കുട്ടികൾക്ക് നേരെയുള്ള യുദ്ധങ്ങൾ

Text Size

ഇസ്രായേലും യു. എസും ചേർന്ന് ഇറാന് എതിരെ നടത്തുന്ന യുദ്ധം അതിഭീതിജനകമായ അന്തരീക്ഷത്തിലേക്ക് വളരുകയാണ്. ഈയൊരു യുദ്ധം പശ്ചിമേഷ്യയെ ഏറ്റവും അപകടകരമായ ഘട്ടത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഇവിടെ യുദ്ധത്തിൽ ഏർപ്പെടുന്ന രാജ്യങ്ങൾ മാത്രമല്ല ഇതിൽ പങ്കാളികളാകുന്നത് മറിച്ച് അമേരിക്കൻ താവളങ്ങൾക്ക് ഇടം കൊടുത്ത പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങളും അക്രമിക്കപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത്. പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം ഇറാൻ്റെ തകർച്ച ആ മേഖലയിലുള്ള വലിയൊരു രാഷ്ട്രീയ മാറ്റത്തിനും രാജ്യങ്ങൾ തമ്മിലുള്ള മൽസരത്തിനും വഴി തുറക്കും. പൊതുവെ സമാധാനം നിലനിൽക്കുന്ന ഗൾഫ് മേഖലയിലും ഇറാൻ്റെ പിന്തുണയുള്ള ഗ്രൂപ്പുകൾക്ക് ഇടയിലും ഇത് പ്രദേശിക യുദ്ധസാഹചര്യങ്ങൾ വളർത്താനും സൃഷ്ടിക്കാനുമുള്ള സാധ്യതയാണ് ഉള്ളത് എന്ന് നിരീക്ഷകർ മുന്നിൽക്കാണുന്നു. ഇത് യുദ്ധത്തിൻ്റെ പൊതു ചിത്രമാണെങ്കിൽ ഈ അക്രമണങ്ങൾവഴി കൊല്ലപ്പെടുന്നതും പാലായനം ചെയ്യപ്പെടേണ്ടി വരുന്നതും ആരാണ് എന്ന പരിശോധന വളരെ ആവശ്യമാണ്. ഇറാനിലെ മിനാബിലുള്ള പെൺകുട്ടികളുടെ സ്ക്കൂളിന് നേരെ ഇസ്രായേലും അമേരിക്കയും ചേർന്ന് ഫെബ്രുവരി 28 ന് നടത്തിയ വ്യോമാക്രമണത്തിൽ 165 കുട്ടികളാണ് കൊല്ലപ്പെട്ടത്. ഈ കുട്ടികളെ സംസ്ക്കരിക്കുന്നതിന് വേണ്ടി ഒരുക്കിയ കുഴിമാടങ്ങളുടെ പത്രമാധ്യമങ്ങളിലൂടെ പുറത്ത് വന്ന കാഴ്ച കരളലിയിപ്പിക്കുന്നതാണ്. ഏത് യുദ്ധമുന്നണിയിലും ഏറ്റവും അധികം കൊല്ലപ്പെടുന്നതും അക്രമിക്കപ്പെടുന്നതും കുട്ടികൾ ആണ് എന്നുള്ളതും അവരെത്തന്നെ ലക്ഷ്യം വച്ച് അക്രമിച്ച് ഇല്ലാതാക്കുക എന്നത് ഒരു യാഥാർത്ഥ്യവും യുദ്ധങ്ങളുടെ പൊതു യുക്തിയുമാണ് എന്നതാണ് വാസ്തവം.

ഇസ്രായേൽ – പാലസ്തീൻ (ഗാസ) യുദ്ധത്തിൽ 2023 ഒക്ടോബർ മുതൽ 2026 ഫെബ്രുവരി വരെയുള്ള (UNICEF ) റിപ്പോർട്ട് അനുസരിച്ച് ആകെ കൊല്ലപ്പെട്ട 71, 803 മനുഷ്യരിൽ കുട്ടികളുടെ സംഖ്യ 21, 289 ഉം പരിക്കേറ്റ കുട്ടികൾ 44, 500 ഉം ആണ് എന്നാണ് UN കണക്ക്. അതായത് UNICEF കണക്ക് അനുസരിച്ച് മരിച്ചവരിൽ ഏകദേശം മൂന്നിൽ ഒന്ന് കുട്ടികൾ ആണ് എന്നുള്ളതും ആധുനിക യുദ്ധങ്ങളിൽ ഏറ്റവും ഉയർന്ന ബാലമരണനിരക്കാണ് ഇത് എന്നുള്ളതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. UNICEF വിലയിരുത്തുന്നത് (2025) ശരാശരി ഒരു ദിവസം ഏകദേശം 35 കുട്ടികൾ കൊല്ലപ്പെട്ടു (14 മാസക്കാലം) എന്നതും അനേകം കുട്ടികൾ അനാഥരാവുകയോ, അംഗവൈകല്യം, ട്രോമ മുതലായ കാരണങ്ങളാൽ സ്ഥിരമായ വൈകല്യങ്ങൾ ഉള്ളവരായിത്തീരുകയോ ചെയ്തു എന്നതാണ് വാസ്തവം.

