പുത്രനെ പറ്റി രണ്ട് വിശേഷണങ്ങൾ വിശ്വാസപ്രമാണത്തിൽ ഉപയോഗപ്പെടുത്തുന്നു . 1 . ഏകനായി ജനിപ്പിക്കപ്പെട്ടവൻ (only begotten). 2 . പിതാവിൽ നിന്നും ജനിപ്പിക്കപ്പെട്ടവൻ ( begotten from the Father) . പിതാവിൽ നിന്നും ജനിച്ചവനാണ് പുത്രൻ എന്നും അവൻ മാത്രമാണ് ഏക പുത്രൻ എന്നതുമാണ് ഇവിടെ സൂചന .
പിതാവിൽ നിന്ന് ജനിപ്പിക്കപ്പെട്ടു എന്നതിനാൽ പുത്രൻ സൃഷ്ടിയല്ല ; ജനിപ്പിക്കപ്പെട്ടവനാണ് . ജനിപ്പിക്കപ്പെട്ടവൻ സൃഷ്ടിയാകുന്നില്ല . പിതാവിൻ്റെ അതേ സാരാംശ( ousia)മാണ് പുത്രനും ഉള്ളത് . വ്യത്യാസം ഒരാൾ ജനിപ്പിച്ചവനും അപരൻ ജനിപ്പിക്കപ്പെട്ടവനും എന്നതു മാത്രം . അവയാകട്ടേ വ്യക്തിത്വസവിശേഷതകളാണ് . അങ്ങനെ പുത്രൻ സൃഷ്ടിയാണ് എന്ന അറിയോസിൻ്റെ വാദം ഇവിടെ ഖണ്ഡിക്കുന്നു . യുനോമിയസിനെതിരെ എന്ന രചനയിൽ നിസ്സായിലെ മാർ ഗ്രിഗറി പറയുന്നു : to make belongs to will and beget belongs to nature ( Gregory of Nassa ; Contra Eunomius). അതുകൊണ്ട് പിതാവും പുത്രനും ഏകസാരാംശ (consubstantial) ബന്ധമാണ് ഉള്ളത്.
പിതാവിൻ്റെ അതേ സാരാംശം ( homo ousios) എന്ന പദത്തിന് ഒരു വേദവിപരീത പശ്ചാത്തലം ഉണ്ട് . അന്ത്യോഖ്യയിലെ മേല്പട്ടക്കാരനായിരുന്ന സമസോട്ടയിലെ പൗലോസ്( A D 260 – 268 ) പിതാവും പുത്രനും തമ്മിലുള്ള ബന്ധം നിർവചിക്കുന്നതിനായി ഈ പദം ഉപയോഗിച്ചിരുന്നു . അതിൻ്റെ പേരിൽ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി . എന്നാൽ അദ്ദേഹം ഈ പദം ഉപയോഗിച്ചത് വിശ്വാസപ്രമാണം വിഭാവനം ചെയ്യുന്ന അർത്ഥത്തിലായിരുന്നില്ല . അദ്ദേഹം പിതാവിൻ്റെയും പുത്രൻ്റെയും ഏകത്വം ഊന്നിപ്പറഞ്ഞുവെങ്കിലും പുത്രൻ്റെ സ്വതന്ത്ര ആളത്തം / വ്യക്തിത്വം നിഷേധിച്ചിരുന്നു . അദ്ദേഹത്തിൻ്റെ ചിന്തയിൽ ക്രിസ്തു പൂർണ്ണ മനുഷ്യൻ മാത്രമായിരുന്നു . പിതാവിൻ്റെ സാന്നിധ്യം / വചനം ക്രിസ്തുവിൽ കുടിയിരുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത് . എന്നാൽ ഈ വചനത്തിന് സ്വതന്ത്രവ്യക്തിത്വം ഉണ്ടായിരുന്നില്ല. വചനം എന്നത് പിതാവിൻ്റെ എനർഗിയ (energeia) മാത്രമായിരുന്നു . ആളത്തരഹിതമായ ഈ എനർഗിയയും പിതാവും തമ്മിലുണ്ടായിരുന്ന ബന്ധം ഒരേ ഉസിയ (ousia) എന്ന നിലയിലായിരുന്നു . ആ പദം നിഖ്യായിൽ ഉപയോഗിച്ചത് പുത്രൻ്റെ ആളത്തം (Personhood) അംഗീകരിച്ചും ക്രിസ്തു പൂർണ്ണ അർത്ഥത്തിൽ ദൈവമെന്ന് അംഗീകരിച്ചും ആയിരുന്നു .
