൽ ഏകീകരിക്കപ്പെടുന്നു. ഇതുകൂടാതെ വിശ്വാസപ്രമാണത്തിന്റെ ഘടനപ്രകാരം ഏകം എന്നത് വിശ്വാസപ്രഖ്യാപനത്തിലെ ഇതര ഘടകങ്ങളുമായി സ്നാനത്തിന് ബന്ധിപ്പിക്കുന്നതാണ്. വിശ്വാസപ്രമാണത്തിന്റെ ആദ്യ ഖണ്ഡികയിൽ നാം ഏക ദൈവത്തിലും രണ്ടാം ഖണ്ഡികയിൽ ഏക കർത്താവിലും മൂന്നാമത്തേതിൽ ഏക പരിശുദ്ധാത്മാവിലും ഏക സഭയിലും വിശ്വസിക്കുന്നതായി പറയുന്നു. അതിൻ്റെ തുടർച്ചയായി ഏക മാമോദീസയിലും വിശ്വാസം പ്രഖ്യാപിക്കുന്നു. അതുകൊണ്ട് ഏകം എന്ന വിശേഷണം മാമോദീസ എന്ന നാമത്തോട് ചേർത്ത് പ്രയോഗിക്കുകയാണ് ഭാഷാശാസ്ത്രപരമായും തിരുവചനപ്രകാരവും വിശ്വാസപ്രമാണത്തിന്റെ ഘടനയുമായി ചേർന്നു പോകുന്നത്. ക്രിസ്തുവുമായി വിശ്വാസസമൂഹത്തെ ഏകമാക്കുന്നതും വിശ്വാസസമൂഹത്തെ ഐക്യപ്പെടുത്തുന്ന (unifying) ഘടകവും ഏകം എന്ന ഏറ്റുപറച്ചിലാണ്.

മരിച്ചവരുടെ ഉയിർപ്പ് പുതിയനിയമത്തിലെ തന്നെ ഒരു പ്രധാന വിഷയമായിരുന്നു. ഉയിർപ്പ് എന്നത് അതിൽ തന്നെ സ്വതന്ത്രമായ വിശ്വാസമല്ല. മരിച്ചവരുടെ ഉയിർപ്പ് രക്ഷാപദ്ധതിയുടെ പരിസമാപ്തിയായി സഭ കരുതുന്നു. അത് പുതിയനിയമത്തിലെ തന്നെ ഒരു പ്രധാന പ്രമേയമാണ് (യോഹ 5: 28, 29; 1 കൊരി 15; അ പ്ര 24: 15). പൗലോസിന്റെ വേദശാസ്ത്രപ്രകാരം ഇത് സഭയുടെ അടിസ്ഥാന വിശ്വാസവിഷയമാണ്. അതുകൊണ്ടാണ് ഒന്നാം കൊരിന്ത്യലേഖനത്തിൽ ഇത് വിശദമായി ചർച്ചയ്ക്ക് വിധേയമാക്കുന്നത്. കൂടാതെ സഭയുടെ ആരംഭം മുതൽ നോസ്റ്റിക് വിഭാഗങ്ങളും അവരുടെ സ്വാധീനത്തിൽപ്പെട്ട ക്രൈസ്തവരും ഈ വിശ്വാസത്തെ ചോദ്യം ചെയ്തിരുന്നു. അതുകൊണ്ട് ദൈവസൃഷ്ടിയായ ശരീരവും രക്ഷയ്ക്ക് അർഹമെന്നത് സഭയുടെ വിശ്വാസത്തിൽ ഉൾപ്പെടുത്തുന്നു. ഇതുകൂടാതെ അപ്പോസ്തോലികവിശ്വാസപ്രമാണത്തിൽ ഈ കാര്യവും വിശ്വാസവിഷയമായി ചേർത്തിരുന്നു. രക്ഷയെന്നാൽ ആത്മാവിൻ്റെ രക്ഷയായിട്ട് സഭ വിവക്ഷിക്കുന്നില്ല. അത് സൃഷ്ടിയുടെ പുന: സൃഷ്ടി (restoration) യായി കണ്ടാണ് വിശ്വാസപ്രമാണത്തിൽ എഴുതി ചേർത്തത്.

വരുവാനിരിക്കുന്ന യുഗത്തിലെ ജീവിതമാണ് വിശ്വാസപ്രമാണത്തിലെ ഏറ്റവും അവസാന വിശ്വാസവിഷയം. വരുവാനിരിക്കുന്ന ജീവിതത്തെ പറ്റി സഭയുടെ വലിയ പ്രത്യാശയാണ് ഇവിടെ പ്രതിഫലിക്കുന്നത്. ഇവിടെ സൃഷ്ടി ആർജ്ജിക്കുന്നത് നിത്യത, ദൈവികകൂട്ടായ്മ, ദൈവിക ജനത്തിലെ പങ്കാളിത്തം എന്നിവയാണ്. ദൈവസാന്നിധ്യത്തിൽ പൂർണമായി സൃഷ്ടിക്കുവരുന്ന രൂപാന്തരമാണ് ഇവിടെ പ്രമേയം. ഇത് ദൈവികപദ്ധതിയുടെ പൂർത്തീകരണമാണ്. മരിച്ചുപോയവരുടെ ഉയിർപ്പിലും വരുന്ന രാജ്യത്തിലെ ജീവനും വിശ്വാസവിഷയം മാത്രമല്ല പ്രത്യുത ജീവിതലക്ഷ്യം കൂടിയാണ്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ക്രിയയുടെ അർത്ഥം അതിനായി ഇമവെട്ടാതെ, നോക്കിയിരിക്കുന്ന എന്നാണ്. യുഗാന്ത്യപ്രത്യാശയുടെ തീക്ഷ്ണാനുഭവമാണ് ഇവിടെ പ്രതിഫലിക്കുന്നത്.

ഇതോടെ നിഖ്യാ വിശ്വാസപ്രമാണത്തിന്റെ ഉള്ളടക്ക വിശകലനം (text analysis) അവസാനിപ്പിക്കുകയാണ്. വിശ്വാസപ്രമാണത്തിന്റെ നിർമ്മാണപശ്ചാത്തലം, ബന്ധപ്പെട്ട തർക്കങ്ങൾ, അതിനുള്ള സഭയുടെ മറുപടിയും പരിഹാരവും എല്ലാം അതിൽ പെടും. സകല ക്രിസ്തീയ വിഭാഗങ്ങൾക്കും ഐക്യ ശുശ്രൂഷയുടെ യാത്രയിൽ ഈ അടിസ്ഥാനരേഖ നിർണായകമാണ് (തുടരും…)