2026 മാർച്ച് 11 ലെ UNICEF പ്രസ്ഥാവന അനുസരിച്ച് ഇപ്പോഴത്തെ ഇറാൻ–ഇസ്രായേൽ സംഘർഷത്തിൽ (2026)
1, 100 കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു എന്നും ഇറാനിൽ മാത്രം 200 കുട്ടികൾ കൊല്ലപ്പെട്ടു എന്നും റിപ്പോർട്ട് ഉണ്ട്. ലെബനനിൽ 91 ഉം ഇസ്രായേലിൽ 4 കുട്ടികളും കൊല്ലപ്പെട്ടു എന്നുമുള്ള കണക്ക് പുറത്ത് വരുന്നത്. ഇത് ഇപ്പോഴും തുടരുന്ന സംഘർഷമായതിനാൽ മരണ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം, പല മൃതദേഹങ്ങളും അവശിഷ്ടങ്ങൾക്കടിയിൽ ഇപ്പോഴും തുടരുന്നതിനാലും
ആശുപത്രി സംവിധാനങ്ങൾ തകർന്നതിനാലും യഥാർത്ഥ സംഖ്യ ഇനിയും കൂടാനുള്ള സാധ്യതയാണ് വിദഗ്ധർ മുന്നിൽക്കാണുന്നത്. യുദ്ധത്തിനു പുറമേയുള്ള മരണങ്ങൾ, തണുപ്പ്, വിശപ്പ്, പോഷകാഹാരക്കുറവ് എന്നിവ മൂലം കുട്ടികൾ മരിക്കുന്ന സാഹചര്യവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യുദ്ധത്തിൻ്റെ ബലതന്ത്രങ്ങൾ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു എന്നത് വസ്തുതയാണ്. ആധുനിക യുദ്ധങ്ങൾ പഴയ “സൈന്യം vs സൈന്യം” മാതൃകയിലല്ല. ഇപ്പോഴത്തെ യുദ്ധങ്ങൾ നഗരങ്ങളിൽ നടക്കുന്ന യുദ്ധങ്ങൾ (Urban Warfare) ആണ്. ബോംബാക്രമണങ്ങൾ കുട്ടികളെ നേരിട്ട് ബാധിക്കുന്നു, കാരണം
കുട്ടികൾക്ക് പെട്ടെന്ന് ഒഴിഞ്ഞുപോകാൻ കഴിയില്ല എന്നതും മാതാപിതാക്കളെ ആശ്രയിച്ചാണ് അവരുടെ തീരുമാനം എന്നതുമാണ്. യുദ്ധം ജയിക്കാനുള്ള എളുപ്പവഴി ശത്രു രാജ്യത്തെ പെട്ടെന്ന് വരുതിയിലാക്കാൻ സാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച
സാധ്യമാക്കുകയാണ് അതിൽ പ്രധാനം. ആശുപത്രികൾ, വെള്ളവിതരണം, വൈദ്യുതി, ഭക്ഷ്യ ശൃംഖല എന്നിവ തകർക്കപ്പെടുമ്പോൾ ഇത് കുട്ടികളെ നേരിട്ട് ബാധിക്കുന്നു: പോഷകാഹാരക്കുറവ്, രോഗങ്ങൾ, നവജാത ശിശുമരണങ്ങൾ എന്നിവ അതിൻ്റെ അനന്തരഫലങ്ങളും.

