News: April 2026

Text Size

ഡോക്ടറേറ്റ് ലഭിച്ചു

വാഷിങ്ടൺ ഡി സിയിലെ The Catholic University of America യിൽ (Department of Ancient and Medieval Languages and Cultures) നിന്നും “Jacob of Serugh’s Homily on the Holy Eucharist: Critical Edition and Translation along with a Comparison with Ephrem’s Eucharistic Exegesis” എന്ന വിഷയത്തിൽ ഫാ. ബോബി വർഗ്ഗീസിന് ഡോക്ടറേറ്റ് ലഭിച്ചു. കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വൈദിക ശുശ്രൂഷയിലായിരുന്ന ബ. അച്ചൻ ഇപ്പോൾ മലങ്കര സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ St. Gregorious Orthodox Church of Dutchess County (Fishkill) ഇടവക വികാരിയായി പ്രവർത്തിച്ച് വരുന്നു. പിറവം വലിയപള്ളി ഇടവക അംഗവുമാണ് ബ. അച്ചൻ.

സഹധർമ്മിണി: ലിൻസി ജോൺ കൊച്ചമ്മ മകൻ: Elijah.

വേദശാസ്ത്ര പഠന മേഖലയിൽ സുപ്രധാനമായ നേട്ടം കൈവരിച്ച അച്ചന് അഭിനന്ദനങ്ങൾ നേരുന്നു.

യുവജന പ്രസ്ഥാനം വാർഷികപൊതുയോഗം

കണ്ടനാട് ഈസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വാർഷിക പൊതുയോഗവും ഭദ്രാസന ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2026 മെയ് 9 തീയതി രണ്ടാം ശനിയാഴ്ച രാവിലെ 10: 00 ന് അഭി. ഇടവക മെത്രാപ്പോലീത്താ തിരുമേനിയുടെ അദ്ധ്യക്ഷതയിൽ മൂവാറ്റുപുഴ അരമന പള്ളിയിൽ വച്ച് കൂടുന്നതാണ്. തദവസരത്തിൽ പ്രസ്ഥാനത്തിൻ്റെ ഭദ്രാസന ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പ്രസ്ഥാനം സംബന്ധിച്ച മറ്റ് തീരുമാനങ്ങളും കൈകൊള്ളുന്നതാണ്.

പ്രസ്തുത യോഗത്തിലേക്ക് ഭദ്രാസനത്തിലെ എല്ലാ ഇടവകകളിൽ നിന്നും യുവജനപ്രസ്ഥാനം പ്രതിനിധികൾ പങ്കെടുക്കണം എന്ന് കാണിച്ചുള്ള ഇടവക മെത്രാപ്പോലിത്തായുടെ കല്പന പള്ളികൾക്ക് അയച്ചിട്ടുണ്ട്.

മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷൻ മുളന്തുരുത്തിയിൽ

മലങ്കര ഓർത്തഡോക്സ് സഭയുടെ ശുശ്രൂഷയിലേക്ക് നാല് മെത്രാപോലീത്തന്മാരെ തിരഞ്ഞെടുക്കുന്നതിനായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം 2026 ഓഗസ്റ്റ് 27-ാം തീയതി പരിശുദ്ധനായ പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയിൽ വച്ച് നടത്തപ്പെടുന്നു. മലങ്കര സഭയുടെ കീഴിലുള്ള ഇടവക പള്ളികളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട നാലായിരത്തോളം പ്രതിനിധികൾക്കാണ് മലങ്കര അസോസിയേഷൻ യോഗത്തിൽ പങ്കെടുത്ത് വോട്ടവകാശം നിർവ്വഹിക്കാൻ അവകാശമുള്ളത്.

വേദസമീക്ഷ പാഠ്യപദ്ധതി

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്നുവന്നിരുന്ന “വേദസമീക്ഷ” പഠന പദ്ധതിയുടെ ഭാഗമായി പുതിയ നിയമപഠനം വിജയകരമായി പൂർത്തീകരിക്കുകയും 47 പേർ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. ഈ പഠന പദ്ധതിയുടെ ഭാഗമായി സഭയിലെ വി. കൂദാശകളെപ്പറ്റി ഒരു വർഷം കൊണ്ട് അവസാനിക്കുന്ന വിധത്തിൽ ഓൺലൈൻ ആയി ആരാധനാ പഠനം 2026 മെയ് മുതൽ ആരംഭിക്കുന്നതിനുളള ക്രമീകരണങ്ങൾ ചെയ്തുവരികയാണ്. എല്ലാ തിങ്കളാഴ്ചകളിലും രാത്രി 8.30 മുതൽ 9.30 വരെയായിരിക്കും ക്ലാസ്സുകൾ ക്രമീകരിക്കുന്നത്. ഈ പഠന പദ്ധതിയുടെ ഔപചാരികമായ ഉത്ഘാടനം 2026 മെയ് 1-ാം തീയ്യതി വെള്ളിയാഴ്ച രാത്രി 8.30 ന് ഓൺലൈൻ ആയി നടത്തപ്പെടുന്നതാണ്. പ്രായഭേദമെന്യേ താല്പര്യമുള്ള എല്ലാ സ്ത്രീപുരുഷന്മാർക്കും ഈ പ്രോഗ്രാമിൽ പങ്കു ചേരാവുന്നതാണ്. വി. കുർബാനയെപ്പറ്റിയുള്ള പഠനമായിരിക്കും ആദ്യം ആരംഭിക്കുക. ഈ പഠന പദ്ധതിയിൽ ചേരുന്നതിന് ആഗഹിക്കുന്നവർ പേരും ഫോൺ നമ്പരും പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി മിനി ജോസഫിന് (ഫോൺ – 94460 97779) അയച്ചു കൊടുക്കേണ്ടതാണ്.

