അയാൾ ശെരിക്കും വിലസുകയായിരുന്നു. ഒന്നു മൂളിയിരുന്നെങ്കിൽ മശിഹായായി സ്വയം അവരോധിക്കമായിരുന്നു. ജനം അങ്ങനെതന്നെ ഏതാണ്ട് വിശ്വസിച്ച മട്ടാണ്. പക്ഷേ അയാൾക്ക് അതിനു കഴിയില്ല. അമ്മയുടെ ഉദരത്തിൽ വെച്ചുതന്നെ മശിഹായെ അടുത്തറിഞ്ഞ അയാൾക്ക് താൻ ആടിത്തിമിർക്കുന്ന അരങ്ങു വിട്ടോഴിയാനെ സാധിക്കൂ. കാരണം അയാളുടെ മനസ്സ് എപ്പോഴും മന്ത്രിക്കുന്നത് ഒന്നു മാത്രമാണ്: “ഞാനോ കുറയണം അവനോ വളരണം.” അത്യാവശ്യം പേരും, പെരുമയും, കൂടെകൂടാൻ അനേകം ശിഷ്യന്മാരും ഒക്കെയുള്ള ഒരു ഗുരു സാധ്യമായിരുന്ന എല്ലാ നേട്ടങ്ങളും ഉപേക്ഷിച്ചു അരങ്ങ് ഒഴിയുകയാണ്. സ്വന്തം അണികളെപോലും പുതിയ ഗുരുവിന്റെ അടുത്തേക്ക് പറഞ്ഞയക്കുകയാണ്. മുന്നോടിയാവാൻ എന്തുകൊണ്ടും യോഗ്യൻ. മുന്നോടികൾ പിറകേ വരുന്നവരെ അരിഞ്ഞുവീഴ്ത്തി സ്വന്തം സ്ഥാനം നഷ്ടപ്പെടാതിരിക്കാനുള്ള പതിനെട്ടു അടവും പയറ്റുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അവിടെയിതാ ഒരു മനുഷ്യൻ താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ഥാനമാനങ്ങളും, തന്റെതായ ഇടവും (own space) നഷ്ടപ്പെടുത്തികൊണ്ട് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുകയാണ്. ഈ വിരമിക്കൽ വളരെ ശ്രദ്ധേയമാണ്. ഇത്രയും കാലം പട്ടുമെത്തയിൽ കിടന്നോ, സിംഹാസനത്തിൽ ഇരുന്നോ നാടിനെയോ, സഭയേയോ ഭരിച്ചു മേയ്ച്ച ആളല്ല ഇയാൾ. നാടുമുഴുവൻ അലഞ്ഞുതിരിഞ്ഞു “നിങ്ങൾ നന്നാവണം, നന്നാവണം” എന്നു തൊണ്ടകീറി പറഞ്ഞു, ഭരണകൂടത്തെയും, അതിന്റെ ശില്പന്തികളെയും വെറുപ്പിച്ച ആളാണ്. ഗുരുപരിവേഷം ഉപേക്ഷിച്ചു വിശ്രമജീവിതം നയിക്കാൻ തയ്യാറായാൽ അയാൾ ഒറ്റക്കാകുമെന്നും, താനിതുവരെ വിരൽചൂണ്ടിയ ഭരണകൂടഭീകരത തന്നെ വകവരുത്തുമെന്നു അറിഞ്ഞിട്ടും അയാൾ ആ വഴി തെരെഞ്ഞെടുക്കുകയാണ്. ഈ വിശ്രമജീവിതം എന്നത് ആളൊഴിഞ്ഞ ആശ്രമത്തിലെ ശീതീകരണ മുറിയിൽ മൃഷ്ടാനഭോജനം ഭുജിച്ചുള്ള ജീവിതമായിരുന്നില്ല. മുൻപും പിൻപും അയാൾ ശുശ്രൂഷയിൽ മുഴുകിയിരുന്നു. പ്രവാചക ശബ്ദം പിന്നെയും മുഴങ്ങിയിരുന്നു. “ഇതാ ദൈവത്തിന്റെ കുഞ്ഞാട്. ഇവൻ നിങ്ങളെ അഗ്നിയിലും, ആത്മാവിലും സ്നാനം ചെയ്യിക്കുമെന്ന്” പറഞ്ഞു നടന്നു. അപ്പോളും