സന്ന്യാസം പല മതങ്ങളിലും കാണപ്പെടുന്ന ഒരു പ്രതിഭാസമാണ്. ഓരോ മതത്തിലും ഇതു സംബന്ധിച്ച ധാരണയിൽ വ്യത്യാസമുള്ളതുകൊണ്ട് ഒരു നിർവചനം സൃഷ്ടിക്കുക എളുപ്പമല്ല. വിവിധ മതങ്ങളിൽ ഈ കാര്യത്തിൽ വൈവിധ്യം നിലനിൽക്കുമ്പോഴും ഇതിൽ ചില സമാനതകൾ ദൃശ്യമാണ്. ഇതുപോലുള്ള വ്യത്യാസങ്ങൾ വിവിധ സഭകളിൽ ഉള്ള സന്ന്യാസസങ്കല്പത്തിലും ഉണ്ട്. ആ സാഹചര്യത്തിൽ മലങ്കരസഭ കൂടി അംഗമായ സുറിയാനിസഭകളുടെ സന്ന്യാസപാരമ്പര്യം അന്വേഷിക്കുവാൻ ശ്രമിക്കുകയാണ് ഇവിടെ.
സന്ന്യാസം എന്നത് സംസ്കൃതപദമാണ്. അതിനുള്ളത് ഹൈന്ദവ — ബുദ്ധ പശ്ചാത്തലമാണ്. ‘ സം ‘ എന്ന പദത്തിന് പൂർണ്ണമായി, സമഗ്രമായി എന്നെല്ലാം അർത്ഥ സൂചനകൾ ഉണ്ട്. ‘ ന്യാസ്’ (niyas) എന്ന വാക്ക് ത്യജിക്കുക / ത്യാഗം എന്നും തർജ്ജമ ചെയ്യാവുന്നതാണ്. അതിൻ്റെ സൂചനാർത്ഥം പൂർണ്ണവർജ്ജിതം എന്നും അതു ചെയ്യുന്നയാൾ സന്ന്യാസി എന്നും പറയാം. ഭാരതീയപാരമ്പര്യത്തിൽ സന്ന്യാസത്തിൻ്റെ അടിസ്ഥാന സ്വഭാവം പൂർണ്ണമായ പരിത്യാഗമാണ്.
ഇംഗ്ലീഷിൽ സന്ന്യാസത്തിന് ഉപയോഗിക്കുന്ന പദം monasticism എന്നാണ്. monos എന്ന പദത്തിൽ നിന്നാണ് monasticism എന്ന പദം ഉത്ഭവിച്ചത്. monos എന്ന വാക്കിന് തനിയെ (being alone), ഏകാന്തം (solitary) എന്നെല്ലാം അർത്ഥമാണ്. monachos എന്ന ഗ്രീക്ക് പദത്തെ തനിയെ കഴിയുന്നവൻ, ഏകാന്തപഥികൻ എന്നെല്ലാം ഭാഷാന്തരം ചെയ്യാം. ഈ പദമാണ് സന്ന്യാസിയെ വിളിക്കുന്നതിന് ഉപയോഗപ്പെടുത്തിയത്. ഇത് ലത്തീനിലേക്ക് തർജ്ജമ ചെയ്തപ്പോൾ മൊണാക്കൂസ് (monachus) എന്നായി. പഴയ ഇംഗ്ലീഷ് ഈ പദം സ്വീകരിച്ച് munc എന്നാക്കി. ഈ പദമാണ് പുതിയ ഇംഗ്ലീഷിൽ monk ആയി മാറിയത്. അതുകൊണ്ട് ഏകനായി ജീവിക്കുക, ഏകാഗ്രതയോടെ ജീവിക്കുക എന്നെല്ലാം ഈ പദത്തിന് അർത്ഥം നൽകാം. അതുപോലെ മൊണാസ്റ്റിക്കൂസ് എന്ന ലത്തീൻപദം ഇംഗ്ലീഷിൽ വന്നപ്പോൾ ‘ മൊണാസ്റ്റിസിസം (monasticism)’ ആയി.
