വിശ്വാസം – പ്രവൃത്തി = വിഡ്ഢിത്തം

Text Size

ആമുഖം

മിറോസ്ലാവ് വുൾഫിൻറെ പ്രസിദ്ധമായ ഒരു നിരീക്ഷണം ചോദ്യമാക്കി മാറ്റിപ്പറയുകയാണ്: “യേശുവിൽ വിശ്വസിക്കുന്ന എത്ര പേർ അവൻറെ ആശയങ്ങളിൽ വിശ്വസിക്കുന്നുണ്ട്” (Exclusion and Embrace, p. 276)? വിശ്വാസമെന്നത് ചേരിതിരിഞ്ഞുള്ള പോർവിളികൾക്കും തെറിവിളികൾക്കുമുള്ള സാധൂകരണമായി അവതരിപ്പിക്കപ്പെടുമ്പോൾ ഈ ചോദ്യത്തിൻറെ മുഴക്കം കൂടുകയാണ്. വുൾ ഫിൻറെ നിരീക്ഷണം മറ്റൊരു രീതിയിൽ ബൈബിളിൽതന്നെ കാണാം: “താൻ പ്രകാശത്തിലാണെന്നു പറയുകയും, അതേസമയം തൻറെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവൻ ഇപ്പോഴും അന്ധകാരത്തിലാണ്” (1 യോഹ. 2: 9). അപ്പോൾ യേശുവെന്ന പ്രകാശത്തിൻറെ ചാരേ എത്തിയെന്നു അവകാശവാദമുന്നയിക്കുന്നവർ ഇരുട്ടിലായിരിക്കാൻ സത്യമായും സാധ്യതയേറെയുണ്ട്. ബൈബിൾ പ്രകാരം വിശ്വാസമെന്നത് ക്രിസ്തുവിൻറേതു കണക്കുള്ള ജീവിതശൈലിയിലേക്കുള്ള ക്ഷണമാണ്. “അവനിൽ വസിക്കുന്നെന്നു പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു” എന്ന് 1 യോഹ. 2: 6. “ഇതിനായിട്ടാണു നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. എന്തെന്നാൽ, ക്രിസ്തു നിങ്ങൾക്കുവേണ്ടി സഹിക്കുകയും നിങ്ങൾ അനുകരിക്കുന്നതിനുവേണ്ടി നിങ്ങൾക്കു മാതൃക നൽകുകയും ചെയ്തിരിക്കുന്നു” എന്ന് 1 പത്രോ. 2: 21. അപ്പോൾ ക്രിസ്തുവെന്നത് നമ്മൾ നടക്കേണ്ട വഴിയാണ്; അവൻ നമുക്കു നൽകിയത് അനുകരിക്കേണ്ട മാതൃകയാണ്.

കേൾക്കുക = അനുസരിക്കുക

“കേൾക്കുക” എന്നതിൻറെ ഹീബ്രുപദം “ഷെമാ” എന്നാണ്. അതേ വാക്കിന് “അനുസരിക്കുക” എന്നൊരർത്ഥംകൂടിയുണ്ട്. ഒരുദാഹരണം പുറപ്പാട് 24: 7 ആണ്: “അനന്തരം മോശ ഉടമ്പടി ഗ്രന്ഥമെടുത്ത് ജനങ്ങൾ കേൾക്കെ വായിച്ചു. അപ്പോൾ അവർ പറഞ്ഞു: കർത്താവു കൽപിച്ചതെല്ലാം ഞങ്ങൾ ചെയ്യും. ഞങ്ങൾ അനുസരണമുള്ളവരായിരിക്കും.” ഇവിടെ “അനുസരണമുള്ളവരായിരിക്കും” എന്ന പദത്തിൻറെ സ്ഥാനത്തു ഹീബ്രു ബൈബിളിലുള്ളത് “ഷെമാ”യാണ്. “അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണെ”ന്ന 1 സാമുവൽ 15: 22 ലെ വാക്യം സുപരിചിതമാണല്ലോ. ഇവിടെയും “ഷെമാ” എന്ന പദമാണുള്ളത്. പദാനുപദം ഈ വാക്യം പരിഭാഷപ്പെടുത്തിയാൽ, “കേൾവിയാണ് ബലിയേക്കാൾ ശ്രേഷ്ഠമെ”ന്നു വായിക്കേണ്ടിവരും. പ്രസ്തുത അധ്യായം മുഴുവൻ വായിച്ചാൽ, അത്തരമൊരു പരിഭാഷ അങ്ങേയറ്റം അനുചിതമാണെന്ന് ആർക്കും മനസ്സിലാക്കാനാകും. ചുരുക്കത്തിൽ, ദൈവവചനം കേട്ടതു കൊണ്ട് അത് കേൾക്കപ്പെടുന്നില്ലെന്നും, അതു പ്രവൃത്തിയിലെത്തുമ്പോഴേ കേൾവി പൂർണമാകുന്നുള്ളൂ എന്നും വ്യക്തമാകുന്നു.

