വിശ്വാസപ്രമാണത്തിന്റെ തുടർഭാഗം : നിഖ്യാ സുന്നഹദോസിലെ (325) അവതരണം : ” അവൻ ഞങ്ങൾക്കുവേണ്ടിയും ഞങ്ങളുടെ രക്ഷയെപ്രതിയും കീഴെയിറങ്ങി ജഡധാരണം ചെയ്ത് മനുഷ്യനായി , കഷ്ടതയനുഭവിച്ച് , മൂന്നാം ദിവസം ഉയിർത്ത് സ്വർഗ്ഗത്തിലേക്ക് കരേറി . അവിടെനിന്നും ജീവനുള്ളവരെയും മരിച്ചവരെയും വിധിക്കുവാനായി വരും എന്നും ഞങ്ങൾ വിശ്വസിക്കുന്നു ” .
കുസ്തന്തിനോപോലീസിലെ( AD 381 )പരിഷ്കരിച്ച അവതരണം : “അവൻ ഞങ്ങൾക്കുവേണ്ടിയും ഞങ്ങളുടെ രക്ഷയെപ്രതിയും സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്ന് പരിശുദ്ധാത്മാവിനാൽ കന്യകമറിയാമിൽ നിന്നും മനുഷ്യനായി തീർന്ന് ഞങ്ങൾക്കുവേണ്ടി പൊന്തിയോസ് പീലാത്തോസിന്റെ (ഭരണത്തിൻ )കീഴിൽ ക്രൂശിക്കപ്പെട്ട് , കഷ്ടതയനുഭവിച്ച് , അടക്കപ്പെട്ട് തിരുവെഴുത്തിൻപ്രകാരം മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിലേക്ക് കരേറി പിതാവിൻ്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവൻ ജീവനുള്ളവരുടെയും മരിച്ചവരുടെയും ന്യായവിധിക്കായി മഹത്വത്തോടെ വീണ്ടും വരും . അവൻ്റെ രാജ്യത്തിന് അന്ത്യം ഉണ്ടാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു” .
ഇതിൽ രണ്ടാമത്തെ പതിപ്പാണ് ( version ) ഇന്ന് നിഖ്യാവിശ്വാസപ്രമാണം എന്ന പേരിൽ നിലനിന്നു വരുന്നത് . പരിഷ്കരിച്ച പതിപ്പിന് മുൻ പതിപ്പിൽ നിന്നുള്ള പാഠഭേദങ്ങൾ ചുവടെ ചേർക്കുന്നു :
1 . ” സ്വർഗ്ഗത്തിൽ നിന്നും ” എന്ന പദങ്ങൾ ഇറങ്ങിവന്നു എന്നതിന് പിന്നിൽ ചേർത്തു .
2 . മനുഷ്യാവതാരത്തിൽ പരിശുദ്ധാത്മാവിന്റെയും കന്യകമറിയാമിന്റെയും പങ്ക് വിശദീകരിച്ചു .
3 . ക്രൂശിക്കപ്പെട്ടത് പൊന്തിയോസ് പീലാത്തോസിന്റെ ( ഭരണത്തിൻ) കീഴിൽ എന്ന ചരിത്രവസ്തുത ചേർത്തു .
4 . കബറടക്കത്തിന്റെ കാര്യം രണ്ടാമത്തേതിൽ മാത്രം കാണുന്നു.
5 . തിരുവെഴുത്തിൻപ്രകാരം ഉയിർത്തു എന്നത് ആദ്യ പതിപ്പിൽ ഇല്ല .
6 . പിതാവിൻ്റെ വലതു ഭാഗത്ത്( പുത്രൻ) ഇരിക്കുന്നു എന്ന പരാമർശം രണ്ടാമത്തെ പതിപ്പിൽ മാത്രമാണുള്ളത്.
7 . ക്രിസ്തുവിൻ്റെ അവസാനമില്ലാത്ത രാജ്യത്തെ പറ്റിയുള്ള പരാമർശം ആദ്യത്തേതിൽ ഇല്ല .