വിരൽ ചൂണ്ടുന്നത് ദൈവപുത്രനെ അംഗീകരിക്കാൻ താൽപ്പര്യമില്ലാത്ത ഭരണകൂടത്തെത്തന്നെയാണ്. വിലയായി കൊടുക്കേണ്ടി വന്നതോ സ്വന്തം ശിരസ്സ്. അത് അയാൾക്ക് വലിയ പ്രശ്നമൊന്നുമില്ല. ഉദരത്തിൽവെച്ചു തന്നെ പ്രാണൻ അർപ്പിച്ചവന് ശിരസ്സ് പോയാലെന്ത്? ശിരസ്സറ്റു പോയിട്ടും ഇന്നും ആ ശബ്ദം നമ്മുടെ മേൽ അലയടിക്കുകയാണ്. ഓരോതവണ പള്ളിയിലും, ഭവനത്തിലുമൊക്കെ കൊടിയേറ്റുമ്പോൾ അയാളുടെ ശിരസ്സറ്റ ഉടലാണ് നാം ഉയർത്തുന്നത്. അല്ല; അയാളുടെ നിലപാടുകളെത്തന്നെയാണ്. നേതൃമാറ്റം അനിവാര്യമായ സാഹചര്യത്തിൽ എത്ര കുലീനതയോടെയാണ് അയാൾ വഴിമാറി കൊടുക്കുന്നത്. ഇതാണ് നേതാവ്.
ഇനി മശിഹായുടെ സുന്ത്രോണീസോയാണ് നടക്കുന്നത്. Denaho is the enthronement of Messiah. മാമോദീസ യഥാർത്ഥത്തിൽ സ്ഥാനാരോഹണമാണ്. ഒരു നേതാവിന്റെ, രക്ഷകന്റെ, ഒരു ബദൽ സംസ്കാരത്തിന്റെ, ഒരു നവസമ്പ്രദായത്തിന്റെ ഉദയം. എന്തിനേറെ “ദൈവനീതിയുടെ” ഉദയമായിരുന്നു അതു. “New Normal” എന്നൊക്കെ ഇപ്പോൾ കേൾക്കുന്നില്ലേ, അതു തന്നെയാണ്.
രണ്ടു അർത്ഥതലങ്ങളാണ് സുന്ത്രോണീസോയിൽ ഉള്ളത്: ഒന്നു, തെരെഞ്ഞെടുത്ത സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ദൈവികപദ്ധതി ഉറപ്പിക്കുക, രണ്ടു, ആ ദൈവീക തെരെഞ്ഞെടുപ്പിനെ ജനം അംഗീകരിക്കുക.
ജോർദാൻ നദിക്കര സാക്ഷിയാവുന്നത് വലിയൊരു വിശേഷത്തിനാണ്. പിതാവും, പുത്രനും, പരി. റൂഹായും ആദ്യമായി പൊതുവിൽ സമ്മേളിക്കുന്ന അസുലഭ നിമിഷം. യേശു ദൈവപുത്രനാണെന്ന് സ്വർഗസ്ഥനാം ദൈവം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന സമയം. പക്ഷേ അവിടെ നടക്കുന്നത് അധികാരത്തിന്റെയോ, അടക്കിവാഴലിന്റെയോ ചെങ്കോൽ സ്വീകരണമല്ല. മറിച്ചു ഒരു മനുഷ്യൻ തന്റെ ജനത്തോട് താദാത്മ്യം പ്രാപിച്ചു (A leader who identified with his people) അവരുടെ ശുശ്രൂഷകനായി നേതൃസ്ഥാനം ഏറ്റെടുക്കുന്ന കാഴച്ചയാണ്. ഈ മാമോദീസ യേശുവോ, യോഹന്നാനോ കണ്ടുപിടിച്ച ഒന്നല്ല. നമ്മുടെ വി. കുമ്പസാരത്തിന് തുല്യമായ ഒരു ആചാരമായി യഹൂദന്മാർക്കിടയിൽ നൂറ്റാണ്ടുകളായി ഇത് അനുഷ്ഠിക്കപ്പെട്ടിരുന്നു. ആത്മീയമായ അശുദ്ധിയും, പാപവും നീക്കം ചെയ്ത് ആത്മീയമായ ശുദ്ധീകരണമാണ് (spiritual