ഇപ്പോൾ മലങ്കരസഭയിൽ പ്രത്യേക അനുവാദം കൂടാതെ വിവാഹം നടത്താവുന്നത് ഞായർ , തിങ്കൾ ദിവസങ്ങളിൽ മാത്രമാണ് . എന്നാൽ ഇന്ത്യയ്ക്കു വെളിയിൽ ഉള്ളവർ അവിടെ വെച്ച് വിവാഹിതരാവുകയാണെങ്കിൽ ശനിയാഴ്ച പള്ളിയിൽ വെച്ച് അവർക്ക് വിവാഹം ആകാം . നാട്ടിൽ ജീവിക്കുന്നവർക്ക് പ്രത്യേകാനുമതിയോടെ വിവാഹം കഴിക്കാവുന്ന ദിവസങ്ങൾ ബുധനും വെള്ളിയും മാത്രം . ഈ നിരോധന – സൗജന്യങ്ങളുടെ വേദശാസ്ത്രവും യുക്തിയും വിശ്വാസികൾക്ക് അജ്ഞാതമാണ് . ഈ തീരുമാനങ്ങൾ സംബന്ധിച്ച് വിശ്വാസിസമൂഹത്തിൽ നിന്ന് അന്വേഷണം ഉണ്ടാകാറുണ്ട് . പലപ്പോഴും നിയമങ്ങൾ സൃഷ്ടിക്കുന്നതും നിരോധനങ്ങൾ ഏർപ്പെടുത്തുന്നതും വേണ്ടത്ര പഠനവും ആലോചനയും ഇല്ലാതെയാണ് എന്നതുകൊണ്ട് അവയ്ക്ക് ഇടയ്ക്കിടെ മാറ്റം വരുത്തേണ്ടതായും വരുന്നു എന്നും വിശ്വാസിസമൂഹം ചിന്തിക്കുന്നു . ഇതു സംബന്ധിച്ച് സ്വതന്ത്രബുദ്ധികളായ വിശ്വാസികൾ വിശദീകരണം ആവശ്യപ്പെടാറുണ്ട് . ചോദ്യം ചോദിക്കുന്നതിന് വിശ്വസികൾക്കുള്ള അവകാശം നിഷേധിക്കാനാവില്ല . ഇതിനു മറുപടി നൽകുവാനുള്ള ഉത്തരവാദിത്തം പൗരോഹിത്യ – ആത്മീയ നേതൃത്വത്തിനുണ്ട് . എന്നാൽ അത് പലപ്പോഴും സംഭവിക്കാറുമില്ല . അതാണ് ഈ വിഷയം അഭിസംബോധന ചെയ്യുന്നതിന് എന്നെ നിർബന്ധിച്ച ഘടകം . വിവാഹകൂദാശാനുഷ്ഠാനത്തിന് അനുവദനീയമായ ദിവസങ്ങൾ സംബന്ധിച്ച അന്വേഷണത്തിനുള്ള വിശദീകരണമാണ് ഈ കത്തിലെ പ്രമേയം .
സഭയുടെ ആദ്യകാലങ്ങളിൽ വിവാഹം പ്രത്യേക ശുശ്രൂഷകളില്ലാതെയാണ് നടന്നു വന്നിരുന്നത് എന്നത് ചരിത്രം പഠിച്ചവർക്ക് അറിയാം . വിവാഹിതരാകുന്നവർ അതിന് ഒരുങ്ങി വി.കുർബാനയിൽ സംബന്ധിക്കുകയും ഇരുവരും ചേർന്ന് വി.കുർബാന സ്വീകരിച്ച് കുടുംബജീവിതം ആരംഭിക്കുകയും ആയിരുന്നു പതിവ് . അന്ന് ഞായറാഴ്ചകളിൽ മാത്രമായിരുന്നു വി. കുർബാന അർപ്പിച്ചിരുന്നത് . അതിനാൽ വിവാഹവും ആരാധനയോടനുബന്ധിച്ച് ഞായറാഴ്ചയായിരുന്നു നടന്നിരുന്നത് . എന്നാൽ എല്ലാ പ്രധാന ആരാധനാദിവസത്തിൻ്റെയും തുടർന്നുള്ള ദിവസം തുടർ ആഘോഷദിനമായി പരിഗണിച്ചിരുന്നു . അതുകൊണ്ട് ഞായർ ദിനത്തിന് പിറ്റേന്ന് തിങ്കളാഴ്ച തുടർ ഞായറായി ( extended Sunday )പരിഗണിച്ച് വി.കുർബാന ക്രമീകരിച്ച് വിശുദ്ധ വിവാഹജീവിതം ആരംഭിക്കുവാൻ സാധ്യത ഉണ്ടായി . അതായത് വിവാഹജീവിതം വി.കുർബാനയിൽ സംബന്ധിച്ച് വിശുദ്ധരഹസ്യങ്ങളുടെ സ്വീകരണം വഴി ആരംഭിച്ചിരുന്നതുകൊണ്ട് സ്വാഭാവികമായും വിവാഹം ഞായർ , തിങ്കൾ ദിവസങ്ങളിൽ മാത്രം നടന്നുവന്നിരുന്നു . എന്നാൽ ഈ ദിവസങ്ങളിൽ മാത്രമേ വിവാഹകൂദാശാനുഷ്ഠാനത്തിന് അനുമതിയുള്ളൂ എന്ന് ഇതിന് അർത്ഥമില്ല . ആദിമസഭയിൽ ആ ദിവസങ്ങളിൽ മാത്രമായിരുന്നു ആരാധന ഉണ്ടായിരുന്നത് എന്നതുകൊണ്ട് വിവാഹങ്ങളും അന്നു മാത്രം നടന്നു എന്നേ സൂചന യുള്ളൂ.