വെറുതെയുള്ള വചനശ്രവണവും പാട്ടുകേൾക്കുന്നതും തമ്മിൽ എന്തു വ്യത്യാസമെന്ന് എസെക്കിയേൽ പരിഹസിക്കുന്നുണ്ട്: “മനുഷ്യപുത്രാ, മതിലുകൾക്കരികിലും വീട്ടുവാതിൽക്കലും നിൻറെ ജനം നിന്നെക്കുറിച്ചു സംസാരിക്കുന്നു. അവർ പരസ്പരം പറയുന്നു: വരൂ, കർത്താവിൽ നിന്നു വരുന്ന വചനം എന്താണെന്നു കേൾക്കാം. അവർ കൂട്ടമായി നിൻറെ അടുക്കൽ വരും; എൻറെ ജനമെന്നപോലെ നിൻറെ മുമ്പിൽ ഇരിക്കും. നിൻറെ വാക്കുകൾ അവൻ ശ്രവിക്കുകയും ചെയ്യും; പക്ഷേ, അതനുസരിച്ച് അവർ പ്രവർത്തിക്കുകയില്ല. കാരണം, തങ്ങളുടെ അധരങ്ങൾകൊണ്ട് അവർ അതിയായ സ്നേഹം കാണിക്കുന്നു. അവരുടെ ഹൃദയം സ്വാർഥലാഭത്തിൽ ഉറച്ചിരിക്കുന്നു. ഇമ്പമുള്ള സ്വരത്തിൽ പ്രേമഗാനം ആലപിക്കുകയും വിദഗ്ധമായി വീണ വായിക്കുകയും ചെയ്യുന്ന ഒരുവനെപ്പോലെയാണ് അവർക്കു നീ. കാരണം നിൻറെ വാക്കുകൾ അവർ കേൾക്കുന്നു. എന്നാൽ, അവർ അത് അനുവർത്തിക്കുകയില്ല” (എസെ. 33: 30-32).