ഈ ബന്ധം വിശദീകരിക്കുവാനുള്ള രൂപകം (imagery ) ആയിരുന്നു പ്രകാശത്തിൽ നിന്നുള്ള പ്രകാശം എന്ന ഭാഗം . ഇത് നിഖ്യായ്ക്ക് മുമ്പുള്ള പിതാക്കന്മാർ ഉപയോഗിച്ചിരുന്നു (യോഹ.1:4 – 9 ; എബ്രാ.1:3 . The Son was the radiance (apaugasma = radiance / effulgence) – Justin Martyr ; Dialogue with Trypho 61; Athenagoras ; Plea for Christians .10; Theophilus of Antioch ; Ad Autolycum II 10 (AD 186 ) ; Origen ; First Principles 1.2 .7; Tertullian ; Against praxeas. 9 (AD 210)). പിതാവിൽ നിന്നുള്ള ജനനം , പുത്രൻ്റെ ആളത്തം , നിത്യത എന്നിവ വിശദീകരിക്കാനാണ് ഈ രൂപകം (imagery)ഉപയോഗപ്പെടുത്തിയത് . വിളക്കിന്റെ നാളം മറ്റൊന്നിലേക്ക് പകരുമ്പോൾ രണ്ടാമത്തേത് ആദ്യത്തേതിൽ നിന്നാണ് എങ്കിലും രണ്ടിനും ഒരേ സ്വഭാവവും / ജീവിത ദൈർഘ്യവുമാണ് . അതുപോലെ ജ്വാലയും അതിൻ്റെ പ്രഭയും എന്ന നിലയിലും ഈ രൂപകം ഉപയോഗപ്പെടുത്തിയിരിക്കുന്നു . ജ്വാല ഒരു വിളക്കിൽ നിന്ന് മറ്റൊന്നിലേക്ക് പകരുമ്പോൾ ഒരേ വെളിച്ചം തന്നെയെങ്കിലും രണ്ടും വ്യക്തിപരമായ അസ്ഥിത്വം (existence) ആർജ്ജിക്കുന്നു . ദൈവ ആളത്തങ്ങൾ തമ്മിലുള്ള പൊതുത്വവും (commonality) അവയുടെ വ്യതിരക്തതയും (distinctiveness)നിത്യതയും (co- eternity) വിശദീകരിക്കുവാൻ നിഖ്യായ്ക്കു മുമ്പുള്ള പിതാക്കന്മാർ ഉപയോഗിച്ച രൂപകം വിശ്വാസപ്രമാണത്തിൽ സ്ഥാനം പിടിച്ചു .