ഇന്ന് വിവാഹകൂദാശയുമായി ഈ ആരാധനാബന്ധം തീർത്തും വേർപെടുത്തി സ്വതന്ത്രമാക്കി ഏതു നേരത്തും നടത്താമെന്ന സ്ഥിതിയിൽ എത്തിയത് അടുത്തകാലത്താണ് . ഇതിൻ്റെ വേദശാസ്ത്രവും പാരമ്പര്യവും അജ്ഞാതമാണ് . വിഷയം സംബന്ധിച്ച് ധാരണകൾ ഇല്ലാതെ വരുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന പരിണാമമായി മാത്രം ഇതിനെ മനസ്സിലാക്കിയാൽ മതി . ഏതായാലും വിവാഹിതരാകുന്നവർ ആരാധനയിൽ ഒരുമിച്ച് പങ്കുകൊണ്ട് വിശുദ്ധ രഹസ്യങ്ങൾ സ്വീകരിച്ച് കുടുംബജീവിതം നയിക്കുന്ന പുരാതനപാരമ്പര്യം അടുത്തകാലത്ത് പൂർണ്ണമായും കാലഹരണപ്പെട്ടു . ഇങ്ങനെ ഒന്നിനെ പറ്റി കേട്ടുകേൾവി പോലും ഇല്ലാതായി . അതുകൊണ്ട് ആരും സംശയം ഉന്നയിച്ച് കേൾക്കുന്നുമില്ല .
നാലാം നൂറ്റാണ്ടിനു ശേഷം വി. കുർബാന ഞായർ , തിങ്കൾ അല്ലാതെയുള്ള ദിവസങ്ങളിലും ആവശ്യാനുസരണം അനുഷ്ഠിക്കുന്ന പതിവ് ഉണ്ടായി . അതോടെ മറ്റു ദിവസങ്ങളിലും വിവാഹാനുഷ്ഠാനത്തിന് സാധ്യത തെളിഞ്ഞു . ഇതേ തുടർന്ന് ബുധൻ , വെള്ളി ദിവസങ്ങളിൽ വിവാഹനിയന്ത്രണം വന്നു . ഈ ദിവസങ്ങൾ അനുതാപദിവസങ്ങളായിരുന്നു എന്നതാണ് അതിന് കാരണം . ബുധൻ കർത്താവിനെ വധിക്കുന്നതിന് തീരുമാനം ചെയ്യുന്ന ദിവസവും വെള്ളി കർത്താവിനെ ക്രൂശിച്ച ദിവസവും ആയിരുന്നതാണ് ഈ ആചരണത്തിന്റെ ആധാരം . ആ ദിവസങ്ങൾ അനുതാപദിനങ്ങൾ ( penitential days ) ആയതുകൊണ്ട് അവയിൽ വിവാഹം , മറ്റ് ആഘോഷങ്ങൾ എന്നിവ പൂർണമായും നിരോധിതമായിരുന്നു . വർജ്ജ്യവസ്തുക്കൾ ഒഴിവാക്കിയോ ഇപ്പോൾ നടക്കുന്നതുപോലെ ആ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് വിവാഹ – ആഘോഷ പരിപാടികൾ നടത്തിയിരുന്നില്ല . സഭയുടെ ആഘോഷപരിപാടികളും നോമ്പ് – അനുതാപദിന കാലഘട്ടങ്ങളിൽ നടത്തുന്നതും പൂർണ്ണമായും നിരോധിച്ചിരുന്നു .
