എക്ടോജനിസിസ്: മനുഷ്യൻ മാറുമ്പോൾ മനുഷ്യനായി തുടരാമോ?

ശാസ്ത്രം, വികാരം, ബന്ധം – ഒരു കാലിക വായന

മനുഷ്യൻ ഇന്നിവിടം വരെ എത്തിയത്അ വന്റെ ശരീരം ഏറ്റവും ശക്തമായതിനാലോ ബുദ്ധി മാത്രം ഏറ്റവും മൂർച്ചയുള്ളതിനാലോ അല്ല. ബന്ധം ഉണ്ടാക്കാൻ അവന് കഴിഞ്ഞതുകൊണ്ടാണ്. വികാരങ്ങളെ സംരക്ഷണത്തിന്റെ ഭാഷയായി മാറ്റാൻ അവന് സാധിച്ചതുകൊണ്ടാണ്. മനുഷ്യവികാസത്തിന്റെ ചരിത്രം ശരീരത്തിന്റെ മാത്രം ചരിത്രമല്ല; അത് വികാരഘടനയുടെ വികാസചരിത്രം കൂടിയാണ്. ഭയം, സ്നേഹം, സഹാനുഭൂതി, കരുണ — ഇവയെല്ലാം മനുഷ്യന്റെ ‘survival tools’ ആയി മാറിയ വഴിയിലൂടെയാണ് നാം മനുഷ്യരായത്. ഇന്ന് മനുഷ്യൻ വീണ്ടും ഒരു നിർണായക വഴിത്തിരിവിലാണ് നിൽക്കുന്നത്. ആ വഴിത്തിരിവിന് ശാസ്ത്രം നൽകിയ പേര് — Ectogenesis (എക്ടോജനിസിസ്).

എന്താണ് എക്ടോജനിസിസ്?

Ecto എന്ന ഗ്രീക്ക് പദത്തിന് പുറത്ത് എന്നാണ് അർത്ഥം. Genesis എന്നത് ജനനം / സൃഷ്ടി എന്നും. അങ്ങനെ Ectogenesis എന്നത്: സ്ത്രീയുടെ ഗർഭാശയത്തിന് പുറത്തു മനുഷ്യ ഭ്രൂണം വളരുന്ന പ്രക്രിയ. മലയാളത്തിൽ ഇതിനെ ബാഹ്യ ഗർഭധാരണം അല്ലെങ്കിൽ കൃത്രിമ ഗർഭപത്രത്തിലുള്ള ഭ്രൂണവളർച്ച എന്ന് വിളിക്കാം.

ഇവിടെ ഒരു തെറ്റിദ്ധാരണ ആദ്യം തന്നെ ഒഴിവാക്കണം. എക്ടോജനിസിസ് കുഞ്ഞിന്റെ ജനിതക ഘടന മാറ്റുന്നില്ല. സ്ത്രീബീജവും പുരുഷബീജവും അതാതു സ്ത്രീയുടെയും പുരുഷന്റെയും DNA ചേർന്നതാണ്. മാറുന്നത് ഗർഭം നടക്കുന്ന ഇടം മാത്രമാണ് — അമ്മയുടെ ശരീരത്തിൽ നിന്ന് സാങ്കേതികമായി നിയന്ത്രിക്കുന്ന ഒരുബാഹ്യാന്തരീക്ഷത്തിലേക്ക്. ജൈവവികാസമല്ല, വികാരവികാസമാണ് എക്ടോജനിസിസ് മനുഷ്യനെ പുതിയൊരു ജീവിയായി മാറ്റുന്നില്ല. പക്ഷേ മനുഷ്യജനനത്തിന്റെ അനുഭവരീതിയെയാണ് അടിസ്ഥാനപരമായി മാറ്റുന്നത്.

സ്വാഭാവിക ഗർഭത്തിൽ കുഞ്ഞ് അമ്മയുടെ ഹൃദയമിടിപ്പ് കേൾക്കുന്നു, ശബ്ദം തിരിച്ചറിയുന്നു, മാനസികാവസ്ഥകൾക്ക് അറിയാതെ പ്രതികരിക്കുന്നു. ഇവയെല്ലാം കുഞ്ഞിന്റെ വികാരഘടന ആദ്യം വയറിംഗ് ചെയ്യുന്ന അദൃശ്യ പ്രക്രിയകളാണ്. എക്ടോജനിസിസിൽ ഈ ജൈവാന്തരീക്ഷം സാങ്കേതികമായി simulate ചെയ്യേണ്ടിവരും. ശാസ്ത്രം അതിന് ശേഷിയുള്ളതാകാം. പക്ഷേ അനുഭവത്തിന്റെ ഗുണമേന്മ അതേപോലെയാകുമോ എന്നത് ഇനിയും തുറന്ന ചോദ്യമാണ്. ജനിതക സ്വഭാവങ്ങൾ ഇല്ലാതാകുമോ? പലർക്കും ഉള്ള ഭയം ഇതാണ്: അച്ഛനമ്മമാരുടെ സ്വഭാവവൈശിഷ്ട്യം കുഞ്ഞിൽ ഇല്ലാതാകുമോ? ശാസ്ത്രീയമായി ഉത്തരം വ്യക്തമാണ് — ഇല്ല. കുഞ്ഞിന്റെ രൂപം, ശരീരഘടന, ബുദ്ധിശേഷി, ചില സ്വഭാവപ്രവണതകൾ ജനിതകമായി തന്നെ നിലനിൽക്കും.