ഇവിടെ തിരുത്തലുകൾ ഒന്നും തന്നെയില്ല . എന്നാൽ പരിഷ്കരിച്ച പതിപ്പിൽ കൂട്ടിച്ചേർക്കലുകൾ പലതും ഉണ്ട് . മനുഷ്യാവതാരപ്രക്രിയയുടെ കർത്താവ് (subject )ദൈവപുത്രനാണ് . മനുഷ്യത്വം സ്വീകരിച്ചുവെങ്കിലും ഇവിടെ പറയുന്ന പ്രവൃത്തികൾ ( verbs) ദൈവപുത്രന്റെ നടപടികളാണ് . മനുഷ്യാവതാര ശേഷവും ദൈവപുത്രൻ തന്നെയാണ് ആളത്ത കേന്ദ്രം ; വീണ്ടെടുപ്പു നടപടികളുടെ കർത്താവായി (subject) തുടരുന്നതും പുത്രൻ തന്നെ . അവൻ മനുഷ്യാളത്തം സ്വീകരിച്ച് വീണ്ടെടുപ്പ് നടത്തുകയാണ് . മനുഷ്യാവതാരം ദൈവപുത്രന്റെ മനുഷ്യരക്ഷയെ പ്രതിയുള്ള ദൈവികപദ്ധതിയുടെ / ദൈവികവ്യാപാരത്തിൻ്റെ (dispensation / divine economy)വിടരലാണ് ( unfolding) . ദൈവപുത്രൻ മനുഷ്യത്വം സ്വീകരിച്ച് എന്തെല്ലാം ചെയ്യുന്നുവെന്നാണ് ഇവിടെ പരാമർശിക്കുന്നത്
1 . സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്നു ;
2 . മനുഷ്യനായി ;
3 . കഷ്ടത അനുഭവിച്ചു ;
4 . മരിച്ചു , അടക്കപ്പെട്ടു , ഉയിർത്തു ;
5 . സ്വർഗ്ഗത്തിലേക്ക് കരേറി ;
6 . പിതാവിൻ്റെ വലതുഭാഗത്ത് ഇരിക്കുന്നു ;
7 . വീണ്ടും വരുന്നു .
നിർദ്ദിഷ്ട വിശ്വാസപ്രമാണ ഭാഗത്ത് കണ്ടെത്തുന്ന കാര്യങ്ങൾ :
മനുഷ്യാവതാരം സംബന്ധിച്ച സകല നടപടികളും നിർവഹിക്കുന്നത് ദൈവപുത്രൻ തന്നെ. അതിന് സഹായകമാകുന്നത് പരിശുദ്ധാത്മാവും കന്യക മറിയാമും ആകുന്നു . മനുഷ്യാവതാരം പ്രത്യേക ലക്ഷ്യം മുൻനിർത്തിയാണ് നിർവ്വഹിക്കപ്പെടുന്നത് : അത് നമുക്കുവേണ്ടിയും നമ്മുടെ രക്ഷയെ പ്രതിയുമാണ് .
ഈ പാഠത്തിൽ ചിലയിടങ്ങളിൽ ഭാഷാ – വേദശാസ്ത്രപരമായ വിശദീകരണം വേണ്ടി വരുന്നുണ്ട് . അവൻ പരിശുദ്ധാത്മാവിനാലും കന്യകമറിയാമിനാലും മനുഷ്യനായി തീർന്നു ( of the holy Spirit and the Virgin Mary = having been made flesh of the holy Spirit and the Virgin Mary ).
ഇവിടെ ഉപയോഗിച്ചിരിക്കുന്ന പ്രത്യയം ( preposition )εκ (from / of )എന്നാണ് . ഗ്രീക്ക് ഭാഷയിൽ ഈ ( εκ) പ്രത്യയത്തിന് വിവിധ അർത്ഥസൂചനകൾ ഉണ്ട് . 1 . പ്രഭവസ്ഥാനം (source). 2 .ആരംഭം ( origin). 3 . മാധ്യമം (agency). 4 . ഉപകരണം ( instrument). ഇവിടെ ഭാഷാപരമായി ഈ സാധ്യതകൾ നിലനിൽക്കുന്നുവെങ്കിലും അവതരണ – പശ്ചാത്തലവും വേദശാസ്ത്ര പരിഗണനകളും വെച്ചായിരിക്കണം ഭാഷാന്തരം ചെയ്യേണ്ടത് .
