ആത്മീയതയും ആൾദൈവങ്ങളും: അപ്പൊ.പ്രവർത്തികൾ 14:8-15

Text Size

പരിശുദ്ധനായ പൗലോസ് ശ്ലീഹതന്റെ ഒന്നാം മിഷനറി യാത്രയുടെ ഭാഗമായി ബർന്നബാസിനൊപ്പം ഇക്കോന്യയിൽ പാർത്ത് സുവിശേഷം പ്രസംഗിച്ചുവരവെ അവരുടെ പ്രവർത്തനം യഹൂദരരുടേയും യവനരുടേയും ഇടയിൽ വളരെയേറെ ചലനങ്ങൾ സൃഷ്ടിച്ചു. വിശ്വസിക്കാത്ത യഹൂദർ ജാതികളുടെ കൂട്ടുപിടിച്ച് അപ്പോസ്തലന്മാരെ അപമാനിക്കുവാനും കല്ലെറിയുവാനും അക്രമംനടത്തുവാനും ഭാവിക്കുന്നു എന്ന് മനസിലാക്കിയ അവർ അവിടെനിന്ന് ലുസ്ത്രയിലേക്ക് ഓടിപ്പോകുന്നു.

ലുസ്ത്ര

ദക്ഷിണഗലാത്യയിൽ ലുക്കവോന്യ നാട്ടിലുള്ള ഒരു വലിയ പട്ടണം. റോമാകൈസർ റോമാപൗരത്വം ലഭിച്ചവരെ കുടിപാർപ്പിച്ചിരുന്ന സ്ഥലം. ചിതറിപ്പാർത്തിരുന്ന യഹൂദരും ഇവിടെ വസിച്ചിരുന്നു. പൊതുവെ ഇവിടത്തെ നിവാസികൾ വിഗ്രഹാരാധകരായിരുന്നു. പൗലോസിന്റെ ശിഷ്യനായ തീമോത്തിയോസ് ഈ നാട്ടുകാരനായിരുന്നു(അപ്പോ. പ്ര.6ഃ1)വി. പൗലോസ് 4പ്രാവശ്യം ഈ പട്ടണം സന്ദർശിച്ചതായി കാണാം(14ഃ6, 21, 16ഃ1) ഇക്കോന്യയിൽ നിന്ന് ദൂരം ഏറെയില്ലങ്കിലും സാംസ്കാരികമായും ഭാഷാപരമായും ഏറെ വൈവിധ്യം പുലർത്തിയിരുന്ന ഒരു ജനതയായിരുന്നു ലുസ്ത്രയിലേത്.

പൗലോസും ബർന്നബാസും അക്രമം ഒഴിവാക്കി ഓടിപ്പോന്നതാണെങ്കിലും ലുസ്ത്രയിൽ ഒളിച്ചു പാർക്കുകയായിരുന്നില്ല. അവിടേയും അവർ പരസ്യമായി യേശു ക്രിസ്തുവിനെ സാക്ഷിക്കുകയും തങ്ങളുടെ ശുശ്രൂഷ തുടരുകയും ആയിരുന്നു. അമ്മയുടെ ഗർഭം മുതൽ മുടന്തനായ ഒരു മനുഷ്യന്റെ വിശ്വാസം തിരിച്ചറിഞ്ഞ് പൗലോസ് അവനെ സൗഖ്യമാക്കുന്നു. മുടന്തനേക്കുറിച്ച് മൂന്നു കാര്യങ്ങൾ എഴുത്തുകാരൻ എടുത്തുപറയുന്നു ( വാ.8)

1. അവന്റെ കാലുകൾക്ക് ബലമില്ലായിരുന്നു.
2. അവൻ ജന്മനാ മുടന്തനായിരുന്നു.
3. അവൻ ഒരിക്കലും നടന്നിട്ടില്ലായിരുന്നു.

ഇത്തരത്തിൽ തീർത്തും ദുർബ്ബലമായിരുന്ന മനുഷ്യനാണ് പൗലോസ് സൗഖ്യം നൽകുന്നത്.