സുറിയാനി ഭാഷയിൽ സന്ന്യാസത്തിന് ഉപയോഗിക്കുന്ന പദം ‘ ദയറായൂസോ ‘ എന്നാണ്. ദയറാ എന്നതിൻ്റെയർത്ഥം കൂട്ടമായി താമസിക്കുന്ന ഇടം എന്നാണ്. സിറിയയിൽ ആദ്യകാലത്ത് സന്ന്യാസികൾ പ്രധാനമായും ഏകാന്തവാസികൾ (ഇഹിദോയോ / hermits) ആയിരുന്നു. പിന്നീട് ഇവർ എവിടെയെങ്കിലും കൂട്ടമായി താമസിക്കുന്നതിന് ആരംഭിച്ചു. അതായത് തനിയെ താമസിക്കാതെ ദയറായിൽ കൂട്ടമായി താമസിക്കുന്നവരാണ് ദയറാക്കാർ എന്ന് അറിയപ്പെട്ടത്. സുറിയാനിപാരമ്പര്യത്തിൽ സന്ന്യാസിമാർ അടിസ്ഥാനപരമായി ഇഹിദോയോ (hermit) പാരമ്പര്യത്തിൽ ഉള്ളവരാണ്. പൊതുവായ ഭവനത്തിൽ (ദയറ) സമൂഹമായി താമസിക്കുവാൻ തുടങ്ങിയപ്പോൾ അവർ ദയറാക്കാർ എന്നു വിളിക്കപ്പെടുവാൻ ആരംഭിച്ചു.
സന്ന്യാസം എന്ന പദത്തിന് വിവിധ മതങ്ങളിൽ എന്നപോലെ വ്യത്യസ്ത സഭാപാരമ്പര്യങ്ങളിലും അർത്ഥവ്യത്യാസങ്ങൾ ഉണ്ട്. കത്തോലിക്കാസഭയിലെ സന്ന്യാസപ്രസ്ഥാനങ്ങൾ ഒന്നിനൊന്ന് വ്യത്യാസപ്പെട്ടവയാണ്. അവയിൽ നിന്നും വ്യത്യസ്തമാണ് കിഴക്കൻ ഓർത്തഡോക്സ് സഭയിലെ സന്ന്യാസം. അതിൽ നിന്ന് പ്രത്യേകതകൾ ഉള്ളവയാണ് സുറിയാനിസഭകളിലെ സന്ന്യാസസങ്കല്പം. ആ പശ്ചാത്തലത്തിലാണ് പഠനത്തിന് സാംഗത്യം ഉണ്ടാകുന്നത്.
ചരിത്രപരമായി സന്ന്യാസത്തിന്റെ പ്രാരംഭം ഈജിപ്തിലാണ്. ഇതിന് തുടക്കം കുറിച്ചത് വിശുദ്ധ അന്തോണിയോസ് (AD 251 — 356) എന്നാണ് ചരിത്രരേഖകൾ പറയുന്നത്. അതുകൊണ്ട് അദ്ദേഹത്തെ സന്ന്യാസജീവിതത്തിൻ്റെ പിതാവ് എന്ന് വിളിക്കാറുണ്ട്. തൻ്റെ അടുക്കൽ വന്ന് നിത്യജീവൻ പ്രാപിക്കുവാൻ എന്തു ചെയ്യണം എന്നു ചോദിച്ച യുവാവിനോട് അവൻ പൂർണ്ണനാകുവാൻ സകലതും ദരിദ്രർക്ക് കൊടുത്ത് തന്നെ പിന്തുടരുവാൻ ക്രിസ്തു കൽപ്പിച്ചത് അക്ഷരാർത്ഥത്തിൽ അനുസരിച്ച ആളായിരുന്നു അന്തോണിയോസ്. അദ്ദേഹം തൻ്റെ പിതൃസ്വത്തായി ലഭിച്ച സകല വസ്തുവകകളും ദരിദ്രർക്ക് കൊടുത്ത ശേഷം ഈജിപ്തിലെ നിത്രിയൻ മരുഭൂമിയിലേക്ക് താപസജീവിതത്തിന് പിൻവാങ്ങുകയായിരുന്നു. അദ്ദേഹത്തെ അനുകരിച്ച് ധാരാളം പേർ അദ്ദേഹം പാർത്തിരുന്ന സ്ഥലത്തിന് ചുറ്റുമായി വന്ന് സഹവാസം തുടങ്ങി.