സകലവും അവൻ മൂലം മാത്രം (by Word only) സൃഷ്ടിക്കപ്പെട്ടു എന്നത് യോഹന്നാന്റെ സുവിശേഷം 1 : 3 ൻ്റെ ആവർത്തനവും സ്ഥിരീകരണവും (affirmation) ആണ് . കൂടാതെ കൊലോ . 1 : 16; 1 കൊരി. 8:6 ; എബ്രാ . 1 :2 എന്നിവയെല്ലാം ഈ വസ്തുതയ്ക്ക് സാക്ഷ്യം വഹിക്കുന്നു . വചനം സൃഷ്ടിയുടെ മൂലാധാരം എന്നത് യവനയഹൂദ (Hellenistic Judaism) സമൂഹത്തിൻ്റെ ചിന്തയായിരുന്നു . അലക്സാന്ത്രിയയിലെ ഫിലോ(20 BCE – 50 AD) പറയുന്നത് : വചനം സൃഷ്ടിയുടെ ഉപകരണ കാരണമാണ് (Word is the instrumental cause of creation). ഫിലോ വചനത്തെ രണ്ടാം ദൈവം (deuteros theos)എന്നും വിളിക്കുന്നു . ഇതിനെ സൃഷ്ടികർത്താവായി നിഖ്യായ്ക്കു മുമ്പുള്ള പിതാക്കന്മാർ (pre-Nicene fathers) സാക്ഷിക്കുന്നു (Justin Martyr, First Apology. 46; Dialogue with Trypho, 61; Origen, First Principles, 1.2 , 2 -3). അറിയോസ് ക്രിസ്തു സ്രഷ്ടാവാണ് എന്ന് പറയുന്നുവെങ്കിലും അദ്ദേഹത്തെ സംബന്ധിച്ച് ക്രിസ്തു സൃഷ്ടിയും ; സൃഷ്ടിയുടെ ഉപകരണവും (instrument)മാത്രമാണ് . എന്നാൽ വിശ്വാസപ്രമാണപ്രകാരം വചനം ദൈവവും സൃഷ്ടികർത്താവും ആയിരുന്നു . ക്രിസ്തു ഒരു ഉപകരണം (tool ) മാത്രമല്ല പ്രത്യുത അവനിലൂടെ ആയിരുന്നു എല്ലാം യാഥാർത്ഥ്യമായത് .
ഇവിടെ ഊന്നി പറയുന്നത് പുത്രൻ ദൈവവും പിതാവിന്റെ സാരാംശ(ousia)വും സർഗ്ഗശക്തി ഉള്ളവനുമാണ് എന്നതാണ് . സൃഷ്ടിശക്തി ദൈവത്തിനു മാത്രമുള്ള കഴിവാണ് ( യെശ. 44 : 24). ഇത് സൃഷ്ടിയുടെ ക്രമത്തിൽ ത്രിത്വത്തിനുള്ള പങ്കാളിത്തമാണ് കാണിക്കുന്നത് ( Trinitarian order of operation). അതായത് പിതാവ് ആത്മാവിൽ പുത്രനിലൂടെ സൃഷ്ടി നിർവഹിക്കുകയായിരുന്നു . The Father creates through the Son in Spirit . പുത്രൻ സൃഷ്ടിച്ചു എന്ന് പറയുമ്പോൾ പുത്രൻ ontological creator between truine God and contingent cosmos എന്നാണ് . ഇവിടെ സ്ഥാപിക്കുന്ന കാര്യങ്ങൾ : 1. പുത്രൻ സൃഷ്ടിയുടെ ഭാഗമല്ല പ്രത്യുത സൃഷ്ടിയുടെ കാരണം ( cause)ആണ്
