പരിസ്ഥിതി, പ്രകൃതിശക്തികൾ എന്നിവ മനുഷ്യ ചരിത്രത്തെ എങ്ങിനെയൊക്കെ സ്വാധീനിക്കുന്നു എന്ന് അന്വേഷിക്കുന്ന പുസ്തകമാണ് ഇംഗ്ലീഷ് ചരിത്രകാരനും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ചരിത്രവിഭാഗം പ്രൊഫസറുമായ പീറ്റർ ഫ്രാങ്കോപ്പൻ എഴുതിയ Earth Transformed: An Utold History (2023) എന്ന പുസ്തകം. സാധരണയായി രാജാക്കന്മാർ, യുദ്ധങ്ങൾ മറ്റ് മനുഷ്യ ഇടപെടലുകൾ എന്നിവ കേന്ദ്രമാക്കിയാണ് ചരിത്ര രചന നടത്തുക. എന്നാൽ ഈ കൃതിയിൽ പരിസ്ഥിതി സൗരയുഥം, കടൽ, ജൈവ വൈവിദ്ധ്യം, കാലാവസ്ഥ എന്നിവ കേന്ദ്രമാക്കി മനുഷ്യൻ്റെയും ജീവജാലങ്ങളുടെയും ചരിത്രത്തെ പറയാൻ ശ്രമിക്കുകയാണ്. സാധാരണ ഗതിയിൽ പരിസ്ഥിതി ചരിത്ര രചനയുടെ ഭാഗമാകാറേയില്ല, കാരണം കാലത്തിൻ്റെ ഗതിവിഗതികളെ നിയന്ത്രിക്കാൻ ഇവയ്ക്ക് സാധിക്കില്ല എന്ന ധാരണയാണ് പൊതുവെ നിലനിന്നിരുന്നത്. ഇതിന് വിപരിതമായി പരിസ്ഥിതി മനുഷ്യ ചരിത്രത്തിൽ നിർണായകമായി സ്വാധീനിക്കുന്നുണ്ട് എന്ന് ആശയ വ്യക്തതയോടെ ഈ ഗ്രന്ഥം സമർത്ഥിക്കുന്നു.
ബൈബിൾ സംഭവങ്ങളിലൂടെ അന്വേഷിക്കുമ്പോൾ, കാലാവസ്ഥ വ്യതിയാനം, വരൾച്ച, പ്രളയം, എന്നിവ വഴി മനുഷ്യ ചരിത്രം നിർണായകമായി സ്വാധീനിക്കപ്പെടുന്നതായി കാണാൻ സാധിക്കും. നോഹയുടെ കാലത്ത് നടന്ന പ്രളയത്തെക്കുറിച്ച് പഴയ നിയമ പണ്ഡിതനായ വാൾട്ടർ ബ്രൂഗർമാൻ ഉൾപ്പെടെയുള്ള പഴയ നിയമ പണ്ഡിതന്മാർ പറയുന്നത് “Cretion -> De-Creation -> Recreation” എന്ന മാതൃകയിലാണ്. അതുകൊണ്ട് നോഹയുടെ കാലത്തെ പ്രളയം ഒരു നാഗരികതയുടെ അവസാനവും മറ്റൊരു നാഗരികതയുടെ ആരംഭവും ആണ് എന്ന് വിലയിരുത്തപ്പെടുന്നു. അതുപോലെ തന്നെ വലിയ വരൾച്ച നേരിട്ടപ്പോൾ ഭക്ഷ്യധാന്യങ്ങൾ തേടി ഗോത്രപിതാവായ യാക്കോബും മക്കളും ഈജിപ്തിലേക്ക് കുടിയേറിയതും (ഉല്ലത്തി 42: 1-3, 43: 1) പ്രകൃതിയിൽ വന്ന മാറ്റങ്ങളിലൂടെ രൂപപ്പെട്ട ചരിത്ര സംഭവങ്ങളായിരുന്നു. ഈ സംഭവങ്ങൾ പിൽക്കാല യിസ്രായേൽ ചരിത്രത്തെ നിർണായമായി സ്വാധീനിച്ച ഒന്നായി മാറി. സാമ്രജ്യങ്ങൾ തകർന്നതിലും വിസ്തൃതമായതിലും പരിസ്ഥിതിയുടെ പങ്ക് വലുതാണ്. സുഗന്ധ വ്യജ്ജനങ്ങൾ, കൃഷി, കാലാവസ്ഥ വ്യതിയാനങ്ങൾ, പ്രകൃതി വിഭവങ്ങളുടെ ലഭ്യത എന്നിവ തന്നെയായിരുന്നല്ലോ യൂറോപ്യൻ കോളനിവൽക്കരണത്തിൻ്റെ സുപ്രധാന ലക്ഷ്യം. ഇവയുടെ ലഭ്യതക്ക് അനുസരിച്ചാണ് കോളനിവൽക്കരണം വ്യാപിക്കുന്നത് എന്നത് ചരിത്ര യാഥാത്ഥ്യമാണ്.
