അഖില മലങ്കര ശുശ്രൂഷക സംഘം – വടക്കൻ മേഖല സമ്മേളനം
അഖില മലങ്കര ശുശ്രൂഷാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രധാന ശുശ്രൂഷകരുടെ സമ്മേളനം 2026 ജനുവരി മാസം 13 തീയതി ചൊവ്വാഴ്ച അങ്കമാലി ഭദ്രാസനത്തിലെ മുടവൂർ സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 9.30 ന് രജിസ്ട്രേഷനോടെ മീറ്റിംഗ് ആരംഭിക്കും. ഓരോ ഇടവകയിലെയും പ്രധാന ശുശ്രൂഷകരാണ് മീറ്റിംഗിൽ സംബന്ധിക്കുന്നത്.
ഗ്ലോറിയ കരോൾ ഗാനമൽസരം
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ 2026 ജനുവരി 4-ാം തീയതി ഞായറാഴ്ച വൈകിട്ട് 6 മണിക്ക് പിറവം സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പ്പള്ളിയിൽ വച്ച് ഗ്ലോറിയ കരോൾ ഗാന മൽസരം സംഘടിപ്പിക്കപ്പെട്ടു. വിവിധ ഇടവകകളിൽ നിന്നുള്ള ക്വയർ ടീമുകൾ മൽസരത്തിൽ പങ്കു കൊണ്ടു. പാങ്കോട് സെൻ്റ്. ജോൺസ് ഓർത്തഡോക്സ് സുറിയാനിപ്പള്ളി ക്വയർ ഒന്നാം സ്ഥാനവും പെരിയാമ്പ്ര സെൻ്റ് ജോർജ് ഓർത്തഡോക്സ് സുറിയാനിപ്പള്ളി ക്വയർ രണ്ടാം സ്ഥാനവും പാലക്കുഴ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ക്വയർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഏറ്റവും നല്ല സാന്താക്ലോസ് ആയി പെരിയാമ്പ്ര ഇടവകയിലെ ഐവിൻ റെജി തിരഞ്ഞെടുക്കപ്പെട്ടു. പരിപാടികൾക്ക് യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻ്റ് ഫാ. ബേസിൽ ജോയി, ഇടവക വികാരി ഫാ. ഏലിയാസ് ചെറുകാട്ട്, സഹവികാരിമാരായ ഫാ. ബിനോയ് ജോൺ, ഫാ. ബാബു എബ്രാഹം ട്രസ്റ്റി ബാബു മങ്കിടി സെക്രട്ടറി സ്റ്റാൻലി പി. വർക്കി തുടങ്ങിയവർ നേതൃത്വം നൽകി.
ഭദ്രാസനപ്പൊതുയോഗം
കണ്ടനാട് ഈസ്റ്റ് ഭദ്രാസന പൊതുയോഗം 2026 ജനുവരി 24 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ മൂവാറ്റുപുഴ സെൻ്റ്.തോമസ് കത്തീഡ്രലിൽ വച്ച് നടക്കും. ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന മീറ്റിംഗിൽ പള്ളി വികാരിമാരും ഭദ്രാസനപ്പൊതുയോഗ പ്രതിനിധികളും പങ്കെടുക്കും. ഇതു സംബന്ധിച്ച മെത്രാപ്പോലീത്തായുടെനോട്ടീസ് കല്പന തടവകപ്പള്ളികൾക്ക് അയച്ചു കൊടിത്തിട്ടുണ്ട്.
വേദസമീക്ഷ മൂന്നാം വർഷ പഠനം പൂർത്തിയായി
കണ്ടനാട് ഈസ്റ്റ് ഭദ്രാസന മർത്തമറിയാം വനിതാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി നടന്ന് വരുന്ന പുതിയ നിയമ പഠന പദ്ധതിയായ വേദ സമീക്ഷ പാഠ്യപദ്ധതിയുടെ മൂന്നാം വർഷ പഠനവും ഡിസംബർ മാസത്തോടെ പൂർത്തിയായി. ഈ വർഷം വി. പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളെ സംബന്ധിച്ചുള്ള പഠനങ്ങളാണ് നടന്നത്. അതോടനുബന്ധിച്ച് അനുബന്ധ പുതിയ നിയമ വിഷയങ്ങളും പഠന വിധേയമാക്കി. എല്ലാ തിങ്കളാഴ്ചകളിലും ഓൺലൈനായി നടന്ന് വന്ന ക്ലാസുകൾക്ക് അഭി. ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനിയും ഭദ്രാസനത്തിലെ മറ്റ് വൈദികരും നേതൃത്വം നൽകി. ഈ പാഠ്യപദ്ധതിക്ക് ഫാ .ഷിബു കുര്യൻ നേതൃത്വം നൽകുന്നു.
സെൻ്റ് തോമസ് കത്തീഡ്രൽ പള്ളി പ്പെരുന്നാൾ
കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൻ്റെ കത്തീഡ്രൽ ദേവാലയമായ സെൻ്റ്. തോമസ് കത്തീഡ്രൽപ്പള്ളിയിലെ പ്രധാന പെരുന്നാൾ ഡിസംബർ 20, 21 (ശനി ഞായർ) തീയതികളിൽ ആഘോഷിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് കോട്ടയം ഭദ്രാസനത്തിൻ്റെ അഭി ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ മുഖ്യ കാർമ്മികത്വം വഹിച്ചു. ശനിയാഴ്ച സന്ധ്യാ പ്രാർത്ഥനക്കും പെരുന്നാൾ സന്ദേശത്തിനും ശേഷം ആരക്കുഴ റോഡിൽ സ്ഥാപിതമായിരിക്കുന്ന സെൻ്റ് ലാസറസ് ചാപ്പലിലേക്ക് ഭക്തിനിർഭരമായ പ്രദക്ഷിണം നടത്തപ്പെട്ടു. ഞായറാഴ്ച അഭി. തിരുമേനി വി. കുർബ്ബാന അർപ്പിച്ചു. തുടർന്ന് വി.ഗീവറുഗീസ് സഹദായുടെ നാമത്തിലുള്ള കുരിശിൻ തൊട്ടിയിലേക്കുള്ള പ്രദക്ഷിണവും ആശീർവ്വാദവും നേർച്ച സദ്യയും നടത്തപ്പെട്ടു.
കൽപന No. 89/2025


