മനുഷ്യനെ പുനനിർണയിക്കുന്ന കാലം

Text Size

മനുഷ്യൻ്റെ ജീവലോകം എപ്പോഴും മണ്ണും കാറ്റും ജലവും ജീവജാലങ്ങളും മനുഷ്യബന്ധങ്ങളും ചേർന്നുള്ള ഒന്നാണ്. പ്രകൃതിയോടും മറ്റുമനുഷ്യരോടും ഉള്ള ഇടപെടലുകളിലാണ് മനുഷ്യർ തന്റെ ബോധവും സംസ്കാരവും സമൂഹിക അവബോധവും രൂപപ്പെടുത്തിയത്. ഈ ജൈവിക പരിസരം മനുഷ്യനെ മനുഷ്യനാക്കി രൂപപ്പെടുത്തിയ അടിസ്ഥാനവ്യവസ്ഥയാണ്.

എന്നാൽ ആധുനിക കാലഘട്ടത്തിൽ ഈ പരിസരം മൗനമായി മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികത മനുഷ്യന്റെ ജീവിതപരിസരങ്ങളെ പുനർനിർണയിക്കാൻ തുടങ്ങി. ഒരിക്കൽ മനുഷ്യന്റെ ദിനചര്യ പ്രകൃതിയുടെയും സമൂഹത്തിന്റെ പൊതുവെയുമുള്ള സ്വഭാവത്തോട് ബന്ധപ്പെട്ടാണ് ഇരുന്നിരുന്നത്. ഇന്ന് അത് വലിയ തോതിൽ സാങ്കേതിക സംവിധാനങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു.

ഇന്നത്തെ മനുഷ്യജീവിതത്തിൽ സംഭാഷണത്തിന്റെ വലിയൊരു ഭാഗം പോലും സാങ്കേതിക മാധ്യമങ്ങളിലൂടെ നടക്കുന്നു. ചിലപ്പോൾ മനുഷ്യൻ മനുഷ്യനോടു സംസാരിക്കുന്നതിലേക്കാൾ കൂടുതൽ സമയം യന്ത്രങ്ങളോടാണ് സംസാരിക്കുന്നത്. വിവരങ്ങൾ, തീരുമാനങ്ങൾ, ഓർമ്മകൾ, സാമൂഹിക ഇടപെടലുകൾ—ഇവയെല്ലാം സാങ്കേതിക സംവിധാനങ്ങൾ ഇടനിലക്കാരായി പ്രവർത്തിക്കുന്ന ലോകമാണ് ഇന്ന് മനുഷ്യൻ അനുഭവിക്കുന്നത്.

ഈ മാറ്റം വെറും സാങ്കേതിക പുരോഗതി മാത്രമല്ല; മനുഷ്യന്റെ സാമൂഹികവും ജൈവികവുമായ ലോകത്തെ തന്നെ പുനർക്രമീകരിക്കുന്ന ഒരു ചരിത്രഘട്ടമാണ് ഇത്.

മനുഷ്യബന്ധങ്ങളുടെ ജൈവിക സമ്പത്ത് മനുഷ്യജീവിതം വെറും വിവരവിനിമയം മാത്രമല്ല. മനുഷ്യബന്ധങ്ങൾ അതിനേക്കാൾ സങ്കീർണ്ണവും ജീവിക്കുന്നതുമായ അനുഭവങ്ങളാണ്.

മനുഷ്യർക്കിടയിൽ കളിയാക്കലുണ്ട്.

കുറ്റപ്പെടുത്തലുണ്ട്.

കരുതലുണ്ട്.

പങ്കുവെയ്ക്കലുണ്ട്.

പിണക്കമുണ്ട്.

പരിഭവമുണ്ട്.

വിരഹമുണ്ട്.

കാത്തിരിപ്പുണ്ട്.

ഈ അപൂർണവും സങ്കീർണ്ണവുമായ അനുഭവങ്ങളാണ് മനുഷ്യജീവിതത്തിന്റെ വൈകാരിക-ജൈവീക ഊർജ്ജം. മനുഷ്യബന്ധങ്ങളുടെ ഈ ജീവൻ നിറഞ്ഞ ചലനങ്ങളാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്.

