സഭയിലെ രണ്ട് പ്രധാനപ്പെട്ട നോമ്പുകളിലൂടെയാണ് ഈ കാലത്ത് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് .നിനുവേ നോമ്പ് എന്നറിയപ്പെടുന്ന മൂന്നു നോമ്പ് നാം പിന്നിട്ടു കഴിഞ്ഞു . വലിയ നോമ്പിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ് . മിക്ക സഭാംഗങ്ങളും നോമ്പുകൾ അനുഷ്ഠാനതലത്തിൽ ആചരിക്കുന്നുണ്ട് . എന്നാൽ ഇതിൻ്റെ ആചരണരീതിയും ലക്ഷ്യവും മാറിപ്പോകുന്നുണ്ടോ എന്നത് പുനർ ചിന്തയ്ക്ക് വിധേയമാക്കേണ്ടതുണ്ട് .
നോമ്പാചരണം സംബന്ധിച്ച് നാം ചില പൊതുവായ ധാരണകൾ നിലനിർത്തി വരുന്നു . നോമ്പിനെ പറ്റി ചിന്തിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന കാര്യങ്ങൾ സസ്യേതരഭക്ഷണത്തിൻ്റെ വർജ്ജനം , ശാരീരിക – മാനസ്സിക ആനന്ദങ്ങൾ നൽകുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നിവയാണ് . കൂടാതെ നോമ്പുകാലത്തെ പ്രത്യേക പ്രാർത്ഥനകൾ , കുമ്പിടൽ എന്നിവയും നാം നിർവഹിക്കുന്നു . ഇതോടെ നോമ്പാചരണത്തിൽ നമുക്ക് പൂർണ്ണ തൃപ്തിയായി . ആധുനികകാലത്ത് ഫോൺ ഉപയോഗ നിയന്ത്രണവും ചിലരെങ്കിലും നടത്തുന്നു . ഇവയൊന്നും വേണ്ടവിധം അനുഷ്ഠിക്കുവാൻ ഏതെങ്കിലും കാരണങ്ങളാൽ സാധിക്കാതെ വരുന്നവരുടെ മനസ്സിൽ പലപ്പോഴും സൃഷ്ടിക്കപ്പെടുന്നത് കുറ്റബോധവും നിരാശയും ആത്മനിന്ദയും ആയിരിക്കും. നോമ്പാചരണം നടത്തുന്നവർക്ക് അങ്ങനെയും സംഭവിച്ചുകൂടാത്തതാണ് . കാരണം അവരും ആത്മീയ പുരോഗതി ആഗ്രഹിച്ചാണ് നോമ്പാചരണം നടത്തുന്നത് . അതുകൊണ്ട് നോമ്പ് സംബന്ധിച്ച് ഒരു പുനർവിചിന്തനം ആവശ്യമെന്ന് തോന്നുന്നു . പിതാക്കന്മാർ എങ്ങനെ നോമ്പാചരിക്കണം എന്ന് പഠിപ്പിച്ചു എന്ന് അന്വേഷിക്കുന്നത് ഫലപ്രദമായ നോമ്പാചരണത്തിനും നിലവിലുള്ള നമ്മുടെ നോമ്പാചരണ രീതിയെ തിരുത്തുന്നതിനും സഹായകമായേക്കും .