സഭയിൽ വിവാഹങ്ങളും ആഘോഷപരിപാടികളും ബുധൻ , വെള്ളി , നോമ്പ് നാളുകൾ എന്നിവയിൽ നിരോധിച്ചതായി പേർഷ്യൻസഭ പൗരസ്ത്യ കാതോലിക്കായുടെ അധ്യക്ഷതയിൽ AD 410 ൽ സെല്യൂഷ്യ – റ്റെസിഫോണിൽ ചേർന്ന സുന്നഹദോസിന്റെ കാനോൻ ശ്രദ്ധിച്ചാൽ മനസ്സിലാകും . അത് ഇപ്രകാരമാണ് : In times of fasting and penitence marriage and festivities are not permitted . വിവാഹാനുഷ്ഠാനം ഏതു ദിവസവും ആകാമെന്ന ചിന്തയ്ക്കുള്ള തിരുത്തും പൂർണ്ണ ( absolute ) നിരോധനവും ആയിരുന്നു ഈ സുന്നഹദോസ് തീരുമാനം . ഈ തീരുമാനം പൗരസ്ത്യ കാതോലിക്കേറ്റിൻ്റെ പിന്തുടർച്ചയുള്ള നമ്മുടെ സഭയ്ക്കും ഇന്നും ബാധകമാണ് .
വിവാഹം എന്നുവേണമെങ്കിലും ആകാമെന്നും എന്നാൽ നോമ്പു ദിവസങ്ങളിൽ അതു പാടില്ല എന്നും ദാദീഷോ കാതോലിക്കായുടെ അധ്യക്ഷതയിൽ AD 424 ൽ കൂടിയ കിഴക്കൻ സഭയുടെ സുന്നഹദോസ് വീണ്ടും വ്യക്തമാക്കുന്നു : As everyday , which is not a fast day , marriage is permitted in the Church . കാര്യം വളരെ വ്യക്തം : വിവാഹ കൂദാശയ്ക്ക് തടസ്സമുള്ള ദിവസങ്ങൾ നോമ്പ് ദിനങ്ങൾ മാത്രം . എന്നാൽ മറ്റു ദിവസങ്ങളിൽ പ്രത്യേക അനുവാദം കൂടാതെ വിവാഹകൂദാശ ആകാം . ഈ വിഷയം സംബന്ധിച്ച് കൃത്യമായ തീരുമാനമാണിത് . ഇത് പേർഷ്യൻസഭ നെസ്തോറിന്റെ വേദശാസ്ത്രം സ്വീകരിക്കുന്നതിനും മുമ്പ് ആയതുകൊണ്ട് നമുക്കും ഒഴിവാക്കാനാവില്ല . കേരളത്തിലെ സുറിയാനിപാരമ്പര്യം നിലനിർത്തുന്ന സീറോ മലബാർ സഭയും കൽദായസുറിയാനി സഭയും വിവാഹദിവസങ്ങൾ അനുവദിക്കുന്നത് ഈ പഴയ രീതി നിലനിർത്തിക്കൊണ്ടാണ് .
പൗരസ്ത്യസഭയുടെ ഒരു കാനോനിസ്റ്റ് ആയ Isbokht of Ardashir പ്രസ്താവിക്കുന്നു : Marriage on fasting time is not permitted because it is the penitential time of the Church . ബുധനും വെള്ളിയും വർജ്ജനദിനങ്ങൾ ആയതുകൊണ്ടല്ല പ്രത്യുത അനുതാപദിനങ്ങൾ ആയതുകൊണ്ടാണ് ആ ദിവസങ്ങളിൽ വിവാഹം അനുവദനീയമല്ല എന്ന് സഭ തീരുമാനിച്ചത് .
മേൽ വിവരിച്ച കാര്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത് :
- വിവാഹം വിശുദ്ധ കുർബാനയുമായി ചേർന്ന് മാത്രം നടന്നിരുന്ന ശുശ്രൂഷയാണ് .
- ബുധൻ , വെള്ളി , നോമ്പ് ദിനങ്ങൾ അനുതാപദിനങ്ങളാകയാൽ ഈ ദിവസങ്ങളിൽ ഒരു സമയത്തും (ഉച്ചകഴിഞ്ഞും ) വിവാഹകൂദാശ നടത്തുന്നതിന് നിരോധനം നിലനിൽക്കുന്നു .
- ഈ നിയമത്തിന് ഒഴിവ് നൽകുവാൻ സഭാധ്യക്ഷൻ ഉൾപ്പെടെ ആർക്കും സഭ അനുവാദം നൽകുന്നില്ല .