സാങ്കേതിക സംവിധാനങ്ങൾ മനുഷ്യർക്കായി സൗകര്യപ്രദമായ ഒരു പരിസരം സൃഷ്ടിക്കാം. എന്നാൽ മനുഷ്യബന്ധങ്ങളുടെ ഈ ജൈവിക ആഴം അതിന് പകരം വയ്ക്കാൻ കഴിയുമോ എന്നത് ഇപ്പോഴും തുറന്ന ചോദ്യമാണ്.

സാങ്കേതിക പരിസരത്തെക്കുറിച്ചുള്ള സാമൂഹ്യശാസ്ത്ര ചർച്ചകൾ ഈ മാറ്റങ്ങളെക്കുറിച്ച് നിരവധി സാമൂഹ്യശാസ്ത്ര പഠനങ്ങൾ നടന്നിട്ടുണ്ട്.

സാമൂഹ്യ ശാസ്ത്രജ്ഞയായ Sherry Turkle തന്റെ പഠനങ്ങളിൽ സാങ്കേതിക ഉപകരണങ്ങളുമായി മനുഷ്യർ കൂടുതൽ സമയം ചെലവഴിക്കുന്നതോടെ മനുഷ്യബന്ധങ്ങളുടെ ആഴം കുറയുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. അവരുടെ അഭിപ്രായത്തിൽ ആളുകൾ “ഒറ്റയ്ക്കായിട്ടും ഒരുമിച്ചിരിക്കുന്ന” ഒരു പുതിയ സാമൂഹിക അവസ്ഥയിലേക്ക് നീങ്ങുകയാണ്.

മാധ്യമചിന്തകൻ Neil Postman സാങ്കേതികത മനുഷ്യസംസ്കാരത്തെ നിയന്ത്രിക്കാൻ തുടങ്ങുമ്പോൾ സമൂഹം “ടെക്നോപോളി” എന്ന അവസ്ഥയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അപ്പോൾ സാങ്കേതികത വെറും ഉപകരണമല്ല; മനുഷ്യർ ചിന്തിക്കുന്ന രീതിയെയും സംസ്കാരത്തെയും നിർണ്ണയിക്കുന്ന ശക്തിയായി മാറും.

അതേസമയം സമൂഹശാസ്ത്രജ്ഞനായ Manuel Castells ലോകം ഇന്ന് “നെറ്റ്വർക്ക് സമൂഹം” ആയി മാറിയിരിക്കുന്നു എന്ന് വിശദീകരിക്കുന്നു. മനുഷ്യബന്ധങ്ങൾ ഭൗതിക സാന്നിധ്യത്തിൽ നിന്ന് മാറി ഡിജിറ്റൽ നെറ്റ്വർക്കുകളിലൂടെയാണ് കൂടുതൽ രൂപപ്പെടുന്നത്.

AIയും മനുഷ്യന്റെ പുതിയ വൈകാരിക പരിസരവും

സാങ്കേതിക ലോകത്തിലെ ഏറ്റവും പുതിയ ഘട്ടമാണ് കൃത്രിമബുദ്ധി (AI).

AI സംവിധാനങ്ങൾ ഇന്ന് വിവരങ്ങൾ നൽകുകയും തീരുമാനങ്ങൾക്ക് സഹായിക്കുകയും മനുഷ്യരോടു സംഭാഷണം നടത്തുകയും ചെയ്യുന്ന ഘട്ടത്തിലേക്ക് വളരുകയാണ്. ഇതോടെ മനുഷ്യന്റെ സാമൂഹിക അനുഭവലോകത്തിലേക്ക് ഒരു പുതിയ ഘടകം കൂടി പ്രവേശിക്കുന്നു — AIയോടുള്ള സംഭാഷണപരിസരം.