1.14: 9-“പൗലോസ് അവനെ ഉറ്റുനോക്കി, സൗഖ്യം പ്രാപിക്കുവാൻ വിശ്വാസം ഉണ്ട് എന്ന് കണ്ടു”.

ശുശ്രുഷയ്ക്കായി നിയോഗിതരാകുന്നയിടങ്ങളിൽ ജനത്തെ കാണുവാനുള്ള കണ്ണുണ്ടാകണം എങ്കിലേ ശരിയായ നിലയിൽ പ്രവർത്തിക്കാനാവു, ശുശ്രൂഷ ഫലപ്രദമാകുകയുള്ളു. നമ്മുടെ സുവിശേഷം കേൾവിക്കാരന്റെ ശ്രദ്ധ ആകർഷിക്കുന്നതോ എന്നും പരിശോധിക്കണം. അങ്ങനെ സാഹചര്യം അറിഞ്ഞ്, സംബോധന ചെയ്യുന്ന സമൂഹത്തിന്റെ ശ്രദ്ധആകർഷിക്കുകയും അവരുടെ ആവശ്യങ്ങളോട് സൂക്ഷ്മനിരീഷണത്തോടെ പ്രതികരിക്കുകയും ചെയ്യുമ്പോഴാണ് പതിവിനപ്പുറമായ ‘അത്ഭുതം’ സംഭവിക്കുക. ഇവിടെ ആ മുടന്തൻ നടക്കുന്നു.

2. 14: 10-“നി എഴുന്നേറ്റ് കാലൂന്നി നിവർന്ന് നിൽക്ക എന്ന് ഉറക്കെ പറഞ്ഞു”

സ്വന്തം കാലിൽ നിൽക്കുവാനുള്ള സ്വപ്രാപ്തി അവനിൽ ഉണ്ടാക്കുന്ന ഒരു ദൗത്യ തന്ത്രമാണ് (Mission strategy) പൗലോസ് ഇവിടെ ഉപയോഗിക്കുന്നത്. എപ്പോഴും മിഷൻ പ്രവർത്തനത്തിൽ അങ്ങനെയൊരു പ്രധാന വസ്തുതയുണ്ട്. മറ്റുള്ളവരെ പിന്തുണയ്ക്കുന്നതുവഴി അവരുടെ അസ്തിത്വം ബലപ്പെടുത്തി എടുക്കുന്നു. ഇവിടെ പൗലോസിന്റെ ദൗത്യപ്രവർത്തനം അത്ഭുതം എന്നതുമാത്രമല്ല, അത്ഭുതം ഉണ്ട്, എന്നാൽ അതോടൊപ്പം, നീ കാൽ ഊന്നി നിവർന്ന് നിൽക്കണം എന്ന് ഉച്ചത്തിൽ ഈ മനുഷ്യനോട് ആവശ്യപ്പെടുമ്പോൾ അവന്റെ അസ്തിത്വം അഥവ കരുത്ത് മറ്റുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിക്കുവാനുള്ള ശക്തമായ ഒരു ആഹ്വാനം കൂടിയാണത്. കർത്താവിന്റെ സൗഖ്യദായക ശുശ്രൂഷയിലും അങ്ങനെ ഒരു വശം ഉണ്ട്. തങ്ങളുടെ ശക്തി തിരിച്ചറിയാതെ മാറ്റിനിർത്തപ്പെട്ട സമൂഹത്തെ അവരുടെ അസ്തിത്വത്തിൽ സ്വയം നിലനിൽക്കുവാൻ പ്രേരിപ്പിക്കുന്ന കാഴ്ചപ്പാട്. സ്വന്തം ശക്തി തിരിച്ചറിയാൻ ഓരോരുത്തരേയും സഹായിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ക്രൈസ്തവ ഉത്തരവാദിത്വമാണ്.