പുത്രൻ്റെ പിതാവിൽ നിന്നുള്ള ജനനവും പൂർവാസ്ഥിത്വവും ( birth and pre – existence) വിശ്വാസപ്രമാണത്തിന്റെ രണ്ടാം ഖണ്ഡികയുടെ ആരംഭത്തിൽ തന്നെ പ്രഖ്യാപിക്കുന്നു . അതുകൊണ്ട് പുത്രൻ പരിശുദ്ധാത്മാവിൽ നിന്നും മനുഷ്യനായി ജനിച്ചു എന്ന് പറയാനാവില്ല . ആ സാഹചര്യത്തിൽ ഇവിടെ ഭാഷാപരമായ വ്യാഖ്യാന സാധ്യതകൾക്കുപരി വേദശാസ്ത്രത്തിൻ്റെയും യുക്തിയുടെയും പശ്ചാത്തലത്തിൽ അർത്ഥം അന്വേഷിക്കേണ്ടതാണ് . അങ്ങനെ വരുമ്പോൾ മനുഷ്യാവതാരത്തിൽ പരിശുദ്ധാത്മാവിന്റെ പങ്ക് സഹായകൻ എന്ന നിലയിലാകും . പരിശുദ്ധാത്മാവ് മനുഷ്യാവതാരത്തിന് പശ്ചാത്തലമൊരുക്കി എന്നതാകും അർത്ഥ സൂചന . എന്നാൽ ദൈവപുത്രൻ ദൈവികജനനം പിതാവിൽ നിന്നാണെങ്കിലും മനുഷ്യത്വത്തിൻ്റെ ഉത്ഭവം മറിയാമിൽ നിന്നാണ് .
കൂടാതെ ‘ εκ’ എന്ന പ്രത്യയം പുരുഷ വ്യക്തിയുമായി ചേർത്ത് ഉപയോഗിക്കുമ്പോൾ അത് ആ വ്യക്തിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവൃത്തിയുടെ ഫലമായുണ്ടാകുന്ന ഉത്പന്നത്തിൻ്റെ പ്രഭവസ്ഥാനം എന്ന് അർത്ഥമില്ല പ്രത്യുത അതിൻ്റെ രൂപപ്പെടലിന് ആവശ്യമായ സഹായഘടകം (instrument ) എന്നു മാത്രമേ അർത്ഥമുള്ളൂ . അതുകൊണ്ട് തർജ്ജമ പരിശുദ്ധാത്മാവിൻ്റെ സഹായത്താൽ മനുഷ്യാവതാരം നടന്നു എന്നാകും . എന്നാൽ ആ പ്രത്യയം (εκ ) ഒരു സ്ത്രീയുമായി ചേർത്ത് പ്രയോഗിക്കുമ്പോൾ ‘ from ‘ എന്ന അർത്ഥത്തിലും വരാവുന്നതാണ് . അങ്ങനെ വരുമ്പോൾ പരിശുദ്ധാത്മാവ് ഉപകരണം (instrumental )എന്ന നിലയിലും കന്യകമറിയാം ക്രിസ്തുവിൻ്റെ biological origin എന്ന നിലയിലും ഭാഷാശാസ്ത്രപരമായി തന്നെ തർജ്ജമ ചെയ്യാവുന്നതാണ് .
എന്നാൽ സുറിയാനിയിൽ ഭാഷാപരമായി ഈ വിഷയം കുറേക്കൂടി ലളിതമായി പരിഹരിക്കാവുന്നതാണ് . സുറിയാനിയിൽ ‘ മെൻ ‘ എന്ന പ്രത്യയത്തിന് biological origin എന്ന സൂചനയില്ല . അത് ബന്ധപരമായ ( relational) പ്രയോഗമാണ് . സുറിയാനിയിൽ പരിശുദ്ധാത്മാവിനാലും മറിയാമിനാലും ശരീരം ധരിച്ചു എന്ന് തടസ്സം കൂടാതെ ഭാഷാന്തരം ചെയ്യാം .
അരിസ്റ്റോട്ടിലിൻ്റെ ദർശനത്തിൽ നാലുതരം കാരണങ്ങളെ ( causes )പറ്റി പറയുന്നുണ്ട് : 1 . ഭൗതിക കാരണം (material cause) 2 . ഉത്പാദക കാരണം (efficient cause) 3 . ഔപചാരിക കാരണം (formal cause) 4 . അന്തിമ കാരണം (final cause) . അതിൻപ്രകാരം പരിശുദ്ധാത്മാവ് ഇവിടെ ഉത്പാദക കാരണം ( efficient cause )മാത്രമാണ് . മറിയാമും ഏകദേശം അതുപോലെ തന്നെയാണ് . കാരണം പുത്രൻ സ്വയമായി മറിയാമിൽ നിന്നും ശരീരം / മനുഷ്യത്വം സ്വീകരിക്കുകയാണ് ചെയ്തിരിക്കുന്നത് . അതുകൊണ്ട് മനുഷ്യാവതാരത്തിൽ പരിശുദ്ധാത്മാവും മറിയാമും മനുഷ്യാവതാരം യാഥാർത്ഥ്യമാകാൻ സഹകരിച്ചവർ എന്ന അർത്ഥമേയുള്ളൂ . The Spirit and Mary cause incarnation without being source of Christ’ s divinity and humanity .