ചില സാഹചര്യങ്ങളിൽ മനുഷ്യർ മനുഷ്യരോടുള്ള സംഭാഷണത്തേക്കാൾ കൂടുതൽ സമയം ഇത്തരം സംവിധാനങ്ങളോടാണ് ചെലവഴിക്കുന്നത്. ഇതിലൂടെ മനുഷ്യന്റെ അനുഭവലോകത്തിൽ ഒരു പുതിയ തരത്തിലുള്ള വൈകാരിക പരിസരം പോലും രൂപപ്പെടാൻ സാധ്യതയുണ്ട്.

എന്നാൽ ഇവിടെ ഒരു അടിസ്ഥാന വ്യത്യാസം നിലനിൽക്കുന്നു. മനുഷ്യബന്ധങ്ങൾ അപൂർണവും പ്രവചിക്കാനാകാത്തതുമായ അനുഭവങ്ങളാണ്. അവയിൽ പിണക്കവും ക്ഷമയും കാത്തിരിപ്പും പരിഭവവും ഉൾപ്പെടുന്നു.

യന്ത്രങ്ങളോടുള്ള ഇടപെടലുകൾ സാധാരണയായി ഈ സങ്കീർണ്ണതകളിൽ നിന്ന് ഒഴിവാക്കപ്പെട്ടവയാണ്. അതുകൊണ്ട് AI മനുഷ്യർക്കു സഹായകരമായ ഒരു സംഭാഷണപരിസരം സൃഷ്ടിക്കാമെങ്കിലും മനുഷ്യബന്ധങ്ങളുടെ ജൈവിക ആഴം അതിന് പകരം വയ്ക്കാൻ കഴിയില്ല.

സാങ്കേതികതയെ അനുകൂലിക്കുന്ന വാദങ്ങൾ സാങ്കേതികതയെ വിമർശിക്കുന്ന നിലപാടുകൾക്കൊപ്പം അതിനെ അനുകൂലിക്കുന്ന സാമൂഹ്യശാസ്ത്ര വാദങ്ങളും നിലനിൽക്കുന്നു.

ഡിജിറ്റൽ സംസ്കാരത്തെക്കുറിച്ച് പഠിച്ച Clay Shirky സാങ്കേതികത മനുഷ്യരുടെ സഹകരണ ശേഷി വർദ്ധിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു.

അതുപോലെ സമൂഹശാസ്ത്രജ്ഞനായ Barry Wellman മനുഷ്യർ ഒറ്റപ്പെടുന്നില്ല; മറിച്ച് “നെറ്റ്വർക്ക് ചെയ്ത വ്യക്തിത്വം” എന്ന പുതിയ സാമൂഹിക രൂപത്തിലേക്കാണ് മാറുന്നത് എന്ന് വിശദീകരിക്കുന്നു.

അതിനാൽ സാങ്കേതിക ലോകം മനുഷ്യബന്ധങ്ങളെ ഇല്ലാതാക്കുന്നില്ല, മറിച്ച് അവയെ പുതിയ രീതിയിൽ രൂപപ്പെടുത്തുകയാണ് എന്നതാണ് ഈ നിലപാട്.

സാങ്കേതികതയും ശക്തിയുടെ ഘടനകളും

എന്നാൽ മറ്റൊരു പ്രധാന ചോദ്യവും ഇവിടെ ഉയരുന്നു.

സാങ്കേതിക സംവിധാനങ്ങൾ വെറും ഉപകരണങ്ങളാണോ?

അല്ലെങ്കിൽ അവയ്ക്ക് പിന്നിൽ ശക്തിയുടെ പുതിയ ഘടനകളുണ്ടോ?

സാങ്കേതിക സംവിധാനങ്ങളെ രൂപപ്പെടുത്തുന്നത് വലിയ കോർപ്പറേറ്റുകളും സാമ്പത്തിക ശക്തികളും രാഷ്ട്രീയ അധികാരങ്ങളും മാധ്യമ ഘടനകളും ചിലപ്പോൾ മതസ്ഥാപനങ്ങളും ആകാം.

അതുകൊണ്ട് സാങ്കേതികത ഒരു നിഷ്പക്ഷ ഉപകരണമല്ല. അത് സാങ്കേതിക–അധികാരം–രാഷ്ട്രീയം–സാമ്പത്തികം–മതം എന്നീ ഘടനകൾ തമ്മിൽ ചേർന്ന ഒരു പുതിയ സാമൂഹിക ശക്തിയായി മാറുന്നു.