ഫാ. കെ.വി. ഏലിയാസ് കുറ്റിപറിച്ചേൽ ദിവ്യബോധനം രജിസ്ട്രാർ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അത്മായ വേദപുസ്തക വേദശാസ്ത പഠന പരിപാടിയായ ‘ദിവ്യബോധനം’ ത്തിൻ്റെ രജിസ്ട്രാർ ആയി ബ ഏലിയാസ് കുറ്റിപറിച്ചേൽ അച്ചനെ പരി. കാതോലിക്കാ ബാവാ നിയമിച്ചു. കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ പഠന പദ്ധതിയിൽ വിവിധ കോഴ്സുകളാണ് നടത്തപ്പെടുന്നത്. പഴയ സെമിനാരിയിൽ പഴയ നിയമ അധ്യാപകനായ ബ. അച്ചൻ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ പാങ്കോട് സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളി വികാരിയായും പ്രവർത്തിച്ച് വരുന്നു.

ഇടവകപ്പള്ളികളുടെ വരവ് ചിലവ് കണക്ക്.

2025 -2026 സാമ്പത്തിക വർഷത്തെ വരവു ചെലവു കണക്കുകൾ ഓഡിറ്റ് ചെയ്ത് സഭാ ആസ്ഥാനത്ത് സമർപ്പിക്കേണ്ട സമയം ആയ സാഹചര്യത്തിൽ ഇടവകകളുടെ കണക്കുകൾ ഭദ്രാസന ഓഫീസിൽ സമർപ്പിക്കേണ്ട പുതുക്കിയ ഫോർമാറ്റ് സഭയുടെ വെബ്സൈറ്റിലും ഭദ്രാസന ഓഫീസിലും ലഭ്യമാണ്.(www.mosc.in – Downloads – Format for preparing Financial Statements of Institutions under MOSC – 2026) ഈ ഫോർമാറ്റിൽ നിന്നും Data Sheet, R & P Sub Schedule എന്നിവയാണ് പള്ളികൾ പൂരിപ്പിച്ച് നൽകേണ്ടത്. ഇവ കൃത്യമായും വ്യക്തതയോടും തയ്യാറാക്കി അനുബന്ധ രേഖകൾ സഹിതം 2026 മെയ് 15 നു മുമ്പായി ഭദ്രാസന ഓഫീസിൽ ഏൽപ്പിക്കണമെന്ന് ഭദ്രാസന സെക്രട്ടറി അറിയിക്കുന്നു.

പ്രീ മാര്യേജ് കോഴ്സ്

എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളിൽ, പാമ്പാക്കുട സമന്വയ സ്റ്റഡി സെൻ്ററിൽ വച്ച് പ്രീമാര്യേജ് കൗൺസലിംഗ് കോഴ്സ് നടന്ന് വരുന്നു. രണ്ടാം ശനിയാഴ്ചകളിൽ രാവിലെ 9മണിക്ക് ആരംഭിക്കുന്ന കോഴ്സിന് ഫാ. എബ്രഹാം കാരാമ്മേൽ, Dr. പ്രിൻസ് സ്ലീബ, ഫാ. എഡ്വേർഡ് ജോർജ് എന്നിവർ നേതൃത്വം നൽകും. പങ്കെടുക്കേണ്ടവർ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

Contact number/whatsup +91 94959 05479

ഫാ. എഡ്വേർഡ് ജോർജ് കോഴ്സ് ഡയറക്ടർ

ഡയോസിസൻ ബുക്ക് സെൻ്റർ, മുവാറ്റുപുഴ

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ മുവാറ്റുപുഴ അരമന കോപ്ലക്സിൽ പ്രവർത്തിക്കുന്ന ഡയോസിസൻ ബുക്ക് സെൻ്ററിൽ പള്ളികൾക്ക് അവശ്യമായ ആരാധന വസ്തുക്കൾ, ആരാധന ഗ്രന്ഥങ്ങൾ, വേദപുസ്തകങ്ങൾ മറ്റ് പള്ളി സാധനങ്ങളും ക്രൈസ്തവ സാഹിത്യ ഗ്രന്ഥങ്ങളും ഇതര ക്രൈസ്തവ സഭകളു ആരാധനാ ഗ്രസ്ഥങ്ങളും ഇവിടെ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക ഫാ. ബാബു എബ്രാഹം, +91 96455 94306

വചന സ്നേഹാശ്രമം (Philologia Dayara)

ഓണക്കൂർ വചന സ്നേഹാശ്രമത്തിലെ മാർ കൗമ ചാപ്പലിൽ വികുർബ്ബാന ആരംഭിച്ചു. വിശുദ്ധനായ മാർ കൗമായുടെ തിരുശ്ശേഷിപ്പ് ഈ ദേവാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ശനിയാഴ്ചയും 6.30 AM ന് പ്രഭാത പ്രാർത്ഥനയും 7.00 AM ന് വി. കുർബ്ബാനയും നടക്കും. ദിവ്യമായ ഈ ആരാധനയിലേക്ക് വിശ്വാസികൾ എല്ലാവരെയും സന്തോഷത്തോടെ ക്ഷണിക്കുന്നതായി ഫാ. എബിൻ എബ്രാഹം അറിയിക്കുന്നു.