3. 14: 11-12. മുടന്തനായ മനുഷ്യന്റെ സൗഖ്യം കണ്ട ജനം ശിഷ്യന്മാരെ ദൈവങ്ങൾ എന്ന് തെറ്റിധരിച്ച് അവർക്ക് ദൈവങ്ങളുടെ പേര് നൽകുകയും അവർക്ക് യാഗം കഴിക്കുന്നതിനായി ഒരുങ്ങുകയും ചെയ്യുന്നു. ബർന്നബാസിന് സീയൂസ് (ഇന്ദ്രൻ) എന്നും പൗലോസിന് ഹെർമാസ് (ബുധൻ) എന്നും പേരു വിളിച്ചു. ഗ്രീക്കുകാരുടെ ദേവന്മാരിൽ മുഖ്യനാണ് സീയൂസ്. ഹെർമാസ് ആകട്ടെ സീയൂസിന്റ സന്ദേശവാഹകനും. ഹെർമാസ് പ്രസംഗകനായതിനാലാണ് ആ പേര് ലുസ്ത്രായിൽ പ്രസംഗം നടത്തിയ പൗലോസിന് അവർ നൽകിയത്. മാത്രമല്ലഈ രണ്ടു ദേവന്മാരെ സംബന്ധിച്ച ഒരു ഐതീഹ്യവും നിലവിലുണ്ട്. അതനുസരിച്ച് സീയൂസും ഹെർമാസും മനുഷ്യരൂപത്തിൽ ബൗസിസിനേയും ഫിലോമോനേയും സന്ദർശിച്ചതായും, അവരുടെ അതിഥി സൽക്കാരത്തിൽ പ്രീതരായി സമ്മാനങ്ങൾ നൽകിയതായും പറയുന്നു. അതുകൊണ്ടാകാം ഇവരെ ദൈവങ്ങളായി കരുതിയത്.

സാധരണക്കാരായ ജനം മാത്രമല്ല പട്ടണത്തിലെ ഇന്ദ്രക്ഷേത്രത്തിലെ യാഗവസ്തുക്കളുമായി ഇവർക്ക് യാഗം അർപ്പിക്കുവാൻ നേതൃത്വം നൽകുന്നത് കാണാം. വികലമായ മതബോധത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ പ്രതികരണങ്ങൾ. അത്ഭുതങ്ങളിലും അടയാളങ്ങളിലും ആകൃഷ്ടരാകുകയും മനുഷ്യരെ ആൾദൈവങ്ങളാക്കി ആരാധിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ ലക്ഷണം. ആഴമില്ലാത്ത, കേവലം ഉപരിപ്ലവമായ ഈ ഭക്തിപ്രകടനങ്ങളെ വ്യർത്ഥകാര്യങ്ങൾ എന്നാണ് പൗലോസ് ശ്ലീഹാ വിളിക്കുന്നത് (വാ.15). ആത്മീയ അന്ധതയും ദൈവാവബോധത്തിന്റെ അഭാവവുമാണ് ഇതിന് കാരണം.

ചരിത്രത്തിലുള്ള ദൈവത്തിന്റെ ഇടപെടലുകളെ വേണ്ടതുപോലെ ഗ്രഹിക്കുവാൻ ശ്രമിക്കാതെ മധ്യസ്ഥന്മാരെ ദൈവത്തേക്കാൾ വലിയ ദൈവങ്ങളാക്കി പൂജിക്കാൻ ശ്രമിക്കുന്ന വിശ്വാസികൾ ഇന്നും ധാരാളമായിട്ടുണ്ട്. യേശുക്രിസ്തുവിനേക്കാൾ വിശുദ്ധന്മാർക്കും അവരുടെ മധ്യസ്ഥതയ്ക്കും പ്രാധാന്യം നൽകുന്നവരെ കാണാം. വിശുദ്ധ കുർബ്ബാനയേക്കാൾ മധ്യസ്ഥപ്രാർത്ഥനക്ക് ശ്രേഷ്ടത കൽപ്പിക്കുന്ന വിശ്വാസികളും വൈദീകരും ഉണ്ട് എന്നതും യാഥാർത്ഥ്യമാണ്.