പഴയനിയമത്തിൽ പ്രവാചകന്മാർ അന്ന് നിലനിന്നിരുന്ന നോമ്പനുഷ്ഠാന രീതികളെ വിമർശിക്കുന്നുണ്ട് ( യെശ . അധ്യായം 58).നോമ്പനുഷ്ഠാനത്തിൽ നടക്കേണ്ട നീതിയും ന്യായവും അവഗണിക്കപ്പെടുന്നു എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യം . പുതിയനിയമത്തിൽ കർത്താവ് നോമ്പാചരണ വിഷയവുമായി ബന്ധപ്പെട്ട് അന്നത്തെ സമൂഹത്തിൻ്റെ പ്രകടനപരത ചൂണ്ടിക്കാണിക്കുന്നു ( മത്താ. അധ്യ .6 ). തിരുവചനചിന്തകൾ എല്ലാം ഇന്നും പ്രസക്തിയുള്ളതാണ് . അതോടൊപ്പം ക്രൈസ്തവസഭയിൽ എങ്ങനെയായിരിക്കണം നോമ്പ് ആചരിക്കേണ്ടത് എന്ന് പിതാക്കന്മാർ നമ്മെ ഓർമ്മിപ്പിക്കുന്നു . അവരുടെ നിരീക്ഷണവും ചിന്തകളും പ്രബോധനങ്ങളും ഈ വിഷയവുമായി ബന്ധപ്പെട്ട് ചില അടിസ്ഥാന ചിന്തകളായതിനാൽ ഇന്നും ശ്രദ്ധാർഹമാണ് .
വി . ജോൺ ക്രിസോസ്റ്റത്തിൻ്റെ ( AD 349 – 40 7 ) നോമ്പുമായി ബന്ധപ്പെട്ട ചിന്തകളാണ് ഈ കത്തിൽ അവതരിപ്പിക്കുന്നത് . അദ്ദേഹം സുറിയാനിക്കാരനായ പിതാവായിരുന്നു . AD 398 ൽകുസ്തന്തിനോപോലീസിലെ മേൽപ്പട്ടക്കാരനായി അവരോധിക്കപ്പെട്ടു . രാഷ്ട്രീയ – സഭാ നേതൃത്വങ്ങളുടെ ഗൂഢാലോചനപ്രകാരം സ്ഥാനഭ്രഷ്ടനായി നാടുകടത്തപ്പെട്ട് യാത്രയിൽ അന്ത്യശ്വാസം വലിക്കുകയായിരുന്നു . അദ്ദേഹം നോമ്പാചരണത്തെ പറ്റി ഏറെ ചിന്തിക്കുകയും അതു സംബന്ധിച്ച ആശയങ്ങൾ തൻ്റെ പ്രബോധനങ്ങളിലൂടെയും എഴുത്തുകളിലൂടെയും പ്രകടിപ്പിക്കുകയും വിശ്വാസിസമൂഹത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട് .
കുസ്തന്തിനോപോലീസ് ചക്രവർത്തിയുടെ കൽപ്പന പ്രകാരം ക്രൈസ്തവ സഭ റോമാ സാമ്രാജ്യത്തിൽ അംഗീകരിക്കപ്പെടുകയും തേവോദോസിയോസ് ചക്രവർത്തിയുടെ കാലത്ത് അത് ഔദ്യോഗിക മതമായി തീരുകയും ചെയ്തു . അതോടെ നോമ്പുകളുടെ അനുഷ്ഠാനവും അതിൻ്റെ ആചരണരീതിയും ഏകീകൃതമായി . കൂടാതെ നോമ്പാചരണം സഭാ നിയമവും പഞ്ചാംഗപ്രകാരവും ആയി . എങ്കിലും അവ വേണ്ടവിധം ആചരിക്കപ്പെടുന്നില്ല എന്ന വിമർശനം ആ പിതാവിൽ നിന്നും ഉണ്ടായി . നോമ്പാചരണം എങ്ങനെയായിരിക്കണം എന്നത് അദ്ദേഹത്തിൻ്റ പ്രസംഗങ്ങളിലും ലേഖനങ്ങളിലും നാം കണ്ടെത്തുന്നു .