അനാദിയായി പിതാവിൽ നിന്നും ജനിച്ച ദൈവപുത്രൻ മനുഷ്യരക്ഷയെപ്രതി പരിശുദ്ധാത്മാവിൻ്റെയും കന്യകമറിയാമിൻ്റെയും സഹായത്തോടെ മനുഷ്യത്വം സ്വീകരിച്ച് വീണ്ടെടുപ്പ് നിർവഹിച്ച് പിതൃസന്നിധിയിലേക്ക് പോയി യുഗാന്ത്യത്തിൽ അവൻ ന്യായവിധിക്കായി തിരികെ വരികയും ചെയ്യും എന്നതാണ് ഈ ഭാഗത്തെ പ്രമേയം . മനുഷ്യൻ്റെ രക്ഷയാണ് മനുഷ്യാവതാരസംഭവത്തിന്റെ ലക്ഷ്യം എന്നത് . മനുഷ്യാവതാരപ്രവ്യത്തി പൂർണ്ണമായും പുത്രൻറെ സ്വയമായ പ്രവർത്തനപദ്ധതി (initiative) ആണ് .
രക്ഷ എന്ന പദത്തിന് വിശ്വാസപ്രമാണത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം Soteria (σωτηρι’α)എന്നതാണ് . മനുഷ്യന് ഇതിൽ സക്രിയ സഹകരണമില്ല . ഇത് അടിസ്ഥാനപരമായി ദൈവികപദ്ധതിയാണ് . ദൈവപുത്രൻ മനുഷ്യത്വം ഏറ്റെടുക്കുകയാണ് . കൃത്യമായ ലക്ഷ്യത്തോടെ ദൈവപുത്രൻ അത് നടപ്പിലാക്കുന്നു . മനുഷ്യൻ്റെ പാപമോചനം , മരണത്തിൽ നിന്നുള്ള വിടുതൽ / മരണത്തെ തോൽപ്പിക്കൽ ; ദൈവികബന്ധത്തിലുള്ള മനുഷ്യൻ്റെ പുനഃസ്ഥാപനം, ദൈവസാദൃശ്യം വീണ്ടെടുക്കൽ ( restoration of image of God in Christ ) , ദൈവികകൂട്ടായ്മയുടെ പൂർത്തീകരണം ( communion with God ) , ദൈവജീവിതത്തിൽ ഉള്ള പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളാണ് രക്ഷ എന്ന പദത്തിലൂടെ അർത്ഥമാക്കുന്നത് . ദൈവികസാദൃശ്യത്തിന്റെ വീണ്ടെടുപ്പും ദൈവജീവിതത്തിലുള്ള പൂർണ്ണപങ്കാളിത്തവും യുഗാന്ത്യത്തിൽ പൂർത്തീകരിക്കുന്നതുകൊണ്ട് രക്ഷയുടെ പൂർണ്ണത ലക്ഷ്യസ്ഥാനത്തുനിന്നും (teleological ) വീക്ഷിക്കപ്പെടേണ്ടതുണ്ട് .
സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങിവന്നു , സ്വർഗ്ഗത്തിലേക്ക് കരേറിപ്പോയി എന്നീ പ്രയോഗങ്ങൾ മനുഷ്യൻ്റെ അന്നത്തെ പ്രപഞ്ചസങ്കല്പപ്രകാരമുള്ള പ്രയോഗങ്ങളാണ് . സ്വർഗ്ഗം മുകളിലും ഭൂമി കീഴെയും എന്ന ധാരണയാണ് അന്നുണ്ടായിരുന്നത് . എന്നാൽ ഇറങ്ങിവരലും മനുഷ്യാവതാരവും തിരിച്ചുപോക്കും എല്ലാം സ്വതന്ത്രവും ( voluntary )ലക്ഷ്യബോധത്തോടും ( intentional )ആയ പദ്ധതി എന്നാണ് ഇവിടെ പറയുന്നത് . എന്നാൽ മനുഷ്യത്വം സ്വീകരിക്കുന്ന പുത്രന് ദൈവികതയിൽ ലോപം സംഭവിക്കുന്നില്ല . മനുഷ്യരക്ഷയെപ്രതി മനുഷ്യപുത്രൻ മനുഷ്യത്വം അതിൻ്റെ പൂർണ്ണതയിൽ ഏറ്റെടുക്കുന്നു ( assumed ) എന്നു മാത്രം . ആ പ്രക്രിയയിൽ പരിശുദ്ധാത്മാവും കന്യകമറിയാമും സഹായകമാണ് ( instrumental ) .