പൗലോസിന്റേയും ബർന്നാബാസിന്റേയും പ്രതികരണം 14, 15 വാക്യങ്ങളിൽ കാണാം.

1. അവർ വസ്ത്രം കീറിക്കൊണ്ട് പുരുഷാരത്തിന്റെ ഇടയിലേക്ക് ഓടിച്ചെന്ന് നിലവിളിച്ചു.

വസ്ത്രം അധികാരത്തെ കാണിക്കുന്നതുകൂടിയാണ്. പോലീസ്, വക്കീൽ, വൈദീക സ്ഥാനികൾ ഇവരുടെയെല്ലാം ഡ്രസ്സ്കോഡ് അവരുടെ സ്ഥാനത്തേയും അധികാരത്തേയും സൂചിപ്പിക്കുന്നവയാണ്. ഈ ശ്രേണിയിൽ ഉൾപ്പെടുന്ന ഒരാൾ അയാളുടെ ഔദ്യോഗികവസ്ത്രം ധരിക്കുന്നതോടുകൂടി പരിമിതമെങ്കിലും ഒരു അധികാരതലത്തിലേക്ക് അറിയാതെതന്നെ ഉയരും. പൗലോസിന്റേയും ബർന്നബാസിന്റേയും വസ്ത്രവും ശരീരഭാഷയും അവർ അധികാരമുള്ളവരാണെന്ന ധാരണയിലേക്ക് ജനത്തെ നയിച്ചു എന്ന് തോന്നിയതിനാലാകാം അവർ വസ്ത്രം കീറി ജനമധ്യത്തിലേക്ക് ചെല്ലുന്നത്. തങ്ങൾ അധികാരികൾ അല്ലായെന്ന് ജനത്തെ ബോധ്യപ്പെടുത്തുവാൻ തങ്ങളുടെ വേഷങ്ങൾ കീറി ജനത്തോടുള്ള താദാത്മ്യം ശിഷ്യന്മാർ പ്രകടിപ്പിക്കുന്നു. ഇന്ന് ക്രിസ്തുശിഷ്യന്മാർ എന്ന് അഭിമാനിക്കുന്നവർതന്നെ തങ്ങൾ അധികാരമുള്ളവർ ആണ് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാൻ പല നിറത്തിലും രൂപത്തിലുമുള്ള വേഷങ്ങൾ കെട്ടുന്ന കാഴ്ചയാണ് സമൂഹം കാണുന്നത്.

വസ്ത്രം കീറുന്നത് മറ്റൊരുതരത്തിൽ തങ്ങളുടെ വേദനയുടെ തീവ്രത പ്രകടിപ്പിക്കുന്നതാണ്. സാധാരണ മനുഷ്യരായ തങ്ങളെ ദൈവങ്ങളാക്കാനുള്ള ജനങ്ങളുടെ താല്പര്യം ശിഷ്യന്മാരെ സന്തോഷിപ്പിക്കുകയല്ല മറിച്ച് ആഴമായി വേദനിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് അവർ ജനമധ്യത്തിലേക്ക് ചെന്ന് നിലവിളിക്കുന്നത്. ഇന്ന് മതനേതാക്കന്മാരും പുരോഹിതന്മാരും സാമൂഹ്യ രാഷ്ട്രിയ നേതാക്കന്മാരും എല്ലാം സ്വയം ആൾദൈവങ്ങൾ ആകുവാനും മറ്റുള്ളവരുടെ സ്തുതികളേയും പുകഴ്ത്തലുകളേയും ആസ്വദിക്കുവാനും വെമ്പൽകൊള്ളുന്നവരായി മാറിയിരിക്കുന്നു. തങ്ങൾ ശുശ്രൂഷകർ എന്ന് വിളിക്കപ്പെടുന്നതിനേക്കാൾ ഭരണക്കാർ എന്ന് വിളിച്ചുകേൾക്കുവാനാണ് പലർക്കും താല്പര്യം.