- അല്ലാതുള്ള ഏത് ദിവസവും വിവാഹം നടത്തുന്നതിന് വിശ്വാസികൾക്ക് സ്വാതന്ത്ര്യം ഉണ്ട്. അതിന് പ്രത്യേക അനുമതി ആവശ്യമില്ല .
ഇത് പൗരസ്ത്യകാതോലിക്കേറ്റിന്റെ മാത്രം നിയമമല്ല . മിക്ക ഓറിയന്റൽ സഭയുടെയും പൊതു പാരമ്പര്യമാണ് . കോപ്റ്റിക് ഓർത്തഡോക്സ് , അർമേനിയൻ അപ്പോസ്തോലിക സഭകളിൽ ബുധൻ , വെള്ളി ദിവസങ്ങൾ ഒഴികെ ഏത് ദിവസങ്ങളിലും വിവാഹകൂദാശ അനുവദനീയമാണ് . ആ സ്വാതന്ത്ര്യമാണ് ഇവിടെ നഷ്ടപ്പെടുത്തിയിരിക്കുന്നത് . ഇവിടെയാകട്ടേ , അനുതാപദിവസങ്ങളിൽ നിരോധനം മാറ്റി ഉച്ചകഴിഞ്ഞ് സഭാധ്യക്ഷന്റെ പ്രത്യേക അനുമതിയോടെ വിവാഹം നടത്താമെന്നായി . ചൊവ്വ , വ്യാഴം , ശനി എന്നീ ദിവസങ്ങളിൽ വിവാഹം നടത്തുന്നത് സഭയിലെ ഒരു പുരാതന സുന്നഹദോസും തടഞ്ഞിട്ടില്ല (ബാർ എബ്രായ ഇത് ഒരു ക്രമീകരണം എന്ന നിലയിൽ നിർദ്ദേശം നൽകുന്നു എന്നു മാത്രം) . എന്നിട്ടും കേരളത്തിനുള്ളിൽ വിവാഹവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു . ചൊവ്വ , വ്യാഴം , ശനി ദിവസങ്ങളിൽ പൊതുവായ നിരോധനവും നിലനിൽക്കുന്നു .
ശനിയാഴ്ച വിവാഹത്തിന് തടസ്സമായി ഉന്നയിക്കുന്ന കാര്യം പിറ്റേദിവസം ഞായറാഴ്ച ആയതുകൊണ്ട് വിവാഹ വേഴ്ചയിൽ ഏർപ്പെട്ട ഭാര്യാ ഭർത്താക്കന്മാർക്ക് വിശുദ്ധ കുർബാന സ്വീകരിക്കാനാവില്ല എന്നതാണ് (അങ്ങനെയെങ്കിൽ ഇന്ത്യയ്ക്ക് പുറത്തും ഈ തത്വം ബാധകമാകേണ്ടതാണല്ലോ) . വിവാഹത്തിലുള്ള ലൈംഗികബന്ധം വി. കുർബാനാ സ്വീകരണത്തിന് തടസ്സമല്ല (ഈ വിഷയം സംബന്ധിച്ച് പിന്നാലെ എഴുതുന്നുണ്ട് ). കൂടാതെ എല്ലാ ഞായറാഴ്ചകളിലും വിശ്വാസികളെല്ലാവരും ആരാധനയിൽ പങ്കുകൊള്ളണമെന്നും വിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്ന എല്ലാവരും വി. കുർബാന സ്വീകരിക്കണം എന്ന നിർബന്ധം ഓർത്തഡോക്സ് സഭയിൽ നിലവിലില്ല .അങ്ങനെയെങ്കിൽ ശനിയാഴ്ച വിവാഹിതരാകുന്നവർ വിശുദ്ധ കുർബാനുഭവത്തിൽ നിന്നും വിട്ടു നിൽക്കുവാനുള്ള സ്വാതന്ത്ര്യം പ്രയോഗിച്ചാൽ മതിയാകുമല്ലോ . പിന്നെ അതിൻ്റെ പേരിൽ എന്തിന് വിവാഹകൂദാശയ്ക്ക് ശനിയാഴ്ച വിലക്ക് ഏർപ്പെടുത്തണം എന്ന ചോദ്യം അവശേഷിക്കുന്നു . ശനിയാഴ്ച വിവാഹകൂദാശ നടത്തിപ്പ് സംബന്ധിച്ച് ഒരിടത്ത് അനുവാദവും മറ്റൊരിടത്ത് നിരോധനവും നിലനിൽക്കുമ്പോൾ നിരോധനനിയമത്തിന് പ്രാബല്യമുണ്ട് എന്ന് വാദിക്കുന്നതിൽ യുക്തിയുടെ പിൻബലമില്ല . സാധാരണ മനുഷ്യൻ്റെ യുക്തിചിന്തയെ ആത്മീയനേതൃത്വവും ആദരിക്കണമെന്ന് വിശ്വാസിസമൂഹം ആഗ്രഹിക്കുന്നുണ്ട് .