ഈ ശക്തികൾ മനുഷ്യരുടെ സാമൂഹികബന്ധങ്ങളെയും സാമൂഹിക അനുഭവങ്ങളെയും പോലും പുനർക്രമീകരിക്കാൻ കഴിയും.

പൂമാല കിട്ടിയ കുരങ്ങ്

ഇവിടെ ഒരു ചൊല്ല് ഓർമ്മ വരുന്നു.

“പൂമാല കയ്യിൽ കിട്ടിയ കുട്ടിക്കുരങ്ങിനെ പോലെ” സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലാണ് മനുഷ്യൻ പലപ്പോഴും.

അവയുടെ ശക്തി എന്താണെന്ന്, അവ സമൂഹത്തെ എങ്ങനെ മാറ്റുമെന്ന്, അവയുടെ നിയന്ത്രണം ആരുടെ കൈകളിലാണെന്ന് എന്നൊന്നും ആഴത്തിൽ ചിന്തിക്കാതെ കൗതുകത്തോടെ അവയെ ഉപയോഗിക്കുന്ന അവസ്ഥയാണ് പലപ്പോഴും കാണപ്പെടുന്നത്.

സാങ്കേതിക ഉപകരണങ്ങൾ മനുഷ്യന്റെ കൈകളിൽ എത്തി കഴിഞ്ഞു. എന്നാൽ അവയുടെ സാമൂഹിക അർത്ഥം മനുഷ്യർ ഇപ്പോഴും പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ല.

പുനർനിർവചിക്കേണ്ട മനുഷ്യത്വം ഇത്തരം സാഹചര്യത്തിൽ മനുഷ്യത്വം എന്ന ആശയം തന്നെ വീണ്ടും ചിന്തിക്കേണ്ടിവരുന്നു.

മനുഷ്യൻ വെറും സാങ്കേതിക ഉപഭോക്താവല്ല.

അവൻ ബന്ധങ്ങളുടെ ജീവിയാണ്.

അവൻ സഹവാസത്തിന്റെ ജീവിയാണ്.

അവൻ വികാരങ്ങളുടെ ജീവിയാണ്.

ഇന്ന് മനുഷ്യൻ ഒരു പുതിയ ചരിത്രഘട്ടത്തിന്റെ കവാടത്തിലാണ്. ജൈവപരിണാമം നിർണയിച്ചിരുന്ന മനുഷ്യജീവിതം സാങ്കേതിക പരിണാമത്തിന്റെ സ്വാധീനത്തിലേക്ക് കടന്നിരിക്കുന്നു.

ഈ മാറ്റം ഒഴിവാക്കാനാവില്ല. സാങ്കേതികത മനുഷ്യജീവിതത്തിൽ നിന്ന് അപ്രത്യക്ഷമാകുകയില്ല.

ഈ പുതിയ ലോകത്തിൽ മനുഷ്യന്റെ വലിയ ഉത്തരവാദിത്തം ഇതാണ്: സാങ്കേതിക ലോകത്തിനുള്ളിൽ തന്റെ ജൈവിക ആത്മാവിനെ സംരക്ഷിക്കുക.

മനുഷ്യൻ ഈ സമതുലിതാവസ്ഥ കണ്ടെത്താൻ കഴിയുമെങ്കിൽ സാങ്കേതിക പുരോഗതിയും മനുഷ്യത്വവും ഒരുമിച്ച് നിലനിൽക്കും.

അത് സാധിക്കാതെ പോയാൽ മനുഷ്യൻ സൃഷ്ടിച്ച സാങ്കേതിക ലോകം തന്നെയാണ് മനുഷ്യന്റെ സാമൂഹിക ലോകത്തെ പുനർരൂപപ്പെടുത്തുക.

അതിനാൽ ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്: സാങ്കേതിക കാലം പുനർനിർണയിക്കുന്ന ഈ ലോകത്തിൽ മനുഷ്യത്വത്തെ മനുഷ്യൻ എങ്ങനെ സംരക്ഷിക്കും?