വിശ്രമത്തിൻ്റെ അത്മീയത

Text Size

ഇന്ത്യയിലെ തൊഴിൽ വിപണി വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പരമ്പരാകത തൊഴിൽ സംസ്കാരത്തോടും മറ്റ് തൊഴിൽ മേഖലകളോടും വിട പറഞ്ഞ് യുവതീ യുവാക്കൾ ഐ. ടി, സേവന മേഖലകളിലേക്ക് കൂട്ടത്തോടെ ചേക്കേറുകയാണ്. ഈയൊരു മാറ്റത്തിൻ്റെ പ്രധാന കാരണം ആഗോള സമ്പദ് വ്യവസ്ഥയും ശാസ്ത സാങ്കേതിക രംഗത്ത് വന്നിരിക്കുന്ന വിവിധ തരത്തിലുള്ള മാറ്റങ്ങളുമാണ്. ഐ. ടി, സേവന മേഖലകളിൽ രാജ്യങ്ങൾ തമ്മിലും വൻകിട കുത്തക കമ്പനികൾ തമ്മിലും ലാഭത്തിന് വേണ്ടിയും മാർക്കറ്റിന്മേലുള്ള ആധിപത്യത്തിന് വേണ്ടിയും കടുത്ത കിടമൽസരങ്ങളിൽ ഏർപ്പെടുന്ന ഈ കാലത്ത് ജോലിയുടെ മാനുഷിക മുഖം നഷ്ടപ്പെട്ടു പോകുന്നുണ്ട് എന്നത് യാഥാത്ഥ്യമാണ്. അതിന് പ്രധാന കാരണം ജോലി ചെയ്യുന്നതു വഴി ലഭിക്കുന്ന ഉല്ലാസവും ആനന്തവും വിശ്രമവും ലഭിക്കാതെ പോകുന്നതുകൊണ്ടാകണം ഇങ്ങനെ സംഭവിക്കുന്നത്.

അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) കണക്ക് അനുസരിച്ച് ഇന്ത്യയിലെ തൊഴിലാളികളുടെ ഗണ്യമായൊരു വിഭാഗം ആഴ്ചയിൽ 48 മണിക്കൂറാണ് ജോലി ചെയ്യുന്നത്. ഇത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ജോലി സമയം ആണെന്നിരിക്കിലും ജോലി സമയത്തിൻ്റെ ദൈർഘ്യം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. വാട്സ് ആപ്പ് സന്ദേശമായും പാതിരാത്രിയിൽ ഈ മെയിൽ ആയും ജോലി പിന്നേയും തുടരും. അതായത് കോൾ അറ്റൻഡ് ചെയ്താൽ ജോലി സമയം പിന്നേയും പരിധിയില്ലാതെ നീളും എന്നതാണ് സത്യം. ഇതുവഴി തൊഴിലാളിയുടെ സമയം മാത്രമല്ല ശ്രദ്ധയും സ്വകാര്യതയും നിയന്ത്രിക്കുന്ന രീതിയിലേക്ക് ഈ സാഹചര്യം എല്ലാവരെയും കൊണ്ട് ചെന്ന് എത്തിക്കും. എല്ലായ്പ്പോഴും ലഭ്യമായിരിക്കുക (always on) എന്ന ജോലി സംസ്കാരം സാധ്യമാക്കുന്ന സാങ്കേതിക വിദ്യ, ഉത്പാതനക്ഷമത വർദ്ധിപ്പിക്കുന്നതിന് പകരം നിരന്തര സാന്നിധ്യം ഉറപ്പാക്കാനുള്ള ഉപകരണമായി മാറി എന്നാണ് സാമൂഹ്യ ശാസ്ത്രജന്മാർ നിരീക്ഷിക്കുന്നത്. (ജഗദീഷ് വില്ലോടി, അൽഗോരിതങ്ങളുടെ കാലത്ത് ആരുടേതാണ് ജീവിത സമയം? മാതൃഭൂമി ദിനപ്പത്രം, ഏപ്രിൽ 30) അതായത് ഇവിടെ ജോലി സമയം മാത്രമല്ല അവർ കൈവശപ്പെടുത്തുന്നത് ജീവിക്കാനുള്ള സമയം കൂടിയാണ്, ഇതാണ് അതിലെ പ്രധാന പ്രതിസന്ധി. ഈ പശ്ചാത്തലത്തിൽ ആണ് തൊഴിലാളിയുടെ അവകാശമായ ‘ റൈറ്റ് ടു ഡിസ്കണക്ട’ പ്രസക്തമാകുന്നത്. ഓഫീസ് സമയം കഴിഞ്ഞതിന് ശേഷം ജോലിയുമായി ബന്ധപ്പെട്ട ഫോൺ കോളുകൾ ഇ — മെയിലുകൾ മറ്റ് സന്ദേശങ്ങൾ എന്നിവ അവഗണിക്കാനുള്ള തൊഴിലാളിയുടെ അവകാശമാണ് ഇത്.