ശരീരം എപ്പോഴും power centerd ആണ്. എന്നാൽ ഞങ്ങളുടെ ശരീരം നിങ്ങളുടേതുപോലെ മാത്രമുള്ളതാണ്, അത് അമാനുഷീക ശക്തിയുള്ളതല്ല, ഞങ്ങൾ പച്ചമനുഷ്യരാണ് എന്ന് ബോധ്യപ്പെടുത്തുവാനാണ് അപ്പൊസ്തലന്മാർ തങ്ങളുടെ ശരീരം അവർക്കു വെളിപ്പെടുത്തുന്നത്.

2. തങ്ങളെ ദൈവങ്ങളായി പൂജിക്കുവാനുള്ള വിശ്വാസികളുടെ താല്പര്യങ്ങളേയും ആൾദൈവങ്ങളായി പ്രതിഷ്ടിക്കപ്പെടാം എന്ന പ്രലോഭനങ്ങളേയും സമർത്ഥമായും വിവേകപൂർണ്ണമായും ചെറുക്കുന്ന ശിഷ്യരെ കാണാം. മനുഷ്യരൂപത്തിൽ തങ്ങളുടെ മധ്യേ നിൽക്കുന്നവർ ദേവന്മാർ എന്ന് ജനം ആർക്കുമ്പോൾ അവർ വച്ചുനീട്ടുന്ന ഭൗതീകനേട്ടങ്ങളിൽ വശംവദരാകാതെ യഥാർത്ഥദൈവത്തെ അവർക്ക് വെളിപ്പെടുത്തുകയാണ് പൗലോസ്. ദൈവപുരുഷന്മാർ എന്നതിനേക്കാൾ ദൈവങ്ങളായിത്തന്നെ ചമയാനുള്ള അനുകൂലസാഹചര്യമാണ് ശിഷ്യന്മാർക്ക് ലഭിക്കുന്നത്. എന്നാൽ ജനത്തിന്റെ അജ്ഞതയെ ചൂഷണംചെയ്ത് ആൾദൈവങ്ങളായി അവരോധിക്കപ്പെടാവുന്ന സാധ്യതകളെ ചെറുക്കുവാൻ അവർക്ക് സാധിച്ചത് തങ്ങൾ ആരാണ് എന്ന വ്യക്തമായ അവബോധം ഉണ്ടായിരുന്നതുകൊണ്ടാണ്. “ഞങ്ങൾ നിങ്ങളോട് സമസ്വഭാവമുള്ള മനുഷ്യർ മാത്രമാണ്” എന്ന പ്രഖ്യാപനം ഈ ഉൾബോധത്തിന്റെ പ്രദർശനമാണ്. തങ്ങൾ ക്രിസ്തുവിനാൽ അയക്കപ്പെട്ട ദൈവശുശ്രൂഷകർ മാത്രമണെന്നും അവർക്ക് ബോധ്യമുണ്ട്. ഈ ബോധ്യവും അതിനനുസൃതമായ വിനയവുമാണ് ക്രിസ്തുശിഷ്യന്മാരുടെ വിജയരഹസ്യം.

വീണ്ടും പൗലോസ് പറയുന്നു “വ്യർത്ഥകാര്യങ്ങളെവിട്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും സൃഷ്ടിച്ച ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിയണം”(14: 15)

നാം സൃഷ്ടിക്കുന്ന ദൈവങ്ങളെയല്ല നമ്മെ സൃഷ്ടിച്ച ദൈവത്തേയാണ് ആരാധിക്കേണ്ടത്. നാം സൃഷ്ടിക്കുന്ന ദൈവങ്ങളെ ആരാധിക്കുന്നത് ഒരുവിധത്തിൽ സൗകര്യമാണ്. ആ ദൈവം ഒരിക്കലും നമ്മുടെ പ്രവർത്തികളെ ചോദ്യം ചെയ്യില്ല. നമുക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു ഇടപെടലും നമ്മുടെ ജീവിതത്തിൽ ചെയ്യുവാൻ അവർക്കാകില്ല. അവയ്ക്ക് മുമ്പിൽ നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ച് നമുക്ക് ജീവിക്കാം. എന്തെന്നാൽ അവ നമ്മുടെ സൃഷ്ടിയാണല്ലൊ. എന്നാൽ യഥാർത്ഥദൈവം നമ്മുടെ ജീവിതത്തെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കും. വ്യക്തിജീവിതത്തിലും സമൂഹത്തിലും രൂപപ്പെടുന്ന തിന്മകളേയും ചൂഷണഘടനകളേയും നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും. അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന ജീവനുള്ള ദൈവത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് യഥാർത്ഥത്തിൽ വിഗ്രഹാരാധന.