ഇതിനു സമാന്തരമായി അതേസമയത്തുതന്നെ ഈജിപ്തിൽ ആശ്രമജീവിതവും രൂപപ്പെട്ടു. ഇതിനു നേതൃത്വം നൽകിയത് മാർ പക്കോമിയോസ് (AD 298 — 342) ആയിരുന്നു. ആശ്രമപിതാവിൻ്റെ നേതൃത്വത്തിലും നിയന്ത്രണത്തിലും ആയിരുന്നു സന്ന്യാസികൾ സമൂഹമായി കഴിഞ്ഞത്. ഒരു സമൂഹമായിരുന്നതിനാൽ സന്ന്യാസസമൂഹത്തിന്റെ ജീവിതക്രമീകരണങ്ങൾക്കു വേണ്ടി പക്കോമിയോസ് ആശ്രമനിയമങ്ങൾ സൃഷ്ടിച്ച് പ്രാബല്യത്തിൽ വരുത്തി. അവിവാഹിത ജീവിതം, കൂട്ടായ പ്രാർത്ഥന, സമൂഹഭക്ഷണം, ഉപവാസം, കായികാദ്ധ്വാനം എന്നിവയെല്ലാം സന്ന്യസ്തരുടെ ആശ്രമജീവിതത്തിലെ കാര്യപരിപാടികളായിരുന്നു.
കൈസറിയായിലെ വലിയ മാർ ബസേലിയോസ് (AD 329 — 379) ആയിരുന്നു ചിറ്റേഷ്യയിൽ ആശ്രമജീവിതത്തിന് തുടക്കം കുറിച്ചത്. അദ്ദേഹത്തിൻ്റെ ശ്രമഫലമായി ആശ്രമജീവിതം ക്രമപ്പെടുത്തുന്നതിനായി നിയമങ്ങളും സൃഷ്ടിക്കപ്പെട്ടു. ഈ ആശ്രമമാതൃകയും നിയമങ്ങളും ആണ് കിഴക്കൻ ഓർത്തഡോക്സ് സന്ന്യാസസമൂഹങ്ങൾക്ക് മാതൃകയും അടിസ്ഥാനവും ആയത്. ജീവകാരുണ്യ — വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഈ സന്ന്യാസസമൂഹങ്ങളുടെ സവിശേഷതയായിരുന്നു.
പാശ്ചാത്യസഭയിൽ ആശ്രമപ്രസ്ഥാനം അല്പം കൂടി വൈകിയാണ് ആരംഭിച്ചത്. അതിന് തുടക്കമിട്ടത് നോർസിയയിലെ ബനഡിക്ട് (AD 480 — 547) ആയിരുന്നു. അദ്ദേഹവും തൻ്റെ ആശ്രമജീവിതത്തിനാവശ്യമായ നിയമനിർമ്മാണം നടത്തി. ബെനഡിക്ടിന്റെ ആശ്രമജീവിതവും നിയമങ്ങളും ആണ് പാശ്ചാത്യസഭയിൽ ആദ്യകാല സന്ന്യാസജീവിതത്തിന് അടിസ്ഥാനമാതൃകയായി തീർന്നത്. എന്നാൽ പാശ്ചാത്യസഭയിൽ ഓരോ കാലത്തും സന്ന്യാസകാര്യത്തിൽ പുതിയ പരീക്ഷണങ്ങൾ നടക്കുകയും വൈവിധ്യമാർന്ന സന്ന്യാസസമൂഹങ്ങൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
ഏകദേശം ഈ കാലത്തു തന്നെ അയർലൻ്റിലും സന്ന്യാസസമൂഹങ്ങൾ നിലവിൽ വന്നു. ഇവയ്ക്ക് സുറിയാനിസഭയിലെ സന്ന്യാസസമൂഹങ്ങളോട് സമാനതകളുള്ളതായി കാണുന്നു. എന്നാലും ഈ പൊതുത്വം സംബന്ധിച്ച് വിശദീകരിക്കാവുന്ന ചരിത്രപശ്ചാത്തലം കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. ഉപവാസം, ദീർഘമായ ജാഗ്രത, അനുതാപ ആത്മീയത, സഭാജീവിതത്തിലുള്ള സഹകരണം എന്നിവ ഈ രണ്ട് ദേശങ്ങളിലെയും സന്ന്യാസജീവിതത്തിൻ്റെ സമാനതകളായി ചൂണ്ടിക്കാണിക്കുവാനാകും. സുറിയാനിസഭയിൽ ഒരിടത്ത് താമസിച്ചുകൊണ്ട് ചുറ്റി സഞ്ചരിച്ച് വിശ്വാസികളെ ശക്തീകരിക്കുന്ന ഊരു ചുറ്റുന്ന സന്ന്യാസികളെ ഐറിഷ് സന്ന്യാസപാരമ്പര്യത്തിലും കാണാം. ചുറ്റിസഞ്ചരിക്കലായിരുന്നു (peregrinatio) ഇവരുടെ സവിശേഷത. ഈ സവിശേഷതകൾ ഐറിഷ് സന്ന്യാസരീതിയെ സുറിയാനി സന്ന്യാസവുമായി ബന്ധിപ്പിക്കുന്നു.
