Walk for Peace
ഭിക്കു പന്നക്കാര എന്ന ബുദ്ധസന്യാസിയുടെ നേതൃത്യത്തിൽ 20 ബുദ്ധ സന്യാസിമാർ സമാധാനത്തിനും അഹിംസക്കും വേണ്ടി നടത്തിയ നീണ്ട കാൽ നടയാത്ര ലോകം മുഴുവൻ ശ്രദ്ധയോടെ പിൻതുടർന്ന ഒന്നാണ്. 2025 ഒക്ടോബർ 26 ന് അമേരിക്കയിലെ ടെക്സസിലുള്ള ഹുപോങ് സവോ വിപാസന ഭാവന സെൻ്റിൽ നിന്ന് ആരംഭിച്ച് വാഷിംഗ്ടൺ ഡി.സിയിൽ 2026 ഫെബ്രുവരി 10 ന് യാത്ര സമാപിച്ചു. യാത്രികർ 108 ദിവസം കൊണ്ട് 2300 മൈൽ (3700 km) ആണ് യാത്ര ചെയ്തത്. കടുത്ത ശൈത്യം അവഗണിച്ചും അനേകായിരങ്ങൾ ആണ് വഴിയോരങ്ങളിൽ അവരെ സ്വീകരിച്ചത്. കടുത്ത യുദ്ധ ഭീതിയിലൂടെ ലോകം കടന്ന് പോകുമ്പോൾ ഈ യാത്ര വലിയ സന്ദേശങ്ങൾ ലോകത്തിന് നൽകുന്നു.
സമാധാനത്തിന്റെ നനവുള്ള തീജ്വാലകൾ ആദ്യമായി കാണുന്നു…
ആരേയും പൊള്ളിക്കാത്ത അഗ്നിവർണ്ണങ്ങൾ..
കണ്ടു നിൽക്കുന്നവർ ഉൾതാപം വെടിയുകയാണ്..
തണുപ്പിറ്റുന്ന പിംഗലനാളങ്ങൾ അമേരിക്കയുടെ നഗരവീഥികൾക്ക് പുതുമയും പ്രതീക്ഷയും പാടുന്നു.
ഡ്രോൺ വ്യൂവിൽ കാണാം,
തുടുത്ത മധുരനാരങ്ങയല്ലികൾ ചലിക്കും പോലെ അവർ 20 പേർ ഓരം ചേർന്ന് താണ്ടുകയാണ് 2300 മൈൽ ദൂരം…
ചേലകളിൽ സൂര്യനും ചേഷ്ടകളിൽ നിലാതണുപ്പും പടർത്തി നീങ്ങുന്നവർ.
ടെക്സസ് മുതൽ വാഷിങ്ടൺ ഡിസി വരെ.
ഒരു ലോകം മുഴുവൻ ആ പാതകളെ പിന്തുടരുന്നുണ്ട്.
നിശബ്ദമായ ശബ്ദം.
ശാന്തവും അതിശക്തവും.
കാൽച്ചുവടകൾക്ക് കൂട്ടിനായി ഒരുവൻ
വാലാട്ടിയെത്തുന്നുണ്ട്…
അലോക.
സ്നേഹത്തിന്റെ ശുനകമുഖം.
അലോകയെന്നാൽ വെളിച്ചെമെന്നാണ്…
അവന്റെ നെറ്റിത്തടത്തിൽ ഒരു വെളുത്ത ഹൃദയമുദ്രയുണ്ട്.
അങ്ങനെ അവൻ സമാധാനത്തിന്റെ കാവൽകാരനായി മാറുന്നു.
ഒരു ഇന്ത്യൻ തെരുവ് നായ ലോകത്തിൽ ഇപ്പോൾ നടക്കുന്ന ഏറ്റവും അഴകേറിയ ഒരു സ്നേഹസഞ്ചാരത്തിന്റെ മുഖ്യഭാഗമാവുകയാണ്.
100 ദിവസങ്ങളുടെ സ്നേഹഗാഥ…
മനുഷ്യനും പ്രകൃതിയും അതിലെ ജീവിജാലങ്ങളും ഒന്നിച്ച് കൈകോർത്തു പാടുന്ന സ്നേഹനിസ്വനമന്ത്രം.
ഓരോ പട്ടണങ്ങളും ഗ്രാമങ്ങളും അവരെ വരവേൽക്കുന്നു.
പൂക്കളിറുത്ത് വഴിയോരങ്ങളിൽ അനുഗ്രഹങ്ങൾക്കായി കാത്ത് നിൽക്കുന്നത് ആയിരങ്ങളാണ്.