ആൾ ദൈവങ്ങളും വ്യക്തിപൂജകളും വർധിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ജനത്തിന്റെ ആത്മീയ അജ്ഞത ചൂഷണം ചെയ്യപ്പെടുന്നു എന്നത് അവഗണിക്കാവുന്ന കാര്യമല്ല. സോഷ്യൽ മീഡിയ അരങ്ങുവാഴുന്ന കാലത്ത് വൈദികർ സ്വയം പ്രശസ്തരാകുവാനും സ്തുതിയും മഹത്വവും ആർജിക്കുവാനും കാട്ടികൂട്ടുന്ന കോപ്രായങ്ങൾ ലജ്ജാവഹമാണ് എന്ന് പറയാതെ വയ്യ. വി. കുർബ്ബാനയും ഹൂത്തോമൊയും പ്രുമിയോൻ സെദറായുമെല്ലാം രാഗസൗന്ദര്യത്തോടെ പാടിയും വായിച്ചും പോസ്റ്റ് ചെയ്യുന്നതിന്റെ പിന്നിലെ കച്ചവടതാല്പര്യങ്ങളും കാണാതെപോകാനാകില്ല.

ആദിമസഭയിൽ അപ്പൊസ്തലന്മാരും തെരഞ്ഞെടുക്കപ്പെട്ട സഹശിഷ്യന്മാരും ഭൗതീകമായ അധികാരകേന്ദ്രങ്ങളായിട്ടല്ല ജനത്തിന്റെ ഇടയിൽ നിന്നത് പ്രത്യുത കേവലം ശുശ്രൂഷകരായിട്ടാണ്. അപ്പൊ. പ്ര.6: 3 ൽ യവനഭാഷ സംസാരിക്കുന്ന വിധവമാരുടെ മേശകളിൽ ശുശ്രൂഷക്കായി നിയോഗിക്കപ്പെട്ടവർ “ജ്ഞാനികളും പരിശുദ്ധാത്മാവ് നിറഞ്ഞവരും പൊതുസമ്മതരുമായ 7 യുവാക്കളായിരുന്നു. അവരുടെ അംശവസ്ത്രത്തിന്റെ അലങ്കാരത്തേപ്പറ്റിയൊ സംഗീതവാസനയെപ്പറ്റിയൊ സംഘാടകമികവിനെപ്പറ്റിയൊ ഒന്നുമല്ല തിരുവചനം സംസാരിക്കുന്നത്, മറിച്ച് അവരുടെ ദൈവാനുഭവത്തേയും ആത്മനിറവിനേയനം ശുശ്രൂഷിക്കാനുള്ള മനസിനേയും ആണ്. അവരെപ്പോലെയുള്ള ശുശ്രൂഷകരായിരുന്നു ആദിമസഭയുടെ ശില്പികൾ.

പുരോഹിതവർഗ്ഗം, അൽമായർ എന്ന വിഭജനം ആദിമസഭയിൽ നാം കാണുന്നില്ല. മധ്യശതകങ്ങളിൽ മാത്രമാണ് പുരോഹിതവർഗ്ഗത്തെ കേന്ദ്രീകരിച്ച ഒരു സഭാസംവിധാനം രൂപംകൊള്ളുന്നത്. റോമാസാമ്രാജ്യത്തിലെ അധികാര സ്ഥാനികളെപ്പോലെയുള്ള വേഷവിധാനങ്ങൾ മാത്രമല്ല സ്വഭാവരീതികളും അവലംബിക്കുന്നവരായി പുരോഹിതർ മാറി(കടപ്പാട്-റവ. ഫാ. റെജി മാത്യൂ). ജനങ്ങളുടെ പ്രാധാന്യവും പങ്കാളിത്തവും കുറഞ്ഞുവരുന്ന സഭ ജീർണ്ണതയുടെ പാതയിലാണെന്ന് ഓർക്കണം. യൂറോപ്യൻ നാടുകളിലെപ്പോലെ ശൂന്യമായികിടക്കുന്ന പള്ളികൾ സഭയ്ക്ക് ഒരിക്കലും ഒരു അലങ്കാരമല്ല.