സന്ന്യാസജീവിതത്തിൻ്റെ മൂലരൂപങ്ങൾ ആദ്യ നൂറ്റാണ്ടു മുതൽ സിറിയയിൽ കണ്ടെത്താവുന്നതാണ്. അവിവാഹിതജീവിതത്തിൽ കഴിയുന്നു എന്നതുകൊണ്ട് മാത്രം അത് സന്ന്യാസമായി പരിഗണിക്കാവുന്നതല്ല. നിരന്തരമായ ദൈവികബന്ധത്തിലുള്ള അഭ്യസനമാണ് സന്ന്യാസത്തിലെ പ്രധാന ഘടകം. അതിന് ഗ്രീക്കിൽ askesis എന്നു പറയുന്നു. കർത്താവിനോടും സുവിശേഷത്തോടും ഉള്ള പ്രതിബദ്ധതയെ പ്രതിയാണ് ലൗകിക ചുമതലകളും വിവാഹവും എല്ലാം ഒഴിവാക്കിയിരുന്നത്. ദൈവകൂട്ടായ്മയിൽ ഉള്ള നിരന്തരമായ askesis ആയിരുന്നു സന്ന്യാസത്തിന്റെ പ്രാഥമിക മാനദണ്ഡം. ക്രിസ്തുവിനോടുള്ള മൗലികമായ ബന്ധവും അനുതാപമനോഭാവവും ആയിരുന്നു ആദ്യകാല സുറിയാനിസന്ന്യാസത്തിന്റെ പ്രത്യേകത.
സന്ന്യാസജീവിതസാന്നിധ്യം സിറിയയിൽ രണ്ടാം നൂറ്റാണ്ടിൽ തന്നെ ആരംഭിച്ചു എന്ന് പറയാം. സന്ന്യാസത്തിന്റെ പൂർവ്വകാലമാതൃകകൾ അവിടെ കണ്ടെത്താവുന്നതാണ്. ക്രൈസ്തവസഭയുടെ ആരംഭത്തിൽ തന്നെ ലൗകികജീവിതത്തിൽ നിന്ന് അകന്നു ജീവിച്ചവർ സിറിയൻ — മെസപ്പൊട്ടോമിയൻ പ്രദേശങ്ങളിൽ ഉണ്ടായിരുന്നു. അവർ സ്വന്തം ഊരും നാടും വിട്ട് മരുഭൂമിയിൽ പോയില്ല. താമസിക്കുന്നിടത്ത് പാർത്തുകൊണ്ട് പരിവ്രാജക ജീവിതം നയിക്കുകയായിരുന്നു. ഒപ്പം തന്നെ അവർ സഭാജീവിതത്തിൽ സജീവമായി പങ്കെടുത്തിരുന്നു. ഈ കൂട്ടർ ദൈവവുമായി ഇത്തരം ജീവിതത്തിന് ഉടമ്പടി വച്ചവരായിരുന്നു. അതുകൊണ്ട് ഇവരെ ഉടമ്പടി പുത്രന്മാർ (bnay qyomo) എന്ന് വിളിച്ചിരുന്നു. ഇത്തരം സ്ത്രീകളും ചുരുക്കമായി ഉണ്ടായിരുന്നു. അവർ ഉടമ്പടിപുത്രിമാർ (bnat qyomo) എന്നും അറിയപ്പെട്ടിരുന്നു. കർശനമായ ജീവിതനിഷ്ഠകളോടെ ജീവിതം അവർ നയിച്ചിരുന്നു. സന്ന്യാസപ്രസ്ഥാനം ആരംഭിച്ച് നാലാം നൂറ്റാണ്ടിനു മുമ്പുള്ള ഈ താപസരെ സന്ന്യാസികളായി ചരിത്രകാരന്മാർ പരിഗണിക്കുന്നില്ല. ഇവർ ദൈവവുമായും സഭയുമായും ഉടമ്പടി ചെയ്ത് ലൗകികജീവിതാസ്വാദനത്തിൽ നിന്ന് പിൻവാങ്ങി ക്രിസ്തുകൂട്ടായ്മയ്ക്കും സഭാശുശ്രൂഷയ്ക്കും ജീവിതം മാറ്റിവച്ചവരായിരുന്നു. (തുടരും…)
സസ്നേഹം നിങ്ങളുടെ അത്താനാസിയോസ് തോമസ് മെത്രാപ്പോലീത്ത