മനുഷ്യൻ്റെ വിഭവശേഷിക്ക് അനുസരണമായിട്ടാണ് മനുഷ്യനെ കമ്പനികൾ വിലയിടുന്നത്. കാരണം അവർക്ക് ഉല്പാതനക്ഷമതയാണ് പ്രധാനം. അധ്വാനത്തിലൂടെ പുറത്ത് വരേണ്ട ലാഭത്തിലാണ് എല്ലാവരുടെയും കണ്ണ്. എന്നാൽ ഇതിൻ്റെ മറുപുറം തകർച്ചയും മരണവുമാണ് എന്നതാണ് വാസ്തവം. മനുഷ്യൻ്റെ മാത്രമല്ല മനുഷ്യാവ്യവസ്ഥയുടെ തന്നെ മരണമാണ് അവിടെ സംഭവിക്കുന്നത്. അമിതമായ ജോലി കൊണ്ട് മരിക്കാം എന്ന് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്ത രാജ്യമാണ് ജപ്പാൻ. അമിത അധ്വാനം കൊണ്ടുണ്ടാകുന്ന മരണങ്ങൾക്ക് അവർ “കരോഷി” എന്നാണ് വിളിക്കുന്നത്.

ബൈബിൾ സൃഷ്ടിവിവരണത്തെപ്പറ്റി പറയുന്ന ഭാഗമാണ് ഉല്പത്തി 1: 1 – 2: 3 വരെയുള്ള ഭാഗം. ആറ് ദിവസം കൊണ്ട് സൃഷ്ടി മുഴുവൻ പൂർത്തിയാക്കി ഏഴാം ദിവസം ദൈവം വിശ്രമിക്കുന്നു എന്നാണ് രേഖപ്പെടുത്തുന്നത്. (ഉല്പ 2: 2) സൃഷ്ടിയുടെ പൂർണതയും മകുടവും (crown) ആണ് ഏഴാം ദിവസം. അതായത് സൃഷ്ടി അതിൻ്റെ പൂർണതയിൽ പൂർത്തിയാക്കി എന്നതിൻ്റെ അടയാളമാണ് എല്ലാ പ്രവർത്തികളിൽ നിന്നും വിരമിച്ച് ദൈവം വിശ്രമിച്ചത്. മറ്റൊന്ന്, ആറ് ദിവസങ്ങൾക്ക് സന്ധ്യയും പ്രഭാതവും ഉണ്ടെങ്കിൽ ഏഴാം ദിവസത്തിന് അത് ഇല്ല. കാരണം ദൈവം തൻ്റെ സൃഷ്ടിയിൽ അനുഭവിക്കുന്ന വിശ്രമം സൂചിപ്പിക്കുന്നത് സൃഷ്ടി മുഴുവൻ്റെയും നിരന്തര സ്വഭാവമാണ് (ongoing charactor) അത് ഒരു ദിവസത്തിൽ ഉൾക്കൊള്ളിക്കാവുന്ന ഒന്നല്ല അതിന് അതീതമാണ് അത്. സൃഷ്ടിവിവരണത്തിൻ്റെ ചരിത്രം പരിശോധിക്കുമ്പോൾ മറ്റൊരു കാര്യം കൂടെ വ്യക്തമാകുന്നുണ്ട്. ‘ഷാബാത്ത്’ (Shabat) എന്ന എബ്രായ പദത്തിൽ നിന്നാണ് ‘വിശ്രമം ‘ എന്ന പദം വരുന്നത്. യിസ്രായേലിൻ്റെ ജീവിതത്തിലും ആരാധനയിലും ശാബത്ത് ശക്തമായി നിലനിന്നു എങ്കിലും പിന്നീട് അത് വെറും ഒര് ആചാരമായി മാറി അതിൻ്റെ അത്മാവ് നഷ്ടമായി എന്നുള്ളത് പുതിയ നിയമ പാഠങ്ങളിൽ നിന്ന് മനസിലാക്കാവുന്നതാണ്. പുതിയ നിയമത്തിൽ ഇത് ആചരണം എന്നതിലുപരി അനുഭവവും സന്തോഷവും വിമോചനവും ആയിട്ടാണ് യേശു അടയാളപ്പെടുത്തിയത്.

