News: February 2026

വടകര സെന്റ് ജോൺസ് ഹൈസ്കൂളിന് 108-ാം വാർഷികം – ഹയർ സെക്കൻഡറി ബ്ലോക്കും പുതിയ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു

വടകര: സെന്റ് ജോൺസ് ഹൈസ്കൂളിന്റെ 108-ാം വാർഷികാഘോഷവും, നിർമ്മാണം പൂർത്തീകരിച്ച ഹയർ സെക്കൻഡറി ബ്ലോക്കും പുതുതായി നിർമിച്ച ഓഡിറ്റോറിയവും കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ അത്താനാസിയോസ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ശ്രീ. സാജു സി. അഗസ്റ്റിൻ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ശ്രീ. ബോബി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. അനൂപ് ജേക്കബ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോൺസൺ വർഗീസ് എൻഡോമെന്റുകൾ വിതരണം ചെയ്തു.
വടകര പള്ളി വികാരിയും സ്കൂൾ ബോർഡ് ചെയർമാനുമായ റവ. ഫാ. ഏലിയാസ് ജോൺ മണ്ണാത്തീകുളം ജൂബിലി സ്മരണികയായ ‘സെന്റ് ജോൺസ് സ്പന്ദനം’ പ്രകാശനം ചെയ്തു. ഹെഡ്‌മിസ്ട്രസ് ശ്രീമതി ജാൻസി ജോൺ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റൈസി ടോമിച്ചൻ, പാമ്പാക്കുട ബ്ലോക്ക് മെമ്പർ ശ്രീ. സ്‌നോബി ജോർജ്, പി.ടി.എ പ്രസിഡന്റ് ശ്രീ. ജൈമോൻ പി. എബ്രഹാം , TTI പ്രിൻസിപ്പൽ ശ്രീമതി. ജിലു വർഗീസ് എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് പ്രതിനിധി ശ്രീ പോൾ പി. മാത്യു യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

മൂന്ന് നോമ്പ് ധ്യാനം

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ മൂന്ന് നോമ്പ് ദിനങ്ങളിൽ എല്ലാ വർഷവും നടത്തിവരാറുള്ള മൂന്ന് നോമ്പ് ഉപവാസ യോഗങ്ങൾ ജനവരി 26, 27, 28 തീയതികളിൽ പാമ്പാക്കുട സമന്വയ സെൻ്ററിൽ വച്ച് നടത്തപ്പെട്ടു. അഭി.ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത , അഭി. സഖറിയാ മാർ നിക്കോളാവോസ് മെത്രാപ്പോലിത്ത എന്നീ തിരുമേനിമാർ പ്രാർത്ഥനകൾക്കും ശുശ്രൂഷകൾക്കും നേതൃത്വം നൽകി. 28 -ാം തീയതി ബുധനാഴ്ച വി. കുർബ്ബാനയോടെ യോഗം സമാപിച്ചു.മൂന്ന് ദിവസങ്ങളിലായി നടന്ന വിവിധ ധ്യാന ക്ലാസുകൾക്ക് ഭദ്രാസനത്തിലെ വൈദികരും ആത്മിയ സംഘടനാ പ്രവർത്തകരും നേതൃത്വം നൽകി. ഓരോ ദിവസങ്ങൾക്കായും പ്രത്യേകം ക്രമീകരിച്ച ആരാധനാക്രമങ്ങൾക്ക് അനുസരിച്ചായിരുന്നു പ്രാർത്ഥനകളും ശുശ്രൂഷകളും നടത്തിയത്. ഈ വർഷത്തെ ധ്യാനത്തിൻ്റെ മുഖ്യ ചിന്താവിഷയം “നുകത്തിൻ്റെ അമിക്കയറുകളെ അഴിക്കുക .. ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം “(യെശയ്യ 58:6) എന്നതായിരുന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന ധ്യാനത്തിൽ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദികരും വിശ്വാസികളും അത്മീയ സംഘടനാ പ്രവർത്തകരും യോഗത്തിൽ സംബന്ധിച്ചു.

ചികിൽസാ സഹായം നൽകി

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ ഇടുക്കി സെൻ്റ് മേരീസ് പള്ളിയിലെ ഇടവകാംഗത്തിന് കിഡ്നി സംബന്ധമായ അസുഖത്തിൻ്റെ ചികിൽസക്കായി 200,000 രൂപ സഹായധനം നൽകി. ഭദ്രാസനപ്പൊതുയോഗത്തോട് അനുബന്ധിച്ച് ഇടുക്കി പള്ളി വികാരി ഫാ. ലിജിൻ ജോൺ അഭി തിരുമേനിയിൽ നിന്നും ചെക്ക് സ്വീകരിച്ചു. ചടങ്ങിൽ സമാജം ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ഏലിയാസ് ചെറുകാട്ട്, സെക്രട്ടറി ശ്രീമതി. മിനി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.