അനുസരണം = പാറപ്പുറം

മത്തായി-ലൂക്കാ സുവിശേഷങ്ങളിലെ ഏറ്റവും പ്രസിദ്ധമായ പ്രബോധനങ്ങളാണല്ലോ മലയിലെ പ്രസംഗവും (മത്താ. 5: 1 – 7: 28) സമതലത്തിലെ പ്രസംഗവും (ലൂക്കാ 6: 17-49). നാഥൻ അവിടെ പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലുമൊന്നിൻറെ കാര്യത്തിലെങ്കിലും ഒരൊഴിവുകഴിവു അവൻറെ ശിഷ്യനു സാധ്യമല്ല. ഇത് ക്രിസ്തു അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നത് ആ പ്രബോധനങ്ങളുടെ ഒടുക്കത്തിലാണ്: മത്താ. 7: 24-27; ലൂക്കാ 6: 47-49. നിസ്സാരമായ ചില വ്യത്യാസങ്ങളൊഴിച്ചാൽ ഒരേ രീതിയിൽ പറയപ്പെട്ട ഒരുപമയാണ് ഈ വചനഭാഗങ്ങളിൽ നാം കാണുന്നത് – പാറയിൽ വീടു പണിതവൻറെയും മണലിൽ വീടു പണിതവൻറെയും ഉപമ. കേട്ട വചനം പ്രവൃത്തിപഥത്തിലെത്തിച്ചവനാണ് വിവേകമതിയായ ശിഷ്യൻ. കേട്ട വചനം ജീവിതത്തിലേക്കു പകർത്താതിരുന്നവൻ വിഡ്ഢിയായ ശിഷ്യനാണ്. വിവേകമതിയുടെ ശിഷ്യത്വം പാറമേൽ പണിത വീടുകണക്ക് ഉറപ്പുള്ളതും വിഡ്ഢിയുടെ ശിഷ്യത്വം മണലിലെ വീടുപോലെ ഒലിച്ചുപോകുന്നതും ആയിരിക്കും.

ലൂക്കായിലെ സമതല പ്രസംഗത്തിൽ 30 വചനങ്ങളാണുള്ളത്. “ചെയ്യുവിൻ” എന്നു പത്തോളം പ്രാവശ്യം നാം ഈ പ്രസംഗത്തിൽ കേൾക്കുന്നു. “സ്നേഹിക്കുവിൻ, ” “വായ്പ കൊടുക്കുവിൻ” തുടങ്ങിയ പന്ത്രണ്ടോളം കൽപനകളും നാം ഈ പ്രസംഗത്തിൽ കേൾക്കുന്നു. അപ്പോൾ, 30 വചനങ്ങളിൽ 22 തവണ “അനുസരിക്കുവിൻ” എന്നതു പല രീതിയിൽ കേട്ടിട്ട് അതു ചെയ്യാതിരിക്കുന്നത് എത്ര വലിയ വിഡ്ഢിത്തമാണ്! മലയിലെ പ്രസംഗത്തിൽ (മത്താ 5: 3-7: 27) 128 വചനങ്ങളാണുള്ളത്. അതിൽ “ചെയ്യുവിൻ” എന്നോ “അനുസരിക്കുവിൻ” എന്നോ എത്ര തവണയുണ്ടാകും! കൃത്യവും വ്യക്തവുമായി ഇവിടെ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങൾ കൂളായിട്ടു മറന്നിട്ടാണ്, ചിലർ ഭക്തപാരവശ്യങ്ങളിൽ ഏർപ്പെടുന്നതും (“കർത്താവേ, കർത്താവേ എന്നു വിളിച്ചപേക്ഷിക്കുന്നവർ, ” മത്താ. 7: 21), മറ്റു ചിലർ ദൈവികവരങ്ങളുടെ പ്രകടനപരതയിൽ അഭിരമിക്കുന്നതും (പ്രവചിക്കുക, പിശാചുക്കളെ പുറത്താക്കുക, അത്ഭുതങ്ങൾ ചെയ്യുക, മത്താ. 7: 22). ഇവർ ഇത്തരം കാര്യങ്ങൾകൊണ്ട് ഓരോ ദിവസവും നിറയ്ക്കുകയാണ്. പക്ഷേ അത്, വിശ്രമമില്ലാതെ വീടുപണിയുന്ന ഒരാൾക്കുള്ളതുപോലുള്ള തിരക്കാണ്. മണലിലാണ് പക്ഷേ ഈ പണിയത്രയും. ആർക്കും പ്രയോജനമില്ലാതെ അതു വെറുതെ ഒലിച്ചുപോകും!