സുറിയാനിസഭയിൽ വിവാഹം ഒരു സ്വകാര്യ ചടങ്ങല്ല എന്ന് ഓർക്കുക . അത് സാമൂഹ്യസ്വഭാവം ഉള്ള സഭാപരമായ കൂദാശയാണ് . സഭാംഗങ്ങൾ ചേർന്നു നടത്തുന്ന ആഘോഷാനുഭവമാണ് . അതുകൊണ്ടാണ് പരസ്യമായി വിവാഹ കാര്യം പള്ളിയിൽ വിശ്വാസികളുടെ അറിവിലേക്കായി പരസ്യപ്പെടുത്തുന്നതും സഭാകൂട്ടായ്മയിൽ നിർവഹിക്കപ്പെടുന്നതും . ആ സാഹചര്യത്തിലാണ് അനുതാപദിനങ്ങളായ ബുധൻ , വെള്ളി ദിവസങ്ങൾ ഒഴികെ വി.കുർബാനയോടു ചേർന്ന് ഏതു ദിവസവും വിവാഹമാകാം എന്ന് പൂർവ്വകാല സുന്നഹദോസുകൾ തീരുമാനമെടുത്തത് .lt is an ecclesial act closely tied to eucharist . വിവാഹം വി. കുർബാനയുമായി ബന്ധപ്പെടുത്തി നടക്കുന്നതും സഭയുടെ പൊതുവായ അനുതാപദിനങ്ങളിൽ വിവാഹം നടത്തുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നതും ഈ പശ്ചാത്തലത്തിലാണ് . വിവാഹശുശ്രൂഷയ്ക്കു ശേഷം വി. കുർബാന അർപ്പിച്ച് വധു വരന്മാർ വി. കുർബാന സ്വീകരിച്ച് കുടുംബജീവിതം ആരംഭിക്കുകയാണ് ഏറ്റവും അഭിലഷണീയം . ചെറുപ്പക്കാരായ സഭാംഗങ്ങൾ ധാരാളം പേർ കേരളത്തിനും ഇന്ത്യയ്ക്കും പുറത്ത് താമസിക്കുന്നവരാണ് . അവർ അവധി തരപ്പെടുത്തി വിവാഹം നടത്തുന്നതിന് നാട്ടിൽ എത്തുമ്പോൾ അതിനു ലഭിക്കുന്ന സമയം പരിമിതമായിരിക്കും . വിവാഹാനന്തര സദ്യയ്ക്കുള്ള ഇടങ്ങൾ ലഭ്യമാക്കുന്നതും എളുപ്പമല്ല . ഈ സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ അനുവദനീയമായ വിവാഹ കൂദാശാനുഷ്ഠാന ദിനങ്ങൾ റദ്ദ് ചെയ്തും നിയന്ത്രണങ്ങൾ വർദ്ധിപ്പിച്ചും അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുന്നതാണ് ന്യായവും ഉചിതവും. പരീക്ഷണാടിസ്ഥാനത്തിൽ നിയമനിർമ്മാണം നടത്തുന്നത് അനുകൂലിക്കാവുന്ന പ്രവണതയല്ല താനും.
എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ വിശ്വാസികൾക്ക് നോമ്പ് /അനുതാപ ദിവസങ്ങളിൽ വിവാഹാനുമതിക്ക് ശുപാർശ നൽകുന്നതിനും അനുതാപദിവസങ്ങളല്ലാത്ത സമയങ്ങളിൽ ഉള്ള വിവാഹാനുഷ്ഠാനനിരോധനത്തിന് കൂട്ടുനിൽക്കുന്നതിനും പട്ടക്കാർ നിർബന്ധിതരാകേണ്ടി വരുന്നു . വേദശാസ്ത്രാടിസ്ഥാനമില്ലാത്ത നിരോധനങ്ങൾ നിർത്തലാക്കുകയും നോമ്പ് ദിനങ്ങളിലെ വിവാഹനടത്തലിനുള്ള സൗജന്യം പിൻവലിക്കുകയുമാണ് ഈ പ്രശ്നത്തിനുള്ള പരിഹാരം.
സസ്നേഹം നിങ്ങളുടെ
അത്താനാസിയോസ് തോമസ് മെത്രാപ്പോലീത്ത