അതുവഴി ക്രിസ്തുവിനെ സംബന്ധിച്ചുണ്ടായിരുന്ന പേരിലുണ്ടായിരുന്ന വേദവിപരീതങ്ങളുടെ നിരാകരണം ആണ് നടക്കുന്നത് . 1 . ക്രിസ്തുവിൻ്റെ മനുഷ്യത്വം യാഥാർത്ഥ്യമല്ല എന്ന വാദം ( doceticism ) 2 . ക്രിസ്തു മനുഷ്യന് മാത്രമായിരുന്നു എന്നും ദൈവമായിരുന്നില്ല എന്ന കാഴ്ചപ്പാട് ( Ebionism) 3 . ദൈവ – മനുഷ്യ സ്വഭാവങ്ങളുടെ അടിസ്ഥാനമായ ഇരുവ്യക്തിവാദം (dyophysitism) എന്നിവ ഈ ഭാഗത്തിലൂടെ നിഷേധിക്കുകയായിരുന്നു . ദൈവപുത്രൻ പൂർണ്ണ മനുഷ്യത്വം സ്വീകരിച്ചതിനാൽ പൂർണ്ണ ദൈവത്വം പൂർണ്ണ മനുഷ്യത്വം സ്വീകരിച്ച് മനുഷ്യാവതാരം നിർവ്വഹിക്കുകയായിരുന്നു എന്നാണ് ഇവിടെ ഏറ്റു പറയുന്നത് . കിഴക്കൻ സഭകൾ ഇതിനെ ദൈവിക പ്രവൃത്തി ( divine act ) യായി മനസ്സിലാക്കുകയും മനുഷ്യരക്ഷയ്ക്കായുള്ള ദൈവിക ഇടപെടലായി ( oikonomia / οι’κονομι’α ) വിശദീകരിക്കുകയും ചെയ്യുന്നു .
എന്തിനാണ് AD 381 ലെ സുന്നഹദോസിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയതെന്നും വിശദീകരിക്കേണ്ടതുണ്ട് . ക്രിസ്തുവിൻ്റെ പൂർവാസ്ഥിത്വവും ദൈവത്വവും സ്ഥിരീകരിക്കുക ( affirm )എന്ന ഉദ്ദേശ്യത്തിലാണ് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി എന്ന ഭാഗം ചേർത്തത് . മനുഷ്യാവതാരത്തിന്റെ സഹായികളായിരുന്ന പരിശുദ്ധാത്മാവിൻ്റെയും കന്യകമറിയാമിൻ്റെയും പങ്ക് പരാമർശിക്കേണ്ടത് ആവശ്യമായതുകൊണ്ടാണ് ആ ഭാഗം കൂട്ടിച്ചേർത്തത് . ക്രൂശുമരണത്തിൻ്റെ ചരിത്രപരത സ്ഥാപിക്കുവാനായി പീലാത്തോസിന്റെ പങ്ക് കൂട്ടിച്ചേർത്തു . ക്രിസ്തു ശരിക്കും മരിച്ചു എന്നത് അവതരിപ്പിക്കാനായി കബറടക്ക കാര്യം വിശ്വാസപ്രമാണത്തിൻ്റെ ഭാഗമായി തീർന്നു . തിരുവെഴുത്തിൻപ്രകാരം എന്നത് ഉയിർപ്പിന്റെ പഴയനിയമ പശ്ചാത്തലം വ്യക്തമാക്കുവാനായിരുന്നു. ‘ പിതാവിൻ്റെ വലതുഭാഗത്തിരിക്കുന്ന ‘ എന്ന കൂട്ടിച്ചേർക്കൽ ക്രിസ്തുവിൻ്റെ സ്ഥാനം , അധികാരം , മഹത്വം എന്നിവ വെളിപ്പെടുത്തണം എന്ന ലക്ഷ്യത്തിലാണ് . ക്രിസ്തുവിൻ്റെ വീണ്ടുംവരവ് ന്യായവിധിക്കു മാത്രമല്ല പ്രത്യുത അനന്തമായ ദൈവരാജ്യസ്ഥാപനത്തിനു കൂടിയാണ് എന്ന് വിശദീകരിക്കുന്നു . കൂട്ടിച്ചേർത്ത ഭാഗങ്ങളെല്ലാം പുതിയനിയമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും എടുത്തിട്ടുള്ളതാണ് എന്നതുകൊണ്ട് വിശദീകരണം ആവശ്യമില്ല .
(തുടരും….)

