കാനായിലെ കല്യാണവിരുന്ന് യേശുവിന്റെ ആദ്യത്തെ “അടയാളം” ( semeion ) ആണെന്ന് സുവിശേഷകൻ വ്യക്തമാക്കുന്നു. ഇത് ഒരു അത്ഭുതകഥ മാത്രമല്ല; മറിച്ച് യോഹന്നാന്റെ ക്രിസ്തുശാസ്ത്രത്തിന്റെ (Christology) അടിസ്ഥാനം പങ്കുവെയ്ക്കുന്ന ഒരു ദൈവശാസ്ത്രപരമായ പ്രഖ്യാപനമാണ്.
സമവീക്ഷണ സുവിശേഷങ്ങളിൽ യേശുവിന്റെ പരസ്യശുശ്രൂഷ പ്രസംഗത്തിലൂടെയും അദ്ഭുതങ്ങളിലൂടെയും ആരംഭിക്കുമ്പോൾ, യോഹന്നാൻ യേശുവിനെ പരിചയപ്പെടുത്തുന്നത് ഒരു വിവാഹവിരുന്നിലൂടെയാണ്. ഈ വ്യത്യാസം തന്നെ ഈ സംഭവത്തിന്റെ പ്രതീകാത്മകവും ദൈവശാസ്ത്രപരവുമായ ഗൗരവം സൂചിപ്പിക്കുന്നു.
യോഹന്നാൻ 1:19–2:12 ഭാഗം മുഴുവനും “വെളിപ്പാടും പ്രതികരണവും” (revelation and response) എന്ന വിഷയത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ശിഷ്യരെ വിളിച്ചുചേർത്തതിന് പിന്നാലെ നടക്കുന്ന കാനായിലെ സംഭവം, യേശുവിന്റെ ശുശ്രൂഷയുടെ ദിശ നിർണ്ണയിക്കുന്ന ആദ്യ അടയാളമാണ്.
യോഹന്നാൻ “അത്ഭുതം” എന്ന പദം ഒഴിവാക്കി “അടയാളം” എന്ന പദം ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്. അടയാളം എന്നത് സ്വയം സമ്പൂർണ്ണമല്ല; അത് യേശുവിന്റെ വ്യക്തിത്വത്തെയും ദൈവരാജ്യത്തിന്റെ സ്വഭാവത്തെയും വെളിപ്പെടുത്തുന്ന സൂചനയാണ്.
ഒന്നാം നൂറ്റാണ്ടിലെ യഹൂദ സമൂഹത്തിൽ കല്യാണം ഒരു സ്വകാര്യ ചടങ്ങല്ല; അത് സമൂഹത്തിന്റെ മുഴുവൻ പങ്കാളിത്തമുള്ള ആഘോഷമാണ്. വിരുന്നിൽ വീഞ്ഞ് തീരുന്നത് സാമൂഹിക അപമാനവും ആതിഥ്യപരാജയവും ആയിരുന്നു.
ഈ പശ്ചാത്തലത്തിൽ, യേശു ഇടപെടുന്നത് ഒരു “ചെറിയ പ്രശ്നത്തിൽ” അല്ല; മറിച്ച് മനുഷ്യരുടെ അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കുന്ന ഒരു ദൈവിക ഇടപെടലിലാണ്. യോഹന്നാൻ ഇതിലൂടെ പ്രഖ്യാപിക്കുന്നത്, ദൈവത്തിന്റെ മഹിമ മനുഷ്യരുടെ സാധാരണ ജീവിതസാഹചര്യങ്ങളിൽ തന്നെ വെളിപ്പെടുന്നു എന്ന സത്യമാണ്.
ഇവിടെ അമ്മമറിയത്തിന്റെ ഇടപെടൽ പ്രത്യേക ശ്രദ്ധയാകർഷിക്കുന്നുണ്ട്. മറിയത്തിന്റെ വാക്കുകൾ, “അവർക്ക് വീഞ്ഞില്ല” (2:3) എന്നാണ്. ഇത് ഒരു ആവശ്യമോ നിർദ്ദേശമോ അല്ല; മറിച്ച് അവിടുത്തെ പ്രശ്നം സത്യസന്ധമായി ദൈവസന്നിധിയിൽ വെക്കുന്ന ഒരു ഇടപെടലാണ്, അതാണ് യഥാർത്ഥത്തിൽ പ്രാർത്ഥന. അവൾ ഉത്തരത്തെപ്പറ്റി ആകുലപ്പെടുന്നില്ല; മകനിൽ വിശ്വസിക്കുന്നു അത്രതന്നെ. യേശുവിന്റെ പ്രതികരണം:
“സ്ത്രീയേ, അതിന് എനിക്കും നിനക്കും എന്ത്? എന്റെ സമയം വന്നിട്ടില്ല” (2:4) എന്നാണ്. “സമയം” (hora) എന്നത് യോഹന്നാൻ തന്റെ എഴുതുകളിൽ ഉപയോഗിക്കുന്നത് ക്രൂശും പുനരുത്ഥാനവും ഉൾക്കൊള്ളുന്ന മഹത്വീകരണ നിമിഷത്തെയാണ് സൂചിപ്പിക്കുന്നതു (12:23; 17:1). അതായത്, കാനായിലെ അടയാളം തന്നെ ക്രൂശിലേക്കുള്ള ദൈവിക പദ്ധതിയുടെ ഭാഗമാണ്. മറിയത്തിന്റെ അവസാന വാക്കുകളായ
“അവൻ നിങ്ങളോട് പറയുന്നതെല്ലാം ചെയ്യുക” (2:5) എന്നത് യോഹന്നാൻ സുവിശേഷത്തിലെ ശിഷ്യത്വത്തിന്റെ സംഗ്രഹവാക്യമായി മനസിലാക്കാം.