പക്ഷേ ഇവിടെ ഒരു സൂക്ഷ്മമായ വ്യത്യാസമുണ്ട് — Epigenetics. ഒരേ DNA ആയാലും ഏത് gene എപ്പോൾ പ്രവർത്തിക്കും എന്നത് പരിസ്ഥിതിയും അനുഭവവുമാണ് നിർണ്ണയിക്കുന്നത്. അതിനാൽ വലിയ മാറ്റം ജനിതകത്തിൽ അല്ല; വികാരം രൂപപ്പെടുന്ന ഇടത്തിലാണ്.മനുഷ്യവികാസത്തിന്റെ പാഠം മനുഷ്യവികാസചരിത്രം ഒരു കാര്യം തെളിവായി പറയുന്നു: മനുഷ്യൻ മുന്നോട്ട് പോയത് വികാരഘടന മാറിയിട്ടാണ്.

ഭയം → സംരക്ഷണം
സ്നേഹം → കുടുംബം
സഹാനുഭൂതി → സമൂഹം
കരുണ → നൈതികത

ഓരോ ഘട്ടത്തിലും ബന്ധത്തിന്റെ വലുപ്പം കൂടിയതോടെയാണ് മനുഷ്യൻ മനുഷ്യനായി വളർന്നത്. അപ്പോൾ ചോദ്യം ഇതാണ്: എക്ടോജനിസിസ് ബന്ധത്തെ വികസിപ്പിക്കുമോ,അല്ലെങ്കിൽബന്ധത്തെ സാങ്കേതികമായി നിയന്ത്രിക്കുമോ? സാധ്യതയും അപകടവും എക്ടോജനിസിസ് വലിയ സാധ്യതകൾ തുറക്കുന്നു. അത്യന്തം പ്രീമേച്വർ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനാകും. അമ്മയുടെ ജീവൻ അപകടത്തിലാകുന്ന ഗർഭാവസ്ഥകളിൽ ഒരു രക്ഷാമാർഗമാകാം. അതേസമയം അപകടവും വ്യക്തമാണ്. മാതൃത്വം അനുഭവത്തിൽ നിന്ന് മാനേജ്മെന്റിലേക്കു മാറുന്ന സ്ഥിതി.

ബന്ധം → പ്രോട്ടോക്കോൾ.
പരിചരണം → ഡാറ്റ.

ഇവിടെ മനുഷ്യൻ കൂടുതൽ കരുണയുള്ളവനാകുമോ അല്ലെങ്കിൽ കൂടുതൽ നിയന്ത്രിക്കാവുന്നവനാകുമോ എന്നതാണ് യഥാർത്ഥ ചോദ്യമായി നിൽക്കുന്നത്.

ഒരു ദൈവശാസ്ത്ര കുറിപ്പ്

“നീ എന്നെ അമ്മയുടെ ഗർഭത്തിൽ നെയ്ത്തു” എന്ന് സങ്കീർത്തനകാരൻ പറയുമ്പോൾ, ഗർഭം വെറും ഒരു ജൈവ അവയവമല്ല. അത് ബന്ധത്തിന്റെ വിശുദ്ധ ഇടമാണ്. ജീവൻ രക്ഷിക്കാൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ദൈവനീതിയോട് ചേരുന്നതാണ്. പക്ഷേ ബന്ധത്തെ പൂർണ്ണമായി മാറ്റിസ്ഥാപിക്കുന്ന സാങ്കേതികത മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റും.

സമാപനം

മനുഷ്യൻ മാറിയില്ലെങ്കിൽ അവൻ നിലനിൽക്കില്ല. അത് ചരിത്രം പഠിപ്പിച്ചതാണ്. പക്ഷേ ബന്ധം നഷ്ടപ്പെട്ട് മാറുന്ന മനുഷ്യൻ മനുഷ്യനായി തുടരില്ല. എക്ടോജനിസിസ് മനുഷ്യന്റെ അടുത്ത വികാസഘട്ടമാകാം. പക്ഷേ അത് മനുഷ്യനെ കൂടുതൽ മനുഷ്യനാക്കുമോ എന്നത് ടെക്‌നോളജിയിൽ അല്ല; നമ്മുടെ നൈതിക തീരുമാനങ്ങളിലാണ്.