ഉറപ്പുള്ള തറയല്ലെങ്കിൽ ഒലിച്ചു പോകുന്നത് വീടുമാത്രമല്ല, ദേവാലയംപോലുമാണ്. യഹോവയുടെ സ്വന്തം ജറുസലെം ദേവാലയത്തിൽ അർപിക്കപ്പെട്ട ബലികൾക്കും ഒഴുക്കപ്പെട്ട രക്തത്തിനും ഉയർത്തപ്പെട്ട ധൂപത്തിനും വല്ല കൈയും കണക്കുമുണ്ടായിരുന്നോ? “കർത്താവിൻറെ ആലയം, കർത്താവിൻറെ ആലയം, കർത്താവിൻറെ ആലയം” എന്ന് എത്ര ഉറപ്പോടെയാണ് അവർ ഒരു കാലത്ത് ഉരുവിട്ടുകൊണ്ടിരുന്നത് (ജറെമിയാ 7: 4)! എന്നാൽ അതു പറഞ്ഞവരുടെ വാക്കുകളും ആ ദേവാലയത്തിൻറെ അകത്തളവും ഒരേപോലെ പൊള്ളയാണെന്നും അവരും അവരുടെ ദേവാലയവും ഒരേപോലെ തകർക്കപ്പെടുമെന്നും ജറെമിയാ നിസ്സംശയം പ്രഖ്യാപിക്കുന്നു. ഭക്തപാരവശ്യങ്ങളും അതിൻറെ നാനാവിധ പ്രകടനങ്ങളും എത്ര വർദ്ധിപ്പിച്ചാലും അതു മണൽക്കൂനതന്നെയാണ്. “നിങ്ങൾ മോഷ്ടിക്കുകയും കൊല്ലുകയും വ്യഭിചാരം ചെയ്യുകയും കള്ളസാക്ഷി പറയുകയും… ചെയ്യുന്നു. എന്നിട്ട് എൻറെ നാമത്തിലുള്ള ഈ ആലയത്തിൽ… വന്നുനിന്നു ഞങ്ങൾ സുരക്ഷിതരാണെന്നു പറയുന്നുവോ? ഈ മ്ലേച്ഛതകളെല്ലാം സുരക്ഷിതമായി തുടരാമെന്നോ? എൻറെ നാമം വഹിക്കുന്ന ഈ ആലയം നിങ്ങൾക്കു മോഷ്ടാക്കളുടെ ഗുഹയോ” (ജറെമിയാ 7: 9-11)?

ഒരുപാട് ദുരുപയോഗിക്കപ്പെട്ട ഒരു വാക്യം പൗലോസ് ശ്ലീഹായുടേതായിട്ടുണ്ട്: “യേശു കർത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയു കയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷപ്രാപിക്കും” (റോമാ 10: 9). ഈയൊരു വാക്യത്തെ അവസരത്തിലും അനവസരത്തിലും ഉപയോഗിച്ചുപയോഗിച്ച്, രക്ഷയെയും അതിലേക്കു നയിക്കുന്ന ജീവിതത്തെയും സംബന്ധിച്ച മറ്റനേകം പുതിയനിയമ പാഠങ്ങൾ വിസ്മരിക്കപ്പെട്ടു. അത്തരം രണ്ടുമൂന്നെണ്ണം ഉദാഹരണങ്ങളായി ചുവടെ ചേർക്കുന്നു:

“ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവൃത്തികൾക്കനുസരിച്ച് അവിടുന്നു പ്രതിഫലം നൽകും. സത്കർമത്തിൽ സ്ഥിരതയോടെ നിന്ന് മഹത്വവും ബഹുമാനവും അക്ഷയത്വവും അന്വേഷിക്കുന്നവർക്ക് അവിടുന്നു നിത്യജീവൻ പ്രദാനം ചെയ്യും. കാരണം, നിയമം ശ്രവിക്കുന്നവരല്ല ദൈവ സമക്ഷം നീതിമാൻമാർ; നിയമം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്” (റോമാ 2: 6-13); ‘നിങ്ങൾ വചനം കേൾക്കുക മാത്രംചെയ്യുന്ന ആത്മവഞ്ചകരാകാതെ അത് അനുവർത്തിക്കുന്നവരും ആയിരിക്കുവിൻ… കേട്ടതു മറക്കുന്നവനല്ല, പ്രവർത്തിക്കുന്നവനാണ് നിയമത്തെ… സൂക്ഷ്മമായി ഗ്രഹിക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുക… പിതാവായ ദൈവത്തിൻറെ മുമ്പിൽ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളിൽ അവരുടെ സഹായത്തിനെത്തുക; ലോകത്തിൻറെ കളങ്കമേൽക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക” (യാക്കോ. 1: 22-27); ‘ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവൻ തൻറെ സഹോദരനെ സഹായമർഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്ക്കുന്നെങ്കിൽ അവനിൽ ദൈവസ്നേഹം എങ്ങനെ കുടികൊള്ളും? കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്” (1 യോഹ. 3: 17-18).