മുട്ടുകുത്തിയും കൈകൾ വിരിച്ചു പിടിച്ചും മനുഷ്യർ അവർക്ക് വാഴ്ത്തുക്കൾ പാടുന്നു.
ദേശങ്ങൾ അവർക്കായി ഭക്ഷണപ്പൊതികളും കുടിവെള്ളവുമായി ഉണർന്നിരിക്കുന്നു.
തങ്ങളുടെ വെള്ളി കോപ്പകളിൽ സമർപ്പിതമാകുന്ന അന്നദാനങ്ങൾക്കുള്ള നന്ദി സൂചകമായി അവർ ഒരുമിച്ചു പ്രാർത്ഥനാജപങ്ങൾ കൊണ്ട് ആ ദേശത്തെ ആശീർവദിക്കുന്നു. കൈത്തണ്ടയിൽ അവർ കെട്ടിക്കൊടുത്ത ‘സായ് സിൻ (Sai Sin)’ചരടുകളുടെ പവിത്രതയിൽ മനുഷ്യർ മുറിവുണക്കുന്നു.
ലോകത്തിൽ സമാധാനത്തിന് ഇനിമുതൽ ‘തീനിറം’..!
ആദരണീയനായ ഭിക്കു പന്നക്കാര എന്ന ബുദ്ധസന്യാസിയുടെ നേതൃത്വത്തിൽ October 2025 ഇൽ ആരംഭിച്ച പദയാത്ര ഫെബ്രുവരിയിൽ തീരുന്നു.
യാത്രയുടെ ക്ലേശങ്ങൾ ഒരുപാടായിരുന്നു.
ഇടയ്ക്ക് സംഭവിച്ച റോഡ് അപകടത്തിൽ കൂട്ടത്തിലെ മഹാ ദം ഫോമാസ്സാൻ എന്ന സന്യാസിയുടെ ഇടതു കാലാണ് നഷ്ടമായത്. സ്നേഹത്തിന്റെയും അനുകമ്പയുടെയും നൈർമ്മല്യമുള്ള മൃദുല മനസ്സുകൾക്ക് ആ വിഷമസന്ധിയിലും ‘ക്ഷമിക്കുക, സന്തോഷത്തോടെ വിധിയെ പുണരുക ‘എന്നത് മാത്രമായിരുന്നു ഹൃദയജപം. വീൽച്ചെയറിലിരുന്നു പ്രാർത്ഥനയോടെ മനസ്സ് കൊണ്ട് അദ്ദേഹവും മുന്നോട്ടുള്ള യാത്രയിൽ അവർക്കൊപ്പം അനുനിമിഷമുണ്ട്.
എല്ലാം പൊറുത്ത്.. പ്രപഞ്ചം നൽകിയ വേദനയെ പുണർന്ന്..നന്ദിയോടെ..അലോകയ്ക്കൊപ്പം ഭിക്കു പന്നക്കാരയും സംഘവും സമാധാനത്തിന്റെ പ്രയാണങ്ങൾ തുടരുകയാണ്.
സൂര്യവർണ്ണ ചേലകൾക്ക് മുൻപിൽ വെയിലും മഴയും മഞ്ഞും ഇരുട്ടും വഴിമാറുന്നു.
ഒന്നും ആവശ്യപ്പെടാതെയുള്ള സഞ്ചാരം.
പോലീസ് എസ്കോർട്ടും മറ്റു ക്രമീകരണങ്ങളുമൊക്കെ തനിയെ വന്നു ചേരുകയാണ്.
കുമ്പിട്ടു നിൽക്കുന്ന ഓരോ ശിരസ്സുകൾക്കും മീതെ തന്റെ കയ്യിലുള്ള തൂവൽ വിശറി കൊണ്ടുള്ള അനുഗ്രഹ സ്പർശം അദ്ദേഹം ഉറപ്പാക്കുന്നുണ്ട്.
ജീവൻ വെടിഞ്ഞ പക്ഷികളുടെ കൊഴിഞ്ഞ തൂവലുകൾ പോലും അവർ ദൈവവെളിച്ചത്തിന്റെ മുഖ്യധാരയായി കരുതുന്നു.
എത്ര പാവനമായ ചിന്തകളാണ് നമുക്കവർ നിശബ്ദമായി കാണിച്ചു തരുന്നത്..!
സ്നേഹം…
നടന്ന് നടന്ന് അവർ പാടുന്നത് അത് മാത്രമാണ്.
മനുഷ്യൻ മറന്നു പോയ പാഠങ്ങൾ വീണ്ടും ഓർമിപ്പിക്കാനാണ് peace walk പോലുള്ളവയുടെ ദൗത്യം.