സാധാരണജനങ്ങൾക്ക് ആത്മീയാനുഭവം ഉണ്ടാകുന്നതായിരിക്കണം നമ്മുടെ ആരാധനകൾ. പൗലോസും ബർന്നബാസും കാണിച്ചുതരുന്നതുപോലെ വിശ്വാസികളുടെ ജീവിതസാഹചര്യങ്ങളോട് സമസ്വഭാവം പുലർത്തുന്നവരാകണം വൈദികർ. അധികാരത്തിന്റേയും സ്ഥാനമാനങ്ങളുടേയും വേഷംകെട്ടലുകൾ ആകരുത് നമ്മുടെ ആരാധനകളും ജീവിതവും. നിർഭാഗ്യവശാൽ അധികാരത്തിന്റെ വടിയും സ്ഥാനമാനങ്ങളുടെ മുദ്രകളും പതക്കങ്ങളും മറ്റും മറ്റും കരസ്ഥമാക്കുന്നതാണ് വിജയകരമായ ശുശ്രുഷയുടെ അടയാളങ്ങൾ എന്ന അവസ്ഥയിലേക്ക് നമ്മുടെ കാലവും ചിന്തകളും നേതൃത്വവും മാറിപ്പോയിരിക്കുന്നു എന്നതാണ് ദുഃഖകരമായ വസ്തുത. പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പുരോഹിതസമൂഹത്തോടായി പറഞ്ഞ വാക്കുകൾ വായിച്ചത് കുറിച്ചുകൊണ്ട് ഈ പഠനം അവസാനിപ്പിക്കാം. പഴയനിയമ കാലത്ത് പുരോഹിതന്മാരെ നിയോഗിച്ചിരുന്നത് അഭിഷേകം ചെയ്താണ്. തലയിൽ ഒഴിക്കുന്ന അഭിഷേകതൈലം താടിയിലൂടെ അങ്കിയിലേക്ക് ഒഴുകി അങ്കിയുടെ വിളുമ്പിലേയ്ക്കാണ് എത്തുക. ഇതുപോലെ പുരോഹിതന്റെ ശുശ്രൂഷയും സഭയുടേയും ദേവാലയത്തിന്റേയും അതിരുകൾക്ക് പുറത്ത് സാമൂഹ്യജീവിതത്തിന്റെ വിളുമ്പുകളിലേയ്ക്ക് എത്തേണ്ടതാണ്. വിളുമ്പുകളിലേയ്ക്ക് തള്ളപ്പെട്ടുപോയ മനുഷ്യരുടെ മധ്യത്തിലേക്ക് എത്തുമ്പോഴാണ് പൗരോഹിത്യ ശുശ്രൂഷ ഫലവത്തായി എന്ന് പറയുവാൻ കഴിയു.

പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെ അന്വഷിക്കുവാനും അവരെ കണ്ടെത്തി അവരുടെ ജീവിതത്തോട് സമഭാവനപുലർത്തുവാനും സാധിക്കുമ്പോഴാണ് ശുശ്രൂഷാജീവിതം അർത്ഥവത്തായിത്തീരുക. വിത്യസ്ഥമായി സഭാശുശ്രുഷയെ മനസിലാക്കുവാനും കാലത്തിന്റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് ആ ശുശ്രൂഷ ഫലപ്രദമായി നിർവ്വഹിക്കുവാനും നമുക്ക് സാധിക്കണം.