2 . സൃഷ്ടി നടക്കുന്നത് പുത്രനിലാണ് . അതുകൊണ്ട് പുത്രൻ സ്രഷ്ടാവാണ് എന്നതിൻ്റെ അർത്ഥം പുത്രൻ പിതാവിനോടൊപ്പം ദൈവമാണ് എന്നാണ് അത്താനാസിയോസ് വ്യാഖ്യാനിക്കുന്നത് ( Against Arius 11:24 ). നിസായിലെ ഗ്രിഗറിയാണ് ഇത് സംബന്ധിച്ച ഏറ്റവും മൗലികമായ ( original )വ്യാഖ്യാനം നടത്തുന്നത് . ദൈവിക പ്രവർത്തന ക്രമീകരണ സൂചനയായി അദ്ദേഹം ഇതിനെ വിശദീകരിക്കുന്നു ( Father through Son in Spirit ). ഇവിടെ പുത്രൻ സൃഷ്ടിയുടെ വെറും ഉപകരണം (mere instrument ) അല്ല , പിന്നെയോ പിതാവുമായുള്ള ബന്ധത്തിലും ആത്മാവിൻ്റെ ശക്തിയിലും ആണ് സൃഷ്ടി നടക്കുന്നത് . Through എന്നത് instrumental എന്ന് അല്ല പ്രത്യുത unity of power of the Father and Son എന്നാണ് (contra Eunomius 11. 8 ) . Through the Son എന്നത് immediate cause / expression of divine action of creator അത്രേ . ഇവിടെ സൃഷ്ടിച്ച ദൈവിക ഊർജ്ജ പ്രവാഹ ധാര ദൈവികപ്രവർത്തന( divine operation)ത്തെ ഏകമാക്കുകയാണ് . സത്താപരമായി സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള വ്യക്തത , ത്രിത്വത്തിന്റെ പ്രവർത്തനത്തിലെ ഐക്യവും സഹകരണവും എന്നിവ അത്താനാസിയോസും നിസ്സായിലെ ഗ്രിഗറിയും വെളിപ്പെടുത്തുന്നു .
അതേ സാരാംശം (homo ousios)എന്ന നിഖ്യൻ വിശ്വാസത്തിനും അറിയോസിൻ്റെ അന്യസാരാംശം (hetro ousios) എന്ന നിർദ്ദേശത്തിനും പകരം ഉണ്ടായ പരിഹാര നിർദ്ദേശമാണ് homoi ousios (സമാനസാരാംശം). ഈ പദം നിർദ്ദേശിച്ചവരിൽ പ്രധാനികൾ അങ്കാറയിലെ ബസേലിയോസ് , ലവോദോക്യയിലെ ഗീവർഗീസ് , സെബാസ്റ്റ്യയിലെ ഒസ്താത്തിയോസ് എന്നിവർ ആയിരുന്നു . മധ്യ പ്ലേറ്റോണിക് ചിന്തയിൽ അതേ സാരാംശമല്ലാതെ സമാന സാരാംശത്തെ പറ്റിയുള്ള ചിന്ത ഉണ്ടായിരുന്നു . അതുപോലെ അരിസ്റ്റോട്ടിലിൻ്റെ ദർശനത്തിൽ species, genus, Substance എന്നിവയുടെ ബന്ധത്തെ വിശദീകരിക്കുന്നതിനും ഉപയോഗിച്ചിരുന്ന പദമാണ് ഇത്. പിതാവിന്റെയും പുത്രന്റെയും സാരാംശ ഐക്യം (identity of essence) ഈ പദം നിഷേധിച്ചതിലൂടെ തിരസ്കരിക്കപ്പെട്ടു .
ഈ ചർച്ച പുത്രൻതമ്പുരാൻ്റെ ആളത്തം , ജനനം , പിതാവുമായ ബന്ധം , സൃഷ്ടിയിലുള്ള പങ്കാളിത്തം , മനുഷ്യാവതാരപൂർവ്വ അവസ്ഥ എന്നിവയെല്ലാം വിശദമാക്കുന്നു . നിഖ്യായിലെ ഈ പ്രഖ്യാപനം സഭയുടെ വിശ്വാസം രൂപപ്പെടുത്തുക എന്ന് മാത്രമല്ല വിശ്വാസത്തിനെതിരെ ഉയർന്ന വേദശാസ്ത്രപരമായ വൈപരീത്യങ്ങളെ പ്രതിരോധിച്ച് വിശ്വാസിസമൂഹത്തെ ഐക്യത്തിലേക്ക് നയിക്കുകയും ചെയ്തു. (തുടരും …..)
സസ്നേഹം നിങ്ങളുടെ
അത്താനാസിയോസ് മെത്രാപ്പോലീത്ത