എല്ലാം തുടങ്ങുന്നത് ‘വയം ഏകം’ എന്ന മന്ത്രത്തിൽ നിന്നാണ്.
ഏത് കലഹത്തിലും ഏത് തർക്കത്തിലും മറക്കാതെ ഓർത്തു കൊള്ളുക.
നാമൊന്നാണ്.
ഇതിന് സമാനമായി 100 വർഷങ്ങൾക്ക് മുൻപ് നിശബ്ദമായി ഒരാൾ തന്റെ ചുവടുകൾ കൊണ്ട് ലോകത്തിന് മുൻപിൽ സമാധാനം വരച്ചു കാട്ടിയിട്ടുണ്ട്.
240 മൈൽ.
സബർമതി മുതൽ ദണ്ഡി കടപ്പുറം വരെ. കാൽനടയായി.
കടലിലേക്കാണ്.
ഉദ്ദേശം വളരെ ലളിതവും ശക്തവുമായിരുന്നു.
ഉപ്പ്.
അന്ന് ബ്രിട്ടീഷ് ഭരണത്തിൽ ഭാരതത്തിനു സ്വന്തമായി ലവണ നിർമ്മാണം നിരോധിച്ചിരുന്നു.
എങ്കിലും ഗാന്ധിജി നടന്നു.. കടൽ വരെ..
അവിടെയെത്തിയതും, കുനിഞ്ഞു തന്റെ കാൽച്ചുവടിലെ നനഞ്ഞ കടൽ ഭൂമിയിൽ നിന്നും ഉപ്പ് കോരിയെടുത്തു.
ശക്തമായൊരു നിയമലംഘനം അത്രയും ശാന്തമായി അന്നവിടെ നടന്നു.
അക്രമങ്ങളോ… അലർച്ചകളോ…ആയുധങ്ങളോ ഇല്ലാതെ തന്നെ.
എന്നാൽ അത് ലക്ഷക്കണക്കിന് മനുഷ്യർക്കുള്ള ഉണർത്തുപ്പാട്ടായി മാറി.
ഒരു നിശബ്ദ വിപ്ലവം തന്നെ സൃഷ്ടിക്കപ്പെട്ടു.
ഏറ്റവും ഭംഗിയുള്ള പരിണാമങ്ങളിലേക്കുള്ള ചുവടുകൾ മൃദുവേഗവും ചെറുതും സമാധാനപ്പൂർണ്ണവുമാണെന്നുറപ്പിക്കുന്ന ചരിത്രം.
എന്തിനെയും വിമർശിക്കാം… തിരുത്താം…
ന്യായീകരണങ്ങൾ ആവശ്യപ്പെടാം..
ഹിംസ കൂടാതെ… അവഹേളനങ്ങൾ കൂടാതെ… ആരെയും നോവിക്കാതെ.
ഒരു മനുഷ്യൻ ആർജ്ജിക്കേണ്ട ഏറ്റവും വലിയ ‘കല’ അത് മാത്രമാണ്.
എതിരെ നിൽക്കുന്ന മനുഷ്യനോട് നിന്ദ കൂടാതെ ആദരവോടെ തന്റെ അഭിപ്രായങ്ങൾ പറയുക.
നമ്മളിൽ എത്ര പേർക്ക് സാധ്യമാണത്?
വീടിനുള്ളിൽ പോലും പലപ്പോഴും സാധ്യമുള്ളതല്ല അത്. ഒന്ന് ചിന്തിച്ചാൽ മനസ്സിലാകും. പ്രായബന്ധഭേദമന്യേ പരസ്പരം സ്നേഹവും സഹാനുഭൂതിയും നിലനിർത്തുന്ന പച്ചയായ ചില മനുഷ്യരാണ് സർഗ്ഗാത്മകതയുടെ യഥാർത്ഥ തുടർച്ചക്കാർ.
അവർ ജീവിതത്തെ ഭംഗിയായി വരച്ചു കാട്ടുന്നു. ബന്ധങ്ങൾക്ക് സ്നേഹത്തിന്റെ ഈണം പകരുന്നു. ആദരവ് നിലനിർത്തുന്നു.
Similar patterns എന്നതിനെ ആസ്പദമാക്കി നീല സ്ക്രീനിൽ മിന്നി മറഞ്ഞൊരു video കണ്ടു.
ശീർഷകം ” We all are connected ” എന്നതാണ്.
54 സെക്കൻഡിൽ നമ്മൾ കണ്ടതൊക്കെയും തർക്കമില്ലാതെ ശരി വെച്ച് പോകും.
പ്രപഞ്ചം വരച്ചു കാട്ടുകയാണ്….