cleansing) ഇതിലൂടെയുള്ള ലക്ഷ്യം. ദൈവം തന്റെ സത്തയെ ആ വെള്ളത്തിലും, പിന്നെ ആ ചടങ്ങിലും ലയിപ്പിച്ചുകൊണ്ട് സമൂലമായ ഒരു സാമൂഹ്യ – സാമുദായിക വിപ്ലവത്തിന് തിരി കൊളുത്തുകയായിരുന്നു. യഥാർത്ഥത്തിൽ യഹൂദന്മാരുടെ രാജാവായ മശിഹായുടെ സ്ഥാനാരോഹണം നടക്കേണ്ടത് രാജകൊട്ടാരത്തിലോ, പ്രത്യേകം ഒരുക്കപ്പെട്ട മൈതാനിയിലോ ആയിരുന്നില്ലേ. മശിഹായ്ക്ക് സിംഹാസനവും, കിരീടവും, ചെങ്കോലും നൽകി എതിരേൽക്കാൻ രാജപുരോഹിതന്മാരും, മതപ്രമാണികളും ഉണ്ടായിരുന്നല്ലോ. കുറേകൂടി ആധികാരികമായിരുന്നില്ലേ. എന്നിട്ടുമെന്തെ യോർദാൻ നദിക്കരയിൽ, പാപികളോടൊപ്പം, യോഹന്നാനിൽ നിന്നും. “ദൈവത്തിന്റെ സഹനദാസൻ” (Suffering servant of God) എന്നനിലയിൽ തന്റെ ശുശ്രൂഷയുടെ ആരംഭമാണ് യോഹന്നാനിൽ നിന്നും ഏൽക്കുന്ന മാമോദീസ. എല്ലാത്തിലുമുപരി പാപികളായ തന്റെ ജനത്തോടൊപ്പം എണ്ണപെടുവാൻ അവൻ ആഗ്രഹിച്ചു. അത് അയാളുടെ നിയോഗബോധ്യമാണ്. ഞാൻ ശുശ്രൂഷ ചെയ്യേണ്ടത് ഈ ജനത്തിന് വേണ്ടിയാണ്. ഇവരുടെ മദ്ധ്യേയാണ് താൻ ഭാവിയിൽ നിൽക്കേണ്ടത്. ഒരു വിദേശിയായി (alien) നിൽക്കാൻ അയാൾക്ക് താല്പര്യമില്ല. (അന്ത്യോക്യയിൽ വന്നാൽ പട്ടം നൽകാം എന്നു പറഞ്ഞപ്പോൾ, “എന്റെ ജനത്തിന് വേണ്ടി എനിക്ക് പട്ടം നൽകാൻ അധികാരവും, അവകാശവുമുള്ള ഒരു നേതൃത്വം ഇവിടെയുണ്ട്. പട്ടം സ്വീകരിക്കുന്നെങ്കിൽ അവരുടെ കരങ്ങളാൽ, അല്ലെങ്കിൽ എനിക്ക് വേണ്ടയെന്നു” ആർജ്ജവത്തോടെ പറഞ്ഞ ക്രിസ്തുശിഷ്യരായ പിതാക്കന്മാർ ഈ സഭയിലുമുണ്ടെന്നുള്ളത് സന്ദർഭവശാൽ ഓർക്കുന്നു.) യേശുവിനു ഈ മാമോദീസ വെറും മുങ്ങിപൊങ്ങലല്ല, മരണസ്നാനം ആണ്. യോഹന്നാൻ യേശുവിനെ വിളിക്കുന്നത് മരണത്തിലേക്കാണ്, അല്ലാതെ സ്വസ്ഥമായി ജീവിക്കാനല്ല. യഹൂദമതം സ്വീകരിച്ച പുറജാതികളായ മനുഷ്യർക്ക് മാത്രമാണ് പാപമോചനത്തിന്റെ ആവശ്യമെന്നും, ദൈവത്തിന്റെ തിരഞ്ഞെടുത്ത ജനമായ യഹൂദൻമാർ പരമ്പരാഗതമായി വിശുദ്ധരാണെന്നും ഒരു ചിന്ത അവർക്കിടയിൽ ഉണ്ടായിരുന്നു. അതിനെ ഖന്ധിച്ചുകൊണ്ടാണ് യേശു മാമോദീസയേൽക്കുന്നത്. സഹനങ്ങളിലൂടെയും, മരണത്തിലൂടെയും മനുഷ്യരാശിയെ വീണ്ടെടുക്കുകയെന്ന തന്റെ നിയോഗം യോർദാൻ നദിക്കരയിൽ സ്വയം