എല്ലാ യുദ്ധങ്ങളും ഉടലെടുക്കുന്നത് ഭയത്തിൽ നിന്നാണ്. അമേരിക്ക മുൻപ് ഇറാഖ് അക്രമിച്ചതും ഇപ്പോൾ ഇസ്രായേലും കൂടി ചേർന്ന് ഇറാനെ അക്രമിക്കുന്നതും അവർ ആണവായുധം ഉണ്ടാക്കുന്നു എന്ന പ്രചരണം നടത്തിയാണ്. പശ്ചിമേഷ്യയിൽ എതിരാളികളില്ലാത്ത ഒരു ഏകപക്ഷീയ ശക്തിയായി ഇസ്രായേൽ മാറുന്നതിനും ലോകത്തിൻ്റെ ശാക്തിക ചേരിയിൽ ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ മേൽ വ്യക്തമായ മേൽക്കൈയ്യ് നേടുന്നതിന് വേണ്ടിയും അമേരിക്ക നടത്തുന്ന ശ്രമങ്ങളാണ് നാം ഇതിലൂടെ കാണുന്നത്. ഈ ന്യായങ്ങളെല്ലാം ഉടലെടുക്കുന്നതും ഭയത്തിൽ നിന്നാണ്. ഇത് ഇപ്പോഴത്തെ ഭയം മാത്രമല്ല, ഭാവിയെ മുന്നിൽക്കണ്ട് തലമുറകളെത്തന്നെ ഇല്ലാതാക്കും എന്ന് ഗാസയിലെ അമ്മമാരെ നോക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രസ്താവം ഗൗരവമായ ഒന്നാണ്. പാലസ്തീനികൾക്ക് ഹമാസിനെയും ലെബനൻകാർക്ക് ഹിസ്ബുള്ളയെയും രാഷ്ട്രീയമായോ സൈനികമായോ നിലക്ക്നിർത്താൻ സാധിക്കാത്തതും ഭയം കൊണ്ടാണ് എന്നതും നാം കാണേണ്ടതു തന്നെ (ഈ അടുത്ത സമയത്ത് ലെബനൻ പ്രധാനമന്ത്രി ഹിസ്ബുള്ള എന്ന ഭീകര സംഘടനയെ തള്ളിപ്പറഞ്ഞു എന്നത് വിസ്മരിക്കുന്നില്ല). ഭീകരർ തോക്കുമായി നിന്ന് വിലപേശുമ്പോൾ പട്ടിണിയിലും നിരാശയിലും കഴിയുന്നവർക്ക് എന്ത് ചെയ്യാനാകും, കീഴടങ്ങാനല്ലാതെ, അവരെ കവചമാക്കുന്ന നികൃഷ്ട യുദ്ധതന്ത്രമാണ് ഭീകരർ പയറ്റുന്നതും. ഇത് മറയാക്കിയാണ് ഇസ്രായേലും അമേരിക്കയും ചേർന്ന് പാവപ്പെട്ട മനുഷ്യരെ കൊന്ന് കുഴിച്ചുമൂടുന്നത് എന്ന യാഥാർത്ഥ്യം എത്രപേർക്ക് മനസിലാകും. തങ്ങളുടെ തന്നെ രാജ്യത്ത് നിന്നും (ഭീകരർ വഴി) ശത്രുരാജ്യത്ത് നിന്നും ഒരേ സമയം അക്രമിക്കപ്പെടുന്ന ഹതഭാഗ്യരായ മനുഷ്യരാണവർ.

യേശുവിൻ്റെ ബേത് ലെഹേമിലെ ജനനത്തേക്കുറിച്ച് വിവരം ചോർത്താൻ ജ്ഞാനികളെ ഏർപ്പാടാക്കിയ ഹേറോദോസ് രാജാവ്, തന്നെ അവർ കബളിപ്പിച്ചു എന്ന് മനസിലാക്കി രോഷാകുലനായി ബേത് ലഹേമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതിൽ താഴെയും വയസുള്ള ആൺകുട്ടികളെയും ആളയച്ച് വധിക്കുന്നത് നാം വായിക്കുന്നുണ്ട്. (മത്തായി 2: 16-18) ഈ കൊലയ്ക്ക് കാരണം ഹേറോദോസ് രാജാവിൻ്റെ രാജസിംഹാസനത്തെ പ്രതിയുള്ള ഭയമാണ്. വി. മത്തായി തുടർന്ന് യിരമ്യാ പ്രവാചകനെ ഉദ്ധരിച്ചു കൊണ്ട് രേഖപ്പെടുത്തുന്നു, ” റാമായിൽ ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേൽ സന്താനങ്ങളെക്കുറിച്ച് കരയുന്നു, അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാൽ, അവൾക്ക് സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു.” അതെ! യുദ്ധത്തിൽ മക്കൾ നഷ്ടപ്പെട്ട അമ്മമാരെ ആശ്വസിപ്പിക്കുക അസാധ്യം തന്നെ.

ഫാ. എബ്രാഹം കാരാമ്മേൽ
എഡിറ്റർ