ഡയോസിസൻ ബുള്ളറ്റിന് പുതിയ എഡിറ്റോറിയൽ ബോർഡ്

ഭദ്രാസനത്തിൻ്റെ മുഖപത്രമായ ഡയോസിസൻ ബുളളറ്റിൽ പ്രസിദ്ധീകരണത്തിന് നേതൃത്വം വഹിക്കുവാൻ പുതിയ എഡിറ്റോറിയൽ ബോർഡിനെ അഭി തിരുമേനിയുടെ No 5/2026 കൽപ്പന പ്രകാരം നിയമിച്ചു. ഇടവക മെത്രാപ്പോലീത്ത അദ്ധ്യക്ഷനായുള്ള പുതിയ ബോർഡിനെ ഫെബ്രുവരി ഒന്നാം തീയതി മുതൽ ആണ് നിയമിച്ചാക്കിയിരിക്കുന്നത്.
ഡയോസിസൻ ബുള്ളറ്റിൻ്റെ പ്രസിദ്ധീകരണത്തിന് നാളിതുവരെ വിവിധ നിലകളിൽ വേണ്ട നേതൃത്വവും സഹായങ്ങളും ചെയ്ത എല്ലാ ബോർഡ് അംഗങ്ങളോടും കൃതജ്ഞത അർപ്പിക്കുന്നു. പുതുതായി നിയമിക്കപ്പെട്ടവരെ ഈ ശുശ്രൂഷയിലേക്ക് പ്രത്യേകം സ്വാഗതം ചെയ്യുന്നു. അതോടൊപ്പം രണ്ട് പതിറ്റാണ്ടിലധികം മാസികയുടെ മാനേജിംഗ് എഡിറ്റർ ആയി സ്തുത്യർഹ സേവനം നിർവ്വഹിച്ച പുറ്റാനിൽ ശ്രീ. പി.ജെ വർഗീസിനോടുള്ള ഭദ്രാസനത്തിൻ്റെ നന്ദിയും കടപ്പാടും ഈയവസരത്തിൽ ഒരിക്കൽക്കൂടി രേഖപ്പെടുത്തുന്നു.

ഫാ. എബിൻ എബ്രാഹം
ഭദ്രാസന സെക്രട്ടറി

അറിയിപ്പ്

പള്ളികളിലെ കണക്കുകൾ എഴുതി തയ്യാറാക്കുകയും ഭദ്രാസനത്തിൽ സമർപ്പിക്കുകയും ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് പളളികളിലെ ട്രസ്റ്റിമാർ, സെക്രട്ടറിമാർ, അക്കൗണ്ടൻ്റുമാർ എന്നിവരെ ബോധവത്ക്കരിക്കുന്നതിനായി 2026 ഫെബ്രുവരി 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് മൂവാറ്റുപുഴ സെൻ്റ് തോമസ് കത്തീഡ്രലിൽ വച്ച് ഒരു ക്ലാസ്സ് ക്രമീകരിക്കുന്ന കാര്യം അറിയിച്ചിരുന്നല്ലോ. ഭദ്രാസനത്തിൻ്റെ Charterd Accountant C. A Ajit Paul ഈ മീറ്റിംഗിൽ പങ്കെടുക്കുന്നതാണ്. നമ്മുടെ ഭദ്രാസനത്തിലെ എല്ലാ പള്ളികളിൽ നിന്നും ബഹു. അച്ചന്മാരും ട്രസ്റ്റിമാർ, സെക്രട്ടറിമാർ, അക്കൗണ്ടൻറുമാർ എന്നിവരും നിർബ്ബന്ധമായും ഈ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു. പള്ളികളുടെ കണക്കുകൾ ഓഡിറ്റു ചെയ്ത ഇനത്തിൽ ഓഡിറ്റർക്ക് കൊടുക്കേണ്ടതായ ഫീസും അന്നേ ദിവസം കൊണ്ടു വരണമെന്ന് ഓർമ്മപ്പെടുത്തുന്നു.

ഫാ. എബിൻ എബ്രാഹം
ഭദ്രാസന സെക്രട്ടറി

ഭദ്രാസനപ്പൊതുയോഗം

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൻ്റെ പള്ളി പ്രതിനിധി യോഗം 24.01.2026 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് മൂവാറ്റുപുഴ സെൻ്റ് തോമസ് കത്തീഡ്രലിൽ വച്ച് ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി. ഈ മീറ്റിംഗിൽ ഭദ്രാസനത്തിൻ്റെ റിപ്പോർട്ടും 2024-2025 വർഷത്തെ ഓഡിറ്റു ചെയ്ത വരവു ചെലവു കണക്കുകളും, 2025-2026 വർഷത്തെ സപ്ലിമെൻ്ററി ബഡ്ജറ്റും 2026-2027 വർഷം ഭദ്രാസനം പ്രതീക്ഷിക്കുന്ന വരവുചെലവ് ബഡ്ജറ്റും പാസ്സാക്കി. യോഗത്തിന് ഭദ്രാസന സെക്രട്ടറി ഫാ. എബിൻ എബ്രാഹം സ്വാഗതവും വൈദികസംഘം സെക്രട്ടറി ഫാ. ഗീവർഗീസ് വള്ളിക്കാട്ടിൽ നന്ദിയും അറിയിച്ചു.