ആധുനിക കാലത്തെ തിരക്കുകളിലും പരക്കം പാച്ചിലുകളിലും നമുക്ക് നഷ്ടമാകുന്നതും തൊഴിലുടമകൾ നമ്മിൽ നിന്ന് എടുത്ത് കളയുന്നതുമാണ് വിശ്രമം എന്നത്. വൻകിട ഐ. ടി കമ്പനികളുടെ പിരിച്ച് വിടൽ എന്ന ഭീഷണിക്ക് വഴങ്ങേണ്ടി വരുന്നത് ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പുരോഗതിക്കും വളർച്ചക്കും വിശ്രമമില്ലാത്ത അധ്വാനം ആവശ്യമാണ് എന്ന് പുതു തലമുറ കരുതുന്നതും പ്രശ്നത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇവിടെ ജീവിതത്തിൻ്റെ സന്തോഷങ്ങൾ നാം അറിയാതെ തന്നെ അവഗണിച്ച് മുന്നോട്ട് പോവുകയാണ്. അതോടൊപ്പം ആധുനിക തൊഴിൽ മേഖല മുന്നോട്ട് വയ്ക്കുന്ന വെല്ലുവിളികളെ മനസിലാക്കാറില്ല എന്നതും നാം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. ഇതിൻ്റെ പരിണിത ഫലമോ, ഗുണപരമായ സമയം (quality time) കുടുംബത്തിൻ്റെ സന്തോഷത്തിന് മാറ്റിവയ്ക്കാൻ സാധിക്കാതെ വരുന്നു എന്നതും കടുത്ത ജോലിഭാരവും സമ്മർദ്ദവും അന്തരീയമായ സമാധാനം (inner peace) നഷ്ടമാക്കുന്ന എന്നതുമാണ് പ്രശ്നം. ഈ സാഹചര്യങ്ങളെല്ലാം അതിജീവിക്കാനും ശാന്തമായിരിക്കാനും വിശ്രമിക്കാനും മനുഷ്യൻ പരിശീലിക്കണം. ഇന്നയോളം എല്ലാം മനോഹരമായി പൂർത്തിയായി നാളെയും അങ്ങിനെ തന്നെ ആകും എന്ന അത്മവിശ്വാസത്തിലും ഉറച്ച സമർപ്പണത്തിലും വിശ്വാസത്തിലും നമുക്ക് വിശ്രമിക്കാൻ സാധിക്കണം, അതാണ് സമാധാന പൂർവ്വമായ വിശ്രമം