ചരിത്രഗതിയെ മുന്നോട്ട് നയിക്കുന്നതിൽ പരിസ്ഥിതിയിൽ ഓരോന്നിൻ്റെയും പങ്ക് വളരെ പ്രധാനമാണ്. ഭൂമിയിൽ ജീവൻ്റെ വികാസത്തിന് ചന്ദ്രൻ വലിയ പങ്കാണ് വഹിക്കുന്നത്. ചന്ദ്രൻ്റെ ഗുരുത്വാകർഷണം ഭൂമിയുടേതിനേക്കാൾ ദുർബലമാണെങ്കിലും ഭൂമിയിലെ പകലിൻ്റെ ദൈർഘ്യം, സ്ഥിരതയുള്ള ഋതുക്കൾ, വേലിയേറ്റ വേലിയിറക്കങ്ങൾ തുടങ്ങിയവയെയെല്ലാം ചന്ദ്രൻ സ്വാധീനിക്കുന്നു. കരയിലും കടലിലും ജീവിക്കാൻ സമുദ്രജീവികളെ പ്രാപ്തരാക്കിയത് സമുദ്രജലവിതാനത്തിലെ ചാഞ്ചാട്ടങ്ങളാണെന്ന് ഫ്രാങ്കോപ്പൻ അടിവരയിട്ട് പറയുന്നു.
ഈയൊരു നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ മനുഷ്യ ചരിത്രത്തെ നിർണയിച്ച പാരിസ്ഥിതിക മാറ്റങ്ങളുടെയും പരിസ്ഥിതി ഘടനയുടെയും പ്രാധാന്യം നമുക്ക് മനസിലാക്കാൻ സാധിക്കും. എന്നാൽ മനുഷ്യൻ്റെ അത്യാഗ്രഹം കൊണ്ടും വികസന സമീപനങ്ങൾ കൊണ്ടും പരിസ്ഥിതിക്ക് ഉണ്ടാകുന്ന അഘാതങ്ങൾ ഏത് പട്ടികയിലാണ് പെടുത്തുക എന്നത് ഇവിടെ പ്രസക്തമാണ്. ഇത്തരത്തിലുള്ള അഘാതങ്ങൾ സംഭവിക്കുമ്പോൾ മനുഷ്യചരിത്രം അതിൻ്റെ വിപരീത ദിശയിലേക്കായിരിക്കും സഞ്ചരിക്കുക എന്നതാണ് നമുക്ക് ലഭിക്കുന്ന പാഠം.