വെളിപ്പെടുത്തുകയായിരുന്നു. ആകാശം പിളർന്നു ആത്മാവ് ഇറങ്ങിവരികയും, പിതാവ്, ഇവൻ എന്റെ പ്രിയപുത്രൻ എന്നു പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ മശിഹായുടെ നിയോഗത്തിന് സ്വർഗ്ഗം അംഗീകാരം നൽകുന്നു. സ്വകാര്യ ജീവിതത്തിനു അന്ത്യംകുറിച്ച്, രക്ഷയെ പ്രദാനം ചെയ്യുന്ന കനൽവഴികളിലേക്ക് കടന്നുവരാൻ സ്വർഗ്ഗം നൽകുന്ന ആഹ്വാനമായിരുന്നു അത്. Jesus’ baptism was an invitation to his public ministry. ആത്മാവിന്റെ ആവാസം അവനെ സഹനങ്ങൾക്കും, കുരിശുമരണത്തിനുമായി സജ്ജമാക്കുകയായിരുന്നു.
സഹോ, നമ്മൾ എല്ലാവരും ഇങ്ങനെയൊരു സുന്ത്രോണീസോ ശുശ്രൂഷയിലൂടെ ഈ കൗദാശിക ജീവിതത്തിലേക്ക് കടന്നുവന്നവരാണ്. സ്വന്തം പള്ളിക്കു മാറ്റു പോരയെന്നു പറഞ്ഞു പരുമലയിലും, അടുത്തുള്ള വല്യപള്ളികളിലും പോയി മാമോദീസയേറ്റവർ. ചിലതൊക്കെ നമുക്കും ബാധകമാണ്. എന്താണ് നമ്മുടെ സ്വത്വം, അതിൻപ്രകാരമുള്ള നമ്മുടെ നിയോഗമെന്താണ്? ഈയൊരു അന്വേഷണം ആദ്യം തന്നെ ആവശ്യമാണ്. വി. മാമോദീസയിലൂടെ ദൈവമക്കളായി തീരുകയും, അതിലൂടെ അവന്റെ ശരീരത്തിന്റെയും, സഭയുടെയും, പൗരോഹിത്യത്തിന്റെയും പങ്കുകാരായി നാം മാറുന്നു. “ക്രിസ്തുവിന്റെ ഓരോ വിളിയും മരണത്തിലേക്കുള്ള ക്ഷണകത്താണെന്ന്” ബോൺ ഹോഫർ പറഞ്ഞത് മറക്കേണ്ട. സുഖ – ദുഃഖ സമ്മിശ്രമായ ജീവിതാനുഭവങ്ങളെ ദൈവാശ്രയത്തോടെ തന്മയത്വമായി കൈകാര്യം ചെയ്യുവാനുള്ള സജ്ജീകരണം കൂടിയാണ് മാമോദീസ. ജനനവും, പീഡയും, സഹനവും, മരണവും, ഉയിർപ്പുമൊക്കെ ഒരുപോലെ മിന്നിമായുന്നുണ്ട് അവിടെ. വളർച്ചയുടെ ഓരോ ഘട്ടത്തിലും ഇതു പറഞ്ഞു മനസ്സിലാക്കാൻ ബാധ്യതയുള്ളവരാണ് തലയിൽ തൊടുന്നവരും, മാതാപിതാക്കന്മാരുമൊക്കെ. അതിനുപോലും ഇന്ന് മൂപ്പും, മുറയുമാണ്. പൈതൽ തന്റെ ജീവിതത്തിൽ പിന്നീട് ഒരിക്കലും കാണാൻ സാധ്യതയില്ലാത്തതോ, ഇനി കാണാൻ പാടില്ലാത്ത തരത്തിൽ കാണാൻ സാധ്യതയുള്ളതോ ആയ ഏതെങ്കിലും ഒരാളെകൊണ്ട് ഈ കർമ്മം ചെയ്യിക്കുന്ന ഒരുരീതി നമ്മുടെ ഇടയിൽ തന്നെയുണ്ട്. “ഞാനാണ് ഇവന്റെ നാവിൽ ആദ്യമായി ഒരുതുള്ളി മദ്യം ഇറ്റിച്ചതെന്നു” അവകാശം ഉന്നയിക്കുന്ന തലതൊട്ടപ്പൻമാരുമുണ്ട്. എങ്ങനെയാണോ അവരെ ‘God – father’ എന്നു വിളിക്കുക?