ജോൺ ക്രിസോസ്റ്റം അടിസ്ഥാനപരമായി തിരുവചനപഠിതാവ് എന്ന നിലയിലാണ് നോമ്പിനെ വിലയിരുത്തുന്നത് . സമർപ്പിതനായ സഭാ ശുശ്രൂഷകൻ എന്ന നിലയിൽ എങ്ങനെ നോമ്പാചരണംവഴി സഭാജീവിതത്തെ പരിപുഷ്ടിപ്പെടുത്താൻ കഴിയുമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു . അതിനാവശ്യമായ പ്രായോഗികമായ പരിഗണനകളും നിർദ്ദേശങ്ങളും അദ്ദേഹത്തിൻ്റെ രചനകളിൽ കാണുന്നു . അതുകൊണ്ട് ക്രിസോസ്റ്റത്തിൻ്റെ പ്രബോധനങ്ങൾ വെറും നിയമപരവും അമൂർത്തവുമായ ( abstract )വേദശാസ്ത്ര – ദാർശനിക കാഴ്ചപ്പാടുകളായി കാണാനാവില്ല . ജനത്തിന്റെ സഭാജീവിതത്തിൻ്റെ ശരിയായ പുലർച്ച ലക്ഷ്യമിടുന്ന ഇടയത്തശാസനകളും പ്രായോഗിക ഉപദേശങ്ങളും എന്ന് നമുക്ക് കാണാനാവും .
ക്രിസോസ്റ്റത്തിൻ്റെ ചിന്തയിൽ നോമ്പ് ലക്ഷ്യമിടുന്നത് മനുഷ്യൻ്റെ വിമോചനമാണ് . കടുത്ത നോമ്പാചരണത്തിലൂടെ മനുഷ്യനിൽ കുറ്റബോധം സൃഷ്ടിക്കപ്പെടരുതെന്നും ആരോഗ്യം അപകടപ്പെടുത്തലാകരുത് എന്നും അദ്ദേഹം ആഗ്രഹിക്കുന്നു . അതുപോലെ അനുഷ്ഠാനങ്ങൾ നിർവഹിച്ച് അതിൽ തന്നെ ആത്മസംതൃപ്തി നേടുക നോമ്പിൻ്റെ ലക്ഷ്യമായി പരിമിതപ്പെടുത്തുകയും ആകരുതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു . അത് വ്യക്തികളെ വിമോചിപ്പിക്കുന്നതിന് സഹായകമാകണം എന്നതാണ് അദ്ദേഹം നോമ്പാചരണത്തെ പറ്റി ചിന്തിക്കുന്നത് . അതുകൊണ്ട് നോമ്പിനാവശ്യം പൊതുവായ ആചരണ നിയമങ്ങളല്ല പ്രത്യുത ഓരോ വ്യക്തിയെയും അടിമത്തത്തിൽ എത്തിച്ചിരിക്കുന്ന ആസക്തികളിൽ നിന്നുള്ള വിമോചനമാണ് . പൊതുവായ നോമ്പ് സംബന്ധിച്ച നിയമങ്ങൾ നിർവഹിക്കുന്നതിന് മനുഷ്യൻ്റെ പ്രായം , ആരോഗ്യം , പ്രാപ്തി എന്നിവ അനുവദിക്കണം എന്നില്ല എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു . നോമ്പ് സഭയായി ആചരിക്കണം എങ്കിലും അനുഷ്ഠാനങ്ങൾ പൊതുവാക്കുന്നതിൽ അദ്ദേഹം നിർബന്ധം ചെലുത്തിയിരുന്നില്ല . അതുകൊണ്ട് അനുഷ്ഠാനനിയമങ്ങൾക്കല്ല നോമ്പുപദേശങ്ങളിൽ ഊന്നൽ കൊടുക്കുന്നത് . നോമ്പനുഷ്ഠാനനിയമങ്ങൾ അപ്രസക്തമാണ് എന്ന് അദ്ദേഹം ചിന്തിക്കുന്നില്ല . എന്നാൽ അവ ജീവിത പുതുക്കം വഴിയുള്ള വിമോചനാനുഭവത്തിലേക്ക് നയിക്കുന്നില്ല എങ്കിൽ അതിൻ്റെ ആചരണം ഫലപ്രദമായി തീരുന്നില്ല എന്നതാണ് അദ്ദേഹത്തിൻ്റെ വിലയിരുത്തൽ .
( തുടരും …. )