ഇതിനുള്ള ഏറ്റവും ശക്തമായ ഉദാഹരണം ആണ് കേന്ദ്ര സർക്കാരിൻ്റെ പുതിയ ‘ഗ്രേറ്റ് നികോബാർ ‘പദ്ധതി. ഇന്ത്യയുടെ കിഴക്കൻ സമുദ്രാതിർത്തിയിൽ മലാക്കാ കടലിടുക്കിന് വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ദ്വീപിൽ പുതിയ പദ്ധതി വഴി വിഭാവനം ചെയ്യുന്നത് ഒരു അന്താരാഷ്ട്ര ട്രാൻസ്ഷിപ്മെൻ്റ് തുറമുഖവും വിമാനത്താവളവും, 160 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഒരു ടൗൺഷിപ്പും ആണ്. എന്നാൽ ഈ ദ്വീപിൻ്റെ പാരിസ്ഥിതിക പ്രത്യേകതകൾകൂടി മനസിലാക്കുമ്പോഴെ ഈ പദ്ധതി വഴി ഉണ്ടാകാൻ പോകുന്ന ദുരന്തം എന്താണ് എന്ന് മനസിലാകൂ. ഇതിൽ ഏറ്റവും പ്രധാനം അവിടെ ആയിരക്കണക്കിന് വർഷങ്ങളായി താമസിക്കുന്ന തദ്ദേശിയ ഗോത്രസമൂഹങ്ങളായ ‘ ഷോംപെൻ’ ‘സതേൺ നികോബാറീസ് ‘ എന്നീ സമൂഹങ്ങളുടെ ജീവിത നിലവാരം, സംസ്കാരം, ഭാവി എന്നിവയുടെ ഉന്മൂലനാശം തന്നെയാണ്. അതോടൊപ്പം ഈ പ്രദേശം യുനെസ്ക്കോയുടെ ബയോസ്പിയർ റിസർവ്വ് ആണ്, പവിഴപ്പുറ്റുകളുടെ പ്രദേശമാണ്, 650 ൽ അധികം പലജാതി സസ്യവർഗങ്ങളുടെ ഭൂപ്രദേശമാണ്, വംശനാശ ഭീഷണി നേരിടുന്ന ലെതർബാക് കടലാമകളുടെ അവസ വ്യവസ്ഥയാണ് എന്നിങ്ങനെ പാരിസ്ഥിതികമായി തീർത്തും ലോലമായ (fragile) പ്രദേശമാണ് ഇത്. അതുമാത്രമല്ല ഇവിടുത്തെ ഉഷ്ണമേഖലാ വനങ്ങളിലെ ഒരു ദശലക്ഷം മരങ്ങളാണ് ഈ പദ്ധതിക്കായി വെട്ടിമാറ്റാൻ മാർക്ക് ചെയ്ത് പോയിരിക്കുന്നത്. ഭൂമിശാസ്ത്രപരമായും ജൈവവൈവിധ്യപരമായും ഭൗമഘടനയുടെ പ്രത്യേകതകളാലും ഈ പ്രദേശം ഇതിനായി തിരഞ്ഞെടുത്താൽ ദുരന്തം ആയിരിക്കും ഫലം എന്ന് ശാസ്ത്രജ്ഞന്മാരും ഗവേഷകരും ഒറ്റ സ്വരത്തിൽ പറഞ്ഞ് കഴിഞ്ഞു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ. രാഹുൽ ഗാന്ധി ഈ സ്ഥലം സന്ദർശിച്ച് ഈ പദ്ധതിക്ക് എതിരെ ശബ്ദം ഉയർത്തിയതിന് ശേഷമാണ് അതുവരെയും തമസ്ക്കരിക്കപ്പെട്ടിരുന്ന ഈ വാർത്ത ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിൽ ചിലതെങ്കിലും ഏറ്റെടുത്തത്.
കാരണം പണവും അധികാരവും ഉപയോഗിച്ച് യാതൊരു ദാഷിണ്യവുമില്ലാതെ എന്തിനെയും കൊള്ളയടിക്കാൻ തക്കം പാർത്തിരിക്കുകയാണ് അധികാരം കൈയ്യാളുന്നവരും അതിന് ചൂട്ട് പിടിക്കുന്ന മാധ്യമങ്ങളും.
പ്രതിഷേധങ്ങൾ അവഗണിച്ച് കേന്ദ്ര സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട് പോയാൽ ഇന്ത്യ മറ്റൊരു പാരിസ്ഥിതിക ദുരന്തത്തിന് സാക്ഷിയാകേണ്ടിവരും എന്നതിന് സംശയമില്ല. പരിസ്ഥിതിയെ വിപരീത ദിശയിലേക്ക് നയിക്കുക വഴി മനുഷ്യ ചരിത്രത്തിന് മനുഷ്യർ തന്നെ അന്ത്യം കുറി ക്കുകയാണ് ചെയ്യുന്നത് എന്ന ഓർമ്മപ്പെടുത്തൽ ആവഗണിച്ചാൽ കരിക്കട്ട കൊണ്ട് കാലത്തെ കോറിയിടാൻ മാത്രമുള്ള അവസരമെ നമുക്ക് ലഭിക്കൂ എന്ന് ഓർമ്മിക്കുന്നത് നന്നായിരിക്കും.