വിവേകം = ഭാവിയിലേക്കുള്ള കരുതൽ

സുവിശേഷങ്ങളിൽ വിഡ്ഢികളായി പറയപ്പെടുന്നവർ രണ്ടു കൂട്ടരാണ്: ഭോഷനായ ധനവാനും (ലൂക്കാ 12: 16-21) വിവേകശൂന്യകളായ കന്യകമാരും (മത്താ. 25: 2-3). ഈ രണ്ടു കൂട്ടരും വിഡ്ഢികളായി ഗണിക്കപ്പെടാൻ കാരണം, ഭാവിക്കുവേണ്ടി (നിത്യജീവിതത്തിന്) തയ്യാറെടുത്തില്ല എന്നതാണല്ലോ. യജമാനൻ പ്രതീക്ഷിക്കാത്ത മണിക്കൂറിൽ കയറിവന്നാലും വിശ്വസ്തനായി കാണപ്പെടുന്ന ഭൃത്യനും (മത്താ 24: 44-47) ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ടാൽ അതിനുവേണ്ടി തയ്യാറെടുക്കുന്ന കാര്യസ്ഥനും (ലൂക്കാ 16: 1-8) ബുദ്ധിമാന്മാരായി അംഗീകരിക്കപ്പെടാൻ കാരണം, അവർ ഭാവിക്കുവേണ്ടി (നിത്യജീവിതത്തിന്) തയ്യാറെടുപ്പ് നടത്തി എന്നതുമാണല്ലോ.

അപ്പോൾ ഒരാളുടെ വിവേകവും വിഡ്ഢിത്തവും നിത്യജീവിതത്തിനു വേണ്ടി അയാൾ തയ്യാറെടുപ്പു നടത്തിയോ ഇല്ലയോ എന്നതിൻറെ വെളിച്ചത്തിലാണ് സുവിശേഷം വിലയിരുത്തുന്നത്. നാമിവിടെ പരിഗണിക്കുന്ന ഉപമയിലെ വിവേകമതിയെയും ഭോഷനെയും നിത്യജീവിതവുമായി ബന്ധപ്പെടുത്തിയാണ് അതുകൊണ്ടു നാം കാണേണ്ടത്. അങ്ങനെ നോക്കുമ്പോൾ, കർത്താവിൻറെ വചനങ്ങൾ പാലിക്കുന്നവൻ, പാറമേൽ വീടു പണിയുന്നവനെപോലെ, തനിക്കു വേണ്ടി നിർമിക്കുന്നത് നിത്യകാലത്തേക്ക് ഇളകാത്ത ഭവനമാണ് – നിത്യവാസമാണ്. എന്നാൽ, വചനങ്ങൾ കേട്ടിട്ടു മറന്നു കളയുന്നവനോ, മണൽക്കൂനയിൽ ഉയർത്തപ്പെട്ട വീടുകണക്ക് ഏതു നിമിഷവും നിലംപൊത്താം.