നിലത്ത് കൈവിരലുകൾ കുത്തി നിൽക്കുന്നതിനോട് സമാനമായി വൃക്ഷവേരുകളുടെ ചിത്രം…
കൈരേഖകൾക്ക് ചാരെ തുടർക്കഥ പോലെ ഇല ഞരമ്പുകൾ…
വിരലടയാളങ്ങളുടെ തുടർച്ചയായി മരനാരുകൾ..
ശ്വാസകോശത്തിനുള്ളിലെ ഏറ്റവും ചെറിയ വായുവാഹികൾക്ക് സമാനമായി ആകാശ വീക്ഷണത്തിലെ വൃക്ഷത്തലപ്പുകളും ശിഖരങ്ങളും..
രക്തധമനികളുടെ ശാഖകളുടെ പ്രതിഫലനം പോലുള്ള പുഴകളുടെയും കാടുകളുടെയും തിരിവുകളും ഞൊറിവുകളും…
ഭൂപ്രകൃതി, സസ്യങ്ങൾ, ക്ഷീരപഥം
എന്നിവയുടെയെല്ലാം രൂപാന്തര പ്രക്രിയയുടെ മാസ്മരികത വീണ്ടും ആവർത്തിക്കപ്പെടുന്നത്
മനുഷ്യശരീരം, ശ്വാസം അതിന്റെ താളം, എന്നിവയുടെ ഉത്ഭവഘട്ടങ്ങളിലാണ്.
ഒരേ ക്രമത്തിലുള്ള ശൈലികളിൽ വിരിഞ്ഞു നിൽക്കുന്ന ഈ പ്രപഞ്ചം നമ്മളിലെ ഓരോ കോശങ്ങളുടെയും തോത് അറിയുന്നു.
നമ്മളൊന്നാണ് എന്ന് മന്ത്രിക്കുന്നു.
എന്നിട്ടും കലഹങ്ങളുടെ മാറ്റൊലികളിൽ തീ പിടിച്ച രാജ്യങ്ങളും പട്ടണങ്ങളും വീടകങ്ങളും.
ഒരു സമാധാന ഗാനം പോലെ ഈയിടെ വായിച്ചത്
“Take me to the Church”
(By Jimmy Osborne ) എന്ന ഇംഗ്ലീഷ് കവിതയാണ്.
പള്ളിമണികളോ പൂജകളോ പ്രാർത്ഥനാനിയമങ്ങളോ ഇല്ലാത്ത ദേവാലയങ്ങളെ തേടുന്നു കവി. മനുഷ്യാരവങ്ങളോടുള്ള മടുപ്പ് മണക്കുന്ന എഴുത്ത്. നിഷ്കളങ്കമായ സ്നേഹം തേടിയുള്ള യാത്ര. ഒടുവിലയാൾ കാനനങ്ങളുടെ സ്വച്ഛതയിലേക്ക് മടങ്ങുന്നതായാണ് അവസാനവരികൾ.
പലതും ഉച്ചത്തിലാണ് മനുഷ്യൻ
പ്രതിപാദിക്കുന്നത്. സൗമ്യമായ അനുനയനം പാടുന്നത് പ്രകൃതി മാത്രമാണ്. അത് ആത്മാവിൽ ഉൾക്കൊണ്ടവരുടെ പ്രണയഗാഥയാണ് കുങ്കുമനിറഭേദങ്ങളിൽ മേനിപുതച്ച് പാതകളെ താണ്ടുന്ന വിണ്ട് കീറിയ കാൽപാദങ്ങൾ ഏറ്റു പാടുന്നത്.
ഇവരാണ് യഥാർത്ഥ കലാകാരന്മാർ. ഉപാധികളില്ലാതെ അനുരാഗമാടുന്നവർ.
ഈ പ്രണയമാസത്തിൽ വളരെയധികം ഓർമ്മിക്കപ്പെടേണ്ട ഒന്ന്.
ശ്രേഷ്ഠവും ദൈവീകവുമായ കരുണയെന്ന കലയെ കർമ്മതലങ്ങളിൽ നിത്യവും ലയിപ്പിക്കുന്നുണ്ടവർ.
അങ്ങനെ അരങ്ങ്, ഒരു വിശുദ്ധ പ്രണയത്തിന്റെ മറ്റൊലികളിൽ അനുഗ്രഹീതമാകുന്നു.
ടൈറ്റസ് കാഫറിന്റെ ചലച്ചിത്രം പറയുന്ന പോലെ…
‘The real artists are always forgiving.’
ക്ഷമിച്ചു കൊണ്ട് ലോകത്തെ ഗാഢമായി പുണരുന്നവർ. ❤️