ആറ് കൽപാത്രങ്ങൾ യഹൂദ ശുദ്ധീകരണാചാരങ്ങൾക്കായുള്ളവയാണ്. കൽപാത്രങ്ങൾ അശുദ്ധമാകില്ലെന്ന വിശ്വാസം അന്നുണ്ടായിരുന്നു. വെള്ളം, കല്ല്, ആറെന്ന സംഖ്യ എല്ലാം പ്രതീക്കാത്മകമായി കാണാം. വെള്ളം ആചാരപരമായ ശുദ്ധീകരണത്തെയും കല്ല് നിയമത്തിന്റെ കാർക്കശ്യത്തെയും ആറെന്ന സംഖ്യ ഏഴിൽനിന്നും ഒന്നു കുറവായതിനാൽ അപൂർണ്ണതയെയും സൂചിപ്പിക്കുന്നു. യേശു ഇവിടെ പാത്രങ്ങൾ നശിപ്പിക്കുന്നില്ല, പാത്രങ്ങൾ മാറ്റുന്നതുമില്ല; എന്നാൽ അവയുടെ ഉള്ളടക്കം മാറ്റി. നമ്മളിങ്ങനെ പാത്രങ്ങൾ മാറ്റിമാറ്റി പരീക്ഷിക്കുവാണ്. ഉള്ളടക്കം മാറ്റാതെ എന്തെങ്കിലും പരിവർത്തനം നടക്കുമോ. ഇവിടെ യേശു പാത്രങ്ങൾ നിറച്ചു മാറ്റുന്നു. നിയമത്തെ നിഷേധിക്കുകയല്ല; മറിച്ച് പൂർണ്ണതയിൽ എത്തിക്കുന്നു എന്ന യോഹന്നാന്റെ ദൈവശാസ്ത്രമാണ് (1:16–17) ഇവിടെ കാണുന്നത്.
പഴയ നിയമത്തിൽ വീഞ്ഞ് യുഗാന്ത്യ രക്ഷയുടെ അടയാളമാണ് (യശയ്യ. 25:6; ആമോസ് 9:13). ഇവിടെ യേശു നൽകുന്ന വീഞ്ഞിന്റെ പ്രത്യേകത ശ്രദ്ധിക്കണം:
ഗുണമേന്മയുള്ളത് (Quality), അതിരില്ലാത്ത അളവിൽ (Limitless), ആരും പ്രതീക്ഷിക്കാത്ത സമയത്താണ് (Unexpected) നൽകുന്നത്. വിരുന്നിന്റെ മേൽനോട്ടക്കാരന്റെ വാക്കുകൾ ശ്രദ്ധിക്കുക:
“നല്ല വീഞ്ഞ് ഇതുവരെ സൂക്ഷിച്ചിരിക്കുന്നു” (2:10)
ഇത് യോഹന്നാന്റെ പ്രധാന സുവിശേഷപ്രഖ്യാപനമാണ്. ദൈവത്തിന്റെ ഏറ്റവും നല്ല വെളിപ്പാട് ക്രിസ്തുവിലാണെന്ന് യോഹന്നാൻ ഇവിടെ പ്രഖ്യാപിക്കുന്നു. “അവൻ തന്റെ മഹിമ വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു” (2:11) എന്നാണ് വചനം പറയുന്നത്.
യോഹന്നാനിൽ മഹിമ (δόξα) എന്നത് സ്നേഹപൂർവ്വമായ ദൈവിക സാന്നിധ്യത്തിന്റെ വെളിപ്പാടാണ്. ഈ മഹിമയെ തിരിച്ചറിയുന്നത് ജനക്കൂട്ടമല്ല (Crowd), വിശ്വാസത്തോടെ നോക്കുന്ന ശിഷ്യരാണ് (Disciples). കൈയ്യടി കിട്ടുന്നില്ല, മുഴുത്ത സമ്മാനവുമില്ല. യാതൊരു പരസ്യ പ്രചാരണമോ ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമോ ഇല്ലാ. തന്റെ ശുശ്രൂഷ ശാന്തമായി നിർവഹിച്ചു അയാൾ മറയുകയാണ്. അമ്മയോ മകനോ ഇതിന്റെ പേരിൽ മേനി പറഞ്ഞു ആളാകാൻ ശ്രമിക്കുന്നില്ല. ശാന്തം സുന്ദരം.
ഒരു വലിയനോമ്പുകാലം ആരംഭിക്കുകയാണ്. പുറമേയുള്ള ആചാരങ്ങളിൽ നിന്ന് അകമേയുള്ള പരിവർത്തനത്തിലേക്കും നിയമത്തിന്റെ കാർക്കശ്യത്തിൽ നിന്നും കൃപയുടെ പ്രവാഹത്തിലേക്കും
ഉള്ളിലെ ശൂന്യതയിൽ നിന്ന് ക്രിസ്തുവെന്ന സമൃദ്ധിയിലേക്കുമുള്ള സഞ്ചാരമായി ഈ നോമ്പുകാലം പരിണമിക്കട്ടെ. ശുഭയാത്ര.
– ഗർഷോം
Artwork credits: Wedding at Cana by Mike Moyers