പാറപ്പുറത്തെയും മണൽപുറത്തെയും ഭവനങ്ങളുടെ ഉപമയിൽ യേശുവിൻറെ ആത്മനിഷ്ഠമായ അറിവും മറനീക്കുന്നുണ്ട്. ഒരുവനെ നിത്യജീവനു യോഗ്യനാക്കുന്നതും അയോഗ്യനാക്കുന്നതും യേശുവിൻറെ വചനങ്ങളുടെ അനുസരണമോ ലംഘനമോ ആയിരിക്കും. “ആകാശവും ഭൂമിയും കടന്നുപോകും; എന്നാൽ, എൻറെ വചനങ്ങൾ കടന്നുപോവുകയില്ല” (മർക്കോ. 13: 31); ‘മനുഷ്യപുത്രൻ സ്വപിതാവിൻറെ മഹത്വത്തിൽ തൻറെ ദൂതൻമാരോടൊത്തു വരാനിരിക്കുന്നു. അപ്പോൾ അവൻ ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നൽകും” (മത്താ. 16: 27); “ഒരുവൻ എന്നെക്കുറിച്ചോ എൻറെ വചനങ്ങളെക്കുറിച്ചോ ലജ്ജിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തൻറെയും പിതാവിൻറെയും വിശുദ്ധ ദൂതൻമാരുടെയും മഹത്വത്തിൽ വരുമ്പോൾ ലജ്ജിക്കും” (ലൂക്കാ 9: 26); ‘എന്നെ നിരസിക്കുകയും എൻറെ വാക്കുകൾ തിരസ്കരിക്കുകയും ചെയ്യുന്നവന് ഒരു വിധികർത്താവുണ്ട്. ഞാൻ പറഞ്ഞ വചനംതന്നെ അന്ത്യദിനത്തിൽ അവനെ വിധിക്കും” (യോഹ. 12: 48).

മത്തായിയുടെ സുവിശേഷത്തിൽ പല അധ്യായങ്ങളിലായി ആകെ അഞ്ചു പ്രഭാഷണങ്ങളുണ്ട്: മലയിലെ പ്രസംഗം (57), മിഷനറിമാർക്കുള്ള പാഠം (10), ദൈവരാജ്യത്തെക്കുറിച്ചുള്ള ഉപമകൾ (13), സഭാനിർദേശങ്ങൾ (18), നിത്യജീവൻ (24, 25). ഇവയിൽ രണ്ടാമത്തേത് ഒഴിച്ചുള്ള എല്ലാ പ്രഭാഷണങ്ങളും അവസാനിക്കുനത് അന്ത്യവിധിയെക്കുറിച്ചുള്ള സൂചനയോടെയാണ്: 7: 24-27; 13: 37-50; 18: 23-35; 25: 31-46. ഈയൊരു വസ്തുതയിൽനിന്നു നമുക്കു വ്യക്തമാകുന്നത്, അന്ത്യവിധിക്കായി നാം ചെന്നു നിൽക്കുക യേശുവെന്ന വിധികർത്താവിൻറെ മുന്നിലായിരിക്കും എന്നതാണ്. അപ്പോൾ യോഗ്യതയും അയോഗ്യതയും നിർണയിക്കപ്പെടുന്നതിൻറെ മാനദണ്ഡം അവൻറെ വചനത്തോടു ഒരുവൻ ജീവിതത്തിൽ പുലർത്തിയ മമതയായിരിക്കും. യേശു പഠിപ്പിച്ച വചനങ്ങളെ അങ്ങേയറ്റം ശ്രദ്ധയോടെ സമീപിക്കണമെന്നും സൗകര്യംപോലെ അവ വ്യാഖ്യാനിക്കാനുള്ളതല്ല എന്നുമാണ് പാറപ്പുറത്തെയും മണൽപുറത്തെയും വീടുകൾ നമ്മെ പഠിപ്പിക്കുന്നത്. അവൻ പഠിപ്പിച്ചത് ശരിയായിത്തന്നെ കേൾക്കുക; കേട്ടത് ശരിയായിത്തന്നെ ജീവിക്കുക. നമ്മുടെ ഭവനം എന്നേക്കും നിലനിൽക്കട്ടെ…