സുന്ത്രോണീസോയിൽ ഇനി പ്രധാനം ജനത്തിന്റെ അംഗീകാരമാണ്. സ്ഥാനാരോഹണ ചടങ്ങിൽ സ്ഥാനാർഥിയെ വാഴിക്കുമ്പോൾ “ഇവൻ യോഗ്യൻ” എന്നർത്ഥത്തിൽ ജനം ഓക്സിയോസ് എന്നു വിളിച്ചുപറയും. ഈയിടെ വായിച്ച ‘സുന്ത്രോണീസോ’ എന്ന ലേഖനത്തിൽ ഓക്സിയോസ് എന്നവാക്കിന്റെ ചരിത്രപശ്ചാത്തലം വായിക്കുകയുണ്ടായി. “ആദിമസഭയുടെ പീഡനത്തിന്റെ നാളുകളിൽ ജനത്തിന്റെ ഇടയന്മാരായി എഴുന്നേൽക്കുന്നവരെ സംഹരിക്കുവാൻ ക്രൈസ്തവ പീഡകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നേതൃത്വത്തെ ഇല്ലാതാക്കുമ്പോൾ ജനം ചിതറി പോവുകയും, അതുകാരണമായി ആരും നേതൃത്വം ഏറ്റെടുക്കാൻ തയ്യാറാകാതെ വരികയും ചെയ്യുന്നു. എന്നാൽ ക്രമേണ ജനങ്ങൾ അപ്രകാരം നൽവരമുള്ളവരെ കണ്ടെത്തി യോഗ്യൻ എന്നു വിളിച്ചു. ആ യോഗ്യത രക്തസാക്ഷിത്വത്തിനുള്ള യോഗ്യതയായിരുന്നു.” അതായത് കർത്തൃനാമത്തിൽ ജനത്തിന് വേണ്ടി മരിക്കാൻ യോഗ്യരായ മനുഷ്യരെ കണ്ടെത്തി ഓക്സിയോസ് ചൊല്ലുന്നു.
വി. മാമോദീസ കൂദാശയിൽ “പിതാവിന്റെയും, പുത്രന്റെയും, പരി. റൂഹായുടെയും നാമത്തിൽ മത്തായി നിത്യജീവനായി മുദ്രകുത്തപെടുന്നു” എന്നു പറയുമ്പോൾ ദൈവീക പദ്ധതി ഉറപ്പിക്കുകയും, ജനം “ആമേൻ” എന്നു പറയുമ്പോൾ അതു ഓക്സിയോസായി കണക്കാക്കുകയും ചെയ്യുന്നു. കർത്താവ് സ്വീകരിച്ച അതേ മാമോദീസയിലൂടെ നാമും ഒരിക്കൽ കടന്നുപോയിട്ടുണ്ട്. അതു കേവലം അധികാരം അരക്കിട്ടുറപ്പിക്കാനുള്ള സ്ഥാനാരോഹണ ശുശ്രൂഷയായിരുന്നില്ല. സ്വർഗ്ഗവുമായി ഒരു കരാറിൽ ഒപ്പുവെയ്ക്കുകയായിരുന്നു. നിയോഗബോദ്ധ്യത്തിന്റെ വിസ്‌മൃതിയാൽ കാലഹരണപ്പെട്ട അന്നത്തെ ചില ഉടമ്പടികൾ ഓർത്തെടുത്തു പുതുക്കേണ്ടതുണ്ട് സഹോ. അതിനുള്ള മുഖാന്തിരമായി ഈ ഉദയത്തിന്റെ പെരുന്നാൾ പരിണമിക്കട്ടെ.
– ഗർഷോം

